Wednesday, October 04, 2017

രാജവംശങ്ങളുടേയും ദേശത്തിന്റെയും ഈശ്വരീയ ചിന്തകളുടേയും കഥകളും ചരിത്ര വസ്തുതകളും വിവരിക്കുന്ന 18 മഹാപുരാണങ്ങളും 18 ഉപപുരാണങ്ങളുമുണ്ട്. ഈ പുരാണങ്ങളുടെ മഹത്വം, ശ്രീമഹാഭാഗവതത്തില്‍ ഇങ്ങനെയെഴുതിയിരിക്കുന്നു.
കഥാ ഇമാ സ്‌തേ കഥിതാ മഹീയസാം
വിതായ ലോകേഷു യശഃ പരേയുഷാം
വിജ്ഞാന വൈരാഗ്യ വിവക്ഷയാവിഭോ
വചോ വിഭൂതിര്‍ നതു പാരമാര്‍ത്ഥ്യം
ലോകത്തില്‍ ജീവിച്ച് യശസ്സു നേടിയ അനവധി മഹാന്മാരുടെ കഥകള്‍ ഞാന്‍ (ശ്രീശുക ബ്രഹ്മര്‍ഷി) അങ്ങയോട് (ശ്രീ പരീക്ഷിത്തു രാജാവിനോട്) വിവരിച്ചു. ഇവയെല്ലാം വിവരിച്ചത് വിജ്ഞാനം ഉണ്ടാകുവാനും വൈരാഗ്യം ഉണ്ടാകുവാനും വേണ്ടിയായിരുന്നു. ഈ പുരാണവരികളെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ശരിയായി നടന്നവയാണെന്ന് വിചാരിക്കേണ്ടതില്ല.
അതായത് പുരാണകഥകള്‍ക്ക് അനുഭവത്തിന്റെ ചൂടും അറിവിന്റെ നേട്ടവും, വൈരാഗ്യത്തിന്റെ മനഃശാസ്ത്ര സന്ദേശവുമുണ്ട്. ഈ നേട്ടങ്ങള്‍ ലഭ്യമാക്കുക തന്നെയാണ് പുരാതന ആചാരാനുഷ്ഠാനഫലവും, ഉദ്ദേശവും.
ദേശത്തിന്റെ ഏകത്വഭാവം നിലനിര്‍ത്തുന്നതില്‍ മഹത്തായ ഒരു സന്ദേശം ആചാരത്തിലൂടെ പുരാണങ്ങള്‍ തരുന്നുണ്ട്. ഭാരതത്തിലെ പുണ്യനദികളുടെയും പുണ്യക്ഷേത്രങ്ങളുടെയും മഹത്വവും ഈ സ്ഥലങ്ങളിലേക്ക് തീര്‍ത്ഥയാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പുണ്യഫലസിദ്ധിയും പുരാണസന്ദേശങ്ങളാണ്. ഈ തീര്‍ത്ഥയാത്രകളാണ് ദക്ഷിണേന്ത്യക്കാരനെ ഉത്തരഭാരതത്തിലെ ഗയ, പ്രയാഗ, ദ്വാരക, അയോദ്ധ്യ, ത്രിവേണി, കാശി ഗംഗോത്രി എന്നിവിടങ്ങളിലേക്ക് തീര്‍ത്ഥാടനത്തിനാകര്‍ഷിക്കുന്നതും. ഉത്തരഭാരതീയനെ ഗോകര്‍ണം, രാമേശ്വരം, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് തീര്‍ത്ഥയാത്രക്കു പ്രചോദിപ്പിക്കുന്നതും. ആത്മീയതയുടെ പ്രഭ ചൊരിയുമ്പോഴും സംസ്‌കൃതിയുടെ വിജ്ഞാനം പരസ്പരം കൈമാറുന്നതിനും സഹകരിക്കുന്നതിനും സഹവര്‍ത്തിക്കുന്നതിനും എല്ലാവരും ഒരേ നാട്ടുകാരും ഒരമ്മയായ സംസ്‌കൃതിയുടെ പൈതൃകവാഹകരുമാണെന്ന സന്ദേശം ഇതിലൂടെ അനുഭവയോഗ്യമാകുന്നതിനും ഉതകുന്നു. പുരാണ കഥാപാത്രങ്ങള്‍ ഈ ക്ഷേത്രങ്ങളുടെ മഹത്വം വര്‍ധിപ്പിക്കുന്നുമുണ്ട്. ഗംഗയിലെ ഹരിശ്ചന്ദ്രഘട്ടം, അഗസ്ത്യകൂടത്തിലെ മുനിയുടെ തപോവനവും, മഥുരയിലെ വൃന്ദാവനവും, ഹിമാലയത്തിലെ ജമദഗ്നി കുണ്ഡവും വ്യാസഗുഹയും ഭരദ്വാജാശ്രമവും എല്ലാം അതതു പുരാണകഥകളില്‍ വിവരിക്കുന്ന ചടങ്ങുകളായ ആചാരങ്ങള്‍ക്ക് അടിസ്ഥാനമായി തീര്‍ന്നിരിക്കുന്നു.
