Sunday, September 24, 2017

പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ഒരു വര്‍ഷമായി നടന്നുവന്നിരുന്ന ജന്മശതാബ്ദി ആഘോഷങ്ങള്‍ സമാപിക്കുകയാണ്. ആഘോഷങ്ങളുടെ ആരവം അവസാനിക്കുമെങ്കിലും അതുണര്‍ത്തിയ പ്രതീക്ഷകള്‍ ചെറുതല്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ ദീനദയാല്‍ജിയുടെ ആശയങ്ങള്‍ നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ്. സര്‍ക്കാര്‍ വലിയ തോതിലുള്ള സാമ്പത്തിക സാകല്യ ശ്രമങ്ങളാണ് നടത്തിവരുന്നത്. അതിന്റെ ഫലമായി ഭാരതീയമായ വികസന മാതൃക രൂപപ്പെട്ടുവന്നിരിക്കുന്നു.
ദീനദയാല്‍ ഉപാധ്യായ കാലത്തിനുമുന്‍പേ നടന്ന ദാര്‍ശനികനാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ആശയങ്ങള്‍ കൂടുതല്‍ പ്രസക്തമാകുന്നത്. ദീനദയാല്‍ജിയുടെ കാഴ്ചപ്പാടുകള്‍ അപ്രസക്തമെന്നു കരുതിയവര്‍ക്കും ‘ഹിന്ദുത്വ അജണ്ട’ യായി വ്യാഖ്യാനിച്ചവര്‍ക്കും ഒരുകാര്യം സമ്മതിക്കേണ്ടി വന്നിരിക്കുന്നു. ആധുനിക ഭാരതത്തിന് അദ്ദേഹത്തെ അവഗണിക്കുവാന്‍ സാധ്യമല്ല.
ഉത്തര്‍പ്രദേശിലെ മഥുര ജില്ലയില്‍ നഗ്‌ലചന്ദ്രഭാന്‍ എന്ന ഗ്രാമത്തിലായിരുന്നു ദീനദയാലിന്റെ ജനനം. ആഗ്ര സര്‍വ്വകലാശാലയില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്ന ദീനദയാല്‍ പഠനം പൂര്‍ത്തിയാക്കാതെ പൊതുപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. പത്തുവര്‍ഷക്കാലം ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 1952 ല്‍ ഭാരതീയ ജനസംഘത്തിന്റെ ജനറല്‍ സെക്രട്ടറിയായി. 1967 ല്‍ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.
പ്രതിഭയുടെ അപൂര്‍വ്വ സംഗമമായിരുന്നു ദീനദയാല്‍ ഉപാധ്യായ. ഒരേസമയം രാഷ്ട്രീയ നേതാവും സാമ്പത്തിക വിദഗ്ദ്ധനും സോഷ്യോളജിസ്റ്റും ചിന്തകനുമായിരുന്നു. ജനസംഘം അദ്ധ്യക്ഷനായി സ്ഥാനമേറ്റെടുത്ത് ദീനദയാല്‍ നടത്തിയ പ്രസംഗം രാഷ്ട്രനിര്‍മ്മാണത്തെപ്പറ്റി അദ്ദേഹത്തിനുള്ള കാഴ്ചപ്പാട് വ്യക്തമാക്കുന്നതായിരുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പേ കോളനി ഭരണത്തേയും സാമ്രാജ്യത്വത്തെയും ഭാരതം വലിച്ചെറിഞ്ഞിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ട് നാം ഇന്നും പാശ്ചാത്യ ചിന്താധാരകളെ പിന്‍തുടരുന്നു? ലോകത്ത് അക്രമവും അനീതിയും സംഘര്‍ഷവും ദാരിദ്ര്യവും നിലനില്‍ക്കാന്‍ കാരണം പാശ്ചാത്യ ചിന്താരീതിയാണെന്ന് ദീനദയാല്‍ തിരിച്ചറിഞ്ഞു. അതിനാല്‍ ഭാരതത്തിന് സ്വന്തം പ്രകൃതിക്ക് അനുയോജ്യമായ ഒരു ദര്‍ശനം വേണം. വ്യത്യസ്ത ദര്‍ശനങ്ങളിലെ നല്ല വശങ്ങളെ സ്വീകരിച്ചും ഒഴിവാക്കേണ്ടവയെ ഒഴിവാക്കിയും സാരസംഗ്രഹവാദപരമായ ഒരു പുതിയ ചിന്ത, ‘ഏകാത്മ മാനവദര്‍ശനം’ അദ്ദേഹം രൂപപ്പെടുത്തി. സമൂഹത്തിന്റെ നിലനില്‍പ് സംഘര്‍ഷത്തിലാണ് എന്ന സിദ്ധാന്തത്തെ ഏകാത്മ മാനവദര്‍ശനം അംഗീകരിക്കുന്നില്ല. ഏകത്വമാണ് മൗലികമായിട്ടുള്ളത്, വൈവിധ്യം ഉപരിപ്ലവം മാത്രം.
