Monday, September 25, 2017

വിഷ്ണുകാഞ്ചിയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് ഹസ്തഗിരി കുന്നുകള്‍ക്ക് മുകളിലുള്ള വരദരാജ പെരുമാള്‍ ക്ഷേത്രം. കുന്നിന്‍മുകളിലെ ക്ഷേത്രമുറ്റത്ത് എത്താന്‍ 24 പടികള്‍ കയറണം. മഹാവിഷ്ണുവിന്റെ 108 ദിവ്യദേശങ്ങളില്‍ ഒന്നത്രെ ഇത്. പടിഞ്ഞാട്ട് അഭിമുഖമായാണ് പ്രതിഷ്ഠ. വലിയ പ്രതിഷ്ഠയാണ് ഇവിടുത്തേത്. നില്‍ക്കുന്ന നിലയിലുള്ള ഭഗവാന്റെ നാലു കൈകളിലായി ശംഖും ചക്രവും ഗദയും പത്മവുമുണ്ട്. സര്‍വാഭരണ വിഭൂഷിതനാണ് സ്വാമി.
സ്രഷ്ടാവായ ബ്രഹ്മാവിന്റെ മനസ്സ് മലിനമായതിനെ തുടര്‍ന്ന് സൃഷ്ടികര്‍മ്മം നിലച്ചു. സ്വയം ശുദ്ധീകരിക്കാനായി ബ്രഹ്മാവ് പുണ്യനദിയായ ഗംഗയുടെ കരയില്‍ ഗാഢതപസ്സ് ആരംഭിച്ചു. മനസ്സ് ശുദ്ധീകരിക്കാന്‍ ആയിരം യാഗങ്ങള്‍ നിര്‍വഹിക്കണമെന്ന ഒരു അശരീരി കേട്ടു. എങ്കിലും ഒരു ആയുഷ്‌കാലത്ത് അത്രയേറെ യാഗകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക അസാദ്ധ്യമായതുകൊണ്ട് ബുദ്ധിമാനായ ബ്രഹ്മാവ് സത്യവ്രതക്ഷേത്രത്തില്‍ യാഗം അനുഷ്ഠിക്കാന്‍ തീരുമാനിച്ചു.
പരമപരിശുദ്ധമായ ഈ ക്ഷേത്രത്തില്‍ ഒരു യാഗം ചെയ്യുന്നത് മറ്റു ക്ഷേത്രങ്ങളില്‍ ആയിരം യാഗങ്ങള്‍ ചെയ്യുന്നതിന് തുല്യമാണ്.
ഒരു തര്‍ക്കത്തിന്റെയും തുടര്‍ന്നുണ്ടായ തെറ്റിദ്ധാരണയുടെയും ഫലമായി ബ്രഹ്മാവിന്റെ പത്‌നിയായ സരസ്വതി പിണങ്ങി അദ്ദേഹത്തില്‍ നിന്നും അകന്നുനില്‍ക്കുകയായിരുന്നു. ബ്രഹ്മാവ് യജ്ഞം പൂര്‍ത്തിയാക്കരുത് എന്ന് ആഗ്രഹിച്ച ദേവി യജ്ഞസ്ഥലത്ത് വെള്ളം ഒഴുക്കി തടസ്സം സൃഷ്ടിക്കുന്നതിനായി ശക്തിയായ ഒഴുക്കുള്ള വേഗവതി നദിയുടെ രൂപം കൈക്കൊണ്ടു. നദിയുടെ ഒഴുക്ക് തടയണമെന്ന് വിഷ്ണുഭഗവാനോട് ബ്രഹ്മാവ് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. മഹാവിഷ്ണു യതോത്കര പെരുമാളിന്റെ ബൃഹദ്‌രൂപം പൂണ്ട് നദിയുടെ ഒഴുക്ക് തടയാനായി കുറുകെ കിടന്നു. ബ്രഹ്മാവ് യജ്ഞം പൂര്‍ത്തിയാക്കി, മഹാവിഷ്ണു വരദരാജ സ്വാമിയുടെ രൂപമെടുത്തു. ഭക്തരെ അനുഗ്രഹിക്കാനായി എപ്പോഴും അവിടെ ഉണ്ടാകണമെന്ന ബ്രഹ്മാവിന്റെ അഭ്യര്‍ത്ഥന മാനിച്ച് മഹാവിഷ്ണു അവിടെ നിലയുറപ്പിച്ചു. സ്വയം വ്യക്ത ക്ഷേത്രങ്ങളില്‍ ഒന്നത്രെ ഇത്. നമ്മാഴ്‌വാര്‍, ഭൂതത്താഴ്‌വാര്‍, വേദാന്ത ദേശികര്‍, പൊയ്‌ഗൈ ആഴ്‌വാര്‍, കുരട്ടാഴ്‌വാര്‍, അയ്യപ്പദീക്ഷിതര്‍ എന്നിവരെല്ലാം വരദരാജസ്വാമി പെരുമാളിനെ സ്തുതിച്ച് സ്‌തോത്രങ്ങള്‍ രചിച്ചിട്ടുണ്ട്.
