Tuesday, October 24, 2017

ലൗകികമായ പരികല്‍പനകളില്‍ യോഗം വെറും കൂട്ടായ്മയോ സമ്മേളനമോ മാത്രം. യോഗത്തിന് വൈദികമായ അര്‍ത്ഥാന്തരങ്ങളേറെയാണ്. അതുകൊണ്ടാണ് ഭഗവദ്ഗീത യോഗശാസ്ത്രമാകുന്നത്.
എന്താണ് യോഗം? ഹര്‍ഷവിഷാദങ്ങളില്‍ ഒരേ മനോനില ഉണ്ടാവുന്നതാണ് അധ്യാത്മശാസ്ത്രത്തിലെ സമത്വം അഥവാ സമഭാവം. ഈ സമഭാവമാണ് യോഗം. സിദ്ധിയിലും അസിദ്ധിയിലും സമനായിരിക്കുന്ന ഒരാളുടെ സമത്വബുദ്ധിയാണ് യോഗം. ‘സമത്വം യോഗമുച്യതേ’ എന്നു പ്രമാണം.
യോഗത്തിന് പ്രതിബന്ധമാകുന്ന ക്ലേശങ്ങള്‍ ആദ്യം അറിയുക.
1. അവിദ്യ:
വിപരീതബുദ്ധിയാണ് അവിദ്യ. ഇത് നേര്‍ക്കാഴ്ച കളില്‍ നിഴല്‍ വീഴ്ത്തും, സന്ദേഹങ്ങളുണ്ടാക്കും.
2. അസ്മിത:
ബാഹ്യവിഷയങ്ങളിലുണ്ടാവുന്ന മനസ്സിന്റെ വെമ്പലിന് അസ്മിത എന്നുപറയുന്നു.
3. രാഗം:
‘സുഖാനുശായീ രാഗഃ’ എന്നു രാഗനിര്‍വചനം. ഒരിക്കലനുഭവിച്ചതിന്റെ ഓര്‍മ്മപുതുക്കലാണ് ഇവിടെ രാഗം.
4. ദ്വേഷം:
ഒരുവന്‍ ദുഃഖിപ്പിച്ചാല്‍ അവനേയും ദുഃഖിപ്പിക്കണമെന്ന മനോനിലയിലാണ് ദ്വേഷം.
5. അഭിനിവേശം:
ഭ്രാന്തചിത്തനെപ്പോലെ ആവേശംകൊള്ളലാണ് അഭിനിവേശം. ഇതിനുപിന്നില്‍ ഭ്രമദൃഷ്ടിയാണുള്ളത്. ഇന്ദ്രിയവിഷയങ്ങളുടെ നേര്‍ക്ക് ആസക്തിയില്ലാത്തവനാണ് യോഗി.
നാനാത്വദര്‍ശനമവസാനിക്കുമ്പോള്‍ മാത്രമേ ഒരുവന്‍ യോഗിയാവുകയുള്ളൂ. യോഗം സന്ന്യാസമല്ല; യോഗിസന്ന്യാസിയുമല്ല. യോഗം കര്‍മ്മാനുഷ്ഠാനമാണ്. സന്ന്യാസം സര്‍വ്വകര്‍മ്മപരിത്യാഗവും.
യോഗിയുടെ സമ്പത്തുകള്‍ ഏഴെണ്ണം. അവ ഇങ്ങനെ:
1. ഏകത
2. സമത
3. സത്യനിഷ്ഠ
4. സുശീലം
5. സ്ഥൈര്യം
6. ദണ്ഡരാഹിത്യം
7. ആര്‍ജ്ജവം
യോഗസാധനയില്‍ ഏര്‍പ്പെടുന്ന ഒരുവന് ഒമ്പതു ദോഷങ്ങള്‍ സംഭവിക്കാം:
1. വ്യാധി: യോഗാരൂഢനായപ്പോള്‍ മുതല്‍ ഓരോരോ രോഗങ്ങള്‍ വന്നുപെടുക.
2. സ്ഥ്യാനം : ഉത്സാഹത്തോടെ തുടങ്ങിവച്ചത് തുടരാനാവാതെ മുടങ്ങുക.
3. സംശയം: അടിസ്ഥാനമില്ലാത്ത, അകാരണമായ നിരവധി സന്ദേഹങ്ങള്‍ ഉണ്ടാവുക.