ഇരുപതാം നൂറ്റാണ്ടില്‍ പിറവിയെടുത്ത സമൂഹ മനഃശാസ്ത്രം, മാനവിക മനഃശാസ്ത്രത്തിന്റെ ഭാഗമാണ്. സമൂഹ മനസ്സ്, ദേശീയമനസ്സ് തുടങ്ങിയ ആശയങ്ങളെ ചരിത്രത്തെ വ്യാഖ്യാനിക്കാനുള്ള ഉപകരണമായി ദീനദയാല്‍ജി ഉപയോഗിച്ചു. അതായത് ചരിത്രത്തിന്റെ തത്വശാസ്ത്രം സമൂഹമനഃശാസ്ത്രത്തിന്റെ ഭാഗമായി.
ചരിത്രത്തിന്റെ മനഃശാസ്ത്രപരമായ വ്യാഖ്യാനം ഭാരതം എന്ന രാഷ്ട്രം എന്തുകൊണ്ട് ചിരന്തനമായി നിലനില്‍ക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നു. ഓരോ രാഷ്ട്രത്തിന്റെയും നിലനില്‍പിനു പിന്നില്‍ ഒരു ഘടകം ഉള്ളതായി സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്. പ്രസ്തുത ഘടകമാണ് രാഷ്ട്രത്തിന്റെ സംസ്‌കാരത്തെ നിര്‍ണ്ണയിക്കുന്നത്. അതിന്റെ ആവിഷ്‌കാരമാണ് ധര്‍മ്മം.
രാഷ്ട്ര ജീവിതത്തെ പ്രത്യക്ഷത്തില്‍ നിയന്ത്രിക്കുന്നത് ധര്‍മ്മമാണ്. സമൂഹത്തില്‍ അന്തര്‍ലീനമായ നിയമങ്ങളാണ് ധാര്‍മ്മിക നിയമങ്ങള്‍. മതപരമോ വിഭാഗീയമോ ആയതൊന്നും ധര്‍മ്മം അല്ല. ധര്‍മ്മത്തിനു പ്രാധാന്യം കൊടുത്തതുമൂലമാണ് ഭാരതം ധര്‍മ്മരാജ്യം എന്നറിയപ്പെട്ടത്. ‘ധര്‍മ്മരാജ്യ സങ്കല്‍പ്പ’മാണ് ദീനദയാലിന്റെ ഏറ്റവും വലിയ സംഭാവന. ആധുനികമായ ക്ഷേമരാഷ്ട്ര സങ്കല്‍പത്തിനും ഉപരിയാണത്. ക്ഷേമരാഷ്ട്രത്തില്‍ മനുഷ്യന്റെ ഭൗതിക ആവശ്യങ്ങള്‍ മാത്രം പരിഗണിക്കുമ്പോള്‍, ധര്‍മ്മരാജ്യം അവന്റെ ഭൗതികവും ആദ്ധ്യാത്മികവുമായ എല്ലാ ആവശ്യങ്ങളും പരിഗണിക്കും.
ജനതയുടെ കര്‍മ്മശക്തിയെ ഉണര്‍ത്താനും സ്വാതന്ത്ര്യവും ജനാധിപത്യവും സാര്‍ത്ഥകമാക്കാനും നാം ധര്‍മ്മത്തെ മുറുകെപ്പിടിക്കണം. രാഷ്ട്രത്തിന്റെ കര്‍മ്മശക്തിയെ ‘വിരാട്’ എന്നാണ് ദീനദയാല്‍ജി വിളിച്ചത്.
