Thursday, October 05, 2017

യജ്‌ജുർ വേദത്തിലൂടെ...
====================
* നിങ്ങളിൽ നിന്ന് ഉറച്ച ബലമുള്ളതും ഹിംസയും മോഷണവുമില്ലാത്തതുമായ പുത്തൻ തലമുറ പിറക്കട്ടെ..
* പരിശുദ്ധമായ ക്ഷേമവും സ്വർഗ്ഗഭൂമികളും കാറ്റുമാകുന്ന നിന്നാൽ ലോകം താങ്ങി നിർത്തപ്പെടുന്നു.
* ജലം മൂലികകളാൽ സമ്മിശ്രമാക്കപ്പെടുകയും മൂലികകൾ രസങ്ങളാ യും മാറട്ടെ, ജലം ഔഷധങ്ങളാൽ മിശ്രിതമാകുമ്പോൾ മധുരജലത്തുള്ളികൾ ആവിധമുള്ള ഔഷധ തുള്ളികളായി മാറട്ടെ..
[യജ്ജുർ വേദം, അദ്ധ്യായം 1 ]
================================
** അമ്മയായ ഭൂമീദേവിയെ ഞാൻ വന്ദിക്കുകയും പ്രണമിക്കുകയും ചെയ്യുന്നു.. മതാപൃഥ്വി എന്നിൽ അനുഗ്രഹം ചൊരിയട്ടെ.
** ആകാശം നമ്മുടെ പിതാവാകുന്നു. സ്വർഗ്ഗത്തിലെ പിതാവ് നമ്മെ അനുഗ്രഹിക്കട്ടെ. സൃഷ്ടി നാഥൻ നമ്മിൽ പ്രേരണ ചെലുത്തട്ടെ.
[ബൈബിളിൽ പറയുന്ന "സ്വർഗ്ഗസ്ഥനായ പിതാവ്" എന്ന വാചകവും ഇവിടെ ശ്രദ്ധിക്കുക!!!]
** സർവ്വേശ്വരാ, അവിടുന്ന് ലോകമാകുന്ന ഭവനത്തിന്റെ അധിപനാകുന്നു. അവിടത്തെ അനുഗ്രഹവർഷത്താൽ ഞാനും നല്ലൊരു ഗൃഹനായകനാകട്ടെ. ഞാൻ അങ്ങനെ ആഗ്രഹിക്കുന്നത് അവിടുന്ന് അങ്ങനെ ആയതു കൊണ്ടാണ്.
** പിതൃക്കൾക്ക് പ്രണാമം. രസത്തിന്റെ നന്മയ്ക്കു നമസ്കാരം. വേനലിന്റെ അമരലിനും നിങ്ങളാൽ നിയുക്തമാകുന്ന മഴയ്ക്കും നമസ്കാരം. ഋതുകാലത്തെ വിളവെടുപ്പിനും ശൈത്യ കാലത്തിനും വേനൽ രൂക്ഷതയ്ക്കും നമസ്കാരം.
** ഊർജം കൊണ്ട് നമുക്ക് വെള്ളം കിട്ടുന്നു.. ഘൃതം, ക്ഷീരം എന്നിവയും നമുക്ക് ലഭിക്കുന്നു. വേരുകളിലും ഭൈഷജ്യങ്ങളിലും താങ്ങി നിൽക്കുന്ന രസത്തെ പിത്രുപോഷണത്തിനായി ലഭ്യമാക്കിയാലും.
[യജ്ജുർ വേദം, രണ്ടാം അദ്ധ്യായത്തിൽ നിന്നും എടുത്തത്]
===========================
** എല്ലായിടവും ജ്വലിച്ചു നിൽക്കുന്ന അല്ലയോ അഗ്നീ, അങ്ങ് പരിപോഷിപ്പിക്കപ്പെടുന്നത് ചമതകളാണ്. യുവത്വം നിലനിൽക്കുന്ന നിനക്ക് ഞങ്ങൾ ചമതകളോടൊപ്പം നെയ്യും സമർപ്പിക്കുന്നു.