ഭാരതീയ സംസ്‌കൃതിയിലെ ഇന്നത്തെ പ്രസിദ്ധമായ അനവധി ആത്മീയ-ഈശ്വരീയ ആചാരങ്ങള്‍ക്കും അടിസ്ഥാനം പുരാണകഥകളാണ്. ശിവമഹാപുരാണത്തിലെ കഥകള്‍ ശിവരാത്രിയുള്‍പ്പെടെയുള്ള ആചാരങ്ങള്‍ക്കും ഗണേശപുരാണത്തിലെ വിവരണം വിനായകചതുര്‍ത്ഥി, ഗണേശാരാധന എന്നീ ആചാരങ്ങള്‍ക്കും സ്‌കന്ദപുരാണത്തിലെ വിവരണം, തൈപ്പൂയം, സ്‌കന്ദഷഷ്ഠി തുടങ്ങിയ ആചാരങ്ങള്‍ക്കു അടിസ്ഥാനമാണ്. മറ്റു പുരാണങ്ങള്‍ നവരാത്രി, വിജയദശമി, ദീപാവലി എന്നിവയുടെ ആചാരങ്ങള്‍ക്കും അടിസ്ഥാനമാകുന്നു.
ഈ ആചാരങ്ങള്‍ എല്ലാം ആത്മീയോപാസനയും കുടുംബ സമൂഹ ആഘോഷവേളകളിലെ ഒത്തുചേരലും സന്ദേശമായി നല്‍കുന്നു.
ഉപനിഷത്തുകളും ആചാരങ്ങളും
ഉപനിഷത്തുകള്‍ ആത്മീയ തത്ത്വശാസ്ത്രങ്ങളുടെ മൂര്‍ത്തിമത്ഭാവമായ വേദാന്തങ്ങളാണ്. അവിടെ ആത്മീയാനുഭൂതിയുടെ വിവരണങ്ങളോടൊപ്പം ആചരിക്കേണ്ട ചടങ്ങുകളുമായിട്ടാണെങ്കിലും അവയില്‍ ചിലത് മാത്രം ഇവിടെ നല്‍കുന്നു. തൃപുണ്ഡ്രകോപനിഷത്ത്, കഠരുദ്രോപനിഷത്ത് പോലെയുള്ള ഉപനിഷത്തുകളില്‍ ഭസ്മം ഉണ്ടാക്കുന്നതിന്റെയും അത് ശരീരത്തില്‍ ലേപനം ചെയ്യുന്നതിന്റെയും ആചാരങ്ങള്‍-മന്ത്രങ്ങള്‍ രീതികള്‍ ഇവ വിവരിക്കുന്നു. ഭസ്മജാബാല ഉപനിഷത്തില്‍ ഭസ്മത്തിന്റെ തത്വശാസ്ത്ര വിവരണവും നല്‍കുന്നു. ശൈവ ഉപനിഷത്തുകളിലും അക്ഷമാലിക ഉപനിഷത്തുപോലുള്ളവയിലും രുദ്രാക്ഷത്തെക്കുറിച്ചുള്ള സമ്പൂര്‍ണവിവരണങ്ങളുമുണ്ട്.
