Friday, September 15, 2017

പ്രകൃതി ഗുരുവിന്റെ ഇച്ഛയറിഞ്ഞ് നില്‍ക്കുന്നു. ഗുരുവാകട്ടെ അറിവായി നില്‍ക്കുകയാണ്. ദേവീദേവന്മാരുടെ അവസ്ഥ കടക്കുന്ന ഗുരു സത്യലോകത്തിലേക്ക് കടക്കുന്നു. ഒരു വസ്തുവിനെയോ പ്രവൃത്തിയെയോ കാലത്തെയോ അറിയാന്‍ അയാള്‍ക്ക് നിമിഷാര്‍ദ്ധം പോലും വേണ്ട.
ദേവീദേവന്മാരുടെ അവസ്ഥ കടന്ന ജ്ഞാനികളുടെ ഒരുദാഹരണം ഓര്‍മ്മ വരുന്നു. ഭൃഗുമഹര്‍ഷി. ത്രിമൂര്‍ത്തികളിലൊരാളായ (ഏറ്റവും ഉയര്‍ന്ന ദേവന്മാര്‍ അവരാണല്ലോ) വിഷ്ണുവിനോട് ഒരിക്കല്‍ ഭൃഗുമഹര്‍ഷി നീചശക്തികളില്‍ നിന്ന് തന്റെ യാഗം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുവത്രെ. വിഷ്ണു സഹകരിച്ചില്ല. പത്തുജന്മമെടുക്ക് നീ എന്ന് മഹര്‍ഷി ശപിച്ചുപോലും. അതിന്റെ ഫലമായിട്ടാണു വിഷ്ണുവിനു പത്തു ജന്മം (ദശാവതാരം) എടുക്കേണ്ടിവന്നത് എന്ന കഥയില്‍ മഹര്‍ഷിമാരുടെ ഔന്നത്യത്തിന്റെ പൊരുള്‍ അടങ്ങിയിരിക്കുന്നു.
ബ്രഹ്മാവ് ഭൃഗുവിനെ ബഹുമാനിക്കാത്തത് കൊണ്ട് ബ്രഹ്മാവിനും കിട്ടി ശാപം. നിനക്ക് ആരാധന കിട്ടാതെയാവട്ടെ എന്നാണു ആ ശാപം. ശിവനും കിട്ടിയിട്ടുണ്ട് ശാപം. കൈലാസത്തില്‍ ഭൃഗു ചെന്നപ്പോള്‍ നന്ദി ശിവനെ കാണുവാന്‍ സമ്മതിച്ചില്ല. അപ്പോള്‍ ശിവപാര്‍വതിമാര്‍ ഒന്നിച്ച് അവരുടെ മുറിയിലായിരുന്നു. ഋഷിയുടെ കോപം കൊണ്ടാണത്രെ ശിവപ്രതിമ ലിംഗരൂപത്തില്‍ ആരാധിക്കപ്പെടുന്നത്. വിഷ്ണുവിനു കിട്ടിയത് ഒരു ചവിട്ടാണ് ഭൃഗു വൈകുണ്ഠത്തില്‍ ചെന്നപ്പോള്‍ ആ ദേവന്‍ ഉറങ്ങുന്നു. ഇഷ്ടപ്പെടാഞ്ഞിട്ടായിരുന്നു ചവിട്ട്. അതിന്റെ അടയാളമാണു കൊണ്ടാടപ്പെട്ട’ശ്രീവത്സം’.