** അഗ്നി ജ്യോതിസ്സാകുമ്പോൾ ജ്യോതിസ് അഗ്നിയും ആകുന്നു. സൂര്യൻ ജ്യോതിസ്സാകുമ്പോൾ ജ്യോതിസ് സൂര്യനുമാകുന്നു. അഗ്നി തേജസ്സാകുമ്പോൾ തേജസ് അഗ്നിയുമാകുന്നു. സൂര്യൻ തേജസ്സാകുമ്പോൾ ജ്യോതിസ് തേജസ്സാകുന്നു. ജ്യോതിസ് സൂര്യനും സൂര്യൻ ജ്യോതിസുമാകുന്നു... സ്വാഹാ...
** ഹേ രാത്രി, ചിത്രാവസു എന്ന് പേരോടുകൂടിയ നക്ഷത്ര പടലം തേജസ്സോടെ പ്രകാശിക്കുകയാണ്. നിന്റെ പാരമ്യത്തിലേയ്ക്ക് കടക്കാൻ ഞാൻ ശ്രമിക്കട്ടെ.
** പ്രകാശത്തിന്റെ നാഥനായ ഈശ്വരാ, ജഗത്പിതാവായ നിന്നെ ഞങ്ങൾ നമസ്കരിക്കുന്നു. സത്യത്തെ സംരക്ഷിക്കുന്ന നായകനാകുന്നു നീ. നിന്റെ സൃഷ്ടി വൈഭവ കാരണത്താൽ ഓരോ നിമിഷവും വർദ്ധിക്കുന്ന മഹിമയെ ഞങ്ങൾ വാഴ്ത്തുന്നു.
** ഞങ്ങൾക്ക് മഹനീയമായ മൂന്നു കാര്യങ്ങളിൽ നിന്നും ഒരിക്കലും നഷ്ടപ്പെടാത്ത സംരക്ഷണം ലഭിക്കേണമേ. സൂര്യനാലും, വായുവിനാലും, ജലത്തിനാലും, ഞങ്ങൾ മഹത്ക്ഷേമത്തിന്റെ നായകരായിത്തീരട്ടെ.
** (ഋഷി: വിശ്വാമിത്രൻ; ദേവത: സവിതാവ്; ഛന്ദ: ഗായത്രി; സ്വര: ഷഡ്ജം)
'തത്സവിതുർവരേണ്യം ഭർഗോ ദേവസ്യ ധീമഹീ. ധിയോ യോ ന: പ്രചോദയാത്'
[ദിവ്യത്യമേറിയ ആ സൃഷ്ടാവിൽ നിന്ന് ഉയരുന്ന ചൈതന്യം ഞങ്ങളിലേക്ക് പടരട്ടെ. അങ്ങനെ ഞങ്ങളിലെ ബുദ്ധിവൈഭവം പ്രേരിക്കപ്പെടട്ടെ.]
** ഒരുമിച്ചു കഴിയുന്ന മർത്യസഹജീവികൾ പരസ്പരം ശത്രുത വച്ചു പുലർത്തുന്നു. ഉപദ്രവം ഏൽപ്പിക്കുന്ന പാപത്തിൽ നിന്നും ഈശ്വരൻ ഞങ്ങളെ രക്ഷിക്കട്ടെ.
** ദൃഢശക്തരായ മനുഷ്യർ മൂന്നു ഘട്ടങ്ങളിലൂടെയാണ് ജീവിതം കടക്കുന്നത്. വിവേകികൾ, പ്രബുദ്ധരായവർ, ദേവതകൾ എന്നിവർ ഈ മൂന്നു ഘട്ടങ്ങളിലൂടെ കടന്നു പോകുന്നു. ജീവിതത്തിലെ മൂന്നു ഘട്ടങ്ങൾ കടക്കാൻ ഞങ്ങൾക്കും ശക്തി തരിക.
