Monday, October 30, 2017

സുഭാഷിതം

പ്രിന്റ്‌ എഡിഷന്‍  ·  October 31, 2017
ദൗര്‍മന്ത്യോന്നൃപതിര്‍വിനശ്യതി യതി-
സ്സംഗാല്‍ സുതോ ലാളനാ-
ദ്വിപോളനദ്ധ്യയനാല്‍ കുലം കുതനയാ-
ച്ഛീലം ഖലോപാസനാല്‍
ഹ്രീര്‍മദ്യാദനവേക്ഷണാദപി കൃഷിഃ
സ്‌നേഹഃ പ്രവാസാശ്രയാ-
ന്മൈത്രീ ചാപ്രണായത്സമൃദ്ധിരനയാ-
ത്ത്യാഗാല്‍ പ്രമാദാധ്ധനം
-ഭര്‍തൃഹരി
ഓരോരുത്തരുടെയും നാശം എപ്രകാരമെന്നുനോക്കാം. രാജാവ്, ദുഷ്ടന്മാരായ മന്ത്രിമാരാല്‍ നശിക്കുന്നു. യതി (സന്ന്യാസി) സംഗം നിമിത്തം-കാമക്രോധാദികളാല്‍ നശിക്കുന്നു. പുത്രനെ, അമിതമായി ലാളിച്ചാല്‍ അവനും നശിക്കും. നേരാംവണ്ണം അദ്ധ്യയനം ഇല്ലെങ്കില്‍ ബ്രാഹ്മണന് നാശം സംഭവിക്കും. സല്‍പുത്രന്മാരില്ലെങ്കില്‍ കുലത്തിന്റെ കാര്യവും മേല്‍പ്രകാരം തന്നെ. ദുഷ്ടന്മാരുമായുള്ള സംസര്‍ഗം വന്നാല്‍ നല്ല ശീലം ഇല്ലാതാകും. മദ്യാസക്തി ഉണ്ടായാല്‍ നാണംകെടും. കണ്ടിട്ടില്ലേ, മദ്യപിച്ചവര്‍ കാട്ടുന്ന പേക്കൂത്തുകള്‍? മാത്രമല്ല, മദ്യം ലഭിക്കാന്‍ എന്തു നാണംകെട്ട പ്രവര്‍ത്തിയും അവര്‍ ചെയ്യും. ശരിയായി ശ്രദ്ധിച്ചില്ലെങ്കില്‍ കൃഷി നശിക്കും. കുറേക്കാലം സ്വദേശത്തു നിന്നും വിട്ടുനിന്നാല്‍ ഉറ്റവരുമായി സ്‌നേഹം ഇല്ലാതാകും. ശരിയായ നയമില്ലെങ്കില്‍ സമൃദ്ധി ഉണ്ടാകില്ല. ത്യാഗംകൊണ്ടും, തെറ്റായ ഉപയോഗംകൊണ്ടും ധനം നഷ്ടമാകും. അതായത് സല്‍പാത്രത്തില്‍ കൊടുക്കുക. ശരിയായ രീതിയില്‍ ഉപയോഗിക്കുക- ഇവ ചെയ്തില്ലെങ്കില്‍ ധനത്തിന് മൂന്നാമത്തെ ഗതിയായ നാശം സംഭവിക്കും


ജന്മഭൂമി: http://www.janmabhumidaily.com/news729140#ixzz4x2SjoI8o

No comments:

Post a Comment