ഏതു മേഖലയിലും കാപട്യം ഉള്ളതുപോലെ ആത്മീയപ്രവര്‍ത്തനങ്ങളിലും ഉണ്ട് എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. സത്യമായതും അല്ലാത്തതും തിരിച്ചറിയാന്‍ വിഷമവുമാണ്. മിക്കവാറും നമ്മള്‍ ഏതെങ്കിലും അത്ഭുതപ്രവൃത്തികള്‍ കണ്ട് മയങ്ങിയിട്ട് വിശ്വാസം അര്‍ഹിക്കാത്ത ആരെയെങ്കിലും വിശ്വസിക്കുക പതിവാണ്. നമ്മളില്‍ പലരും ചൂഷണം ചെയ്യപ്പെടുകയും ചതിക്കപ്പെടുകയും ചെയ്യുന്നുണ്ട്. സത്യമുള്ള ഗുരുക്കന്മാര്‍ ത്യാഗികളായിരിക്കും. സ്‌നേഹവും കരുണയും അവരുടെ മുഖമുദ്രയായിരിക്കും. അപ്പോഴും നമ്മള്‍ ആവതും നിരീക്ഷിച്ച് ഉറപ്പിച്ച് ഗുരുവിനെ സ്വീകരിക്കയാണ് വേണ്ടത്. പക്ഷെ നമ്മുടെ സൂക്ഷിപ്പിനപ്പുറം ഈശ്വരാനുഗ്രഹം തന്നെ വേണം സത്യമുള്ള ഒരു ഗുരുവിലെത്താന്‍.
സത്യമുള്ള ഓരോ ഗുരുക്കന്മാര്‍ക്കും ഓരോ നിയോഗമായിരിക്കും എന്നാണു മനസ്സിലാകുന്നത്. കാലത്തിന്റെ ആവശ്യമനുസരിച്ചും ഓരോ ജനതയുടേയും ആവശ്യമനുസരിച്ചും ദൈവം കനിഞ്ഞ് ദൈവത്തിന്റെ കരുതലിന്റെ ഭാഗമായി മഹാത്മാക്കളെ അയയ്ക്കുന്നു. ചിലര്‍ സമൂഹമദ്ധ്യത്തിലേക്ക് വരുന്നതേയില്ല. അങ്ങനെയുള്ളവരെ ദൈവം ഏല്‍പിക്കുന്ന ഉത്തരവാദിത്തം ജനശ്രദ്ധയില്‍ വരാതെ തപശ്ചര്യകള്‍ അനുഷ്ഠിക്കലായിരിക്കും എന്ന് എന്റെ ഗുരുവില്‍ ( ശ്രീ കരുണാകര ഗുരു ) നിന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ലോകനന്മക്കായിരിക്കും അവര്‍ ദൃഢമായി സങ്കല്‍പം ചെയ്യുക. അത് ലോകം അറിയില്ല. ചിലര്‍ അങ്ങനെ തപസ്സ് ചെയ്തിട്ട് സിദ്ധിച്ച ആത്മബലം കൊണ്ട് സമൂഹത്തിലേക്ക് തിരികെ വരുന്നു. ശ്രീ നാരായണഗുരു ഒരുദാഹരണമാണ്. മരുത്വാമലയിലും കൊടിതൂക്കിമലയിലും കഠിനതപസ്സു ചെയ്തതായി ജീവചരിത്രങ്ങളില്‍ കാണുന്നു. ഭക്ഷണം കിട്ടുകയില്ല. ഏതോ ചെടിയുടെ നീരുപിഴിഞ്ഞ് ഏതോ ചെടിയുടെ ഇലയില്‍ ഒഴിച്ചുവെച്ച് കട്ടിയാവുമ്പോള്‍ അതുകൊണ്ട് പലപ്പോഴും വിശപ്പടക്കുമായിരുന്നത്രെ. പണം കൈയിലെടുക്കാതെ കാല്‍നടയായി ചെറുപ്പത്തില്‍ ഒരുപാട് തനിയെ നടക്കുകയും കാട്ടുപ്രദേശങ്ങളില്‍ ഏതെങ്കിലും പാറയിലും മറ്റും ഇരുന്ന് ധ്യാനിക്കുകയും ചെയ്തിരുന്നു എന്നാണു മനസ്സിലാവുന്നത്.