[യജ്ജുർ വേദം, മൂന്നാം അദ്ധ്യായത്തിൽ നിന്നും എടുത്തത്]
======================================
** എല്ലാ ജീവജാലങ്ങളുടെയും മാതാവായ ജലത്താൽ ഞങ്ങൾ ശുദ്ധീകരിക്കപ്പെടട്ടെ. ഞങ്ങളിൽ ഉണ്ടായിട്ടുള്ള കളങ്കമെല്ലാം ഈ ജലം ശുദ്ധമാക്കട്ടെ.
** ഹേ ജലമേ, നീ ഭൂമിക്കു പാലാകുന്നു. ഐശ്വര്യം
ചൊരിയുന്നതും നീ തന്നെ,. ആ ഐശ്വര്യത്തെ ഞങ്ങൾക്കായി നീക്കി വച്ചാൽ വർഷമേഘവും കണ്ണിലെ കൃഷ്ണമണിയും നീ തന്നെയാകുന്നു. നിന്നിലൂടെ ഞങ്ങൾക്ക് ദീർഘകാഴ്ച തന്നാലും.
** മനുഷ്യരൊക്കെയും ഈശ്വര സൗഹൃദത്തിനുവേണ്ടി ആഗ്രഹിക്കട്ടെ. ഈശ്വരൻ നമ്മുടെ നാഥനാകുന്നു. ഐശ്വര്യത്തിനുവേണ്ടി എല്ലാവരും ഈശ്വരനെ തേടട്ടെ.
** ഈശ്വരാ, എന്നെ മോശകരമായ അവസ്ഥയിൽ നിന്ന് മാറ്റി നിർത്തിയാലും. ധർമ്മത്തിന്റെ വഴിയിൽ എന്നെ നിലനിർത്തിയാലും. അനശ്വരരായവരുടെ കൂട്ടത്തിൽ ഞാനും ചേർക്കപ്പെടട്ടെ.
നന്മയിലധിഷ്ഠിതമായതും ദീർഘമേറിയതുമായ ഒരു ജീവിതം എനിക്ക് നൽകിയാലും.
** ഹേ സൂര്യാ, നീ ഈശ്വരന് സമർപ്പണത്തിനായുള്ള വസ്തുവാകുന്നു.
ഈശ്വരന്റെ അന്നമായ നീ നാഥന്റെ ഇരിപ്പിടവുമാകുന്നു. ആ ഇരിപ്പിടം സത്യമർഹിക്കുന്നു. അവിടെ ആസനസ്ഥനായാലും.
***************
[യജ്ജുർവേദം, നാലാം അദ്ധ്യായത്തിൽ നിന്നും എടുത്തത്]
=============================
ഈശ്വരൻ ഋഷിവര്യന്മാരുടെ പൂർവ പിതാവാകുന്നു. മംഗളം ചൊരിയുന്ന അവൻ പാപത്തിൽ നിന്ന് നമ്മെ രക്ഷിച്ചുകൊണ്ടേയിരിക്കുന്നു. യജ്ഞാദി കർമ്മങ്ങളെ അദ്ദേഹം വാത്സല്യത്തോടെയാണ് നോക്കുന്നത്. എല്ലാവിധ അനുഗ്രഹങ്ങളുമായും അവൻ നമ്മെ ബന്ധിപ്പിക്കട്ടെ.
** അല്ലയോ അഗ്നിദേവാ, നീ വ്രതത്തിന്റെ നാഥനാകുന്നു. വ്രതങ്ങളുടെ രക്ഷകനും നീ തന്നെയാണ്.
** അല്ലയോ ജ്വാലാഗ്നി, 'ആയു' എന്ന അപരനാമത്തിലറിയപ്പെടുന്ന നിന്റെ തേജസ്സോടുകൂടി നീ വന്നെത്തിയാലും. പരിശുദ്ധതയോടെ ലംഘിക്കപ്പെടാനാകാത്ത ശക്തിയാൽ ഞാൻ നിന്നെ ഈ ഭൂമിയിൽ പ്രതിഷ്ഠിക്കുകയാണ്. ഈ 'നഭസാഗ്നി' ഇതിനെ അറിയുന്നു. അല്ലയോ അഗ്നി, നിന്റെ പേരുപോലെ നീ ജ്വലിച്ചുയർന്നാലും. ഞാൻ നിന്നെ ഈ രണ്ടാമത്തെ ഭൂമിയിൽ പ്രതിഷ്ഠിക്കുന്നു. ഹേ അഗ്നി, നീ നന്നായി ജ്വലിച്ചുയർന്നാലും. നിന്നെ ഞാൻ ഈ മൂന്നാമത്തെ ഭൂമിയിൽ പ്രതിഷ്ഠിക്കുന്നു. ജ്ഞാനികളുടേയും ദേവതകളുടെയും പ്രാപഞ്ചിക ബോധനത്തിനായി നിന്നെ ഞാൻ ഇവിടെ കൊണ്ടുവരുന്നു.