യോഗചര്യകളുപദേശിക്കുന്ന ഉപനിഷത്തുക്കളാണ് യമം, നിയമം, പ്രാണായാമം, പ്രത്യാഹാരം, ധ്യാനം, ധാരണ, സമാധി എന്നിത്യാദിയോഗചര്യകളുടെ പൂര്‍ണ വിവരണം നല്‍കുന്നത്.
പലവിധ പൂജാവിധികള്‍ വിവരിക്കുന്ന ഉപനിഷത്തുകളുമുണ്ട്. സന്ന്യാസസ്വീകരണവുമായി ബന്ധപ്പെട്ട എല്ലാ പ്രധാന ചടങ്ങുകളും ഉപനിഷദന്തര്‍ഗതമാണ്. ഘോരമന്ത്രങ്ങളുടെയും മന്ത്രപ്രയോഗങ്ങളുടെയും ചടങ്ങുകള്‍ ചില ഉപനിഷത്തുകളിലുണ്ട്.
യോഗചര്യയുടെ ശാസ്ത്രീയ മഹത്വം വ്യക്തമാണ്. ഭസ്മ-രുദ്രാക്ഷധാരണം മനുഷ്യന്റെ ശരീരത്തെ ഭൗതികമായിത്തന്നെ (ത്വക്കില്‍) സ്വാധീനിക്കുന്നു എന്ന് ശിവായസുബ്രഹ്മണ്യസ്വാമിയുടെ ലേഖനങ്ങളില്‍ കാണുന്നു.
ഇതിഹാസങ്ങളും ആചാരങ്ങളും
ഇതിഹാസങ്ങളിലെ വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നും ഭാരതീയര്‍ അനവധി ചടങ്ങുകള്‍ ആചരിക്കാറുണ്ട്. രാമേശ്വര ക്ഷേത്രത്തിലെ എല്ലാ ചടങ്ങുകളും രാമായണവുമായി ബന്ധപ്പെട്ടിരിക്കുന്നു. രാമേശ്വരം കടല്‍തീരത്തുള്ള പിതൃതര്‍പ്പണവും അപ്രകാരം തന്നെ. ഭാരതപ്പുഴയിലെ പുണ്യകര്‍മ്മങ്ങളാകട്ടെ പാണ്ഡവരുടെ തീര്‍ത്ഥയാത്രയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഭാരതത്തിലെമ്പാടുമുള്ള പല ക്ഷേത്രങ്ങളിലും ഇതിഹാസാന്തര്‍ഗത വിവരണങ്ങളെ അടിസ്ഥാനമാക്കിയുള്ള ചടങ്ങുകളുണ്ട്. തൃപ്പൂണിത്തുറയിലെ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ പൂജാചടങ്ങുകള്‍ അര്‍ജ്ജുനഗാഥയുമായി ബന്ധപ്പെട്ടിരിക്കുന്നു.
രാമലീലയും കൃഷ്ണലീലയും ഹോളിയും ദീപാവലിയും മഹാഭാരത-രാമായണങ്ങളിലെ കഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹിമാലയത്തിലെ പല പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങളും ഇതിഹാസ കഥാപാത്രങ്ങളുടെ പാദസ്പര്‍ശമേറ്റതാണ്. അവിടെ പുരാതനകാലത്ത് അനുഷ്ഠിച്ചു എന്ന് ഇതിഹാസ വിവരണങ്ങളില്‍ കാണുന്നവയുടെ തുടര്‍ച്ചയാണ് ഇന്നത്തെ ആചാരങ്ങളില്‍ പലതും.
കന്യാകുമാരി ജില്ലയിലെ ശിവാലയഓട്ടം ഭീമനുമായി ബന്ധപ്പെട്ടിരിക്കുന്നുവത്രെ. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തില്‍ പാണ്ഡവരുടെ വലിയ കോലം വെക്കുക ഇന്നും പതിവുള്ള ആചാരമാണ്. ഇരിങ്ങാലക്കുടയിലെ ഭരതക്ഷേത്രവും തൃപ്രയാറിലെ ശ്രീരാമക്ഷേത്രവും ഇതിഹാസാചാരങ്ങള്‍ അനുഷ്ഠിക്കുന്നവയാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news714963#ixzz4uaIcgmVU

No comments:

Post a Comment