Thursday, October 12, 2017

പരാശക്തിയും ദേവഗര്‍വ്വ ഭംഗവും

പ്രിന്റ്‌ എഡിഷന്‍  ·  October 13, 2017
ദേവന്മാരുടെ രക്ഷയുടെ അവസാനകേന്ദ്രം എന്നും പരാശക്തിയായ ദേവിതന്നെയാണ്. എത്രയെത്ര അവസരങ്ങളില്‍ അവര്‍ക്ക് ഇത് ബോധ്യപ്പെട്ടിട്ടുള്ളതാണ്. അപ്രകാരമുള്ള ദേവകള്‍ അഹങ്കാരത്തിനടിമപ്പെട്ടുവെന്നു കണ്ടാല്‍ അതു തിരുത്തേണ്ടതും രക്ഷിക്കേണ്ടതും അമ്മയെന്ന രക്ഷകീഭാവത്തില്‍ ദേവിയുടെ കടമയാണ്.
പരമമായ ശക്തി ദേവിതന്നെയാണെന്നു തെളിയിക്കുന്നതും, ദേവന്മാരുടെ അഹങ്കാരത്തെ ശമിപ്പിക്കുന്നതുമായ, ദേവിയുടെ ഒരു ലീലയെപ്പറ്റി കേനോപനിഷത്തില്‍ ്രപതിപാദിക്കുന്നുണ്ട്. ഇത് ദേവകള്‍ക്കു മാത്രമല്ല മനുഷ്യര്‍ക്കും ബാധകമാക്കാവുന്നതാണ്. അതിഭയങ്കരമായ ദേവാസുര യുദ്ധത്തില്‍ പരാശക്തിയായ ദേവിയുടെ സഹായത്താല്‍ ദേവന്മാര്‍ വിജയിച്ചു.
എന്നാല്‍ തങ്ങളുടെ വൈഭവംകൊണ്ടാണ് യുദ്ധം ജയിച്ചതെന്ന അഹന്ത ദേവന്മാരിലുണ്ടായി. അവര്‍ രക്ഷകയായ ദേവിയെ മറന്ന്, അഹങ്കാരതള്ളലില്‍ കഴിഞ്ഞു വരവേ, ഒരു ദിനം ദേവലോകത്ത് ഒരു മഹായക്ഷം പ്രത്യക്ഷപ്പെട്ടു. ആ ഭൂതത്തിന്റെ വലിപ്പം വളരെ വലുതായിരുന്നു. ആരേയും ഭയപ്പെടുത്തുവാന്‍ പര്യാപ്തമായ രൂപമായിരുന്നു ആ സത്വത്തിനുണ്ടായിരുന്നത്. ദേവന്മാരാകമാനം ഈ ഭൂതത്തെക്കണ്ട് ഭയപ്പെട്ടുപോയി. അവര്‍ ദേവേന്ദ്രന്റെ നേതൃത്വത്തില്‍ ഒത്തുകൂടി ആര് ഈ ദുര്‍ഭൂതത്തെ അഭിമുഖീകരിക്കുമെന്നു ചിന്ത തുടങ്ങി. ഈ സത്വം ആരാണെന്നും എന്താണാഗമനോദ്ദേശ്യമെന്നും അറിയണമല്ലോ. എല്ലാവരുംകൂടി അഗ്‌നിഭഗവാനെ ചുമതലപ്പെടുത്തി. അഗ്‌നിദേവന്‍ ഭൂതത്തിന്റെ അടുത്തെത്തിയപ്പോള്‍ ഭൂതം ചോദിച്ചു. ”നീയാര്?”
”ഞാന്‍ അഗ്‌നിദേവനാണ്”
”നിന്റെ ശക്തിയെന്താണ്?” ഭൂതം ചോദിച്ചു.