** പ്രകാശിച്ചു നിൽക്കുന്ന ദിവ്യതേജസായ സൂര്യദേവാ, നീ ഭൂമിയിലും സ്വർഗ്ഗത്തിലും നല്ല ധാന്യങ്ങളും ക്ഷീരവർദ്ധക ഗോക്കളും, കൃഷി യോഗ്യമായ പാടങ്ങളും നിറച്ചിരിക്കുന്നു. ഇവ മനുഷ്യന് സന്തോഷവും
സന്തുഷ്ടിയും നൽകുന്ന കാര്യമാണ്. നിന്നിൽ നിന്നും വീശുന്ന രശ്മികളാൽ ഭൂമി പ്രകാശമാനമായിക്കൊണ്ടിരിക്കുന്നു.
** വിഷ്ണുവിന് പ്രകടമായുള്ള വീര്യത്തെപ്പറ്റി ഞാൻ പറയുന്നു: ഭൂമിക്ക് പുറത്തായുള്ള സകല ലോകങ്ങളും അവനാൽ അളക്കപ്പെടുന്നു.
ആകാശത്തിനു മറുവശത്തായി ശൃംഖത്തിൽ, ദൈർഘ്യമേറിയതും
മൂന്നു പദങ്ങളാൽ അവൻ സഞ്ചരിക്കുന്നു. നീ ദിവ്യതയേറിയ സൂര്യനാകുന്നു.
** ഹേ നാഥാ, നീ മേലെ ആകാശത്തിൽ ക്ഷതം ഉണ്ടാക്കുകയോ അന്തരീക്ഷത്തിനു വൈഷമ്യം ഉണ്ടാക്കുകയോ ചെയ്യരുത്. മാത്രമല്ല, ഭൂമിയുമായി എല്ലായ്പ്പോഴും സൗഹൃദത്തിൽ കഴിയുകയും വേണം.
അല്ലയോ യജ്ഞാഗ്നി, ഈ മഴുവിനാൽ നീ ഭാഗ്യതാരകത്തിലെത്തിച്ചേരട്ടെ.
** ഹേ വനസ്പതേ, നിങ്ങൾ ശതവത്സരങ്ങളായും സഹസ്ര വത്സരങ്ങളായും വളരട്ടെ..
[യജ്ജുർവേദം, അഞ്ചാം അദ്ധ്യായത്തിൽ നിന്നും എടുത്തത്]
==================================
** എല്ലാമറിയുന്ന ഈശ്വരന്റെ പ്രവർത്തികൾ കണ്ടാലും. അവനിലൂടെയുള്ള വ്രതങ്ങൾ നോക്കി കണ്ടാലും. കർമോത്സാഹത്തോടെ പ്രവർത്തിക്കുന്നവർക്ക് അവൻ ഉത്തമ സുഹൃത്താകുന്നു.
** അഭയം ചോദിച്ചെത്തുന്നവന് നീ (ത്വഷ്ടാവ്) സംരക്ഷണം നൽകുന്നു. ദിവ്യവസ്തുതകൾ നിനക്ക് ദേവയജ്ഞത്തിൽ നിന്ന് ലഭിക്കട്ടെ.
ഹേ ത്വഷ്ടാവേ, അവിടുന്ന് ഈ ക്ഷേമം ആസ്വദിച്ചാലും. നിന്റെ ഹവിസ്സിന്റെ ഭാഗങ്ങൾ മധുരമാകട്ടെ.