4. ആലസ്യം: ഇരുട്ടില്‍നിന്നും ഇരുട്ടിലേക്ക് തന്നെ എന്ന മിഥ്യാധാരണയാല്‍ അലസനാവുക.
5. പ്രമാദം: ഈശ്വരന്‍ എന്നത് സര്‍വ്വാബദ്ധമാണെന്ന് ഇടയ്ക്കിടെ വെറുതെ തോന്നുക.
6. അവിരതി: തളര്‍ന്ന്, വിവശനായി, ഒന്നും വേണ്ട എന്ന അവസ്ഥയിലെത്തുക.
7. ഭ്രാന്തിദര്‍ശനം: കള്ളം പറഞ്ഞ് പറഞ്ഞ് സത്യത്തിന്റെ മിഥ്യാധാരണ ഉണ്ടാക്കുക.
8. അലബ്ധ ഭൂമിക: ഒന്നുകൊണ്ടും ഒരു പ്രയോജനവുമില്ലെന്ന് ഇടയ്ക്കിടെ കലശലായി തോന്നുക.
9. അനവസ്ഥിതത്വം
എല്ലാം തന്നെ ഇല്ലാതാകുമല്ലോ. പിന്നെന്തിന് വെറുതെ? ഒക്കെയും പാഴ്‌ച്ചെലവ്. ലക്ഷ്മീദേവി ഒരിക്കല്‍ മഹാവിഷ്ണുവിനോട് ചോദിച്ചു: ‘സുഖലോലുപതയാര്‍ന്ന ജീവിതത്തിനുള്ള സമസ്ത പദാര്‍ത്ഥങ്ങളും നല്‍കിയാല്‍ മനുഷ്യന്‍ ഈശ്വരനെ വിളിക്കുമോ?’
മഹാവിഷ്ണുവിന്റെ മറുപടി: ‘ഞാനവര്‍ക്ക് രണ്ടു കൂട്ടം കൊടുത്തിട്ടുണ്ട്. ഒന്ന്: അത്യാര്‍ത്ഥി, രണ്ട്: അതൃപ്തി.’
ഭഗവാന്‍ ആരെയും പ്രത്യേകിച്ച് നല്ലവനോ കെട്ടവനോ ആക്കുന്നില്ല. മൂഢനോ ബുദ്ധിമാനോ ആക്കാറില്ല. ഓരോരുവനും അവന്റെ കര്‍മ്മാനുഭവത്താല്‍ വെളിച്ചത്തില്‍ നിന്നും കൂടുതല്‍ വെളിച്ചത്തിലേക്കും ഇരുട്ടില്‍നിന്നും കുറ്റാക്കുറ്റിരുട്ടിലേക്കും പോവുകയാണ് ചെയ്യുന്നത്. ഭഗവാന്‍ അര്‍ജ്ജുനനോടാവശ്യപ്പെട്ട മൂന്ന് കാര്യങ്ങള്‍ നമുക്കേവര്‍ക്കും ബാധകമാണ്.
1. മത്കര്‍മ്മകൃത്= എന്റെ കര്‍മ്മങ്ങള്‍ ചെയ്യുക.
2. മത്പരമോ= എനിക്കുവേണ്ടി മാത്രം
3. മത്ഭക്ത = എന്റെ ഭക്തന്‍ മാത്രമാവുക.
വിവേകപ്രജ്ഞ വരുമ്പോള്‍ വികാരപരത കുറയും. അപ്പോള്‍ ബുദ്ധിപൂര്‍വകമായ ആധ്യാത്മിക ജീവിതം നയിക്കാനാവും. ധര്‍മ്മത്തിന്റെ വഴിയേ അചഞ്ചലനായി നടന്നാല്‍ ബ്രഹ്മത്തിലെത്തും. ഈ വിശ്വാസം രൂഢിയാവണം. ബുദ്ധിപൂര്‍വകമായ ആധ്യാത്മിക ജീവിതത്തിന് ഒരു പേരുണ്ട്-ദേവയാനം. നമ്മുടെ അതീവ ഹ്രസ്വമായ ജീവിതം ദേവയാനമാവട്ടെ.


ജന്മഭൂമി: http://www.janmabhumidaily.com/news726141#ixzz4wTBGj6NP

No comments:

Post a Comment