എന്റെ ഗുരുവിനും അവധൂതവൃത്തിയുടെ ഒരു കാലമുണ്ടായിരുന്നു. തന്റെ ഗുരുവായ ഖുറൈഷി ഫക്കീറിന്റെ കൂടെ ‘കാട്ടിലും കരിയിലും’ കൂടി ഒരുപാട് നടന്നിരുന്നു എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഗുരു കൂടുതലും ആളുകളുടെ ഇടയില്‍ താഴ്മയോടെ പ്രവര്‍ത്തിച്ചതായിട്ടാണ് കാണുന്നത്. ഗുരുഗീതയില്‍ ഒരിടത്ത് ആദര്‍ശഗുരുവിനെ ‘ഗുരുചക്രവര്‍ത്തി’ ആയി വിശേഷിപ്പിക്കുന്നുണ്ട്. എന്റെ ഗുരുവിനെ എനിക്ക് അങ്ങനെയാണു കാണാന്‍ തോന്നുന്നത്, ആത്മീയതയിലെ ഒരു ചക്രവര്‍ത്തിയായിട്ട്. കാരണം അത്രയ്ക്ക് മനുഷ്യജീവിതത്തെ ശുദ്ധീകരിക്കാനുള്ള കഴിവ് ഗുരുവിനുണ്ടായിരുന്നു. അത്രയ്ക്ക് നമ്മുടെ മനസ്സിനെ വിമലീകരിച്ച് അതിന്റെ ഭാരം ലഘൂകരിക്കാനുള്ള കഴിവും. ആ കാരുണ്യം കൊണ്ട് ഹെര്‍മ്മന്‍ നെന്നിംഗ്‌സ് എന്നു പേരായ ഒരു ജര്‍മ്മന്‍ പൗരനുണ്ടായ ഒരനുഭവം ഇവിടെ ഉദാഹരണമായി ചേര്‍ക്കട്ടെ.
ഹെര്‍മ്മന്‍ വ്യക്തിപരമായി എന്നോട് പറഞ്ഞ കാര്യങ്ങളാണ് പറയാന്‍ പോകുന്നത്. ഹെര്‍മ്മന്‍ അന്വേഷകനായിട്ടാണു ഇന്ത്യയില്‍ എത്തുന്നത്. വരും മുമ്പ് തന്നെ ക്രിസ്ത്യന്‍ വിശ്വാസത്തിനു പുറത്തുകടക്കുകയും പരീക്ഷണാത്മകമായി ക്രിയായോഗം മുതലായ ചില പദ്ധതികള്‍ പരിശീലിക്കുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ പല ആത്മീയ കേന്ദ്രങ്ങളിലും പോയി. കേരളത്തില്‍ എത്തിയത് വള്ളിക്കാവില്‍ പോകാനായിരുന്നു. അതു കൂടാതെ വല്ല അശ്രമങ്ങളുമുണ്ടോ എന്നു തങ്ങിയ ഹോട്ടലില്‍ അന്വേഷിച്ചപ്പോള്‍ റിസപ്ഷനിലിരുന്ന ആരോ തിരുവനന്തപുരത്തുള്ള എന്റെ ഗുരുവിനെപ്പറ്റി പറഞ്ഞു. അങ്ങനെ വന്നുചേര്‍ന്ന ഈ യുവാവ് ഒരാഴ്ച ആശ്രമത്തില്‍ തങ്ങി. ഗുരുവിനെ കണ്ടു. തിരിച്ചുപോയി. ഏതാനും മാസങ്ങള്‍ കഴിഞ്ഞ് വീണ്ടും ഗുരുവിനെ കാണാനായി എത്തി.
