Friday, September 22, 2017

ഉപനിഷത്തുകള്‍ അദ്വൈതദര്‍ശനത്തിന്റെ ആവാസഭവനങ്ങളാണ്. ഇവ വേദങ്ങളുടെ അന്ത്യഭാഗങ്ങളായതുകൊണ്ടും അന്തഃസത്ത ഉള്‍ക്കൊള്ളുന്നതു കൊണ്ടും 'വേദാന്തം' എന്നു വിളിക്കപ്പെടുന്നു. (വേദങ്ങളെ കര്‍മകാണ്ഡമെന്നും ജ്ഞാനകാണ്ഡമെന്നും പൊതുവേ രണ്ടായി തരം തിരിച്ചിട്ടുണ്ട്.) കര്‍മകാണ്ഡത്തില്‍ യാഗാദികര്‍മങ്ങളാണ് മുഖ്യ പ്രതിപാദ്യമെങ്കില്‍ ജ്ഞാനകാണ്ഡത്തില്‍ പ്രപഞ്ചതത്ത്വമാണ് ചര്‍ച്ചാവിഷയം. വേദങ്ങളിലെ മന്ത്രങ്ങളും ബ്രാഹ്മണങ്ങളും കൂടിയതാണ് കര്‍മകാണ്ഡം; ആരണ്യകങ്ങളും ഉപനിഷത്തുക്കളും കൂടിയത് ജ്ഞാനകാണ്ഡവും. ഉപനിഷത്തുക്കള്‍, പ്രത്യേകിച്ചും ശങ്കരാചാര്യരുടെ വ്യാഖ്യാനത്തോടുകൂടിയ ഉപനിഷത്തുകള്‍, ബ്രാഹ്മണങ്ങളിലെ വിധിനിഷേധപരങ്ങളായ കര്‍മങ്ങള്‍ക്ക് ആത്യന്തികമായി വിലകല്പിക്കുന്നില്ല; ചിലപ്പോള്‍ അവയെ എതിര്‍ക്കുക കൂടി ചെയ്യുന്നുണ്ട്. യഥാര്‍ഥമായ തത്ത്വത്തിന്റെ ജ്ഞാനം ഒന്നുകൊണ്ടു മാത്രമേ യഥാര്‍ഥസുഖം കൈവരിക്കയുള്ളുവെന്ന് അവ ദൃഢമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു.

അറിയപ്പെടേണ്ട ആ തത്ത്വം ഏതാണ്?; ബ്രഹ്മം. അതിന് ആത്മാവ് എന്നും ഉപനിഷത്തുകളില്‍ പറയുന്നു. ഉപനിഷത്തുകളെയും പില്ക്കാലത്തെ വേദാന്തദര്‍ശനങ്ങളെയും സംബന്ധിച്ചിടത്തോളം ബ്രഹ്മം, ആത്മാവ് എന്നീ രണ്ടു സങ്കല്പങ്ങളെക്കാള്‍ പ്രധാനമായ മറ്റൊന്നുമില്ല. ഭാരതീയ ദര്‍ശനമാകുന്ന മഹാസൌധത്തിന്റെ രണ്ടു നെടുംതൂണുകളാണ് ഇവ. വളരുക എന്നര്‍ഥം വരുന്ന 'ബൃഹ്' ധാതുവില്‍നിന്നാണ് 'ബ്രഹ്മം' എന്ന പദത്തിന്റെ ഉത്പത്തി. യാതൊന്നില്‍നിന്നാണോ പ്രപഞ്ചം വളര്‍ന്നു വികസിച്ചിട്ടുള്ളത് അതാണ് ബ്രഹ്മം. ഇതില്‍നിന്ന് പ്രപഞ്ചത്തിന്റെ അടിസ്ഥാനം ബ്രഹ്മമാണെന്നു സിദ്ധിക്കുന്നു. ബാഹ്യപ്രപഞ്ചത്തെ വസ്തുനിഷ്ഠമായി വിശകലനം ചെയ്തു നോക്കുമ്പോള്‍ എത്തിച്ചേരുന്നത് ബ്രഹ്മത്തിലാണ്. പരമയാഥാര്‍ഥ്യത്തെ തേടിപ്പിടിക്കുവാന്‍ രണ്ടാമതൊരു വഴി കൂടിയുണ്ട്; അതാണ് അന്തര്‍നിരീക്ഷണം. അന്വേഷണം ആ വഴിയില്‍ക്കൂടി ആകുമ്പോള്‍ ആത്മാവ് എന്ന തത്ത്വത്തില്‍ എത്തിച്ചേരുന്നു. ആത്മാവാണ് വ്യക്തിയുടെ ആന്തരികസത്ത. ഉപനിഷത്തുകള്‍ ബ്രഹ്മത്തെയോ ആത്മാവിനെയോ പ്രത്യേകമായി വര്‍ണിച്ചു കാട്ടുകയല്ല, അവ രണ്ടും തത്ത്വത്തില്‍ ഒന്നുതന്നെയാണെന്ന നിഗമനത്തില്‍ എത്തിച്ചേരുകയാണ് ചെയ്യുന്നത്. ഈ സത്യത്തെ 'അത് നീയാണ്' (തത് ത്വം അസി), 'ഞാന്‍ ബ്രഹ്മം ആണ്' (അഹം ബ്രഹ്മാസ്മി) എന്നീ മഹാവാക്യങ്ങളില്‍കൂടിയും മറ്റും ഉപനിഷത്തുകള്‍ വെളിപ്പെടുത്തിത്തരുന്നു. ഇതേ അഭേദകല്പനം തന്നെയാണ് അദ്വൈതവേദാന്തത്തിന്റെയും മൌലികതത്ത്വം.

