Saturday, October 28, 2017

എല്ലായിടവും സമാധാനവും സുഖവും പുലരണമെന്ന് അഭിലക്ഷിക്കുന്ന മഹത്തായ സംസ്‌കാരമാണ് ഭാരതത്തിന്റേത്.
സ്വസ്തി പ്രജാഭ്യ പരിപാലയന്താം
ന്യായേന മാര്‍ഗ്ഗേണ മഹീം മഹീശാഃ
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്ന ശാന്തി മന്ത്രം തന്നെ ഇതിനുദാഹരണം. ശാന്തിയെന്നാല്‍ സമാധാനം എന്നര്‍ത്ഥം. ആന്തരികവും ബാഹ്യവുമായ സമാധാനം ഉണ്ട്. സ്വയം സൃഷ്ടിക്കുന്നതോ മറ്റുള്ളവര്‍ മുഖേനയുണ്ടാകുന്നതോ ആയ പ്രശ്‌നങ്ങളില്‍ നിന്നുള്ള മോചനം എന്ന അര്‍ത്ഥത്തിലാണ് സമാധാനത്തെ പൊതുവെ വിലയിരുത്തുന്നത്. ശാന്തി എല്ലായിടത്തും നിലനില്‍ക്കുന്ന ഒന്നുതന്നെ.
നമ്മുടെ ക്ഷോഭത്തെ അടിസ്ഥാനമാക്കിയാണ് ശാന്തി നിലനില്‍ക്കുന്നത്. എപ്പോള്‍ ക്ഷോഭം അടങ്ങുന്നുവോ അപ്പോള്‍ ശാന്തി അനുഭവവേദ്യമാകും. എവിടെ ശാന്തിയുണ്ടോ അവിടെ സന്തോഷവുമുണ്ട്. ആഗ്രഹങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുന്ന ഏതൊരാളുടേയും ജീവിതത്തില്‍ സമാധാനമുണ്ടെന്ന് കാണാനാകും. പ്രശ്‌നങ്ങള്‍ക്കിടയിലും പ്രതിസന്ധികള്‍ക്കിടയിലും സമാധാനം കണ്ടെത്താന്‍ ചുരുക്കം ചിലര്‍ക്കേ സാധിക്കാറുള്ളൂ.
ജീവിതത്തില്‍ ശാന്തി കൈവരിക്കുന്നതിനായാണ് നാം പ്രാര്‍ത്ഥനാ നിരതരാകുന്നത്. അതിലൂടെ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞ് ആന്തരികമായ ശാന്തി നമ്മള്‍ അനുഭവിക്കുന്നു. ഭാരതീയരുടെ പ്രാര്‍ത്ഥനകള്‍/ ശാന്തിമന്ത്രങ്ങള്‍ അവസാനിക്കുന്നത് ശാന്തി എന്ന വാക്ക് മൂന്ന് പ്രാവശ്യം തുടര്‍ച്ചയായി ഉരുവിട്ടുകൊണ്ടാണ്. മൂന്ന് പ്രാവശ്യം ഉരുവിട്ടാല്‍ അത് സത്യമായി തീരുമെന്നാണ് വിശ്വാസം. ശാന്തിയ്ക്കുവേണ്ടിയുള്ള തീവ്രമായ ആഗ്രഹത്തെ ഊട്ടിയുറപ്പിക്കുകയാണ് ഇതിലൂടെ.
ജീവിതത്തിലെ എല്ലാ ദുഖങ്ങളും പ്രശ്‌നങ്ങളും മൂന്ന് കാരണങ്ങളാലാണ് ഉണ്ടാകുന്നത്.
ആധിദൈവികം, ആധിഭൗതികം, ആദ്ധ്യാത്മികം എന്നിവയാണ് ആ മൂന്ന് ദുഃഖങ്ങള്‍. അദൃശ്യമായ ദൈവിക ശക്തി. മനുഷ്യന് ഇതിന് മേല്‍ നിയന്ത്രണം സാധ്യമല്ല. ഭൂകമ്പം, വെള്ളപ്പൊക്കം, അഗ്നിപര്‍വ്വത സ്‌ഫോടനം ഇതൊക്കെ മനുഷ്യന്റെ നിയന്ത്രണത്തിനും അപ്പുറമാണ്. ആധി ദൈവികം എന്ന് ഇത്തരത്തിലുള്ള ദുഖങ്ങളെ പറയുന്നു.
നമുക്ക് ചുറ്റും നടക്കുന്ന, നമുക്ക് അറിയാവുന്ന കാരണത്താലുണ്ടാകുന്ന ദുഖങ്ങളാണ് ആധിഭൗതികം എന്ന് അറിയപ്പെടുന്നത്. നമ്മുടെ നിത്യജീവിതത്തില്‍ നാം ഏറ്റെടുക്കുന്ന കാര്യങ്ങള്‍ മുടക്കം കൂടാതെ നടക്കണമെന്നും മറ്റുമുള്ള ഈശ്വരനോടുള്ള പ്രാര്‍ത്ഥന. മാനസിക വ്യഥകളാണ് ഈ പ്രാര്‍ത്ഥനകള്‍ക്കെല്ലാം പിന്നില്‍. ഇതിനെയാണ് ആദ്ധ്യാത്മിക ദുഖം എന്ന് പറയുന്നത്. ആ മൂന്ന് ദുഖങ്ങളില്‍ നിന്നും ശാന്തി ലഭിക്കട്ടെ എന്നാണ് ശാന്തി, ശാന്തി, ശാന്തി എന്ന് മൂന്ന് പ്രാവശ്യം ഉരുവിടുന്നതിലൂടെ അര്‍ത്ഥമാക്കുന്നത്.


ജന്മഭൂമി: http://www.janmabhumidaily.com/news728356#ixzz4wqeK9dGt

No comments:

Post a Comment