തമിഴിലെ വൈകാശി (മെയ്-ജൂണ്‍) മാസത്തില്‍ നടക്കുന്ന ബ്രഹ്മോത്സവമാണ് പ്രധാന ഉത്സവം. ഇതിന്റെ ഭാഗമായുള്ള ഗരുഡോത്സവവും വളരെ പ്രധാനമാണ്. കൂടാതെ ചിത്രാ പൗര്‍ണമിയും പൊങ്കലും കേമമായി ആഘോഷിക്കുന്നു. ഫെബ്രുവരിയിലും നവംബറിലും തെപ്പ രഥോത്സവവും മാര്‍ഗഴി മാസത്തിലെ അദ്യായനോത്സവവും പ്രധാനമാണ്. 23 ഏക്കര്‍ വിസ്തൃതിയുണ്ട് ക്ഷേത്രഭൂമിക്ക്.
അഞ്ചുപ്രാകാരങ്ങളാണുള്ളത്. കിഴക്കും പടിഞ്ഞാറുമായി രണ്ട് പ്രധാന ഗോപുരങ്ങള്‍, അതില്‍ പ്രധാനം രാജഗോപുരം. അതിമനോഹരമാണ് ഗോപുരങ്ങള്‍ രണ്ടും. പുറംമതില്‍ വളരെ ഉയര്‍ന്നതാണ്. പുറത്തെ പ്രദക്ഷിണ വഴിക്ക് അരികെയുള്ള ചെറിയ മണ്ഡപത്തിലെ ഊഞ്ഞാലില്‍ ഉത്സവകാലത്ത് ഭഗവാന്റെ ഉത്സവമൂര്‍ത്തി രൂപംവയ്ക്കാറുണ്ട്. ഈ മണ്ഡപത്തിന് അടുത്താണ് ദീപസ്തംഭം. പിന്നെ ബലിപീഠം. പിന്നെ പിച്ചളത്തകിട് പതിഞ്ഞ ഗരുഡസ്തംഭം. ഉള്ളില്‍ ഗോപുരം. രാജഗോപുരം കടന്നാല്‍ ആദ്യപ്രാകാരത്തില്‍ നൂറ് തൂണുകളുള്ള ഒരു മണ്ഡപമുണ്ട്. തൂണുകളിലെ ശില്‍പകലാ വൈദഗ്ദ്ധ്യം അത്യാകര്‍ഷകമത്രെ.
ക്ഷേത്രത്തിന്റെ വാസ്തുകലാ വൈദഗ്ദ്ധ്യം, ക്ഷേത്രവാസ്തു ശില്‍പരംഗത്ത് വിശ്വകര്‍മ്മസ്ഥപതികള്‍ക്കുള്ള അപാരമായ കഴിവ് വെളിപ്പെടുത്തുന്നതാണ്. മണ്ഡപത്തിന്റെ നാല് മൂലകളിലും ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത അഴകുള്ള വളയങ്ങള്‍ ചേര്‍ന്ന ചങ്ങല കാണാന്‍ കൗതുകമുണ്ട്. അടി മുതല്‍ മുകള്‍ അറ്റം വരെ കൊത്തുപണികള്‍ ചെയ്തവയാണ്. ഹിന്ദുപുരാണങ്ങളിലെ കഥാഖ്യാനങ്ങളുണ്ട്, നൃത്തശില്‍പ്പങ്ങളുണ്ട്. കരിങ്കല്ലില്‍ രചിച്ച കവിതകള്‍ എന്നുപറയാം.