മറ്റൊരു വിഖ്യാതമായ കഥയും ഇവിടെ ചേര്‍ത്തു വായിക്കാവുന്നതാണ്. അത്രി മഹര്‍ഷിയുടെ പത്‌നി ത്രിമൂര്‍ത്തികള്‍ക്ക് ആതിഥ്യം നല്‍കിയ കഥ. ത്രിമൂര്‍ത്തികളുടെ പത്‌നിമാരായ ലക്ഷ്മി, പാര്‍വതി, സരസ്വതിമാര്‍ തമ്മില്‍ ആരാണു ഏറ്റവും മികച്ച പതിവ്രത എന്നൊരു തര്‍ക്കം നടക്കുമ്പോള്‍ നാരദമഹര്‍ഷി അവിടെയെത്തി. ഏറ്റവും ശ്രേഷ്ഠയായ പതിവ്രത അത്രിമഹര്‍ഷിയുടെ പത്‌നി അനസൂയ ആണെന്ന് മഹര്‍ഷി പറഞ്ഞത് അവര്‍ക്കത്ര രുചിച്ചില്ല. അവര്‍ ഭര്‍ത്താക്കന്മാരോട് അനസൂയയെ വഴിതെറ്റിക്കാന്‍ ആവശ്യപ്പെട്ടു.
മനസ്സില്ലാമനസ്സോടെയാണെങ്കിലും മൂന്നു ദേവന്മാരും യുവസന്യാസിമാരുടെ വേഷത്തില്‍ അത്രിയുടെ ആശ്രമത്തില്‍ അദ്ദേഹമില്ലാത്ത അവസരം നോക്കി ചെന്ന് തങ്ങള്‍ക്ക് വിശക്കുന്നുവെന്നറിയിച്ചു. അനസൂയ ഭക്ഷണം വിളമ്പാന്‍ തുടങ്ങിയപ്പോള്‍ അവര്‍ പറഞ്ഞു; വസ്ത്രമില്ലാതെ വിളമ്പിയാലേ തങ്ങള്‍ക്ക് കഴിക്കാന്‍ പാടുള്ളൂ എന്ന്. തന്റെ തപോബലം കൊണ്ട് അനസൂയ ആരാണതിഥികള്‍ എന്നു മനസ്സിലാക്കി. സങ്കല്‍പം കൊണ്ട് അവരെ ശിശുക്കളാക്കി അവര്‍ ആവശ്യപ്പെട്ടപോലെ വസ്ത്രമില്ലാതെ അവരെ ഊട്ടി. അത്രി മഹര്‍ഷി തിരികെ വന്ന് മൂന്ന് ഓമനക്കുഞ്ഞുങ്ങളെ കണ്ട് പെട്ടെന്ന് അത്ഭുതപ്പെട്ടുപോയി. കാര്യം മനസ്സിലാക്കി അവരെ തിരിച്ച് മുതിര്‍ന്നവരാക്കി.
സപ്തര്‍ഷിമാരില്‍ പെട്ട തേജോമയന്മാരാണു ഭൃഗുവും അത്രിയും. മേല്‍പറഞ്ഞ മിത്തുകളെ അക്ഷരാര്‍ത്ഥത്തില്‍ സത്യമായി നമുക്ക് കാണാന്‍ പറ്റില്ല. എങ്കിലും അതില്‍ ഉള്‍ച്ചേര്‍ന്നു നില്‍ക്കുന്ന സത്യത്തെ കാണാതിരിക്കാനും പറ്റില്ല. പരിണാമചക്രത്തില്‍ ആവര്‍ത്തിച്ചുനിവര്‍ത്തിച്ച് ഒടുവില്‍ ഏറ്റവും ഉന്നതമായ അറിവിന്റെ ലോകത്തിലെത്തിയ മഹാത്മാക്കള്‍ ദേവീ ദേവന്മാരെക്കാളും ത്രിമൂര്‍ത്തികളെക്കാളും ഉയര്‍ന്നു നില്‍ക്കുന്നു എന്നതാണു മറഞ്ഞുകിടക്കുന്ന സത്യം. ദേവീദേവന്മാരുടെ തലങ്ങള്‍ കടന്ന് വളരെ ഉയര്‍ന്നു നില്‍ക്കുന്ന ഋഷിതേജസ്സാണ് എന്റെ ഗുരുവും എന്നാണെന്റെ അറിവും വിശ്വാസവും.


ജന്മഭൂമി: http://www.janmabhumidaily.com/news704918#ixzz4snGH8O6e

No comments:

Post a Comment