Monday, October 23, 2017

മനസ്സില്ലെങ്കില്‍ ജീവിതവുമില്ല

പ്രിന്റ്‌ എഡിഷന്‍  ·  October 24, 2017
വിജയ മന്ത്രങ്ങള്‍
മനസ്സിനെ കുറിച്ച് പഠിക്കാനും അതിന്റെ താളക്രമം ശരിയാക്കാനും ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും പഠിക്കേണ്ടുന്ന ഉത്തമ ജീവിത ശാസ്ത്രമാണ് ഭഗവദ്ഗിത
മനസ്സെന്ന മഹാത്ഭുതത്തെക്കുറിച്ചാണല്ലോ നമ്മള്‍ ചര്‍ച്ച തുടങ്ങിയത്. മനസ്സില്ലെങ്കില്‍ ജീവിതവുമില്ല. ഒരു കുഞ്ഞ് ജനിച്ച് വളര്‍ന്നുവരുമ്പോള്‍ ആദ്യമായി പ്രകടിപ്പിക്കുന്ന വികാരങ്ങളെല്ലാം മനസ്സില്‍ നിന്നത്രേ വരുന്നത്. മനുഷ്യ മനസ്സ് വികാരങ്ങളില്‍ നിന്ന് തുടങ്ങി അറിവിന്റെ വിചിന്തനത്തിലേക്ക് കയറുന്നു. അറിവെന്നത് ഓരോ വ്യക്തിയും പലതിലൂടെ ആര്‍ജ്ജിച്ചെടുക്കുന്നതാണ്. അമ്മയിലൂടെ, അച്ഛനിലൂടെ വിദ്യാഭ്യാസത്തിലൂടെ, അനുഭവങ്ങളിലൂടെയൊക്കെ നമ്മിലേക്ക് വന്നുചേരുന്നതാണ് അറിവ്. എന്നാല്‍ വികാരങ്ങളാവട്ടെ ജന്മസിദ്ധവും. ജനനം മുതല്‍ മരണം വരെ നാം അതിലൂടെയാണ് കടന്നുപോകുന്നത്.
നമ്മുടെ തലച്ചോറിനുള്ളില്‍ നടക്കുന്ന വികാരസഞ്ചാരങ്ങളെക്കുറിച്ച് ആധുനിക ശാസ്ത്രം പോലും വേണ്ടരീതിയില്‍ മനസ്സിലാക്കിയിട്ടില്ല. ഭൗതികശാസ്ത്രത്തിന്റെ അജ്ഞത എത്രമാത്രം ഈ വിഷയത്തിലുണ്ടെന്ന വസ്തുതതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഭരണത്തിലേറുന്ന സര്‍ക്കാരുകളും മനുഷ്യമനസ്സിനെക്കുറിച്ച് ഗവേഷണവും പഠനവും നടത്താന്‍ കാര്യമായൊന്നും ചെയ്യാത്തതുകൊണ്ടായിരിക്കാം ഓരോ വ്യക്തിയും തന്റെ ഉള്ളില്‍ നടക്കുന്ന മാനസിക പരിണാമങ്ങളെക്കുറിച്ച് യാതൊന്നും അറിയാതെ പോകുന്നത്. ഇന്ന് സമൂഹത്തില്‍ മനുഷ്യന്റെ താളംതെറ്റലുകള്‍ക്ക് കാരണവും ഇതേ മനസ്സിന്റെ ദൗര്‍ബല്യവും വൈകല്യവുമൊക്കെയാണ്.
