Tuesday, September 19, 2017

സര്‍വ്വശക്തികളും ലയിക്കുന്ന പ്രാണന്‍

പ്രിന്റ്‌ എഡിഷന്‍  ·  September 20, 2017
പ്രാണായാമം ശ്വാസത്തെ സംബന്ധിച്ചതാണെന്നു പലരും വിചാരിക്കുന്നുണ്ട്. അതു ശരിയല്ല. അതിനു ശ്വാസത്തോടു ബന്ധമുണ്ടെങ്കില്‍ത്തന്നെ അതല്‍പമാണ്. യഥാര്‍ത്ഥപ്രാണനെ പിടികിട്ടുവാന്‍ അനേകം അഭ്യാസങ്ങളുള്ളതില്‍ ഒന്നുമാത്രമാണു ശ്വാസനിയന്ത്രണം. പ്രാണായാമമെന്നുവെച്ചാല്‍ പ്രാണനെ സ്വാധീനപ്പെടുത്തുക എന്നര്‍ത്ഥം.
ഭാരതീയദാര്‍ശനികന്മാരുടെ മതപ്രകാരം ജഗത്തു മുഴുവനും രണ്ടു വസ്തുക്കള്‍ കൂടിച്ചേര്‍ന്നതാണ്. അതില്‍ ഒന്നിനെ അവര്‍ ആകാശമെന്നു പറയുന്നു. അതു സര്‍വ്വവ്യാപിയും സര്‍വ്വാന്തര്‍ഗ്ഗതവുമായ ഭൂതമാണ്. രൂപമുള്ളതെല്ലാം, സംയോഗസംഭവമായതൊക്കെ, ആകാശത്തിന്റെ പരിണാമമാണ്. ആകാശമാണ് വായുവാകുന്നത്: ദ്രവമാകുന്നതും ഘനദ്രവ്യമാകുന്നതും അതുതന്നെ.
ആകാശംതന്നെയാണ് സൂര്യനും ഭൂമിയും ചന്ദ്രനും നക്ഷത്രങ്ങളും വാല്‍നക്ഷത്രങ്ങളുമായിത്തീരുന്നത്. മനുഷ്യശരീരവും മൃഗശരീരവും സസ്യങ്ങളും, ഇക്കാണുന്ന സര്‍വ്വരൂപങ്ങളും, ഇന്ദ്രിയഗ്രാഹ്യമായ സര്‍വ്വവും, ഉള്ളതൊക്കെയും, ആകാശപരിണാമമാണ്. അതു പ്രത്യക്ഷവിഷയമല്ല: ലൗകികപ്രത്യക്ഷത്തിനൊക്കെ അതീതമാം വിധം അതു സൂക്ഷ്മമാണ്.
അതു സ്ഥൂലമായി സ്വരൂപമാകുമ്പൊഴേ ദൃശ്യമാകുന്നുള്ളു. സൃഷ്ടിയുടെ ആദിയില്‍ ഈ ആകാശംമാത്രമേയുള്ളു. കല്‍പാന്തകാലത്തില്‍ ഘനവും ദ്രവവും വാതകവുമായ എല്ലാം അലിഞ്ഞ് വീണ്ടും ആകാശമാകുന്നു. അടുത്ത സൃഷ്ടി അതേ വിധം ആകാശത്തില്‍നിന്നുതന്നെ.
എന്നാല്‍ ഏതൊരു ശക്തികൊണ്ടാണ് ആകാശം ജഗത്തായി നിര്‍മ്മിക്കപ്പെടുന്നത്? പ്രാണന്റെ ശക്തികൊണ്ട്. ആകാശം ഈ ജഗത്തിന് അനന്തവും അഖിലവ്യാപകവുമായ ഉപാദാനമായിരിക്കുന്നതേതുവിധമോ അതേവിധം പ്രാണന്‍ ഈ ജഗത്തിന് അനന്തവും അഖിലവ്യാപകവുമായ നിമിത്തശക്തിയായിരിക്കുന്നു.