** അല്ലയോ നന്നായി ചിന്തിക്കുന്നവരേ, നിങ്ങൾ ദിവ്യമായ അറിവിന്റെ ഉത്ഭവസ്ഥാനമാകുന്നു. ദിവ്യജ്ഞാനജലം നിങ്ങളിൽ രുചി പടർത്തട്ടെ. ദേവജനനവും നിങ്ങൾക്ക് രുചിപ്രദമാകട്ടെ. നിന്റെ ശ്വാസം ഈ വാതങ്ങളുമായി ഇഴകിച്ചേരട്ടെ. നിന്റെ ഇന്ദ്രിയങ്ങൾ ഈ ആരാധനയുമായി കൂടിച്ചേരട്ടെ.
** ഹേ ദിവ്യജലമേ , നീ പരിശുദ്ധം മാത്രമല്ല വേണ്ടവിധത്തിൽ സമാഹരിക്കപ്പെട്ടിട്ടുള്ളതുമാകുന്നു. ഞങ്ങളുടെ ഹവിസ്സുകൾ സ്വീകരിച്ചാലും. മറ്റുള്ളവർക്ക് വേണ്ടി ഞങ്ങൾ സേവനം ചെയ്യട്ടെ.
** ഞാൻ നിന്റെ വാക്കിനേയും പ്രാണനെയും നേത്രങ്ങളേയും നാഭിയേയും മൂത്രനാളിനെയും വിസർജ്ജനാവയവത്തെയും പരിശുദ്ധമാക്കുന്നു. നിന്നെ മുന്നോട്ടു നയിക്കുന്ന കാലുകളേയും ഞാൻ പരിശുദ്ധമാക്കുന്നു.
** എന്നിലെ ദുശ്ചരിതങ്ങളെല്ലാം എന്നിൽ നിന്ന് ഒഴുകിപ്പോകട്ടെ.
നിഷ്കളങ്കരെ ഞാനെത്ര നിന്ദിച്ചാലും ദ്രോഹവും കപടതയും കാണിച്ചാലും എല്ലാറ്റിനെയും ശുദ്ധമാക്കുന്ന അല്ലയോ ജലമേ, നീ എന്നെ ശുദ്ധമാക്കിയാലും.
** ജലസമ്പത്തും ഔഷധികളും നശിക്കാതെ അല്ലയോ വരുണാ, നീ കാക്കണമേ.
** ദിവ്യമായ അന്നം ജലത്താൽ നിറഞ്ഞിരിക്കുന്നു. പ്രയത്നിക്കുന്നവർക്കു ഈ ദിവ്യാന്നം ലഭിക്കുന്നു. ഈ ദിവ്യാനത്താൽ യജ്ഞം പൂർണ്ണമാകട്ടെ.
** അല്ലയോ ഈശ്വരാ. എന്റെ ഹൃദയം കൊണ്ടും മനസ്സ് കൊണ്ടും നിന്നെ ഞാൻ പ്രാർത്ഥിക്കുന്നു. സൂര്യനുവേണ്ടിയും പ്രകാശലോകത്തിനുവേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു.
** ഹേ യജ്ഞമേ, നീ സംസ്കാരദീക്ഷിതമാകുന്നു. ഞാൻ നിന്നെ ഉയർത്തുകയാണ്. എന്നാൽ സാഗരമൊരിക്കലും ക്ഷയിക്കുന്നുമില്ല. വെള്ളം വെള്ളത്തോടും ലത ലതയോടും ചേരട്ടെ...
** വൃതഹന്താക്കളേ , നിങ്ങൾ എപ്പോഴും കല്യാണം ചൊരിയുന്നവരാകുന്നു. ഹേ ദിവ്യാ, ഈ യജ്ഞത്തെ ദേവയജ്ഞമാക്കുക.
സ്തുതികളാൽ പ്രേരിതനാകുന്ന നിങ്ങൾ ഈ സോമം പാനം ചെയ്യുക
*ഭയപ്പെടാതിരിക്കുക. ഭയം കാരണം വിറയ്ക്കുകയും വേണ്ട. ഉറച്ച മനസ്സുള്ളവനായിത്തീർന്നാലും.
