Sunday, September 17, 2017

ഏറ്റവും വലിയ ദുരാചാരിയായാല്‍പ്പോലും അനന്യഭക്തിയോടെ സര്‍വേശ്വരനെ ഭജിയ്ക്കുന്നപക്ഷം, അവന്‍ അതി നാല്‍ത്തന്നെ നല്ലവനാണെന്നു കരുതപ്പെടണം. കാരണം, അവന്റെ തീരുമാനം ഏറ്റവും മംഗളകരമാണ്.
സുകുമാരന്‍ അതാ ഉമിക്കൂമ്പാരത്തിനുള്ളില്‍. തീ കൊടുത്തുകഴിഞ്ഞു ചുവട്ടില്‍. ചുറ്റും സഹപാഠികള്‍ കണ്ണീര്‍ക്കാവലിലാണ്. ആ വിദ്യാര്‍ഥിയുടെ നിസ്തുലമുഖകമലത്തില്‍നിന്നും അന്തിമമുഹൂര്‍ത്തത്തില്‍ നിര്‍ഗളിച്ചതാണത്രേ,അസ്തി ശ്രിയഃ സദ്മ സുമേരുനാമസമസ്തകല്യാണനിധിര്‍ഗിരീന്ദ്രഃതിഷ്ഠന്നിദം വിശ്വമനുപ്രവിശ്യസ്വേനാത്മനാ വിഷ്ണുരിവോര്‍ജിതേനഎന്നു തുടങ്ങുന്നു ശ്രീകൃഷ്ണവിലാസകാവ്യം.
സ്വന്തം ആത്മശക്തിയാല്‍ ഈ വിശ്വത്തിലാകെ വ്യാപിച്ചു മഹാവിഷ്ണു സമസ്തമംഗളങ്ങള്‍ക്കും നിദാനമായി വര്‍ത്തിയ്ക്കുന്നപോലെ സുമേരുവെന്ന ഗിരീന്ദ്രന്‍ എല്ലാ ഐശ്വര്യാഭിവൃദ്ധിയ്ക്കും ആശ്രയമായി സ്ഥിതിചെയ്യുന്നു.ഇതിലെ ഒരു സര്‍ഗം നമുക്കു വിദ്യാലയങ്ങളില്‍ ഏഴാം ക്ലാസ്സില്‍ പാഠ്യവിഷയമായിരുന്നു. കൃതി മുഴുവനാകുംമുമ്പേ സുകുമാരനെ ഉമിത്തീ വിഴുങ്ങി. അങ്ങനെ അന്നുമുതല്‍ അപൂര്‍ണമായി തുടരുന്ന ഈ കാവ്യത്തെ മുഴുമിക്കാന്‍ മഹാകവി കാളിദാസന്‍ ഒരിയ്ക്കല്‍ പുറപ്പെട്ടുവത്രെ.
”പട്ടുനൂലോടുകൂടി വാഴനൂല്‍ ചേര്‍ക്കേണ്ട” എന്ന അശരീരി കേട്ടതോടെ,  സുകുമാരന്റെ മഹത്വത്തോടു കിടപിടയ്ക്കില്ല തന്റെ മഹിമയെന്നു കരുതി, മഹാകവി ആ ഉദ്യമം ത്യജിച്ചുപോലും!അന്നും ഇന്നുമുള്ള വന്‍ അന്തരംഎന്തിനിത് ഉദ്ധരിച്ചു? ഗുരുകുലവാസത്തില്‍ ഗുരുശിഷ്യന്മാര്‍ അടുത്തുപഴകിക്കൊണ്ടിരുന്നു, ശിഷ്യന്റെ ആത്യന്തികനന്മയും ഉള്‍വ്യക്തിത്വപരിപോഷണവും ഗുരുവിന്റെ പ്രത്യേകശ്രദ്ധയായിരുന്നു, ശിഷ്യന്മാര്‍ക്കു സ്വന്തം ഗൃഹത്തിലെന്നപോലെയുള്ള അടുപ്പവും സ്വാതന്ത്ര്യവുമാണ് ഗുരുഗൃഹത്തിലും ലഭിച്ചിരുന്നത്, എന്നും മറ്റും ചൂണ്ടികാണിയ്ക്കാന്‍. അതില്‍ പരീക്ഷണഘട്ടങ്ങള്‍ അപൂര്‍വമാണെങ്കിലും, ഇല്ലാതില്ല. ഇങ്ങനേയും ചിലത് അതില്‍പ്പെടുന്നു. എന്നും ഗുരുശിഷ്യന്മാരെ അഭിമുഖമാക്കി നിര്‍ത്തി പരിശോധിപ്പിയ്ക്കാന്‍ പോന്നതാണിത്.