കോണിപ്പടികള്‍ കയറിച്ചെന്ന് കൈ ഉയര്‍ത്തിയാല്‍ തൊടാന്‍ കഴിയുന്ന, പല്ലിയുടെ സ്വര്‍ണം പൂശിയ വലിയരൂപം ഇവിടുത്തെ ഒരു പ്രത്യേകതയാണ്. പുറത്ത് ഇറങ്ങുമ്പോള്‍ ഈ രൂപം തൊട്ടു തൊഴുതാല്‍ കടുത്ത രോഗങ്ങളില്‍നിന്ന് മുക്തി നേടാനും മുമ്പ് പല്ലികളെ ഉപദ്രവിച്ച പാപങ്ങളില്‍നിന്ന് മോചനം നേടാനും ഭാവിയില്‍ ഉപദ്രവം ഇല്ലാതിരിക്കാനും ഇത് സഹായിക്കും.
വരദരാജസ്വാമിയെ കൂടാതെ, ഹസ്തഗിരിക്കുന്നുകള്‍ക്കടിയിലെ ഗുഹയിലേക്കിറങ്ങിച്ചെന്നാല്‍ യോഗ നരസിംഹസ്വാമിയുടെ പ്രതിഷ്ഠ കാണാം. വരദരാജസ്വാമിയുടെ പത്‌നി പെരും ദേവി തായാരുടെ പ്രതിഷ്ഠയാണ് മറ്റൊരു പ്രധാന പ്രതിഷ്ഠ. ചെറിയ ഒരു കുന്നിന്‍മുകളിലാണ് ഈ പ്രതിഷ്ഠയും. ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത ധ്വജസ്തംഭം വളരെ ഉയര്‍ന്നതാണ്.
ഉത്സവകാലത്ത് എഴുന്നള്ളിപ്പിനുള്ള രഥം ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയവയില്‍ ഒന്നാണ്. ആറ്റുകാല്‍ മണ്ഡപത്തിന് വടക്കായാണ് ആനന്ദതീര്‍ത്ഥം എന്ന തീര്‍ത്ഥക്കുളം. തീര്‍ത്ഥക്കുളത്തില്‍ രണ്ടു മണ്ഡപങ്ങളുണ്ട്. ഒന്ന് ശ്രീ അത്രിഗിരി വരദരാജന്റേത്, മറ്റൊന്ന് നീരാളി മണ്ഡപം എന്നറിയപ്പെടുന്നു. ജലാശയത്തിനടിയിലുള്ള അത്രിഗിരി വരദരാജസ്വാമിയെ ഭക്തര്‍ക്ക് കാണാന്‍ പന്ത്രണ്ടോ പതിനാലോ വര്‍ഷം കൂടുമ്പോള്‍ ഒരിക്കല്‍ പുറത്തെടുക്കുക പതിവാണ്. ഉള്ളിലെ പ്രാകാരത്തിലുള്ള മനോഹരമായ പുഷ്‌പോദ്യാനം കാണാന്‍ എല്ലാ വെള്ളിയാഴ്ചകളിലും പെരുംദേവി തായാര്‍ എത്തും. ഹസ്തഗിരി കുന്നുകളുടെ പ്രവേശനകവാടത്തിനു സമീപം ശ്രീഗുഹ നരസിംഹസ്വാമിയുടെ പ്രതിഷ്ഠയുണ്ട്; അളഗൈ സിംഗര്‍ സ്വാമിയുടെയും ശ്രീഹരിതാര്‍ത്ഥ ദേവിയുടെയും പ്രതിഷ്ഠകളും.
രാവിലെ 6 മണിക്ക് തുറക്കുന്ന നട ഉച്ചയ്ക്ക് 12 മണിക്ക് അടയ്ക്കും. വീണ്ടും വൈകിട്ട് 3.30 ന് തുറന്ന് രാത്രി 8.30 ന് അടയ്ക്കും. വിശ്വരൂപ ദര്‍ശനം 5 മണിക്ക്. ആദ്യ തിരുവാരാധന 6.30 തൊട്ട് 7.30 വരെ. അലങ്കാരം, നിവേദ്യം വൈകിട്ട് 6 തൊട്ട് 6.30 വരെ. തുടര്‍ന്ന് 7 തൊട്ട് 8 വരെ ആരാധനയും ദര്‍ശനവും.


ജന്മഭൂമി: http://www.janmabhumidaily.com/news711094#ixzz4tkKLnNlM

No comments:

Post a Comment