പരമസത്യം എന്ത് എന്നതിനെക്കുറിച്ചും അഭിപ്രായവ്യത്യാസങ്ങളുണ്ട്. ശൂന്യവാദികളായ ബൌദ്ധരുടെ ദൃഷ്ടിയില്‍ അത് 'ശൂന്യം' ആണ്. വിജ്ഞാനവാദികളായ ബൌദ്ധരുടെ കാഴ്ചപ്പാടില്‍ അതു വിജ്ഞാനം ആകുന്നു. സ്ഫോടവാദികളായ വൈയാകരണന്‍മാര്‍ അതിനെ ശബ്ദമെന്നു പറയുമ്പോള്‍ ശക്തിവാദികള്‍ 'ശക്തി' ആയി അതിനെ വ്യവഹരിക്കുന്നു. ആത്മാദ്വൈതവാദികളാകട്ടെ അദ്വൈതസത്യത്തെ 'ആത്മാവ്' എന്നാണ് വിളിക്കുന്നത്. പാശ്ചാത്യ ചിന്തകരില്‍ ഫിക്ടെ സത്യത്തെ ആത്മാവ് എന്നും ഷെലിങ് ആനാത്മാവ് (പ്രകൃതി) എന്നും ഹെഗല്‍ നിരപേക്ഷപ്രത്യയം എന്നും ഗ്രീന്‍ അപരിച്ഛിന്നചൈതന്യം എന്നും ബ്രൈഡല്‍ അപരോക്ഷാനുഭൂതി എന്നും വ്യവഹരിച്ചിട്ടുണ്ട്. ഇപ്രകാരം വിവിധതരത്തില്‍ അദ്വൈതവാദം രൂപംകൊണ്ടിട്ടുണ്ടെങ്കിലും ഇവയില്‍വച്ച് പ്രധാനം ആത്മാദ്വൈതവാദമാണ്. ശങ്കരാചാര്യരും അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയും യുക്തിയും അനുഭവങ്ങളുംകൊണ്ട് പ്രാമാണ്യവും പ്രചാരവും നല്കിയിട്ടുള്ള ഈ വാദം പ്രായേണ അദ്വൈതം എന്ന പേരിലാണ് ഇന്ന് ഇന്ത്യയില്‍ അറിയപ്പെടുന്നത്. മറ്റു വേദാന്തമതങ്ങളില്‍നിന്നും വേര്‍തിരിച്ചു കാണിക്കുന്നതിനുവേണ്ടി കേവലാദ്വൈതം എന്ന പേരിലും ഇതു വ്യവഹരിക്കപ്പെടുന്നുണ്ട്.
No comments:
Post a Comment