കൊടിയ പരീക്ഷകളിലും ഇരുവരും ധര്‍മപ്രതിബദ്ധത വിട്ടുകളയുന്നില്ല. ന്യായപൂര്‍വം വെന്തെരിയാന്‍ വിടവാങ്ങിനിന്ന ശിഷ്യനെ വിട്ടയയ്ക്കാന്‍ തക്ക നിസ്സംഗത ഗുരുവും പ്രദര്‍ശിപ്പിയ്ക്കുന്നു. മനുഷ്യമനസ്സിലെ എത്രയെത്ര ഉള്‍മാനമഹിമകളാണ് ഇതില്‍ മറനീങ്ങി പുറത്തുവന്നു ചിരന്തനമായി പ്രകാശിച്ചുനില്ക്കുന്നത്!ഇന്നത്തെ വിദ്യാഭ്യാസരീതിയുടെ അലകും പിടിയും വേറെയാണ്. അനേകം വിദ്യാര്‍ഥികളെ ഒരു വിദ്യാലയത്തില്‍ ഒന്നിലധികം അധ്യാപകന്മാര്‍വഴി ദിനംപ്രതി പഠിപ്പിച്ച് അന്നുതന്നെ ഗൃഹങ്ങളിലേയ്ക്കു മടക്കിയയയ്ക്കുന്ന സംയുക്തവും സംസ്ഥാപിതവുമായ വിദ്യാഭ്യാസരീതിയാണിന്ന്. അതിനു പ്രതിമാസവും മുന്‍കൂറായും കരം ഈടാക്കുന്നു.
അധ്യാപകന്മാര്‍ക്കു വേതനവുമുണ്ട്. അധ്യേതാക്കളും അധ്യാപകന്മാരും തമ്മില്‍ ക്ലാസുമുറികളില്‍ അഭിമുഖമായിരിയ്ക്കുന്നതൊഴിച്ചാല്‍, മറ്റൊരു കനത്ത സമ്പര്‍ക്കവുമില്ല. അന്യോന്യ നിരീക്ഷണത്തിനോ, നിര്‍ദേശങ്ങള്‍ക്കോ, അതുവഴിയുള്ള സ്വഭാവരൂപീകരണത്തിനോ സ്ഥാനമില്ല, ഇടവുമില്ല.വേതനം നല്കുന്നു വിദ്യാലയമുടമ. വിദ്യാര്‍ഥികള്‍ അദ്ദേഹത്തിനു ഫീസും കൊടുക്കുന്നു.ഗുരുകുലത്തില്‍ ഇത്തരം ചോദ്യമേ വരുന്നില്ല.
വിദ്യാര്‍ഥി അധ്യാപക ഗൃഹത്തില്‍ ശിഷ്യനായി വരുന്നു. അധ്യാപകന്‍ അപ്പോള്‍മുതല്‍ ആ ശിഷ്യന്റെ സമഗ്രമായ വളര്‍ച്ചയില്‍ പങ്കാളിയും ഉത്തരവാദിയുമാണ്. ഈ ബന്ധം ഒരു വിശിഷ്ടദൗത്യമായാണ് ഗുരുനാഥന്‍ കാണുക. അതനുസരിച്ച ഭാവാവേശവും ഗുരുഗൃഹത്തിലുണ്ടാകും.വിദ്യാദാനത്തില്‍ പ്രതിഫലഗണനയരുത്ഗുരുകുലഭക്ഷണക്രമങ്ങള്‍ ശിഷ്യന്മാര്‍ കൊണ്ടുവരുന്ന ഭിക്ഷകൊണ്ട് നടക്കുന്നു.