** മുമ്പിലൂടെയും പിറകിലൂടെയും മുകളിലൂടെയും താഴെനിന്നും ഓരോ വശത്തുനിന്നും നിന്നെ കാണാനായി ദിശകളും ഭാഗങ്ങളും ഉയരട്ടെ.
ഹേ അമ്മേ, അവരെയെല്ലാം അവരുടെ പങ്കിനാൽ നിറച്ചാലും. പ്രജകൾ ഒരേ മനസ്സോടെ പരസ്പരം കാണട്ടെ.
**ശക്തിമാനും ആഹ്ലാദവും ഐശ്വര്യവും സന്തോഷവും സമാധാനവും തരുന്നവനുമായ ഈശ്വരനാൽ, ഈ യജ്ഞകർത്താവ് അനുഗ്രഹിക്കട്ടെ.
നിനക്കു മേലെ ആഹ്ലാദം തരുന്നതായി ഞങ്ങൾക്കു മറ്റൊരു കാര്യമില്ല.
ഞങ്ങൾ നിറഞ്ഞ വാക്കുകളോട് നിനക്ക് സ്തുതിഗീതം ആലപിക്കുന്നു.
[യജ്ജുർവേദം, ആറാം അദ്ധ്യായത്തിൽ നിന്നും എടുത്തത്]
=================================
ആഹാരസാധനങ്ങൾ മധുരമാകട്ടെ.
ഹേ സോമാ. നിന്റെ നാമം പരാജയപ്പെടാത്തതാകുന്നു. അത്തരത്തിലുള്ള അങ്ങേയ്ക്കു പ്രണാമം. (മന്ത്രം 2 )
** ഭൂമിയ്ക്കും സ്വർഗ്ഗത്തിനും മധ്യത്തിലായി ഞാൻ ശയിക്കുന്നു. വിസ്തൃതവും വിശാലവുമായ അന്തരീക്ഷത്തെ ഞാൻ നിന്നിൽ അർപ്പിക്കുന്നു. നീ ഐശ്വര്യത്തിന്റെ നാഥനാകുന്നു. ഈ ദേവയജ്ഞത്തിൽ നിന്ന് സ്നേഹമാണ് ഉയർന്നു വരുന്നത്. (മന്ത്രം 5 )
** ഹേ വായൂ, നീ പ്രപഞ്ച തേജസ്സാകുന്നു. പരിശുദ്ധിയുടെ സംരക്ഷകനും നീ തന്നെ. (മന്ത്രം 7 )
** ഹേ സോമദേവാ, ഒരിക്കലും വറ്റാത്ത നിന്റെ ഐശ്വര്യത്തിന്റെയും പരിപുഷ്ടിയുടെയും കിരണങ്ങൾ എല്ലായ്പ്പോഴും ഞങ്ങളിൽ പതിക്കട്ടെ.
(മന്ത്രം 14 )
** അന്തരീക്ഷത്തിൽ കടന്നിരിക്കുന്നു പ്രകാശജ്വാലകളെ തേജസ്സാർന്ന വേനൻ ഉജ്ജ്വലമാക്കുന്നു. (മന്ത്രം 16 )
** ഈ യജ്ഞത്തിൽ നിന്ന് ഉയർന്ന അഗ്നി ദ്യുലോകത്തിനു മുകളിൽ സ്ഥിതി ചെയ്യുന്നു. അതിന്റെ മഹിമ ഭൂമിയിൽ കാണുന്നുമുണ്ട്. സത്യാധിഷ്ഠിതമായി പിറന്ന ഏവർക്കും അത് അനുഗ്രഹമാണ്. മഹർഷിക്കും രാജാവിനും അതിഥിക്കും അത് ഒന്നുപോലെ അനുഗ്രഹം ആകുന്നു. (മന്ത്രം 24 )
