Saturday, September 30, 2017

പ്രകൃതിയുടെ ആകത്തുകയില്‍ പ്രതിഫലിച്ച പരമാത്മാവാണ് ഈശ്വരന്‍. പ്രകൃതിയിലുള്ള പരമാത്മസാന്നിദ്ധ്യത്തിന്റെ ഫലമായി സാത്ത്വികഗുണസമഷ്ടിയില്‍ നിന്നു ത്രിമൂര്‍ത്തികളും രാജസഗുണസമഷ്ടിയില്‍ നിന്നു മൂന്നുതരം ജീവന്മാരും താമസിയില്‍ നിന്നു സ്ഥൂല സൂക്ഷ്മപഞ്ചഭൂതങ്ങളും ഉണ്ടാകുന്ന ക്രമം വിവരിച്ചു. അവയെല്ലാം ചേര്‍ന്നതാണ് ഈശ്വരനെന്നറിയണം. ഈ പ്രപഞ്ചമാസകലം ഈശ്വരമയമാണ്. ഈശ്വരസാന്നിദ്ധ്യമില്ലാത്ത ഒരു അണുപോലും ഈ പ്രപഞ്ചത്തിലില്ല. ഈശ്വരന്‍ ഒന്നേ ഉള്ളൂ. ഈശ്വരന്റെ ശക്തി ഈ ദൃശ്യപ്രപഞ്ചത്തില്‍ മുപ്പത്തിമൂന്നുകോടി രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടു മുപ്പത്തിമൂന്നുകോടി ദേവന്മാരുണ്ടെന്നു പുരാണങ്ങള്‍ വിധിച്ചു. ഈശ്വരന്റെ അംശങ്ങളാണു ദേവന്മാര്‍. ദേവന്‍ സ്വയം ഈശ്വരനല്ല. ദേവന്മാരെല്ലാം ചേര്‍ന്നതാണു ഈശ്വരന്‍. ഹിന്ദുക്കള്‍ അനേകം ഈശ്വരന്മാരുണ്ടെന്നു അധിക്ഷേപിക്കുന്നവരും അതിനു മറുപടി പറയാനറിയാതെ സമ്മതിച്ചു കൊടുക്കുന്നവരും സത്യമറിയുന്നവരല്ല.
പ്രകൃതിയുടെ (അവിദ്യയുടെ) ഒരംശത്തില്‍ (വൃഷ്ടിയില്‍) പ്രതിഫലിച്ച പരമാത്മാവാണു ജീവന്‍. പരമാത്മാവും ജീവാത്മാവും ഒന്നു തന്നെയാണെന്നു ആചാര്യന്മാര്‍ പറഞ്ഞുവച്ചത് അതുകൊണ്ടാണ്. അമൃതസ്യപുത്രാഃ എന്നു ശ്വേതാശ്വതരമഹര്‍ഷി നമ്മെ സംബോധനചെയ്യുന്നത് ഓര്‍മ്മിക്കുക. ജീവനും ഈശ്വരനും ഒന്നാണെന്നു മഹാഗ്രന്ഥങ്ങള്‍ ഉദ്‌ഘോഷിച്ചതും ഇതേ കാരണം കൊണ്ടുതന്നെ. സമഷ്ടി പ്രകൃതിയില്‍ പ്രതിബിംബിച്ച പരമാത്മാവാണല്ലോ ഈശ്വരന്‍. ജീവനെന്നും, ഈശ്വരനെന്നും പരബ്രഹ്മമെന്നും വിളിക്കുന്നത് സച്ചിദാനന്ദസ്വരൂപമായ ഒരേ ചൈതന്യത്തെയാണ്. അവ തമ്മിലുള്ള വ്യത്യാസം ഉപാധിമൂലമുണ്ടായതാണ്. പരബ്രഹ്മം ഉപാധിരഹിതമാണ്. ഈശ്വരന് സമഷ്ടിപ്രകൃതിയെന്ന ഉപാധിയുണ്ട്. ജീവന്റെ ഉപാധി വൃഷ്ടിഅവിദ്യയും. ആദ്ധ്യാത്മിക സാധനകളിലൂടെ ഉപാധി നീങ്ങുമ്പോള്‍ പരമാത്മാവാണു ഞാനെന്നു ജീവന്‍ മനസ്സിലാക്കും. അതോടെ അതു പരമാത്മാവില്‍ ലയിക്കുന്നു. ‘തമേവവിദിത്വാ അതിമൃത്യുമേതി’ എന്നു ശ്വേതാശ്വതരോപനിഷത്. ഉപാധി നീങ്ങുമ്പോള്‍ ഈശ്വരനും പരമാത്മാവില്‍ വിലയം പ്രാപിക്കും.