”അഗ്‌നിദേവനെന്ന നിലയില്‍ എന്തിനേയും ദഹിപ്പിക്കുവാനുള്ള ശക്തി എനിക്കുണ്ട്. മാത്രമല്ല എന്റെ മഹത്വമറിയുന്ന ദേവന്മാര്‍ എന്നെ ജാതവേദസ്സ് എന്നു പുകഴ്ത്തുന്നുണ്ട്. അഗ്‌നി എന്ന നിലയില്‍ ഞാന്‍ ബ്രഹ്മ പ്രതീകവും ധ്യാന-യാഗങ്ങളില്‍ യാഗാഗ്‌നിയായും, ശരീരത്തില്‍ ദഹനകാരകനായി ജഠരാഗ്‌നിയായും ലയകാലത്ത് പ്രളയാഗ്‌നിയായും വര്‍ത്തിക്കുന്നു.” അല്‍പം അഹന്തയോടെ വഹ്‌നിദേവന്‍ പ്രതിവചിച്ചു. ”എങ്കില്‍ ഞാനിതാ ഒരു പുല്‍ക്കൊടി താഴേക്കിടുന്നു, ഇതൊന്നു ദഹിപ്പിക്കാമോ ഒന്നു കാണട്ടെ” എന്നു പറഞ്ഞുകൊണ്ട് ഒരു പുല്‍ക്കൊടി താഴേക്കിട്ടു. അഗ്‌നിദേവന്‍ എത്ര ശ്രമിച്ചിട്ടും അതിനെ ദഹിപ്പിക്കാന്‍ കഴിഞ്ഞില്ല. ജാള്യതയോടെ അഗ്‌നിദേവന്‍ പിന്‍വാങ്ങി.
അടുത്ത ഊഴം വായുഭഗവാന്റേതായിരുന്നു. തന്റെ മഹാശക്തിയില്‍ അഭിമാനിയും അല്‍പം അഹങ്കാരിയുമായിരുന്ന വായുഭഗവാന്‍ യക്ഷത്തിന്റെ മുന്നിലെത്തി. ”നീയാര്?” യക്ഷം ചോദിച്ചു.
”ഞാന്‍ വായുഭഗവാനാണ്” മറുപടി പറഞ്ഞു.
”നിന്റെ ശക്തിയെന്താണ്?” യക്ഷം ചോദിച്ചു.
”ത്രിലോകങ്ങളിലുള്ള എല്ലാറ്റിനേയും കാറ്റില്‍പറത്താന്‍ എനിക്കാകും. മാത്രവുമല്ല, ഞാന്‍ ചലനത്തിന്റെ പ്രേരകശക്തിയായും, ശരീരത്തില്‍ ദശപ്രാണന്മാരായും വര്‍ത്തിക്കുന്നു. എന്റെ മഹത്വമറിയുന്ന ദേവകള്‍ എന്നെ മാതരിശ്വാവ് എന്നു പുകഴ്ത്തുന്നു.”
”എങ്കില്‍ ഈ താഴെക്കിടക്കുന്ന പുല്‍ക്കൊടിയെ ഒന്നു പറത്തിക്കാണിക്കുക” സത്വം മൊഴിഞ്ഞു.
വായുേദവന്‍ ആവുന്നത്ര ശ്രമിച്ചിട്ടും ആ പുല്‍ക്കൊടിയെ ഒന്നനക്കാന്‍കൂടി കഴിഞ്ഞില്ല. ചലനശക്തിയും പ്രാണപ്രേരകശക്തിയും പരാശക്തിയായ ദേവിയുടെ പ്രേരകശക്തി മൂലമാണ് നടക്കുന്നതെന്ന കാര്യം വായുദേവനും അഹന്തയാല്‍ മറന്നുപോയിരുന്നു. ഇളിഭ്യനായി വായുദേവനും മടങ്ങി.
ദേവേന്ദ്രന്‍ ദേവഗണങ്ങളുടെ രാജാവാണല്ലോ. മാത്രവുമല്ല എല്ലാ ശരീര ഇന്ദ്രിയങ്ങളുടെയും നിയന്താവുമാണ്. ഈ സത്വത്തെ കൈകാര്യം ചെയ്യുന്നതില്‍ അഗ്‌നിദേവനും വായുദേവനും അമ്പേ പരാജയപ്പെടുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തില്‍ ദേവരാജനായ ദേവേന്ദ്രന് പോകാതെ തരമില്ല. സത്വം അപ്രത്യക്ഷമായി. ദേവേന്ദ്രന്‍ ഒന്നു കണ്ണടച്ചു തുറന്നപ്പോഴേക്കും സത്വത്തിന്റെ സ്ഥാനത്ത് സര്‍വ്വാലങ്കാര വിഭൂഷിതയായി ഭുവനേശ്വരിയായ ദേവി മന്ദസ്മിതം തൂകി നില്‍ക്കുന്നു. ദേവേന്ദ്രനും ദേവന്മാരും അനേക സ്‌തോത്രങ്ങളില്‍ പരമേശ്വരിയെ വാഴ്ത്തി സ്തുതിച്ചു. ”നിങ്ങളില്‍ അഹങ്കാരം അങ്കുരിച്ചിരിക്കുന്നു. അത് നാശത്തിലേക്കു വഴിതെളിക്കുന്നതാണ്. സര്‍വ്വസങ്കടങ്ങളും തീര്‍ത്ത്, മാതാവിന്റെ സ്ഥാനത്തു നിങ്ങളെ രക്ഷിക്കുന്ന എന്നെ നിങ്ങള്‍ മറന്നിരിക്കുന്നു. അതു ബോധപ്പെടുത്തുകയായിരുന്നു എന്റെ ലക്ഷ്യം. എളിമതാനുന്നതി.” ദേവി ഉപദേശിച്ചു.