** (ദേവശ്രവാഃ എന്ന ഋഷി പ്രജാപതി എന്ന ദേവതയോട്)... നീ ആരാണ്?
ഇവിടെ ദൃശ്യമാകുന്നതിൽ നീ ഏതാണ്? നീ ആരുടേതാകുന്നു? നിന്റെ പേരെന്താകുന്നു? ആരുടെ പേരാകുന്നു? ഞങ്ങൾ ആരെയാണ് ധ്യാനിക്കേണ്ടത്? (മന്ത്രം 29 )
** നീ ഉപായത്താൽ സംഗ്രഹിക്കപ്പെട്ടിരിക്കുന്നു. നിന്നെ ഞാൻ ചൈത്രമാസത്തിലും, വൈശാഖ മാസത്തിലും, ജ്യേഷ്ഠ മാസത്തിലും, ആഷാഢ മാസത്തിലും, ശ്രാവണ മാസത്തിലും, ഭാദ്രപദ മാസത്തിലും, അശ്വനി മാസത്തിലും, കാർത്തിക മാസത്തിലും, മാർഗശീർഷ മാസത്തിലും, പൗഷ മാസത്തിലും, മാഘമാസത്തിലും, ഫൽഗുന മാസത്തിലും, അധി മാസത്തിലും സ്വീകരിച്ചിരിക്കുന്നു. (മന്ത്രം 30 ).
** ജീവിതത്തിന്റെയും ഉർജ്ജത്തിന്റെയും പ്രകാശപൂരിതമായ മിഴികൾ അങ്ങ് (സൂര്യൻ) തുറന്നിരിക്കുന്നു. (മന്ത്രം 42 )
[യജ്ജുർവേദം, - സംസ്കൃത മന്ത്രങ്ങളുടെ മലയാളം പരിഭാഷ ഏഴാം അദ്ധ്യായത്തിൽ നിന്നും എടുത്തത്]
===============================
** അപേക്ഷിക്കുന്നവനെ ഒരിക്കലും ഇന്ദ്രൻ ഉപേക്ഷിക്കുകയില്ല.
ഹേ ആദിത്യാ, ഇത് നിന്റെ നാലാമത്തെ പവിത്രീകരിക്കപ്പെട്ട ശക്തിയാകുന്നു.
** ഈ യജ്ഞ സമർപ്പണം ദേവതകൾക്കു സന്തോഷകരമാകട്ടെ. ആദിത്യന്മാർ ഞങ്ങളിൽ ആഹ്ലാദം ചൊരിയട്ടെ.
** ഹേ ആദിത്യാ, നീ ഇരുട്ടിനെ അകറ്റുന്നവനാകുന്നു. ഭക്തിയോടെ അർപ്പിക്കപ്പെടുന്ന ഈ സോമം നിനക്കുള്ളതാകുന്നു.
** അല്ലയോ പ്രജാപതേ നീ രേതസ്സ് വർദ്ധിപ്പിക്കുന്നവനാകുന്നു. പുരുഷത്വം കൂടുന്ന നീ അതിനെ എന്നിൽ ഉയർത്തിയാലും. എന്നിൽ രേതസ്സ് ഉയർത്തുന്നതോടെ വീര്യവാനായ ഒരു സന്താനം എന്നിൽ ഉത്ഭവിക്കട്ടെ.
** ഞങ്ങളുടെ മനസ്സുകൾ ബുദ്ധികൊണ്ടും മനസ്സ് കൊണ്ടും ശാരീരിക ശക്തി കൊണ്ടും വീര്യം കൊണ്ടും യോജിപ്പിച്ചെടുത്തതാകുന്നു. ഞങ്ങളിൽ ശിവാനുഗ്രഹം ഉണ്ടാകട്ടെ. ത്വഷ്ടാവ് ഞങ്ങളിൽ ഐശ്വര്യം നൽകുകയും ഞങ്ങളുടെ ശരീരത്തിലെ ദുർമേദസ്സ് വലിച്ചെടുക്കുകയും ചെയ്യട്ടെ.