അധ്യയനാവസാനത്തില്‍, പ്രായപൂര്‍ത്തി വന്ന ശിഷ്യനോട്, അവന്‍ അതിനു സമര്‍ഥനാണെങ്കില്‍, ഗുരു സ്വന്തം ഹിതംപറയുമ്പോള്‍ അതു നിറവേറ്റുന്നതുമാത്രമാണ് ശിഷ്യന്‍ നല്കുന്ന ഗുരുദക്ഷിണ.യാവദര്‍ഥം യഥാബലം (7.12.13) എന്ന വിവരണം ഒരു ലോകം മുഴുവനും വെളിപ്പെടുത്തുന്നു. ഗുരുഗൃഹത്തില്‍ വിദ്യയര്‍ഥിച്ചു വരുന്ന ആരും സ്വാഗതരാണ്. അവരില്‍ രാജപുത്രന്മാരടക്കം പാവപ്പെട്ടവരുമുണ്ടാകാം. ആരുടേയും സാമ്പത്തികസാമൂഹ്യതലങ്ങള്‍ അന്വേഷിയ്ക്കുന്ന ചോദ്യമേ വരുന്നില്ല.
വിദ്യ നിലനിര്‍ത്തുന്ന ഗുരുശിഷ്യപരമ്പരയിലെ വിലപിടിച്ച കണ്ണികളായി എല്ലാവരേയും ഒരേപോലെ കണ്ട്, ആചാര്യന്‍ തനിയ്ക്കറിയുന്നതു പകര്‍ന്നുകൊടുക്കുന്നു. ഈ പൈതൃകപ്രവാഹം കാര്യക്ഷമമായി, ശിഷ്യന്മാര്‍ വിദ്യാനിധികളും സ്വഭാവപെരുമാറ്റമഹിമാക്കളുമാകാന്‍ വേണ്ടതൊക്കെ ചെയ്യാനുള്ള അവകാശവും ഉത്തരവാദിത്തവും അധ്യാപകന്നുണ്ട്.കൊല്ലങ്ങളോളം നില്ക്കുന്ന ഈ വിദ്യാഭ്യാസത്തില്‍ വരുമാനമോ വേതനമോ മറ്റാദായങ്ങളോ ഒരു പരിഗണനയേ അല്ല. ശിഷ്യന്‍ വളര്‍ന്നു കഴിയുമ്പോഴാണ്, ഗുരുദക്ഷിണ സമര്‍പ്പിയ്ക്കാനുള്ള ആലോചനതന്നെ ഉദ്ഭവിയ്ക്കുന്നത്.
കുട്ടി ചെന്ന് അകിട്ടില്‍ മുട്ടുമ്പോള്‍ തള്ളപ്പശു ചുരത്തുന്നപോലെയാണ്, അധ്യേതാക്കളെനോക്കി അധ്യാപകന്‍ പഠിപ്പിയ്ക്കുന്നതും.കാലം മാറിക്കഴിഞ്ഞു. പക്ഷേ വിദ്യാഭ്യാസത്തിന്റെ പ്രസക്തിയ്ക്കും അതുകൊണ്ടുണ്ടാവേണ്ട ബാഹ്യവും  ആന്തരവുമായ നേട്ടങ്ങള്‍ക്കും ഒരു വ്യത്യാസവും വന്നിട്ടില്ല; കൂടുതല്‍ ബഹുമുഖമായിട്ടുണ്ടെന്നു പറയാമെന്നുമാത്രം. പഴയരീതികള്‍ അതേപോലെ തുടരുക സാധ്യമല്ലെങ്കിലും, അതിന്റെ അന്തസ്സത്തയും ഗുണമൂല്യങ്ങളും വിട്ടുപോകാതെ എങ്ങനെ സംലയിപ്പിച്ചെടുക്കാമെന്ന പരിഗണന ഇന്നുമാകാം. ഇത് എത്രയും സമഗ്രമായി ചെയ്തു മഹത്തായ അധ്യയനപ്രക്രിയയെ ഭാരതീയോജ്വലമാക്കി, ലോകത്തിനുത ന്നെ മാതൃയാക്കാന്‍ എന്തുവേണമെന്നു ചികഞ്ഞുനോക്കി നടപ്പിലാക്കാനുള്ള ആഹ്വാനമാണ് ഭാരതീയ പൈതൃകത്തില്‍ ഇന്നു മുഴങ്ങുന്നത്.