വിവിധങ്ങളായ അത്ഭുതശക്തികളും സിദ്ധികളും നേടിയ, സ്വര്‍ഗ്ഗംവരെ കീഴടക്കിയ, ത്രിലോകങ്ങളെ തന്റെ ഇച്ഛക്കൊപ്പം കയ്യാളിയ അസുരചക്രവര്‍ത്തിമാരെ, നാശത്തിന്റെ പടുകുഴിയിലേക്കു നയിച്ചത് അവിവേകവും അഹങ്കാരവുമായിരുന്നു. ഇത് സാധാരണക്കാരായ മനുഷ്യര്‍ക്കും അവരുടെ തലത്തില്‍ ബാധകമാണ് എന്നും ലോകമാതാവിന്റെ ഉപാസന രക്ഷാപ്രദമാണെന്നും ഈ കഥ പഠിപ്പിക്കുന്നു.
ബ്രഹ്‌മോപാധിയായ കാളീമാതാവ്
ശ്രീരാമകൃഷ്ണപരമഹംസരുമായി ബന്ധപ്പെട്ട ഒരു കഥ കാളീമാതാവായ ദേവിയുടെ ബ്രഹ്മപരമായ ഭാവത്തെ തെളിയിക്കുന്നതായുണ്ട്. ശ്രീരാമകൃഷ്ണപരമഹംസന്‍ സമീപ ചരിത്രകാലത്തെ ഏറ്റവും വലിയ ‘കാളീഭക്ത’നായിരുന്നു. കാളീമാതാവെന്നേ അദ്ദേഹം പ്രതിപാദിക്കാറുള്ളായിരുന്നു.
അമ്മയെ നേരില്‍ കണ്ടാനന്ദിച്ച്, സ്ഥല-കാല പരിഗണന കൂടാതെ അദ്ദേഹം നൃത്തംചെയ്യാറുണ്ടായിരുന്നു. നിരീശ്വരവാദിയായിരുന്ന നരേന്ദ്രന് അമ്മയെ കാട്ടിക്കൊടുത്ത് വിവേകാനന്ദനാക്കിയ മഹാഗുരുവായിരുന്നു അദ്ദേഹം. വെറുമൊരു വിഗ്രഹപൂജകനായിരുന്ന ‘പൂജാരി’ കാളീമാതാവിന്റെ ദര്‍ശനവും അനുഗ്രഹവും കൊണ്ട് ‘നിര്‍വികല്‍പസമാധി’ പ്രാപിച്ച മഹാത്മാവായിരുന്നു. എങ്കിലും എളിയവനില്‍ എൡയവനായിട്ടാണദ്ദേഹം ജീവിതം നയിച്ചത് എന്നതദ്ദേഹത്തിന്റെ മഹത്വത്തിനു മാറ്റുകൂട്ടുന്നു.
തോതാപുരി എന്ന പേരില്‍ മഹാസിദ്ധനും സര്‍വ്വസംഗപരിത്യാഗിയും (ഭൗതികമായ സകലതും ഉപേക്ഷിച്ച) ദേഹാഭിമാനംകൂടി കൈവെടിഞ്ഞ് വസ്ത്രംപോലും ഉപേക്ഷിച്ച് സഞ്ചരിച്ചരുന്ന ഒരു മഹാസന്ന്യാസിയുണ്ടായിരുന്നു. മൂന്നു ദിവസത്തിലധികം അദ്ദേഹം ഒരിടത്തു കഴിയുമായിരുന്നില്ല. കാരണം, അധികദിവസം താമസിച്ചാല്‍ ആ സ്ഥലത്തോടും ബന്ധപ്പെടുന്നവരോടും ”മമതാ ബന്ധ’മുണ്ടാകാനിടയായെങ്കിലോ എന്നദ്ദേഹം ശങ്കിച്ചിരുന്നു.