ജീവേശ്വരന്മാര്‍ ഇങ്ങനെ സൂക്ഷ്മ ദൃഷ്ട്യാ ഒന്നാണെങ്കിലും ഉപാധിഭേദം അവയെ ബാഹ്യമായി വേര്‍തിരിക്കുന്നു. സമഷ്ടി പ്രകൃതിയില്‍ പ്രതിബിംബിച്ച പരമാത്മാവാണ് ഈശ്വരനെങ്കിലും പ്രകൃതിക്കു ഈശ്വരന്റെ സര്‍വജ്ഞത്വം, കര്‍ത്തൃത്വം, അകര്‍ത്തൃത്വം, മുതലായ കഴിവുകളെ മറയ്ക്കാനാവുന്നില്ല. അതിനാല്‍ ജ്ഞാനവും ആനന്ദവും കരുത്തുമെല്ലാം ഈശ്വരനില്‍ പ്രകാശിക്കുന്നു. പോരാത്തതിന് പ്രകൃതിക്ക് ഈശ്വരനെ നിയന്ത്രിക്കാനുള്ള സാമര്‍ത്ഥ്യവുമില്ല. മറിച്ച് ഈശ്വരന്‍ പ്രകൃതിയെ നിയന്ത്രിക്കുന്നു. ഈശ്വരേച്ഛയനുസരിച്ചു പ്രവര്‍ത്തിക്കുകമാത്രമാണ് പ്രകൃതിക്കു കരണീയമായിട്ടുള്ളത്. ഇതിനു വിപരീതമായി അവിദ്യ ജീവന്റെ ജ്ഞാനാനന്ദങ്ങളെ മറച്ചുവച്ചിരിക്കുന്നു. താനും പരമാത്മാവും ഒന്നാണെന്ന സത്യം മനസ്സിലാക്കാന്‍പോലും ജീവനു അതുകൊണ്ടു സാധിക്കുന്നില്ല. അവിദ്യയുടെ ആജ്ഞയ്ക്കു വിധേയമായി പ്രവര്‍ത്തിക്കുകയല്ലാതെ ഈ അവസ്ഥയില്‍ ജീവന്‍ മറ്റെന്തു ചെയ്യാനാണ്. നാലു ഉദാഹരണങ്ങളിലൂടെ ജീവനും ഈശ്വരനും തമ്മിലുള്ള വ്യത്യാസം ശ്രീ ശങ്കരാചാര്യസ്വാമികള്‍ വ്യക്തമാക്കിയിട്ടുണ്ട്. (1) മിന്നാമിനുങ്ങും സൂര്യനും (2) ഭൃത്യനും രാജാവും, (3) കിണറും കടലും, (4) പരമാണുവും മഹാമേരുവും.
പരബ്രഹ്മത്തില്‍നിന്നു പ്രകൃതിയും അതില്‍ പരബ്രഹ്മം പ്രതിബിംബിച്ച് ത്രിമൂര്‍ത്തികള്‍മുതല്‍ പരമാണുക്കള്‍വരെ സമസത്വും ഉണ്ടായിരിക്കുന്നു. അതിനാല്‍ ബ്രഹ്മംതന്നെയാണു പ്രകൃതിയായും പ്രപഞ്ചമായും നില്‍ക്കുന്നത്. സ്വര്‍ണ്ണം വളയായും മാലയായും മോതിരമായുമിരിക്കുന്നതുപോലെ. സ്വര്‍ണ്ണമാല മാലയെന്നനിലയില്‍ മാലയാണ് അതേസമയം സ്വര്‍ണ്ണമെന്നനിലയില്‍ സ്വര്‍ണ്ണവുമാണ്. വളയുണ്ടാക്കാന്‍ സ്വര്‍ണ്ണം വേണമെന്നുണ്ടെങ്കില്‍ മാലയെടുത്ത് ഉരുക്കിയാല്‍മതി. ഇതുപോലെ പ്രപഞ്ചം പ്രപഞ്ചമായിരിക്കെത്തന്നെ ബ്രഹ്മവുമാണ്. പ്രപഞ്ചമെന്നനിലയില്‍ അതു മാറിക്കൊണ്ടിരിക്കുന്നതും നശ്വരവുമാണ്. അതേ സമയം ബ്രഹ്മമെന്നനിലയില്‍ അതു മാറ്റമില്ലാത്തതും അനശ്വരവും ആനന്ദമയവുമാകുന്നു.
തദേജതി തന്നൈജതി
തദ്ദൂരേ തദ്വന്തികേ,
തദന്തരസ്യ സര്‍വസ്യ
തദുസര്‍വസ്യാസ്യ ബാഹ്യതഃ
എന്ന് ഈശാവാസ്യോപനിഷത്തിലുള്ള മന്ത്രം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു....punyabhumi

No comments:

Post a Comment