സാധനയില്‍ ശ്രവണത്തിനുള്ള സ്ഥാനം അദ്വിതീയമാണ്. ജ്ഞാനമാര്‍ഗത്തില്‍ വേദാന്തതത്ത്വങ്ങള്‍ ഗുരുമുഖത്തുനിന്നു ശ്രവിക്കുന്നതിനെയാണ് ശ്രവണമെന്നതുകൊണ്ടു സൂചിപ്പിക്കുന്നതെങ്കില്‍ ഭക്തിമാര്‍ഗ്ഗത്തില്‍ ഈശ്വരന്റെ ഗുണഗണങ്ങള്‍ കേള്‍ക്കുന്നതിനെയാണ് ശ്രവണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഭാഗവതാദിഗ്രന്ഥങ്ങളില്‍ പ്രസിദ്ധമായ നവവിധ ഭക്തിയില്‍ ഒന്നാംസ്ഥാനം ശ്രവണത്തിനാണു നല്‍കിയിരിക്കുന്നത്. ഉത്തമനായ സാധകനു ശ്രവണം ഒന്നുകൊണ്ടുതന്നെ ഈശ്വരസാക്ഷാത്കാരം ലഭിക്കുമെന്നു ശാസ്ത്രങ്ങള്‍ ഉദ്‌ഘോഷിക്കുന്നു.
ശ്രവണത്തിലൂടെ മുക്തി നേടിയതിന് ഉദാഹരണമായി ധാരാളം സാധകരെ ചൂണ്ടിക്കാട്ടുന്നു. പരീക്ഷിത്തു മഹാരാജാവു ഭാഗവതം ഏഴുദിവസം ശ്രവിച്ചു ഈശ്വരസാക്ഷാത്കാരം നേടിയതുതന്നെ ഏറ്റവും പ്രസിദ്ധമായ ഉദാഹരണം- ‘പരീക്ഷിത് സാക്ഷീ യത് ശ്രവണഗതമുക്ത്യുക്തി കഥനേ’
ഈശ്വരന്റെ ലീലാകഥകളും തത്ത്വവും ഉപദേശങ്ങളുമൊക്കെ യഥാസാദ്ധ്യം കേട്ടുകൊണ്ടിരിക്കലാണു ശ്രവണഭക്തിയുടെ സ്വരൂപം. ശ്രദ്ധാപൂര്‍വ്വം ശ്രവിച്ചാലേ ഉത്തമഫലം ലഭിക്കൂ. ഈശ്വരകാര്യങ്ങള്‍ ശ്രവിക്കുമ്പോള്‍ എത്രത്തോളം ശ്രദ്ധാഭക്തികളും സമര്‍പ്പണവും മനസ്സിനുണ്ടോ, അത്രത്തോളം ഗുണഫലവുമുണ്ടാകും എന്നു പൊതുവെ പറയാം. ‘ശ്രവണസ്യ വിഭേദേന ഫലഭേദ’മെന്നാണ് ഇക്കാര്യത്തില്‍ ശാസ്ത്രങ്ങള്‍ക്കു പറയാനുള്ളത്.
പരമവിരക്തനായ സാധകനു മുഴുവന്‍ സമയവും ശ്രവണത്തില്‍ മുഴുകാന്‍ സാധിക്കുമ്പോള്‍ നിത്യജീവിതത്തില്‍ നിശ്ചിതസമയം ഭഗവത് തത്ത്വങ്ങള്‍ കേള്‍ക്കാന്‍ ഉപയോഗിച്ചുകൊണ്ട് ഏതൊരാളിനും ശ്രവണസാധനയില്‍ മുഴുകാം. പുറമേ, ആദ്ധ്യാത്മികജ്ഞാനയജ്ഞങ്ങളില്‍ ശ്രദ്ധാപൂര്‍വ്വം പങ്കെടുത്തും ശ്രവണസാധനയ്ക്കു ശക്തി പകരാം.
ആധുനികസാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിയും ഇക്കാലത്തു ശ്രേഷ്ഠരായ ആചാര്യന്മാരുടെ സത്സംഗങ്ങള്‍ ശ്രവിച്ച് ആദ്ധ്യാത്മികസാധനയില്‍ മുന്നേറാം. സത്സംഗങ്ങളില്‍ പങ്കെടുക്കുവാനുള്ള അവസരങ്ങള്‍ നഷ്ടമാക്കരുത്. അത്തരം സത്സംഗങ്ങളില്‍ കേട്ട കാര്യങ്ങള്‍ നമ്മുടെ സുഹൃത്തുക്കളുമായി പങ്കിടണം. ജീവിതത്തില്‍ പകര്‍ത്തണം.
ജന്മഭൂമി: http://www.janmabhumidaily.com/news277232#ixzz4ohIRK9X0
No comments:
Post a Comment