സ്വന്തം ആത്മീയവളര്‍ച്ചയിലായിരുന്നു ശരിക്കും താല്‍പര്യം എന്നിരിക്കിലും ഇക്കുറി പ്രായോഗികമായ ഒരു സഹായമായിരുന്നു ഹെര്‍മ്മനു വേണ്ടിയിരുന്നത്. പ്രായോഗികമായി ഗുരു മനുഷ്യരെ സഹായിക്കുന്നത് ആദ്യത്തെ വരവില്‍ അയാള്‍ കണ്ടു മനസ്സിലാക്കിയിരുന്നു. ഹെര്‍മ്മന് ഒരു അനുജനുണ്ട്. അന്ന് പത്തൊമ്പതു വയസ്സ്. ജോലിയെടുക്കും. കിട്ടുന്ന കാശിനു കുടിക്കും. കൗമാരം കഴിയും മുമ്പേ അഡിക്ഷന്‍. ഹെര്‍മ്മന്‍ കുറേ ചോദിച്ചപ്പോള്‍ ഭയം ജനിപ്പിക്കുന്ന അനുഭവമാണു അനിയനു പറയാനുണ്ടായിരുന്നത്. രാത്രി ഉറക്കം വന്നു തുടങ്ങുമ്പോള്‍ പേടിപ്പെടുത്തുന്ന രൂപങ്ങള്‍ കഴുത്തുഞ്ഞെരിക്കാന്‍ വരുന്ന പോലെ അടുക്കും. വല്ലാതെ ഭയപ്പെടുത്തും. മദ്യം കഴിക്കുന്നത് സ്വബോധം നഷ്ടപ്പെടുത്താനാണു. ഡി അഡിക്ഷന്‍ സെന്ററില്‍ പോവാന്‍ അനുജന്‍ തയാറല്ല. ആ വിധം തുടര്‍ന്നാല്‍ തകര്‍ച്ച മാത്രമാണു മുന്നില്‍. ഗുരു അവനെ രക്ഷിക്കുമോ എന്നായിരുന്നു ഹെര്‍മ്മന്‍ ചോദിച്ചത്.
ഗുരു ചോദിച്ചു, നിന്റെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും അപമൃത്യു ഉണ്ടായിട്ടുണ്ടോ എന്ന്. അമ്മയുടെ അച്ഛന്‍ തൂങ്ങി മരിച്ചതാണെന്നറിയാം, ഹെര്‍മ്മന്‍ പറഞ്ഞു. എന്നാല്‍ ആ മുത്തച്ഛന്റെ രാശിയിലാണു അനുജന്റെയും ജനനം. അലഞ്ഞുനില്‍ക്കുന്ന ആ ആത്മാവ് ( പിതൃ ) കുടുംബത്തെ ബാധിച്ചു നില്‍ക്കുന്നു. അനുജന്‍ ആ പിതൃവിന്റെ രാശിയിലായതുകൊണ്ട് അനുജനെ കൂടുതല്‍ ബാധിക്കുന്നു. ഗുരു സഹായിക്കാന്‍ തയ്യാറായി. പക്ഷെ ഒരു നിബന്ധന വെച്ചു. വേണ്ടതു ചെയ്തു തരാന്‍ ഒരുക്കമാണു, പിന്നീട് ഗുരു അറിഞ്ഞുകൊണ്ടുള്ള ഒരു ജീവിതം ജീവിക്കുക.
ഹെര്‍മ്മനു സന്തോഷമേ ഉണ്ടായിരുന്നുള്ളു അങ്ങനെ ചെയ്യാന്‍. ഗുരുവിന്റെ പ്രിയശിഷ്യനായിരുന്ന സ്വാമി ജ്യോതിര്‍മ്മയ ജ്ഞാനതപസ്വിയെക്കൊണ്ട് ഗുരുവിനു പറയാനുള്ളതെല്ലാം പറയിപ്പിച്ചു. ( ഇടയ്ക്ക് നിന്ന് ആശയവിനിമയം സുഗമമാക്കിയതും സ്വാമി. ) ഗുരുവാക്ക് അനുസരിച്ച് ജീവിക്കുക എളുപ്പമല്ല. ലളിതമായേ നിര്‍ദ്ദേശിക്കുള്ളു, ജീവിതത്തിന്റെ താക്കോലുകളാണു തരുന്നതെന്ന് നമ്മള്‍ തിരിച്ചറിയുന്നത് എപ്പോഴെങ്കിലുമായിരിക്കും എന്നാണു പലരുടെയും (എന്റെയും ) അനുഭവം.