** ഞങ്ങളിൽ സൽബുദ്ധിയുദിക്കട്ടെ. ബലശക്തി ഊർജ്ജങ്ങൾ ഞങ്ങളിൽ വ്യാപിക്കട്ടെ. ഞങ്ങൾക്ക് മഹത്വമാർന്ന മനസ്സുണ്ടാകട്ടെ.
** ഹേ അഗ്നി, നീ ജലരാശികളുടെ പിന്മുറക്കാരനാണ്. ജലരാശിയിൽ പിറന്ന നീ ജ്വലിച്ചു നിൽക്കുകയും തിന്മകളെ ദൂരീകരിക്കുകയും ചെയ്യുന്നു. ഓരോ ഭവനങ്ങളിലും നീ ഊർജം എത്തിക്കുക. നിന്റെ ജിഹ്വകൾ തിളച്ച നെയ്യിനാൽ നനയട്ടെ.
** വായു എങ്ങനെയാണോ ചലിക്കപ്പെടുന്നത് സമുദ്രം എങ്ങനെയാണോ ഇളകി മറിയുന്നത് അതുപോലെ പത്താം മാസത്തിൽ ഗർഭസ്ഥശിശുവും അതിന്റെ സ്ഥാനത്തു നിന്നും ഇളകി പുറത്തു വരട്ടെ.
** ഈ ഗർഭത്തിനുള്ളിൽ അധിവസിക്കുന്ന ശിശു അതിന്റെ കർമത്തെ പൂർണ്ണമായി അറിയുന്നുണ്ട്. ഉറച്ചതും ബലമേറിയതുമായ ഗർഭത്തിന് അവസ്ഥാന്തരങ്ങളുണ്ടാകുന്നു.
** അല്ലയോ മഴമേഘങ്ങളെ വഹിക്കുന്ന കാറ്റേ. നീയാൽ സ്വർഗം മഹത്വപൂർണ്ണമാക്കപ്പെടുന്നു.
** കാമം നിലനിൽക്കുന്ന ഇവിടെ നീ രമിച്ചാലും. സംതൃപ്തി നിലനിൽക്കുന്ന ഇവിടെ നീ സ്വസംതൃപ്തിയിൽ മുഴുകിയാലും അമ്മ കുഞ്ഞിന് മുലപ്പാൽ നല്കുന്നതുപോലെ നീ ഞങ്ങൾക്ക് ഐശ്വര്യവും ആഹ്ലാദവും നൽകിയാലും.
** ഈ യജ്ഞം മുപ്പത്തിനാല് ധാതുക്കളാൽ സ്ഥാപിക്കപ്പെടുന്നു. ഏതൊന്നാണോ അന്നത്തെ അടിസ്ഥാനപ്പെടുത്തി നിലനിൽക്കുന്നത് അത് സ്ഥാപിതമായിരിക്കുന്നു. വേർപെട്ടതിനെ ഞാൻ വീണ്ടും യോജിപ്പിക്കുന്നു. ഈ യജ്ഞം ദേവതകളിലെത്തിപ്പെടട്ടെ.
[യജ്ജുർവേദം, - സംസ്കൃത മന്ത്രങ്ങളുടെ മലയാളം പരിഭാഷ എട്ടാം അദ്ധ്യായത്തിൽ നിന്നും എടുത്തത്]
===================================
"നല്ല വാക്ക്"
*****************
ജലപ്രവാഹം പോലെയാണ് വാക്കും പ്രവഹിക്കുന്നത്.
ഹൃദയവും മനസ്സും ശുദ്ധമായിരിക്കുന്നിടത്ത് നല്ല വാക്കുണ്ടാകുന്നു...
മഴ മേഘങ്ങൾക്കിടയിൽ നിന്ന് വരുന്നതുപോലെ നല്ല വാക്കുകൾ പ്രവഹിക്കട്ടെ...
[യജ്ജുർ വേദം, അദ്ധ്യായം 13 , മന്ത്രം 38 ]
ഋഷി: വിരൂപ: ; ദേവത: അഗ്നി: ; ഛന്ദ : ത്രിഷ്ടുപ് ; സ്വര: ധൈവത:
===================================
എം. എം. ദിവാകരൻ 

No comments:

Post a Comment