Friday, September 22, 2017

പ്രപഞ്ചസത്യം, പരമതത്ത്വം, അന്തിമസത്ത, യഥാര്‍ഥസത്ത എന്നിങ്ങനെ പല പേരുകളില്‍ വ്യവഹരിക്കപ്പെടുന്ന തത്ത്വത്തെ അറിയലാണ് എല്ലാ ദര്‍ശനങ്ങളുടെയും ആത്യന്തിക ലക്ഷ്യം. ഈ തത്ത്വം ഏകമോ, അനേകമോ; സത്തോ, അസത്തോ എന്നിങ്ങനെയുള്ള പല വിഷയങ്ങളെക്കുറിച്ചും ആചാര്യന്‍മാര്‍ വളരെ മുമ്പുതന്നെ ചര്‍ച്ച ചെയ്തിട്ടുണ്ട്. സത്ത ഒന്നേ ഉള്ളു എന്നു സിദ്ധാന്തിക്കുന്നവര്‍ ഏകത്വവാദികളാണ്; അവരുടെ സിദ്ധാന്തത്തെ ഏകത്വവാദമെന്നു പറയുന്നു. സത്ത പലതുണ്ട് എന്നു സിദ്ധാന്തിക്കുന്നവര്‍ അനേകത്വവാദികളാകുന്നു; അവരുടെ സിദ്ധാന്തത്തെ അനേകത്വവാദം, ബഹുത്വവാദം, വൈപുല്യവാദം അഥവാ ദ്വൈതവാദം എന്നു പറയുന്നു. അദ്വൈതവാദികള്‍ ഈ രണ്ടു കൂട്ടരില്‍നിന്നും ഭിന്നരാണ്. അവരുടെ സിദ്ധാന്തപ്രകാരം സത്യം ഏകമോ അനേകമോ അല്ല പ്രത്യുത അഗോചരവും അലക്ഷണവും അനിര്‍വചനീയവുമത്രെ. ഈ വാദത്തെ അദ്വൈതവാദം എന്നു വ്യവഹരിക്കുന്നു. ദ്വൈതവാദത്തിന്റെ നിരസനം എന്നും അദ്വൈതവാദത്തിന് അര്‍ഥം പറഞ്ഞു കാണുന്നുണ്ടെങ്കിലും സാരാംശത്തില്‍ അതു ശരിയല്ലെന്നു വിശദമാകുന്നതാണ്.

പരമസത്യം എന്ത് എന്നതിനെക്കുറിച്ചും അഭിപ്രായവ്യത്യാസങ്ങളുണ്ട്. ശൂന്യവാദികളായ ബൌദ്ധരുടെ ദൃഷ്ടിയില്‍ അത് 'ശൂന്യം' ആണ്. വിജ്ഞാനവാദികളായ ബൌദ്ധരുടെ കാഴ്ചപ്പാടില്‍ അതു വിജ്ഞാനം ആകുന്നു. സ്ഫോടവാദികളായ വൈയാകരണന്‍മാര്‍ അതിനെ ശബ്ദമെന്നു പറയുമ്പോള്‍ ശക്തിവാദികള്‍ 'ശക്തി' ആയി അതിനെ വ്യവഹരിക്കുന്നു. ആത്മാദ്വൈതവാദികളാകട്ടെ അദ്വൈതസത്യത്തെ 'ആത്മാവ്' എന്നാണ് വിളിക്കുന്നത്. പാശ്ചാത്യ ചിന്തകരില്‍ ഫിക്ടെ സത്യത്തെ ആത്മാവ് എന്നും ഷെലിങ് ആനാത്മാവ് (പ്രകൃതി) എന്നും ഹെഗല്‍ നിരപേക്ഷപ്രത്യയം എന്നും ഗ്രീന്‍ അപരിച്ഛിന്നചൈതന്യം എന്നും ബ്രൈഡല്‍ അപരോക്ഷാനുഭൂതി എന്നും വ്യവഹരിച്ചിട്ടുണ്ട്. ഇപ്രകാരം വിവിധതരത്തില്‍ അദ്വൈതവാദം രൂപംകൊണ്ടിട്ടുണ്ടെങ്കിലും ഇവയില്‍വച്ച് പ്രധാനം ആത്മാദ്വൈതവാദമാണ്. ശങ്കരാചാര്യരും അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയും യുക്തിയും അനുഭവങ്ങളുംകൊണ്ട് പ്രാമാണ്യവും പ്രചാരവും നല്കിയിട്ടുള്ള ഈ വാദം പ്രായേണ അദ്വൈതം എന്ന പേരിലാണ് ഇന്ന് ഇന്ത്യയില്‍ അറിയപ്പെടുന്നത്. മറ്റു വേദാന്തമതങ്ങളില്‍നിന്നും വേര്‍തിരിച്ചു കാണിക്കുന്നതിനുവേണ്ടി കേവലാദ്വൈതം എന്ന പേരിലും ഇതു വ്യവഹരിക്കപ്പെടുന്നുണ്ട്.

No comments:

Post a Comment