Friday, September 22, 2017

സത്താത്രയം

ശുക്തിയില്‍ രജതാവഭാസത്തെയും ബ്രഹ്മത്തില്‍ ജഗദവഭാസത്തെയും കുറിച്ചുള്ള പരാമര്‍ശം സ്വാഭാവികമായും സത്താത്രയത്തിലേക്ക് നയിക്കുന്നു. പാരമാര്‍ഥികസത്ത, വ്യാവഹാരികസത്ത, പ്രാതിഭാസികസത്ത എന്നിങ്ങനെയാണ് സത്താത്രയം. ആത്യന്തികമായി നോക്കിയാല്‍ ഒരേ ഒരു സത്തമാത്രമേയുള്ളു. അതാണ് പാരമാര്‍ഥികസത്ത അഥവാ പരബ്രഹ്മം. സത്യത്തിന് (പ്രമയ്ക്ക്) അദ്വൈതത്തില്‍ കൊടുക്കുന്ന നിര്‍വചനം 'മുമ്പ് അറിയപ്പെടാത്തതും ബാധിക്കപ്പെടാത്തതുമായ വസ്തുവിനെക്കുറിച്ചുള്ള ജ്ഞാനം' എന്നാണ് (പ്രമാത്വം അനധിഗതാബാധിതാര്‍ഥ വിഷയകജ്ഞാനത്വം-വേദാന്തപരിഭാഷ). ഈ നിര്‍വചനം വച്ചുനോക്കിയാല്‍ പാരമാര്‍ഥികസത്തമാത്രമാണ് ശാശ്വതമായിട്ടുള്ളതെന്ന് കാണാം. കാരണം അതുമാത്രമാണ് മുന്‍പ് അറിയപ്പെടാത്തതും ഒരിക്കലും ബാധിക്കപ്പെടാത്തതുമായ വസ്തു.

ദിക്-കാല-കാരണ പ്രപഞ്ചത്തിന് വ്യാവഹാരികസത്തയേയുള്ളു. അത് ഉള്ളതാണെന്ന് പറകവയ്യ. കാരണം ബ്രഹ്മസാക്ഷാത്ക്കാരാനന്തരം അതിന്നു നിലനില്പില്ല. അത് അനുഭവപ്പെടുന്നതുകൊണ്ട് ഇല്ലാത്തതാണെന്നും പറയാനാവില്ല. അതുകൊണ്ട് അത് സത്തുമല്ല അസത്തുമല്ല മിഥ്യയാണ്.

വ്യാവഹാരികദശയില്‍ത്തന്നെ ബാധിക്കപ്പെടുന്ന വസ്തുക്കള്‍ക്ക് പ്രാതിഭാസികസത്തയേയുള്ളു. ഉദാഹരണമായി രജ്ജുസര്‍പ്പഭ്രാന്തിയില്‍ സര്‍പ്പത്തിന് പ്രാതിഭാസികസത്തയേ ഉള്ളു. രജ്ജുവാണ് യഥാര്‍ഥ വസ്തുവെന്നറിയുമ്പോള്‍ സര്‍പ്പം എന്ന ബോധം ഇല്ലാതെയാകുന്നു. അതുപോലെതന്നെ ശുക്തിരജതഭ്രമത്തില്‍ രജതത്തിന് പ്രാതിഭാസികസത്തയേ ഉള്ളു. ഇതുതന്നെയാണ് സ്വപ്നാനുഭവങ്ങളുടെയും സ്ഥിതി. ഉറക്കത്തില്‍നിന്നുണരുമ്പോള്‍, കണ്ട സ്വപ്നങ്ങള്‍ ഇല്ലാതാകുന്നതിനാല്‍ അവയ്ക്ക് പ്രാതിഭാസികസത്തയേ ഉള്ളു.

പ്രാതിഭാസികസത്തയും വ്യാവഹാരികസത്തയും അവിദ്യാജന്യങ്ങളാണെങ്കിലും ആദ്യത്തേത് താത്കാലിക ദോഷത്തോടുകൂടിയ അവിദ്യകൊണ്ടും രണ്ടാമത്തേത് ശുദ്ധാവിദ്യകൊണ്ടും വന്നുചേരുന്നതുമൂലം ഈ രണ്ടു സത്തകളും വിഭിന്നങ്ങളാകുന്നു.

No comments:

Post a Comment