Friday, August 04, 2017

രുഗ്മിണി ദേവിക്കറിയാം ഭഗവാന്‍ ഉപേക്ഷിച്ചു പോയാല്‍ താന്‍ വെറും പിണം മാത്രമെന്ന്. ഭഗവാന്‍ വിട്ടുപോയിക്കഴിഞ്ഞാല്‍ തന്റെ യൗവ്വനവും പ്രേമസൗന്ദര്യവുമെല്ലാം നഷ്ടമായി. പെട്ടെന്ന് ആ മരണാവസ്ഥ ഒന്ന് മണത്തറിഞ്ഞു. ദേവി ജന്മാന്തരങ്ങളിലെ സഞ്ചിത കര്‍മ്മങ്ങളിലൂടെയെന്നപോലെ ഊഴ്ന്നിറങ്ങി കാല്‍നഖം കൊണ്ട് മണ്ണില്‍ വട്ടം വരച്ചു. ഭൂമിവട്ടം പിളരുകയാണോ? അതിദു:ഖം കൊണ്ട് അധോമുഖിയായി മാറി. കണ്ണിലെ അഞ്ജനവും നെഞ്ചിലെ കുങ്കുമവും എല്ലാം കണ്ണീരില്‍ ലയിച്ച് ഒന്നായൊഴുകി. ബുദ്ധി നഷ്ടമായി നാവു ചലിക്കാതായി. കൈവളകള്‍ താനെ ഊര്‍ന്നു പോയി. വെഞ്ചാമരം മണ്‍ചാമരമായി. മുടിക്കെട്ടഴിഞ്ഞു കൊടുങ്കാറ്റില്‍പ്പെട്ട വാഴപോലെ ദേവി നിലത്തുവീണു. ഹരി അവതാരത്തിലേതുപോലെയുളള ചടുലവേഗയോടെ ഭഗവാന്‍ രുക്മിണി ദേവിയെതാങ്ങി മടിയില്‍ കിടത്തി.
”പര്യങ്കാഭവരുഹ്യാശു
താമുത്ഥാപ ചതുര്‍ഭുജ:
കേശാന്‍ സമൂഹ്യ തദ്വക്ത്രം
പ്രാമുഞ്ജ പത്മപാണീനാ”
ഒരു കൈകൊണ്ട് മടിയില്‍ കിടത്തി. മറ്റൊരു കൈകൊണ്ട് തലമുടി കോതിക്കെട്ടി. പാണികമലത്തിനാല്‍ മുഖം തലോടി. ഒരുകൈകൊണ്ട് മാറോടണച്ചു പുണര്‍ന്നു. അഞ്ജനവും കുങ്കുമവും ചേര്‍ന്ന കണ്ണുനീര്‍ ഭഗവാന്‍ ഒപ്പിയെടുത്തു. ചതുര്‍ഭുജനായി ഭഗവാന്‍ ആശ്വസിപ്പിച്ചു.
ഭഗവാന്‍:- ”മാമാ വൈദര്‍ഭ്യസൂയേഥാ ജാനേത്വം മത്പരായണാം
ത്വദ്വച: ശ്രോതുകാമേന
ക്ഷ്വേള്യാചരിത മംഗനേ.”
ഹേ, വിദര്‍ഭ രാജകുമാരി, നീ എന്നില്‍ അനുരക്തയാണെന്ന് എനിക്കുനന്നായറിയാം. ഹാസ്യപ്രകൃതത്തില്‍ ഞാന്‍ പറഞ്ഞത് നിന്റെ മറുപടി വാക്കുകള്‍ കേട്ടാനന്ദിക്കുവാന്‍ മാത്രമാണ്. കോപത്താല്‍ നെറ്റി ചുളിഞ്ഞ് ചുണ്ടുകള്‍ വിറച്ചു കാണുന്നതിന് ഒരു കൗതുകം തോന്നി. ഗൃഹസ്ഥാശ്രമത്തിലെ നുറുങ്ങു പ്രശ്‌നങ്ങള്‍ക്കിടയില്‍ ഇതൊക്കെയല്ലേ വിനോദത്തിനുണ്ടാകൂ.
അല്‍പം ജാള്യതയോടെങ്കിലും ചെറുമന്ദഹാസത്തോടെ ഭഗവാനെ നോക്കി രുക്മിണിദേവി മറുപടിയാരംഭിച്ചു.
അങ്ങു പറഞ്ഞില്ലേ, അങ്ങ് അസമനാണെന്ന്. അങ്ങയോട് സമനായി നില്‍ക്കാന്‍ പാകത്തിന് മറ്റാരുമില്ലെന്നെനിക്കറിയാം. ത്രിഭുവനത്തിനും അധീശനായ അങ്ങെവിടെ! ഗുണപ്രകൃതിയായ, അജ്ഞന്മാര്‍ മാത്രമാശ്രയിക്കുന്ന ഞാനെവിടെ! അങ്ങും ഞാനും സദൃശ്യരല്ല എന്ന് അങ്ങ് പറഞ്ഞത് ശരിയാണ്. അരവിന്ദലോചനനായ അങ്ങയുടെ ആ കണ്ണുകളുമായി താരതമ്യം ചെയ്യാന്‍ എന്റെ ഒരു അവയവം പോലും പ്രാപ്തമല്ല.