ആശ്രമത്തില്‍ ഹെര്‍മ്മന്‍ കുറച്ചുനാള്‍ നിന്നു. തിരികെപ്പോരുന്നതിന്റെ തലേന്ന് രാത്രി ഗുരു ഹെര്‍മ്മനു വേണ്ടതു ചെയ്തുകൊടുത്തു. പൂജാദി കര്‍മ്മങ്ങള്‍ ഒന്നുമില്ല. ഗുരുവിന്റെ സങ്കല്‍പം മാത്രം. ഹെര്‍മ്മന്‍ പ്രാര്‍ത്ഥനാലയത്തില്‍ അന്നു നടന്ന പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു. രണ്ടാഴ്ച കഴിഞ്ഞ് ജെര്‍മ്മനിയിലെത്തിയ ഹെര്‍മ്മനെ ഒരത്ഭുതം കാത്തിരിക്കുന്നുണ്ടായിരുന്നു. അനുജന്‍ പറഞ്ഞു, എങ്ങനെയാണെന്നറിയില്ല, രണ്ടാഴ്ചയായി ആ ഭീകരരൂപങ്ങളെ കാണുന്നില്ല. അതുകൊണ്ട് മദ്യം കഴിക്കണമെന്ന തോന്നല്‍ ഇല്ലെന്നു തന്നെ പറയാം. അപ്പോഴാണു ഹെര്‍മ്മന്‍ അനുജനോട് ഗുരുവിനെ പറ്റി ആദ്യമായി പറയുന്നത്. താന്‍ അറിയാത്ത, തന്നെ അറിയാത്ത ഒരു വ്യക്തി എത്രയോ ദൂരത്തിരുന്ന് തന്നെ സുഖപ്പെടുത്തി എന്നത് ആ ചെറുപ്പക്കാരനെ അഗാധമായി സ്പര്‍ശിച്ചു.
കുറേനാള്‍ കഴിഞ്ഞ് ഗുരുവിനോട് അടുത്ത ശേഷം, ഗുരു അനുജനുവേണ്ടി മാത്രമല്ല തന്റെ കുടുംബത്തിനു വേണ്ടിയാണു സങ്കല്‍പം ചെയ്തതെന്നും ചെയ്തത് പിതൃശുദ്ധിയാണെന്നും ഒക്കെ അറിഞ്ഞ ശേഷം ഹെര്‍മ്മന്‍ ഒരിക്കല്‍ ചോദിച്ചു: അനുജനു വേണ്ടി ആ ശുദ്ധീകരണം നടത്തിയപ്പോള്‍ എത്ര ആത്മാക്കള്‍ക്ക് മോചനം കിട്ടിക്കാണും? ഗുരു പറഞ്ഞു, അയ്യായിരത്തിനും പതിനായിരത്തിനും ഇടയ്ക്കുണ്ടായിരുന്നു നിന്റെ പിതൃക്കള്‍. മനുഷ്യജീവിതത്തെ സ്വാധീനിച്ചുനില്‍ക്കുന്ന എല്ലാ മണ്ഡലങ്ങളുമായും ഗുരുവിനു പരിചയമായിരുന്നു. ആ പരിചയത്തില്‍ നിന്ന് ജാതിമതവര്‍ണ്ണവര്‍ഗ്ഗലിംഗഭേദമില്ലാതെ വലിപ്പച്ചെറുപ്പങ്ങള്‍ പരിഗണിക്കാതെ തന്റെ അടുത്തെത്തുന്നവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുക എന്നതായിരുന്നു ഗുരുവിന്റെ നിയോഗം.
ജന്മഭൂമി: http://www.janmabhumidaily.com/news709297#ixzz4tSBYosHv
No comments:
Post a Comment