ഒരു ദിവസം തോതാപുരി സ്വാമി ശ്രീരാമകൃഷ്ണാശ്രമത്തില്‍ വരികയും, ശ്രീരാമകൃഷ്ണ പരമഹംസസ്വാമിയെ കാണുകയുയുണ്ടായി. കരുണാപൂര്‍വ്വം, ശ്രീരാമകൃഷ്ണനു വേദാന്തജ്ഞാനം നല്‍കാമെന്ന് തോതാപുരി നിര്‍ദ്ദേശിച്ചു.
”ഞാന്‍ അമ്മയോട് അനുവാദം ചോദിച്ചിട്ടുവരാം’ദ എന്നു പറഞ്ഞ് ശ്രീരാമകൃഷ്ണദേവന്‍ ഉള്ളിലേക്കു പോയി. അദ്ദേഹത്തിന്റെ സ്വന്തം മാതാവ് അകത്തെ മുറിയില്‍ ഉണ്ടായിരിക്കുമെന്നാണ് തോതാപുരീസ്വാമി കരുതിയത്. അല്‍പം കഴിഞ്ഞ് മടങ്ങിവന്ന ശ്രീരാമകൃഷ്ണദേവന്‍ ”കാളീമാതാവ് അനുഗ്രഹിച്ചനുവദിച്ചിരിക്കുന്നു” എന്നറിയിക്കുകയും തോതാപുരീയില്‍നിന്നും വേദാന്തം പഠിക്കുകയുംചെയ്തു.
ഇതിനിടെ തോതാപുരിസ്വാമിക്കു കഠിനമായ വയറുവേദന അനുഭവപ്പെട്ടു. തന്റെ ദൈനംദിന ചര്യകളും, ധ്യാന-തപസ്സുകളും ഈ വേദനകാരണം തടസപ്പെട്ടതില്‍ കുണ്ഠിതനായ തോതാപുരിസ്വാമി, ധ്യാന-തപസ്സുകള്‍ നടത്താനാവാത്ത ശരീരം എനിക്കാവശ്യമില്ല എന്ന ചിന്തയോടെ, ഗംഗാനദിയിലേക്ക് ഇറങ്ങിപ്പോയി. നദിയിലൂടെ അദ്ദേഹം മധ്യഭാഗത്തേക്കു എത്ര നടന്നിട്ടും ജലം മൂക്കിനു മുകളിലേക്കെത്തന്നില്ല എന്നു കണ്ട് ”ഇതെന്ത് നിയോഗം” എന്നു കരുതി ദേഹത്യാഗചിന്ത വെടിഞ്ഞ് ആശ്രമത്തിലേക്കു മടങ്ങി. ശ്രീരാമകൃഷ്ണദേവനോടു കാര്യങ്ങളെല്ലാം വിവരിച്ചു.
ഭഗവാനാകട്ടെ തോതാപുരിയെ കാളീമാതാവിന്റെ മുന്നില്‍ കൊണ്ടു നിര്‍ത്തി, ”അമ്മയോട് വേദന മാറ്റിതരുവാന്‍ പ്രാര്‍ത്ഥിക്കുവാന്‍” നിര്‍ദ്ദേശിച്ചു. ബ്രഹ്മവാദിയും വേദാന്തിയുമായ തോതാപുരി ചിന്താഗ്രസ്ഥനായി നിലയുറപ്പിച്ചു. അദ്ദേഹത്തിന്റെ ചിന്ത, തത്ത്വവിചാരങ്ങളിലേക്കു കടന്നു. എന്തെന്നാല്‍ വിഗ്രഹാരാധന ഏറ്റവും താണ നിലയിലുള്ള ഈശ്വരോപാസനാ മാര്‍ഗ്ഗമാണ്.
മഹാനിര്‍വ്വാണതന്ത്രപ്രകാരം,
പ്രഥമ പ്രതിമാ പൂജീ
ജപ, സ്‌തോത്രാദിമദ്ധ്യമാ
ഉത്തമാ മാനസീപൂജ
സോഹം പൂജോത്തമോത്തമ എന്നാണ്. അതായത്, ആരാധനയുടെ താഴത്തെ തലമാണ് വിഗ്രഹാരാധന. അടുത്ത പടി ജപവും സ്‌തോത്രാലാപനവും അതിലുയര്‍ന്നപടി ധ്യാനവുമാണ്. ബ്രഹ്മം, താന്‍തന്നെയാണെന്ന വിശ്വാസത്തോടെയുള്ള ”നിദിദ്ധ്യാസനം” ഏറ്റവും ശ്രേഷ്ഠമാണ്.
