ഏതു കാര്യവും ചില പ്രത്യേക രീതിയിലായിരിക്കണം നടത്തേണ്ടത് എന്ന കടുംപിടുത്തമാണ് എല്ലാ മനോവേദനയുടെയും അടിസ്ഥാന കാരണം. മനസ്സില്‍ ആദ്യമേ തന്നെ ദൃഢമായി ഉറച്ചുപോയിട്ടുള്ള ധാരണകളാണ് അതെല്ലാം. ആ ധാരണകള്‍ തന്നെയാണ് ഭൂതകാലത്തേക്കും ഭാവികാലത്തേക്കും മനസ്സിനെ ചാഞ്ചാട്ടുന്നത്. ഭാവി ചിന്തയില്‍നിന്നുണ്ടാവുന്ന ഭയവും ഭൂതകാലത്തിലെ ചിന്തകള്‍ക്കൊപ്പം കടന്നുവരുന്ന ദുഃഖവും ഇല്ലാതാകണമെങ്കില്‍ പൂര്‍ണമായും മനസ്സ് ഇക്ഷണത്തിലേക്ക് എത്തണം. അതിനുവേണ്ടിയാണ് ധ്യാനവും യോഗയും സേവയുമൊക്കെ.
ശക്തമായ ചിന്തകള്‍ക്ക് നിങ്ങളില്‍ അന്തര്‍ലീനമായ അവബോധത്തെ പൂര്‍ണമായും തടയാനും കഴിയും. അപ്പോള്‍ യഥാര്‍ത്ഥ ബുദ്ധി പ്രവര്‍ത്തിക്കുകയില്ല. അതുകൊണ്ടുതന്നെ ആനന്ദം അനുഭവിക്കാനും കഴിയില്ല. അവബോധം ഉണര്‍ന്നിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന സംഭവങ്ങള്‍ താല്‍ക്കാലികമാണെന്ന് ബോധ്യമാകും. ആ സമയം ആരെങ്കിലും നിങ്ങളോടു ദേഷ്യപ്പെടുകയോ, കുറ്റപ്പെടുത്തുകയോ ചെയ്താലും വേദന തോന്നില്ല. പുഞ്ചിരിയോടെ അതിനെ നോക്കിക്കാണാനാകും. നിരാശയും ദുഃഖവും ക്രോധവുമെല്ലാം നിരീക്ഷിച്ചുകൊണ്ടേയിരിക്കുക. അപ്പോള്‍ അതിന് വ്യത്യസ്തമായൊരു മാനം കൈവരുന്നതായി കാണാം...പരിമിതമായ ആനന്ദംകൊണ്ട് മനസ്സ് ഒരിക്കലും സംതൃപ്തമാകുന്നില്ല. എല്ലാ മനസ്സിന്റെയും ആഗ്രഹം സ്വന്തം ഉറവിടത്തിലേക്ക് തിരിച്ചുപോകുന്നുണ്ട്. പൂര്‍ണമായ ആനന്ദത്തിന്റെ സ്രോതസ്സ് അവിടെയാണ്. അതിന് ആഗ്രഹങ്ങളുടെയും ചിന്തകളുടെയും വലയത്തില്‍നിന്ന് പുറത്തുകടക്കണം. ആഴത്തിലുള്ള പ്രാര്‍ത്ഥനയും ധ്യാനവും അതിനുള്ള വഴിയൊരുക്കിത്തരും. വളരെയേറെ ശ്രദ്ധിക്കേണ്ടതും നിരീക്ഷിക്കേണ്ടതുമായ ഒന്നാണ് മനസ്സ്. ഏതു നിമിഷവും അത് നിഷേധങ്ങളില്‍ ആകൃഷ്ടമാകും. ദുര്‍ഗുണങ്ങളില്‍ പിടിച്ചുതൂങ്ങിനില്‍ക്കുവാനുള്ള ഒരു പ്രവണത മനസ്സിനെപ്പോഴും ഉണ്ട്. നിങ്ങള്‍ക്കൊരിക്കലും മനസ്സിനെ യുദ്ധത്തിലൂടെ കീഴ്‌പ്പെടുത്താനാവില്ല. അതിനെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കൂ. അതാണ് ധ്യാനം.
ധ്യാനത്തിലൂടെ പ്രകൃതിയും ശരീരവും ചിന്തകളും വികാരങ്ങളുമൊക്കെയായി നിങ്ങള്‍ താദാത്മ്യം പ്രാപിക്കുമ്പോള്‍ മനസ്സ് അതിന്റെ സ്രോതസ്സിലേക്ക് തിരിച്ചുചെല്ലും. അപ്പോള്‍ അനുഭവിക്കുന്നതാണ് ശരിയായ ആനന്ദം.
ജന്മഭൂമി:
No comments:
Post a Comment