Saturday, August 05, 2017

ജ്ഞാനവും ഭക്തിയും രാമായണത്തില്‍


സംസാരഭ്രമത്തിന് കാരണമായ മായയുടെ സ്വരൂപത്തേയും, മായയെ തരണം ചെയ്യാന്‍ വേണ്ടി യഥാര്‍ത്ഥജ്ഞാനത്തെയും, അനുഭവത്തില്‍ അവസാനിക്കുന്ന വിജ്ഞാനത്തെയും, അതുകൊണ്ട് അറിയേണ്ടപരമാത്മ സ്വരൂപത്തെയും, ഇതിനാവശ്യമായ സാധനത്തെയും പഞ്ചവടിയില്‍ വച്ച് ശ്രീരാമചന്ദ്രന്‍ അനുജനായ ലക്ഷ്മണനുപദേശിച്ചു.
വസ്തു ശൂന്യമായ ജ്ഞാനം വികല്‍പ്പഭ്രമം ഉദാ: ‘മുയല്‍ കൊമ്പ്’, ‘ആകാശ പുഷ്പം’, എന്നീ ശബ്ദങ്ങള്‍ അനുസരിച്ചുണ്ടാകുന്ന ബോധം വസ്തുശൂന്യമാണ്. ശബ്ദജ്ഞാനത്തെ അനുസരിച്ചുള്ള വസ്തുശൂന്യമായ ജ്ഞാനമാണ് വികല്‍പ്പഭ്രമം അഥവാ സംസാരഭ്രമം. ഇതുപോലെയാണ് സംസാരത്തെ സംബന്ധിച്ചുള്ള സര്‍വവ്യവഹാരവും. യഥാര്‍ത്ഥജ്ഞാനം കൊണ്ട് ഈ ഭ്രമത്തെ നശിപ്പിക്കാം. ഈ സംസാരഭ്രമത്തിന് കാരണമായ മായയെ തരണം ചെയ്യുവാന്‍ അതിന്റെ സ്വരൂപം അറിയണം. അതുപോലെ ജ്ഞാനത്തിനാവശ്യമായ സാധനത്തെയും അനുഭവത്തില്‍ അവസാനിക്കുന്ന വിജ്ഞാനത്തെയും അറിയേണ്ടപരമാത്മ സ്വരൂപത്തെയും കുറിച്ച് മനസ്സിലാക്കണം.
ആത്മാവല്ലാതെ ശരീരം, മനസ്സ്, ബുദ്ധി, അഹങ്കാരം ഇവ സത്യമാണെന്ന വിചാരത്തെ ഉണ്ടാക്കുന്ന  ശക്തിവിശേഷമായ ഇന്ദ്രജാലക്കാരന്‍, ഇല്ലാത്ത വസ്തുക്കളെ ഉള്ളതായി തോന്നിപ്പിക്കുന്നതുപോലെ മായ വാസ്തവമല്ലാത്ത ദേഹേന്ദ്രിയാദികളെ വാസ്തവമെന്ന് ജീവനെ തോന്നിപ്പിക്കുന്നു. മായയ്ക്ക് രണ്ടു രൂപങ്ങളുണ്ട്. വിക്ഷേപവും ആവരണവും. ലോകത്തെ സ്ഥൂലം, സൂക്ഷ്മം എന്നീ ഭേദത്തോടെ വിക്ഷേപശക്തി ജനിപ്പിക്കുന്നു. ആവരണ ശക്തി ആത്മാവിന്റെ ജ്ഞാനസ്വരൂപത്തെ ബുദ്ധിയില്‍നിന്നും മറയ്ക്കുന്നു.  ബുദ്ധിയെ ആവരണം ചെയ്യുന്നതിനാല്‍ ആവരണശക്തി എന്നു പറയുന്നു. ചേതനാസ്വരൂപമായ പരമാത്മാവിനെ ബുദ്ധിയില്‍ നിന്നും ആവരണം ചെയ്തിട്ട് പരമാത്മാവാകുന്ന അധിഷ്ഠാനത്തില്‍ അചേതനമായ ദേഹേന്ദ്രിയാദികളെ കാട്ടുന്നു. അങ്ങനെ ദേഹസംഘാതത്തെ സത്യമെന്ന് ബുദ്ധിക്ക് തോന്നിപ്പിക്കുന്നു. കയറിന്റെ സ്വരൂപത്തെ അറിയാത്തതുകൊണ്ട് പാമ്പാണെന്ന് വിചാരിക്കുന്നതുപോലെ പരമാത്മാവിന്റെ അധിഷ്ഠാനത്തെ ആവരണം ചെയ്യുന്നതുകൊണ്ട് (അറിയാത്തതുകൊണ്ട്) ദേഹേന്ദ്രിയാദി ലോകങ്ങള്‍ ഉണ്ടെന്ന് ധരിക്കുന്നു. അധിഷ്ഠാനത്തിന്റെ പരമാര്‍ത്ഥത്തെ അറിയുമ്പോള്‍ അതുമാത്രമല്ലാതെ മറ്റൊന്നുമില്ല എന്ന് ബോധ്യമാകുന്നു. സ്വപ്‌നപദാര്‍ത്ഥം അസത്യമെന്നുണര്‍ന്നപ്പോള്‍ അറിഞ്ഞതുപോലെ അധിഷ്ഠാനമായ പരമാത്മാവിനെ അറിയുമ്പോള്‍ ജഗത്ത് അസത്യമാണെന്നറിയുന്നു.
