നിത്യവും സനാതനവുമായത് ബ്രഹ്മം മാത്രമാണ്. എന്നാല്‍ സൃഷ്ടിയുടെ ആരംഭത്തില്‍ 'രണ്ടു'ണ്ടാവുന്നു. കണ്ണാടിയില്‍ ദീപത്തിന്റെ പ്രതിഫലനം ഉണ്ടാവുന്നതുപോലെ ദ്വൈതം സൃഷ്ടിയില്‍ കാണാകുന്നു. അതായത് ഭേദഭാവം സര്‍ഗ്ഗകാലത്ത് മാത്രമുള്ളതാണ്. ദൃശ്യാദൃശ്യഭേദങ്ങള്‍ അപ്പോള്‍ ഉണ്ടാവുന്നതായി അനുഭവപ്പെടുന്നു. സൃഷ്ടിയുടെ തലത്തിലല്ലെങ്കില്‍ ഞാന്‍ ആണോ പെണ്ണോ നപുംസകമോ ഒന്നുമല്ല. സൃഷ്ട്യാരംഭത്തിലെ ഈ ഭേദം കേവലം ഭാവന മാത്രമാണ്. ഞാന്‍ തന്നെയാണ് ബുദ്ധി. ശ്രീ, കാന്തി, ധൃതി, കീര്‍ത്തി, മേധ, ദയ, ലജ്ജ, തൃഷ്ണ, ക്ഷമ, ജര, യൌവനം, ശക്തി, അശക്തി, നിദ്ര, ആലസ്യം എന്നുവേണ്ട എല്ലാ വിശേഷണങ്ങളും ഞാനാണ്. മാംസം, മജ്ജ, ത്വക്, സത്യാസത്യങ്ങള്‍, പരാ, പശ്യന്തി, മധ്യമാ തുടങ്ങിയ വാക്ഭേദങ്ങള്‍, നാഡീസമൂഹങ്ങള്‍ എല്ലാം ഞാനാകുന്നു, അല്ലെങ്കില്‍ എന്റെ ഭാവരൂപങ്ങളാകുന്നു. ഞാനല്ലാതെ ഈ സംസാരത്തില്‍ യാതൊന്നുമില്ല. ഈ സൃഷ്ടിയില്‍ സര്‍വ്വവ്യാപിനിയായത് ഞാന്‍ മാത്രമാണ്. എല്ലാ ദേവന്മാരിലും നാമരൂപങ്ങള്‍ കൈക്കൊണ്ട് അവര്‍ക്ക് ശക്തിയായി വിളങ്ങുന്നത് ഞാനാണ്.
No comments:
Post a Comment