കല്‍പാദിയിലും കല്‍പാന്തത്തിലും സര്‍വ്വപദാര്‍ത്ഥങ്ങളും ആകാശമായിത്തീരുന്നതു പോലെ ജഗത്തിലുള്ള സര്‍വ്വശക്തികളും പ്രാണനില്‍ തിരികെ ലയിക്കുന്നു. അനന്തരകല്‍പത്തില്‍ ഈ പ്രാണനില്‍ നിന്നാകന്നു ഊര്‍ജ്ജമെന്നു പറയുന്നതെല്ലാം, ശക്തിയെന്നു പറയുന്നതെല്ലാം, പരിണമിക്കുന്നത്. ചലനശക്തിയായി കാണുന്നതു പ്രാണന്‍: വസ്ത്വാകര്‍ഷണശക്തിയായും അയസ്‌കാന്തശക്തിയായും ആവിര്‍ഭവിക്കുന്നതും പ്രാണന്‍, ശരീരവ്യാപാരങ്ങളായും നാഡികളിലെ പ്രാണധാരയായും വിചാരശക്തിയായും പ്രകാശിക്കുന്നതും പ്രാണന്‍.
വിചാരം മുതല്‍ ഏറ്റവും താണ ചേഷ്ടാശക്തിവരെയുള്ള ഏതൊന്നും പ്രാണന്റെ പ്രകാശനമാകുന്നു. മാനസികവും കായികവുമായി ജഗത്തിലുള്ള സര്‍വ്വശക്തികളുടെയും ആകത്തുക അവയുടെ മൂലാവസ്ഥയിലേക്കു തിരികെ ലയിച്ചാല്‍ അതിനു പ്രാണന്‍ എന്നു പേരാകുന്നു. ‘സത്തോ അസത്തോ ഇല്ലാതെയും തമസ്സു തമസ്സിനെ ആവരണം ചെയ്തും ഇരുന്നപ്പോള്‍ എന്തുണ്ടായിരുന്നു?
ആ ആകാശം ചലനം കൂടാതെ വര്‍ത്തിച്ചിരുന്നു.’ പ്രാണന്റെ ഭൗതികചലനം നിന്നുപോയി: എന്നിരിക്കിലും പ്രാണനുണ്ടായിരുന്നു. പ്രപഞ്ചത്തില്‍ ഇപ്പോള്‍ പ്രകാശിച്ചുകാണുന്ന ശക്തികളെല്ലാം കല്‍പാന്തത്തില്‍ ഒതുങ്ങി ലീനാവസ്ഥയിലാകും, കല്‍പാദിയില്‍ അവ വീണ്ടും ഉണര്‍ന്ന് ആകാശത്തില്‍ അടിക്കുന്നു; ആകാശത്തില്‍ നിന്നു നാനാരൂപങ്ങള്‍ ഉളവാകുന്നു, ആകാശത്തിന്റെ വികാരങ്ങളനുസരിച്ചു പ്രാണനും പല വിധം ശക്തികളായി പ്രകാശിക്കുന്നു. ഈ പ്രാണനെക്കുറിച്ചുള്ള ജ്ഞാനവും സ്വാധീനതയുമാകുന്നു, പ്രാണായാമമെന്നതിന്റെ വാസ്തവത്തിലുള്ള അര്‍ത്ഥം.
ഇതു നമുക്ക് ഏതാണ്ട് അനന്തശക്തിക്കു വഴി തുറന്നു തരുന്നു. ഒരാള്‍ക്കു പ്രാണന്റെ പരിപൂര്‍ണ്ണജ്ഞാനം ഉണ്ടായി, അതിനെ നിയന്ത്രിക്കാനും കഴിഞ്ഞു എന്നിരിക്കട്ടെ: അവനില്ലാത്ത ശക്തി ലോകത്തിലെന്തുണ്ട്? പ്രാണനെ നിയന്ത്രിക്കാന്‍ കഴിവുള്ളതുകൊണ്ട് അയാള്‍ക്കു സൂര്യനെയും നക്ഷത്രങ്ങളെയും അവയുടെ സ്ഥാനത്തുനിന്നു നീക്കിനിര്‍ത്താം: അണുമുതല്‍ ഏറ്റവും വലിയ ആദിത്യന്മാര്‍വരെ ജഗത്തിലുള്ള എന്തും നിയന്ത്രിക്കാം.
ഇതാണു പ്രാണായാമത്തിന്റെ അന്ത്യവും ഉദ്ദേശ്യവും. യോഗി സിദ്ധനാകുമ്പോള്‍ അയാളുടെ വശവര്‍ത്തിയല്ലാത്ത ഒന്നും പ്രകൃതിയില്‍ ഉണ്ടാവില്ല. ദേവന്മാരോടോ പിതൃക്കളോടോ പറഞ്ഞാല്‍ അവര്‍ അയാളുടെ ആജ്ഞയനുസരിച്ചുവരികയായി: പ്രകൃതിയിലെ സര്‍വ്വശക്തികളും ദാസ്യവൃത്തി ചെയ്യും.