ജരാസന്ധാദികളെ ഭയന്ന് ഒളിച്ചു കഴിയുന്നവനാണെന്നു പറഞ്ഞില്ലയോ? ഭയമുണ്ടെങ്കിലും ഇല്ലെങ്കിലും ഒളിച്ചു കഴിയുന്നവനാണങ്ങെന്നെനിക്കറിയാം. സത്യത്തില്‍ അങ്ങ് ആര്‍ക്കും പ്രത്യക്ഷനല്ല. അങ്ങയെ പൂര്‍ണ്ണ രൂപത്തില്‍ കാണാന്‍ പാകത്തിനുളള കണ്ണുകള്‍ ആര്‍ക്കാണുളളത്. സത്യത്തില്‍ എല്ലാവരുടെയും ഉളളില്‍ ഒളിച്ചു കഴിയുന്നവനാണല്ലോ അങ്ങ്. സമുദ്രത്തില്‍ പോയി താവളമടിച്ചവനാണങ്ങെന്നതും എനിക്കറിയാം. പാല്‍ക്കടലിന്റെ നടുക്കാണല്ലോ അങ്ങയുടെ താമസം.
പിന്നെ ബലവാന്മാരായ ശത്രുക്കള്‍ അങ്ങേയ്ക്കുണ്ട് എന്നും ദുര്‍ബലന്മാര്‍ മാത്രമേ ആശ്രിതരായുളളൂ എന്നും അങ്ങു പറഞ്ഞില്ലേ. അതെ, അങ്ങയുടെ ശത്രുക്കള്‍ എല്ലാം ബലവാന്മാരാണ്. അല്ലാതെ ദുര്‍ബ്ബലരോട് അങ്ങേയ്ക്ക് യാതൊരു ശത്രുതയുമില്ല. ഒന്നുമില്ലാത്തവരോടാണ് ഭഗവാന്റെ സ്‌നേഹാധിക്യമെന്നെനിക്കറിയാം. ബലവാന്മാരായ അഹങ്കാരികളെ ഒതുക്കാനാണല്ലോ അങ്ങയുടെ അവതാരങ്ങളെല്ലാം.
അങ്ങു പറഞ്ഞില്ലേ, അങ്ങക്കു രാജത്വമില്ലാ എന്ന്. അങ്ങയുടെ സേവകന്മാര്‍പോലും രാജത്വവും ചക്രവര്‍ത്തി പദവുമെല്ലാം നിസ്സാരം എന്നറിഞ്ഞ് ത്യജിച്ചവരാണല്ലോ. അങ്ങയുടെ ഭക്തന്മാര്‍ എല്ലാവിധ സമ്പത്തും നരകതുല്യമാണെന്നു തിരിച്ചറിഞ്ഞവരാണ്. മഹാബലിയെപ്പോലുളള ചക്രവര്‍ത്തിമാര്‍പോലും സര്‍വ്വ സമ്പത്തുകളും അങ്ങ യുടെ കാല്‍ക്കല്‍ സമര്‍പ്പിച്ച് ആ പാദകമലങ്ങളില്‍ ആശ്രയം തേടിയവരാണല്ലോ.
മറ്റുളളവരെപോലെയുളള ആചാരമര്യാദകളൊന്നും പാലിക്കാത്തവനാണങ്ങെന്ന കാര്യം അങ്ങയുടെ പ്രവര്‍ത്തികളെല്ലാം അലൗകികമാണ്. അങ്ങയെ ആശ്രയിക്കുന്ന മുനികളും മഹര്‍ഷിമാരുമെല്ലാം ആചാരങ്ങള്‍ എന്ന അതിരു കടന്നവരാണ്. അങ്ങയുടെ ഭക്തന്മാര്‍പ്പോലും അലൗകിക പ്രതിഭകളാകുന്നു. പിന്നെ അങ്ങയ്‌ക്കെങ്ങിനെ ലൗകികനാകാന്‍ താല്പര്യമുണ്ടാകും ഭഗവാനെ.
അങ്ങു നിഷ്‌ക്കിഞ്ചനനാണെന്നു പറഞ്ഞില്ലേ. ശരിയാണ് എല്ലാത്തിലും അങ്ങ് ഉള്‍ക്കൊളളുന്നതിനാലും അങ്ങല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ല എന്നതിനാലും അങ്ങ് ഒന്നുമില്ലാത്തവന്‍തന്നെയാണ്. അങ്ങല്ലാതെ ഒന്നുമില്ല. അങ്ങില്ലതെ ഒന്നുമില്ല. അങ്ങേക്കായി ഒന്നുമില്ല. എല്ലാം അങ്ങുമാത്രം.


ജന്മഭൂമി: http://www.janmabhumidaily.com/news682107#ixzz4olfiyeJv

No comments:

Post a Comment