Thursday, October 26, 2017



 ശ്രീമദ്‌ ഭാഗവതം ഈശ്വരനെക്കുറിച്ചുളള വെറുമൊരു ഗ്രന്ഥമല്ല. മറിച്ച്‌ ഈശ്വരദര്‍ശനം തന്നെയാണ്‌. ശ്രീമദ്‌ ഭാഗവതം ആത്മീയവീര്യത്തിന്റെ പരകോടിയത്രെ.  ഭാഗവതം  ഒരു ആത്മീയ വിശ്വവിജ്ഞാനകോശമാണ്‌. ഇതിലെ ശ്ലോകങ്ങളോരോന്നും യോഗാത്മകവും ദര്‍ശനപരവുമായ ഹര്‍ഷോന്‍മാദത്തെ പ്രദാനം ചെയ്യുന്നു. വിശ്വസൃഷ്ടിയുടെ വിവരണത്തില്‍ തുടങ്ങി മാനവകുലത്തിന്റെ ഉത്ഭവവും അതിന്റെ ദിവ്യതയിലേയ്ക്കുളള വികാസപരിണാമവുമെല്ല‍ാം ഇതിലുണ്ട്‌.
ദിവ്യപ്രവചനങ്ങളുടെ ഒരു കലവറ തന്നെയാണ്‌ ഭാഗവതം. ശ്രീരാമനും ശ്രീകൃഷ്ണനും ഭാരതീയ പാരമ്പര്യത്തിന്റെ അവതാരശക്തികളത്രെ. ശ്രീരാമന്‍ ധര്‍മ്മനിഷ്ഠയുടെ വീരനായകനാണെങ്കില്‍ ശ്രീകൃഷ്ണന്‍ യോഗധര്‍മ്മത്തിന്റെ പുരാതനാവതാരമാകുന്നു. ശ്രീകൃഷ്ണനെയാണീ സ്വര്‍ഗ്ഗീയഗാനത്തില്‍ ആരാധിച്ചിരിക്കുന്നുത്‌. ഭാഗവതം മാനവകുലത്തിന്റെ തന്നെ വേദപുസ്തകമത്രെ.ഭഗവാന്‍ വിഷ്ണുവിന്റെ സമ്പൂര്‍ണ്ണാവതാരമായി ശ്രീകൃഷ്ണനെ ആരാധിച്ചു വരുന്നു. അദ്ദേഹത്തിന്റെ നിഗൂഢലീലകള്‍ അഹങ്കാരോന്‍മുഖമായ ആസുരികശക്തികളെ നശിപ്പിച്ച്‌ വേദനനിറഞ്ഞ മനുഷ്യ ഹൃദയത്തിന് മോചനമേകുന്നു. ദൈവീകത എന്ന പരമലക്ഷ്യത്തിലേക്കുളള പാതയില്‍ ദുഷ്ടതയുടെ ശക്തികളെ വേരോടെ പിഴുതെറിഞ്ഞ് ദിവ്യധര്‍മ്മം പുനഃസ്ഥാപിച്ച്‌ ആത്മാവിന് സദ്ഗതി നല്‍കുന്നുത്‌ അവിടുത്തെ ദിവ്യകൃപയൊന്നുമാത്രമാണ്‌. പത്താം  സ്കന്ധത്തില്‍ വിവരിച്ചിട്ടുളള ശ്രീകൃഷ്ണാവതാരകഥകളും ലീലകളും വായിച്ചാല്‍ മറ്റ്‌ അവതാരങ്ങള്‍ ശ്രീകൃഷ്ണാവതാരത്തിനുളള ആമുഖങ്ങളായേ തോന്നുകയുളളു. അത്രമാത്രം ആകര്‍ഷകമാണ്‌ ദശമം. ഭഗവദ്‌ ഭക്തിയാണ്‌ ഭാഗവതത്തിന്റെ മുഖ്യോദ്ദേശം. എന്നാല്‍ ഇത്‌ അന്ധമായ ഭക്തിയല്ല. വാസ്തവത്തില്‍ മഹല്‍ഭക്തന്‍മാരുടെ അഭിപ്രായത്തില്‍ വളരെ വ്യക്തമായ ജ്ഞാനത്തോട്‌ കൂടിയല്ലാതെ ഒരുവന്‌ ഹൃദയം തുറന്ന് സ്നേഹിക്കുക സാദ്ധ്യമല്ല. അതിനാലാണ്‌ ഭഗവല്‍പ്രേമമുണ്ടാകുവാന്‍ ആദ്യമായി ജ്ഞാനമുണ്ടാകണം എന്നവര്‍ പ്രഖ്യാപിച്ചിട്ടുളളത്‌. അതിനാല്‍ ഭഗവാന്റെ സ്വഭാവത്തെപ്പറ്റി ഇതില്‍ വളരെ വിശദമായിത്തന്നെ വിവരിച്ചിട്ടുണ്ട്‌.
ഭഗവാനെപ്പറ്റിയുളള ശുദ്ധസൈദ്ധാന്തികമായ വിവരം കൊണ്ടു പ്രയോജനമില്ല. അതുപോലെ ഈശ്വര പ്രേമം വെറും പ്രേമമോ വികാരദൗര്‍ബല്യമോ അല്ല. സൃഷ്ടിയെപ്പറ്റിയുളള സത്യത്തെ മുഖാമുഖം ദര്‍ശിക്കുന്നവരുടെ ഹൃദയത്തില്‍ അയത്നലളിതമായി വളരുന്ന പ്രേമമാണ്‌ ഭക്തി. എത്ര വിശദമായിട്ടാണ്‌ ഇതില്‍ സൃഷ്ടിയെപ്പറ്റി വിവരിച്ചിട്ടുളളത്‌? എത്ര വിശാലമാണീ വിശ്വം. അതില്‍ തുലോം ശുഷ്ക്കമാണ്‌ ഭൂമി. സമയം എത്ര അളവറ്റതാണ്‌? അതുമായി താരതമ്യം ചെയ്യുമ്പോള്‍ എത്ര ക്ഷണികമാണ്‌ ഒരുവന്റെ ജീവിതകാലം. പ്രതാപികളായ ദേവന്‍മാരെക്കുറിച്ചും അത്രതന്നെ പ്രതാപശാലികളായ അസുരന്‍മാരെക്കുറിച്ചും നമുക്കിതില്‍ വായിക്ക‍ാം. അവര്‍ ഭൂമി മാത്രമല്ല മറ്റ്‌ ഗ്രഹങ്ങളിലും അവരുടെ സ്വാധീനം ചെലുത്തിയിരുന്നു. അവര്‍ അമരത്വം ആഗ്രഹിച്ച്‌ അതിനായി ശ്രമിച്ചു വിജയിച്ച്‌ ദീര്‍ഘകാലം ജീവിച്ചിരുന്നു. മനുഷ്യജീവിതം നൂറുകൊല്ലമുണ്ടെങ്കില്‍ പോലും ആ പ്രതാപികളുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ വെറുമൊരു നിമിഷം പോലെ തോന്നുന്നു. വാസ്തവത്തില്‍ മനുഷ്യജീവിതത്തിനു നല്‍കിയിട്ടുളള ആദരവിന്‌ അര്‍ഹതയുണ്ടോ എന്ന സംശയം തോന്നുന്നു. ഈ സന്ദേശം ഹൃദയത്തിലെത്തുമ്പോള്‍ അഹങ്കാരപരമായ ജിവിതത്തിന്‌ അര്‍ത്ഥമില്ലാതാകുന്നു. അങ്ങിനെയുണ്ടാകുന്ന ശൂന്യതയില്‍ ഭഗവല്‍​‍ഭക്തി നിറയുന്നു.sreyas.(യോഗി ശുദ്ധാനന്ദഭാരതി)

No comments:

Post a Comment