ഉപനിഷത്തുകളില്‍ ഏകത്വവാദം രണ്ടു രീതിയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആദ്യത്തെ രീതിയനുസരിച്ച് ബ്രഹ്മം എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നു. രണ്ടാമത്തേതനുസരിച്ച് ബ്രഹ്മം യാതൊന്നിനെയും ഉള്‍ക്കൊള്ളുന്നില്ല. ആദ്യത്തെ സങ്കല്പമനുസരിച്ചുള്ള ബ്രഹ്മത്തെ 'സപ്രപഞ്ചം' എന്നും രണ്ടാമത്തേതിനെ 'നിഷ്പ്രപഞ്ചം' എന്നും വിശേഷിപ്പിക്കുന്നു. ഛാന്ദോഗ്യോപനിഷത്തിലെ 'ശാണ്ഡില്യവിദ്യ' എന്ന വിഭാഗത്തില്‍ സപ്രപഞ്ചബ്രഹ്മത്തിന്റെ നിര്‍വചനവും വിവരണവും കാണാം. എന്നാല്‍ നിഷ്പ്രപഞ്ചബ്രഹ്മത്തെക്കുറിച്ചുള്ള വിവരണം മുഖ്യമായും കാണുന്നത് ബൃഹദാരണ്യകോപനിഷത്തില്‍ യാജ്ഞവല്ക്യനും ഗാര്‍ഗിയും തമ്മിലുള്ള സംഭാഷണത്തിലാണ്. യാജ്ഞവല്ക്യന്‍ ബ്രഹ്മത്തെ നിര്‍വചിക്കുന്നത് 'ഇതല്ല, ഇതല്ല' (നേതി, നേതി) എന്നിങ്ങനെ നിഷേധരൂപത്തിലാണ്.
ശങ്കരാചാര്യരും നിഷ്പ്രപഞ്ചബ്രഹ്മത്തെയാണ് പരമതത്ത്വമായി അംഗീകരിക്കുന്നത്. ഉപനിഷത്തിലെ നിഷ്പ്രപഞ്ചബ്രഹ്മം തന്നെയാണ് അദ്വൈതത്തിലെ നിര്‍ഗുണ ബ്രഹ്മം. സപ്രപഞ്ചബ്രഹ്മത്തെയാകട്ടെ അദ്വൈതത്തിലെ സഗുണബ്രഹ്മത്തിനു സമാനമായും കണക്കാക്കാം. സപ്രപഞ്ചബ്രഹ്മം അപരബ്രഹ്മമാണെങ്കിലും അതിന് വ്യാവഹാരികതലത്തില്‍ മാത്രമേ പ്രസക്തിയുള്ളുവെങ്കിലും അത് ഉപാസനയ്ക്ക് യോഗ്യമാണ്. അതുകൊണ്ട് ശങ്കരാചാര്യര്‍ നിഷ്പ്രപഞ്ചബ്രഹ്മത്തെ സ്വീകരിക്കുന്നത് സപ്രപഞ്ചത്തെ അവഗണിച്ചുകൊണ്ടല്ല. നിഷ്പ്രപഞ്ചബ്രഹ്മത്തെ സാക്ഷാത്കരിക്കുന്നതിനു മന്ദബുദ്ധികള്‍ക്ക് സാധിക്കുകയില്ല. അവര്‍ സപ്രപഞ്ച ബ്രഹ്മത്തെ ഉപാസിക്കുന്നു. ക്രമേണ ഈശ്വരാനുകമ്പ നേടി അവരുടെ ബുദ്ധി പരിപക്വമായിത്തീരുമ്പോള്‍ ഉപാധി കല്പനകളൊന്നുമില്ലാത്ത ആ നിഷ്പ്രപഞ്ചബ്രഹ്മം തന്നെ അവര്‍ക്ക് അനുഭവഗോചരമാകുന്നു. അതിനാല്‍ നിഷ്പ്രപഞ്ചബ്രഹ്മത്തെ സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തിലെത്തുന്നതിന് ഒരു ചവിട്ടുപടിയായിട്ടെങ്കിലും സപ്രപഞ്ചബ്രഹ്മോപാസന അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

No comments:

Post a Comment