അറിവില്ലാത്തവര്‍ ഈ യോഗസിദ്ധികള്‍ കാണുമ്പോള്‍ ഇതെല്ലാം ആശ്ചര്യമാണെന്നു പറയും. ഹിന്ദുക്കളുടെ ബുദ്ധിക്ക് ഒരു വിശേഷമുണ്ട്: വസ്തുക്കള്‍ക്കെല്ലാം അങ്ങേ അറ്റത്തുള്ള സാമാന്യധര്‍മ്മം എന്തെന്നാണ് അത് ആദ്യമായന്വേഷിക്കുന്നത്. വിശേഷങ്ങള്‍ വിവരിക്കുന്നത് ഒടുവിലേക്കു നീക്കിവെയ്ക്കുന്നു.’ഏതൊന്നറിഞ്ഞാല്‍ എല്ലാം അറിവാകുമോ അതേത്?’ എന്ന ചോദ്യം വേദങ്ങളില്‍ ഉന്നയിക്കപ്പെട്ടു കാണുന്നു.
ഏതൊന്നിന്റെ ജ്ഞാനമുണ്ടായാല്‍ എല്ലാറ്റിന്റെയും ജ്ഞാനമുണ്ടാകുമോ അതിനെ പ്രതിപാദിക്കാന്‍ മാത്രമാണ് ഇതുവരെയായി എഴുതപ്പെട്ടിട്ടുള്ള സര്‍വ്വഗ്രന്ഥങ്ങളും സര്‍വ്വതത്ത്വശാസ്ത്രങ്ങളും. ഈ ജഗത്തുമുഴുവനും കുറച്ചുകുറച്ചായറിയാന്‍ തുനിഞ്ഞാല്‍ ഓരോ തരി മണലിന്റെയും ജ്ഞാനമുണ്ടാവണം, അതിന് അനന്തകാലം വേണം: അത് അസാദ്ധ്യവുമാണ്.
എന്നാല്‍പ്പിന്നെ ജ്ഞാനം എങ്ങനെയുണ്ടാകും? വിശേഷജ്ഞാനം വഴിക്ക് എങ്ങനെ സര്‍വ്വജ്ഞത്വം സാധിക്കും? യോഗി പറയുന്നത്, വിശേഷധര്‍മ്മത്തിന്റെ പിന്നില്‍ ഒരു സാമാന്യ ധര്‍മ്മമുണ്ടെന്നാണ്. എല്ലാ തത്ത്വങ്ങള്‍ക്കും പിന്നില്‍ സാമാന്യവും കേവലവുമായ ഒരു തത്ത്വം നിലകൊള്ളുന്നു: അതിനെ ഗ്രഹിക്കുക. നിങ്ങള്‍ എല്ലാം ഗ്രഹിച്ചു കഴിഞ്ഞു. ഈ ജഗത്താകെ അഖണ്‌ഡൈകസത്തായി വേദങ്ങളില്‍ സാമാന്യകല്പന ചെയ്തിരിക്കുന്നു.
ആ സത്തിനെ ഗ്രഹിച്ചാല്‍ ജഗത്തിനെയാകെ ഗ്രഹിച്ചു. അതുപോലെ സര്‍വ്വശക്തികളെയും പ്രാണനായി സാമാന്യകല്പന ചെയ്തിരിക്കുന്നു: പ്രാണനെ സ്വാധീനമാക്കിയവന്‍ ജഗത്തിലുള്ള കായികമാനസിക ശക്തികളെയെല്ലാം സ്വാധീനമാക്കി.
പ്രാണനെ സ്വാധീനമാക്കിയവന്‍ സ്വന്തം മനസ്സിനെയും ജഗത്തിലുള്ള സര്‍വ്വമനസ്സുകളെയും സ്വാധീനമാക്കി. പ്രാണനെ സ്വാധീനമാക്കിയവന്‍ സ്വശരീരത്തെയും ജഗത്തിലുള്ള സര്‍വ്വശരീരങ്ങളെയും സ്വാധീനമാക്കി: എന്തുകൊണ്ടെന്നാല്‍ ശക്തികളുടെ സര്‍വ്വസാമാന്യമായ ആവിര്‍ഭാവമത്രേ പ്രാണന്‍.
(വിവേകാനന്ദസാഹിത്യ സര്‍വ്വസ്വത്തില്‍ നിന്ന)്


ജന്മഭൂമി: http://www.janmabhumidaily.com/news707427#ixzz4tAVk7elR

No comments:

Post a Comment