ഏകാത്മകവും ധര്‍മ്മാധിഷ്ഠിതവുമായ ഒരു പുതിയ ഭരണക്രമം ഏകാത്മ മാനവദര്‍ശനം മുന്നോട്ടുവയ്ക്കുന്നു. മനുഷ്യന്‍ തന്റെ പരമ്പരാഗത വിവേകം (ൃേമറശശേീിമഹ ംശറെീാ) തിന്മകള്‍ക്കെതിരെ ഉപയോഗിക്കണം. ആധുനികമായ ഭാഷയില്‍ പറഞ്ഞാല്‍ ‘ഭരണഘടനാധിഷ്ഠിത സ്വയംഭരണം’ ആണ് ധര്‍മ്മരാജ്യത്തിന്റെ പ്രായോഗികരൂപം
ദീനദയാല്‍ജി അടിമുടി ജനാധിപത്യ വാദി ആയിരുന്നു. സ്വതന്ത്രമായ മാധ്യമങ്ങള്‍, സ്വതന്ത്രമായ ജുഡീഷ്യറി, സുതാര്യവും കഴിവുള്ളതുമായ ഭരണകൂടം എന്നിവ ജനാധിപത്യ പ്രക്രിയ വിജയിപ്പിക്കാന്‍ അത്യാവശ്യമാണ്.
രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്കുവേണ്ടി നിലനില്‍ക്കുന്നു എന്നതുപോലെ ജനങ്ങളുടെ ശക്തിയിലുമാണ് നിലനില്‍ക്കുന്നത്. അതിനാല്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമ്പോള്‍ വ്യക്തി, രാഷ്ട്രീയപാര്‍ട്ടി, അതിന്റെ ആശയസംഹിത എല്ലാം ഒരുമിച്ചു പരിഗണിക്കണം. ഭാരതത്തിന്റെ തെരഞ്ഞെടുപ്പു രീതി ജനങ്ങളുടെ യഥാര്‍ത്ഥ മനോഭാവം അറിയാന്‍ അപര്യാപ്തമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.’ ആനുപാതിക പ്രാതിനിധ്യത്തോടെയുള്ള ലിസ്റ്റ് സമ്പ്രദായ’ത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന ജര്‍മ്മന്‍ തെരഞ്ഞെടുപ്പ് രീതിയോടായിരുന്നു അദ്ദേഹത്തിന് താല്‍പ്പര്യം. അവിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍ഗണനാക്രമത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കുകയും, ജനങ്ങള്‍ അവരുടെ അഭിപ്രായം അനുസരിച്ച് സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുകയും ചെയ്യും. അതൊടൊപ്പം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കിട്ടുന്ന വോട്ടിന്റെ ശതമാനവും പരിഗണിക്കപ്പെടും. അതായത് നമ്മുടെ രാജ്യത്തെ തെരഞ്ഞെടുപ്പ് രീതി അടിമുടി പരിഷ്‌ക്കരിക്കണം.
ഭാരതത്തിന്റെ വിദേശനയത്തില്‍ യഥാര്‍ത്ഥമായ ചേരിചേരായ്മ രൂപപ്പെടണം. വിദേശ ബന്ധങ്ങളില്‍ സംസ്‌കാരത്തിന്റെ സ്വാധീനം ഉപയോഗിക്കാമെന്ന് ദീനദയാല്‍ജി സൂചിപ്പിച്ചിട്ടുണ്ട്. ഭാരതത്തിന്റെ അയല്‍ രാജ്യങ്ങളുമായി മോദി സര്‍ക്കാര്‍ രൂപപ്പെടുത്തിയിട്ടുള്ള സാംസ്‌കാരിക നയതന്ത്രം ഈ ദിശയിലുള്ളതാണ്.
കാര്‍ഷിക രംഗത്ത് നടപ്പാക്കേണ്ട പരിഷ്‌കാരങ്ങളെപ്പറ്റി ദീനദയാല്‍ജിക്കു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. സമ്മിശ്ര സമ്പദ്‌വ്യവസ്ഥയെ നെഹ്‌റു സ്വകാര്യമേഖലയുമായി മത്സരിക്കാന്‍ അനുവദിച്ചിരുന്നില്ല എന്നായിരുന്നു ദീനദയാലിന്റെ പരാതി.
ഭാഷാ പ്രശ്‌നങ്ങളില്‍ അഹിന്ദി സംസ്ഥാനങ്ങളിലെ ജനങ്ങളില്‍ പരിചയമില്ലാത്ത ഭാഷ അടിച്ചേല്‍പ്പിക്കുന്നതിന് ജനസംഘം എതിരായിരുന്നു. ഹിന്ദുസ്ഥാനിക്കുപകരം സംസ്‌കൃതവല്‍ക്കരിച്ച ഹിന്ദിയാണ് ദേശീയഭാഷയാകാന്‍ ഉത്തമം.
രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങള്‍, വനവാസികള്‍ എന്നിവരെ മനുഷ്യരായി കാണാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ”ആധുനികതയുടെ പേരില്‍ വനവാസികളെ സ്വന്തം ഊരുകളില്‍ നിന്ന് ആട്ടിയോടിക്കരുത്. അവരെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്.” ഇതായിരുന്നു പണ്ഡിറ്റ്ജിയുടെ നിലപാട്.
സാമ്പത്തികരംഗത്ത് ഉല്‍പാദനവും വിതരണവും ഉപഭോഗവും തമ്മിലുള്ള സന്തുലനത്തിനുവേണ്ടിയാണ് ദീനദയാല്‍ജി വാദിച്ചത്. ഈ സങ്കല്‍പത്തെ ‘അര്‍ത്ഥായാമം’ എന്നാണ് അദ്ദേഹം വിളിച്ചത്. പാവങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ സാമ്പത്തിക രംഗത്ത് ഇടപെടേണ്ടി വരും . ‘മത്സരവും സമത്വവും’ഒരുമിച്ചു പോകുന്ന സാമ്പത്തിക ക്രമമാണ് ഭാരതത്തിന് യോജിച്ചത്. സാമ്പത്തിക ലക്ഷ്യങ്ങള്‍ മൂല്യാധിഷ്ഠിതവും മനുഷ്യത്വപരവും ആകണം
‘അന്ത്യോദയ’ എന്ന ആശയം അത്തരത്തിലുള്ളതാണ്. ‘അന്ത്യോദയത്തിലൂടെ സര്‍വ്വോദയം’ എന്നതായിരുന്നു ദീനദയാല്‍ജിയുടെ വിശ്വാസപ്രമാണം. ‘ആരോടുമില്ല പ്രീണനം, എല്ലാവര്‍ക്കും തുല്യനീതി’ എന്ന് വാജ്‌പേയിയുടെ മുദ്രാവാക്യവും, ‘എല്ലാവരോടുമൊപ്പം, എല്ലാവരുടേയും വികസനം’ എന്ന നരേന്ദ്ര മോദിയുടെ മുദ്രാവാക്യവും ഈ ആശയത്തിന്റെ കാലാനുസൃതമായ രൂപങ്ങളാണ്.
‘Hire and fire’ നയത്തില്‍ അധിഷ്ഠിതമായ യുഎസ്, യുകെ മാതൃകകള്‍ക്കു പകരം സാമൂഹ്യനീതിയില്‍ ഊന്നിയ യുറോപ്യന്‍ രീതി സ്വീകരിക്കുക വഴി നരേന്ദ്ര മോദിയെ, യൂറോപ്യന്‍ സാമ്പത്തിക വിദഗ്ധര്‍ പശ്ചിമ ജര്‍മ്മന്‍ ചാന്‍സലറായിരുന്ന വില്ലി ബ്രാന്റി നോട് ഉപമിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അവരുടെ അഭിപ്രായത്തില്‍ അത്തരമൊരു സാമ്പത്തികനീതിയാണ് നോട്ട് അസാധുവാക്കലിലൂടെയും ഘടനാപരമായ പരിഷ്‌കാരത്തിലൂടെയും മോദി ലക്ഷ്യമാക്കുന്നത്. എന്നാല്‍ മോദി നടപ്പിലാക്കുന്നത് ഏതെങ്കിലും പാശ്ചാത്യ മാതൃകയല്ല, പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ആശയങ്ങളാണ്.
തന്റെ ആശയങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താന്‍ അദ്ദേഹത്തിന് ഉദ്ദേശ്യമുണ്ടായിരുന്നു. എന്നാല്‍ വിധി മറ്റൊന്നായി. 1968 ഫെബ്രുവരി11 ന് മുഗള്‍സരായി റെയില്‍വെസ്റ്റേഷന്‍ ട്രാക്കില്‍ ദീനദയാല്‍ജിയുടെ ചേതനയറ്റ ശരീരമാണ് ലോകം കണ്ടത്.
(ഏകാത്മ മാനവദര്‍ശനത്തില്‍ ഡോക്ടറേറ്റ് നേടിയയാളാണ് ലേഖകന്‍)


ജന്മഭൂമി: http://www.janmabhumidaily.com/news710446#ixzz4temKqYY2

No comments:

Post a Comment