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അപകര്‍ഷതാ ബോധം, സ്വാര്‍ത്ഥത, മത്സരം, അസൂയ, വിദ്വേഷം, അഹങ്കാരം, ക്രോധം ഇതെല്ലാം വച്ചുപുലര്‍ത്തുന്നു. അവര്‍ സ്വന്തം ജീവിതതാളവും മറ്റുള്ളവരുടെ ജീവിത സുഖവും ഇല്ലാതാക്കിക്കൊണ്ടുള്ള ജീവിതമാണ് നയിക്കുന്നത്. ഇനിയും നാം ഇതെല്ലാം അവഗണിച്ചുപോയാല്‍, ഒരു വശത്ത് വിദ്യാഭ്യാസം കൊണ്ടു നേടുന്ന അറിവിന്റേയും കഴിവിന്റെയും മഹത്വത്തിന്റെ പേരില്‍ അഭിമാനിക്കുമ്പോഴും മറുവശത്ത് വൈകല്യങ്ങളും വൈരുദ്ധ്യങ്ങളും വിദ്വേഷങ്ങളും നിറഞ്ഞ മനോദൗര്‍ബല്യത്തിന്റെ ചിന്താഭാരം കൊണ്ട് ജീവിക്കേണ്ടിവരുമെന്ന സത്യത്തിന് നേരെ കണ്ണടയ്ക്കരുത്.
യഥാര്‍ത്ഥത്തില്‍ ഭഗവദ്ഗീത ചര്‍ച്ചചെയ്യുന്നതും ഇതേവിഷയമാണ്. അതുകൊണ്ട് മാനവരാശിയുടെ യഥാര്‍ത്ഥ മനഃശാസ്ത്രമാണിത്. മനസ്സിനെ കുറിച്ച് പഠിക്കാനും അതിന്റെ താളക്രമം ശരിയാക്കാനും ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ജാതി,മത,വര്‍ണ്ണ,വര്‍ഗ്ഗ വ്യത്യാസമില്ലാതെ പഠിക്കേണ്ടുന്ന ഉത്തമ ജീവിത ശാസ്ത്രമാണ് ഭഗവദ്ഗിത. കേവലമൊരു ആചാരവിശ്വാസങ്ങളുടെ മതഗ്രന്ഥമായി താഴ്ത്തിവച്ചതുകൊണ്ടായിരിക്കാം മാനവരാശിയ്ക്ക് ഈ ഉത്തമഗ്രന്ഥം ഇന്ന് അന്യമായിരിക്കുന്നത്.
ആത്മഹത്യകളും അക്രമങ്ങളും മാനസിക അകല്‍ച്ചകളും ഇല്ലാതാക്കുവാന്‍ നാം തീവ്രമായി ആഗ്രഹിക്കുന്നുവെങ്കില്‍ ഭഗവദ്ഗീതയെ ആശ്രയിച്ചേ മതിയാകൂ. തന്നില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകള്‍ ഉണര്‍ത്താനും എല്ലാ പരിമിതികളും നിലനില്‍ക്കെത്തന്നെ ഒരു വിജയ ജീവിതം നേടുവാനും സഹായിക്കുന്ന ഉത്തമ മാര്‍ഗ്ഗദര്‍ശിയായിരിക്കും ഭഗവദ്ഗീത എന്ന കാര്യത്തിലും തര്‍ക്കമില്ല. യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഈ ഗ്രന്ഥം വന്നിരുന്നുവെങ്കില്‍ ഇന്ന് അറിവും കഴിവും മനോബലവുമുള്ള, ആത്മധൈര്യത്തിന്റെ ആത്മാവിഷ്‌കാരമുള്ള സമൂഹത്തെ നമുക്ക് വാര്‍ത്തെടുക്കാന്‍ സാധിക്കുമായിരുന്നു. മനുഷ്യന്റെ സര്‍ഗ്ഗാത്മകതയുടെ സമ്പൂര്‍ണ്ണ ആവിഷ്‌കാരമാണ് ഭഗവദ്ഗീത. അത് മനസ്സിന്റേയും ബുദ്ധിയുടേയും പാരസ്പര്യതയിലേക്ക് നമ്മെ ഉയര്‍ത്തുന്ന ഉത്തമ ശാസ്ത്രവുമാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news725579#ixzz4wNSBZaMb

No comments:

Post a Comment