ഭരണഘടന നിയോഗിക്കുന്ന മൗലികകര്‍ത്തവ്യവും ഇതു നിര്‍ബന്ധിയ്ക്കുന്നുവെന്നു മാത്രം പറഞ്ഞുനിര്‍ത്താം.സുകുമാരന്‍ ചെയ്തത് ഊക്കനപരാധംതന്നെ. അതിനു പ്രതിവിധി അനുഷ്ഠിയ്ക്കണമെന്ന തീവ്രതയും ശരിയാണ്; എന്നാല്‍ സ്വന്തം ജീവനെത്തന്നെ നശിപ്പിയ്ക്കുന്ന പരിഹാരത്തിനു തുനിയേണ്ടതുണ്ടോ? ഇവിടെയാണ് അജ്ഞാനവും തമോഗുണവും പിണയ്ക്കുന്ന ഇടുക്കം, വിപത്ത്.യത്തു കൃത്സ്‌നവദേകസ്മിന്‍കാര്യേ സക്തമഹൈതുകംഅതത്ത്വാര്‍ഥവദല്പം ചതത്താമസമുദാഹൃതം (ഭ.ഗീ. 18.22)ഒരു കാര്യത്തില്‍മാത്രം മുറുകിപ്പിടിച്ചുകൊണ്ട്, മറ്റുകാര്യങ്ങളോ വശങ്ങളോ ആലോചിച്ചുനോക്കാതെ, കാരണചിന്തയില്ലാതെ, തത്ത്വബോധത്തിന് ഇടംകൊടുക്കാതെ പ്രവര്‍ത്തിയ്ക്കുന്ന ബുദ്ധി താമസമാണ്. വസ്തുതാബോധം ഇല്ലാത്തതുകൊണ്ടാണ് അപരാധംതന്നെ പിണഞ്ഞത്.
തെറ്റും ഇടുക്കവും വിട്ടു മനസ്സിനെ ഉണര്‍ത്തി കൂടുതല്‍ ഉദ്ബുദ്ധതയോടെ പെരുമാറുകയാണ് ഇനി വേണ്ടതെന്നു സുകുമാരനു തോന്നിയില്ല. ആത്മാനം സതതം രക്ഷ, തന്റെ ജീവനെ രക്ഷിച്ചുനിര്‍ത്തുക,  ആര്‍ ക്കും എപ്പോഴുമുള്ള ധര്‍മശാസനയാണിത്.  ജീവിച്ചിരുന്നുകൊണ്ടുവേണം താന്‍ ചെയ്ത തെറ്റുകള്‍ക്കു പരിഹാരംചെയ്തു നിര്‍മലമായി വാഴ്ച തുടരാന്‍.സര്‍വപാപനിവൃത്തിയാണ് അന്തിമലക്ഷ്യം. അതു ദേഹത്തെ നശിപ്പിച്ചതുകൊണ്ടുണ്ടാവില്ല. അപി ചേത്സുദുരാചാരോഭജതേ മാമന്യഭാക്സാധുരേവ സ മന്തവ്യഃസമ്യഗ്വ്യവസിതോ ഹി സഃക്ഷിപ്രം ഭവതി ധര്‍മാത്മാശശ്വച്ഛാന്തിം നിഗച്ഛതി (ഭ.ഗീ. 9.30,31)ഏറ്റവും വലിയ ദുരാചാരിയായാല്‍പ്പോലും അനന്യഭക്തിയോടെ സര്‍വേശ്വരനെ ഭജിയ്ക്കുന്നപക്ഷം, അവന്‍ അതി നാല്‍ത്തന്നെ നല്ലവനാണെന്നു കരുതപ്പെടണം. കാരണം, അവന്റെ തീരുമാനം ഏറ്റവും മംഗളകരമാണ്. താമസിയാതെ, വേഗംതന്നെ, അവന്‍ ധര്‍മാത്മാവായി സ്ഥിരശാന്തി കൈവരിയ്ക്കുന്നു.  ഇതാണ് വാസ്തവം, ഇങ്ങനെയാണ് ഏറ്റവും വലിയ പാപം ചെയ്തവന്‍പോലും ചിന്തിയ്‌ക്കേണ്ടതെങ്കില്‍, ധൃതിയില്‍ അപരാധം തീര്‍ക്കാന്‍ സുകുമാരനു സ്വയംദഹിപ്പിക്കേണ്ടിയിരുന്നുവോ? പരമഹംസന്മാരായ ഞങ്ങള്‍ ഒരിയ്ക്കലും ഒന്നിനും പരിഹാരമായി സ്വദഹനം നിര്‍ദേശിയ്ക്കയോ അംഗീകരിയ്ക്കയോ ചെയ്യില്ല.


ജന്മഭൂമി: http://www.janmabhumidaily.com/news706100#ixzz4sym7IsXQ

No comments:

Post a Comment