Wednesday, August 09, 2017

പിതുരാജ്ഞാപരിപാലനം ദശരഥപുത്രനെന്ന നിലയില്‍ സ്വധര്‍മ്മവും മുഖ്യധര്‍മ്മവും ആണെന്ന ശ്രീരാമചന്ദ്ര പ്രഭുവിന്റെ നിശ്ചയം വിമര്‍ശിച്ച് പഠിക്കണം. എങ്കിലേ കൈകേയിക്കും, കൗസല്യാ മാതാവിനും, ലക്ഷ്മണകുമാരനും, സീതാദേവിക്കും, കുലഗുരു വസിഷ്ഠനും, പൗരജനങ്ങള്‍ക്കും, ഭരതനും, ജാബാലിയ്ക്കും ഒക്കെ ഏതദ്വിഷയകമായി ശ്രീരാമചന്ദ്രപ്രഭു നല്‍കിയ മറുപടിയുടെ ആഴവും, മനോഹാരിതയും നമുക്കു മനസ്സിലാകൂ. വൃദ്ധനായ ദശരഥന്‍ തനിക്കു പിതാവും, ഗുരുവും, മഹാരാജാവുമാണ്. അവിടുത്തെ പ്രതിജ്ഞകള്‍ പാലിക്കുന്നത് ഹിതകരമേ ആയിരിക്കൂ എന്ന് ശ്രീരാമചന്ദ്രപ്രഭു യുക്തിയുക്തം സ്ഥാപിക്കുന്നത് വാല്മീകിരാമായണത്തില്‍ വായിക്കാം. (തന്നെ പിടിച്ച് തടവറയിലാക്കി രാജ്യഭരണം കൈയ്യാളാന്‍ ദശരഥന്‍ മകന് പരോക്ഷമായി അനുവാദം നല്‍കുന്നുണ്ട്. അവിടേയും ദശരഥന്‍ പ്രതിജ്ഞാപാലനവ്യഗ്രത പുലര്‍ത്തുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.)
അച്ഛന്റെ പ്രതിജ്ഞാ പരിപാലനം വ്രതമാക്കിയ ശ്രീരാമചന്ദ്രനും, കൈകേയീ മാതാവിന്റെ കുതന്ത്രത്താല്‍ ഭരണാവകാശം ലഭിച്ച ശ്രീരാമസോദരന്‍ ഭരതനും ഭരണാധികാരം സ്വീകരിക്കാന്‍ വിസമ്മതിക്കുന്നു. ഇരുവരുടേയും വാദഗതികള്‍ ധര്‍മ്മാനുസാരിയും പ്രബലവും ആണെന്നു സമ്മതിക്കാതെ വയ്യ. അധികാരക്കൊതി കൊണ്ട് കലഹത്തിനും കൊലപാതകത്തിനും ഉദ്യമിച്ചിട്ടുള്ളവരുടെ ചരിത്രം ആദരണീയമല്ല. അവയ്ക്കു മറുവശമായി ശ്രീരാമ-ഭരത തീരുമാനങ്ങള്‍ അത്യുജ്ജല മാതൃകയായി വിരാജിക്കുന്നു. ജ്യേഷ്ഠാനുജന്മാരുടെ അധികാര ത്യാഗത്തിന്റെ യോഗബുദ്ധീമത്സരം അയോധ്യയെ അനാഥമാക്കിയോ എന്നതാണ് ഉന്നയിക്കപ്പെടേണ്ടതായ മറ്റൊരു ചോദ്യം.
അയോദ്ധ്യാവാസികള്‍ ശ്രീരാമപട്ടാഭിഷേകത്തെ വളരെയേറെ കൊതിച്ചിരുന്നെന്ന് രാമായണത്തില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ഒരു പകല്‍ കൊണ്ട്, ‘പിറ്റേന്ന് പ്രഭാതത്തില്‍ യുവരാജാവിന്റെ അഭിഷേകം’ എന്ന് തിടുക്കപ്പെട്ട് ദശരഥന്‍ നിശ്ചയിച്ചു. ശ്രീരാമചന്ദ്രപ്രഭുവിന്റെ ഗുണവിശേഷങ്ങള്‍ സഭ കൂടി ചര്‍ച്ച ചെയ്ത ശേഷമാണ് നിശ്ചയത്തിലെത്തിച്ചേര്‍ന്നത്. സാമന്തരാജാക്കന്മാരും, പണ്ഡിതപുരോഹിത വൃന്ദവും, പൗരന്മാരും അവസരത്തിനൊത്ത് ഉയര്‍ന്ന് അഭിഷേകകര്‍മ്മം ആഘോഷമാക്കാന്‍ തയ്യാറായി. അയോദ്ധ്യ അണിഞ്ഞൊരുങ്ങി തയ്യാറാവുകയായിരുന്നു. അതിനിടയില്‍, അതേരാത്രിയില്‍ മന്ഥരയുടെ ഇടപെടലും, കൈകേയിയുടെ മനം മാറ്റവും വരപ്രാര്‍ത്ഥനയും ഒക്കെ സംഭവിച്ചു.
യുവരാജാവിന്റെ അഭിഷേക ചടങ്ങ് അലസിപ്പോയി. കൈകേയീമാതാവിലൂടെ സംഭവഗതികള്‍ അറിഞ്ഞ ശ്രീരാമചന്ദ്രപ്രഭു കാനനവാസ ദൃഢനിശ്ചയം ചെയ്തത് ഭരതന്റെ ഭരണനൈപുണ്യത്തില്‍ വിശ്വാസമുള്ളതുകൊണ്ടായിരുന്നെന്ന് വാദിക്കാവുന്നതാണ്. ഭരതന്റെ സംരക്ഷണത്തില്‍ അയോദ്ധ്യ അനാഥയാവില്ലെന്ന് രാമചന്ദ്രപ്രഭുവിനുറപ്പുണ്ടായിരുന്നു. ഭരതന്റെ ശേഷിയില്‍ ദാശരഥി പുലര്‍ത്തിയ വിശ്വാസം അസ്ഥാനത്തായിപ്പോയില്ലെന്ന് പിന്നീട് തെളിയിക്കപ്പെടുന്നുണ്ട്. പിതാവിന്റെ പ്രതിജ്ഞാപാലനദൗത്യവും, അധികാരക്കൊതിയില്ലെന്ന ധര്‍മ്മബുദ്ധി പ്രകാശനവും ഒരു പോലെ നിര്‍വ്വിക്കുന്ന നിശ്ചയമാണ് ശ്രീരാഘവന്‍ കൈക്കൊണ്ടത്.


ജന്മഭൂമി: http://www.janmabhumidaily.com/news685621#ixzz4pIjqODa4

No comments:

Post a Comment