അഗ്‌ന്യന ക്രിയാവതാം ദേവോ
ഹൃദിദേവോ മനീഷിണാം
പ്രതിമാ സ്വല്‍പംബുദ്ധിനാം
ജ്ഞാനീതാം- സര്‍വ്വതശ്ശിവഃ എന്നു വേറെയുംവിവക്ഷയുമുണ്ട്. യജിക്കുന്നവര്‍ക്ക് ഈശ്വരന്‍ ഹോമാഗ്‌നിയിലും മനീഷികള്‍ക്ക് ഹൃദയാന്തര്‍ഭാഗത്തും, സാധാരണക്കാര്‍ക്ക് വിഗ്രഹത്തിലും ജ്ഞാനികള്‍ക്ക് എല്ലായിടത്തുമാണ്.
ഈ ജ്ഞാനം ഉള്ള തോതാപുരി സംശയഗ്രസ്ഥനായി നിന്നുപോയതു കണ്ടതോടെ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ”സ്വാമി! അങ്ങയുടെ ജ്ഞാന-ആദര്‍ശങ്ങളില്‍നിന്നു പിന്തിരിയേണ്ടതില്ല. വിഗ്രഹത്തെയും കാളീമാതാവിനെയും ബ്രഹ്മമായി കാണേണ്ടതുമില്ല. ബ്രഹ്മത്തിലേക്കുള്ള മാര്‍ഗ്ഗമായിക്കണ്ടാല്‍ മതിയാകും. ആശ്രയിച്ചാല്‍ അമ്മ തീര്‍ച്ചയായും അനുഗ്രഹിക്കും.”
തന്റെ വയറുവേദനയും മറ്റും തനിക്കൊരു ജ്ഞാനദര്‍ശനമാകാമെന്നു കരുതി തോതാപുരിസ്വാമി കാളീദേവിയോടു പ്രാര്‍ത്ഥിക്കുകയും അമ്മ വേദന ഉടന്‍തന്നെ മാറ്റിക്കൊടുക്കുകയും ചെയ്തു.
ഈശ്വരന്‍ തെറ്റിദ്ധാരണകള്‍ മാറ്റുവാന്‍, ഇപ്രകാരം ചില തെറ്റിദ്ധാരണകള്‍ മാറ്റുവാന്‍, മഹാജ്ഞാനികള്‍ക്കു മുന്നില്‍ പ്രത്യക്ഷമായിട്ടുള്ള കഥകള്‍ ഉണ്ട്. മഹാത്മാവായിരുന്ന (പരമേശ്വരാവതാരം) ശങ്കരാചാര്യസ്വാമികള്‍ പിന്തുടര്‍ന്നുവന്നതായ തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും മാറ്റി ബോധവല്‍ക്കരിക്കുവാന്‍ സാക്ഷാല്‍ പരമേശ്വരന്‍തന്നെ ചണ്ഡാളനായി വന്ന കഥ നാം കേട്ടിട്ടുണ്ടല്ലോ.
തോതാപുരി മൂന്നു മാസത്തോളം ശ്രീരാമകൃഷ്ണാശ്രമത്തില്‍ താമസിക്കുകയുണ്ടായി. ആശ്രയിക്കുന്ന ഒരാളെയും കരുണാമയിയായ, ലോകമാതാവായ പരാശക്തി ഉപേക്ഷിക്കുകയില്ല. എന്നു മാത്രമല്ല സഹായിക്കുവാനായി മക്കളുടെ പ്രാര്‍ത്ഥനയെ പ്രതീക്ഷിച്ചുകഴിയുകയുമാണ്. അഹങ്കാരം വെടിഞ്ഞ്, മാതൃഭാവത്തില്‍, ഹൃദയപുരസ്സരം സേവിക്കുക, പ്രാര്‍ത്ഥിക്കുക അമ്മയുടെ കാരുണ്യം ഉറപ്പാണ്!
”അഹങ്കാതാനഭ്യുന്നതിക്കു തടസ്സം!”
”എളിമതാനുന്നതി.”
”ഞാനെന്ന ഭാവമതു തോന്നായ്ക വേണമിഹ
തോന്നുന്നതാകീലഖിലം ഞാനിതെന്നവഴി
തോന്നേണമേ”
അത്രയുമാകില്ലെങ്കിലും സര്‍വ്വാത്മനാ അമ്മയില്‍ ആശ്രയിക്കുക!


ജന്മഭൂമി: http://www.janmabhumidaily.com/news719705#ixzz4vKm5uQtI

No comments:

Post a Comment