സംസാരവൃക്ഷം അതിന്റെ വേര് ദേഹം, കര്‍മത്തിന് കാരണം ദേഹം, ദേഹത്തിന് കാരണം കര്‍മം. വിത്തിന് കാരണം വൃക്ഷം, വൃക്ഷത്തിന് കാരണം വിത്ത്. ബീജാങ്കുരന്യായേണ ദേഹത്തിനും കര്‍മത്തിനും തമ്മിലുള്ള ബന്ധം സംസാരം ദേഹത്തിനും കര്‍മത്തിനും തമ്മിലുള്ള ബന്ധം സംസാരം. വിത്തുവറുത്താല്‍ ബീജം വരാത്തതുപോലെ ആത്മജ്ഞാനത്തിന് കര്‍മമാകുന്ന ബീജത്തെ നശിപ്പിച്ചാല്‍ ദേഹമാകുന്ന സംസാരവൃക്ഷം ഉണ്ടാകയില്ല.
സ്ഥൂലം, സൂക്ഷ്മം എന്ന് രണ്ടുവിധം ദേഹം. പഞ്ചീകൃതപഞ്ചമഹാഭൂത വികാരം സ്ഥൂലദേഹം. ശബ്ദാദി അഞ്ചു തന്മാത്രകളും ജ്ഞാനകര്‍മേന്ദ്രിയങ്ങള്‍ പത്തും, അഹങ്കാരം, ബുദ്ധി എന്ന രണ്ടു ചിദാകാശ രൂപമായ മനസ്സും കൂടി ചേര്‍ന്ന പതിനെട്ട് തത്വസംഘാതം സൂക്ഷ്മദേഹം. ഈശ്വരീയമായ മൂല പ്രകൃതി സ്ഥൂല, സൂക്ഷ്മ ശരീരങ്ങളുടെ മൂലകാരണം. ഇതെല്ലാം കൂടി ചേര്‍ന്ന സംഘാതം ജഡമായതുകൊണ്ട് ക്ഷേത്രം (ദേഹം) എന്നു പറയുന്നു.
ദേഹേന്ദ്രിയാദികളില്‍ ഉള്‍പ്പെടാതെ വേറിട്ട് ഇരിക്കുന്ന ജീവാത്മാവ് ജന്മമരണാദി ക്ലേശങ്ങളില്ലാത്ത പരമാത്മാവു തന്നെ. ആത്മജ്ഞാനം ഉണ്ടാകാനുള്ള സാധനകളെ അറിഞ്ഞാല്‍ ജീവന്റെ തത്വത്തെ നന്നായിട്ടറിയാം. അവയെ താഴെ പറയുന്നു:-
1) ദേഹോഹം എന്ന ബുദ്ധി ഇല്ലാതിരിക്കുക.2) പരപീഡ ചെയ്യാതിരിക്കുക.3) പരാപേക്ഷസഹനം.4) വക്രഗതി (കപടത) ഉപേക്ഷിക്കല്‍.5) ഗുരുശുശ്രൂഷ6) ബാഹ്യന്തര സംശുദ്ധി7) സല്‍കര്‍മങ്ങളില്‍ സ്ഥിരത്വം8) മനസ്സ്, വാക്ക്, ശരീരം ഇവകൊണ്ട് ഉപദ്രവിക്കാതിരിക്കുക.9) വിഷയങ്ങളില്‍ ഇച്ഛ ഇല്ലാതിരിക്കുക.10) അഹങ്കാരമില്ലായ്മ11) ജന്മ, ജര ഇവയെക്കുറിച്ചുള്ള വിചാരം12) ഭാര്യ, പുത്ര, ധനാദികളില്‍ അനാസക്തി.13) ഇഷ്ടാനിഷ്ടങ്ങളില്‍ സമത (സമബുദ്ധി)14) രാമനില്‍ മാത്രം ചിന്ത.15) അന്യവിഷയത്തോടു കൂടാത്ത ബുദ്ധി.16) ശുദ്ധദേശവാസം.17) പ്രാകൃതന്മാരുടെ ചേര്‍ച്ചയില്ലായ്മ18) മഹാവാക്യങ്ങളെ ഗുരുവില്‍ നിന്നും കേട്ടു ചിന്തിക്കുക.19) ഉപനിഷദ് വാക്യങ്ങളെ വിചാരം ചെയ്തുറപ്പിക്കുക.


ജന്മഭൂമി: http://www.janmabhumidaily.com/news217279#ixzz4otBfUdOU

No comments:

Post a Comment