Sunday, October 29, 2017

തന്റെ മാര്‍ഗത്തില്‍ തനിക്കു വെളിച്ചം താന്‍തന്നെയാണ്. ആ വെളിച്ചം അണയ്ക്കുന്ന കാമനകളെ അതിനാല്‍ കൊണ്ടുവരാതിരിക്കുക. സര്‍വ്വത്ര സുഖമാകട്ടെ, ദുഃഖമാകട്ടെ ആത്മസാദൃശ്യംകൊണ്ട് എല്ലാറ്റിനേയും സമമായി കാണുക. അധികം ചിരിക്കരുത്, കരയേണ്ടിവരും എന്നല്ല, ചിരിവരുമ്പോള്‍ നന്നായി ചിരിക്കുക, കരച്ചില്‍ വരുമ്പോള്‍ കരയുക. രണ്ടിന്റേയും കാരണവും ക്ഷണികതയും അറിയുക.
വിശ്വത്തിനാധാരമായ അത് പൂര്‍ണമാണ്. സൃഷ്ടിയായ നമ്മളും പൂര്‍ണരാണ്. അപൂര്‍ണതാബോധമേ വേണ്ട. പൂര്‍ണത്തില്‍നിന്ന് പൂര്‍ണമുണ്ടാകുന്നു, പൂര്‍ണമെടുത്താല്‍ പൂര്‍ണം ബാക്കിയാകുന്നു. ഇതില്‍ എന്തെങ്കിലും വസ്തു എടുത്തുമാറ്റുന്നതല്ല വിവക്ഷ. കാലദേശരൂപാദികള്‍ ഒഴിവാക്കി അറിയലാണ്. അയഥാര്‍ഥമായതിനെ അന്വേഷിക്കുക, ഇല്ലാത്തതാണെന്ന് മനസ്സിലാക്കുക. മായയെ ജയിക്കുക.
മനസ്സ് ഇന്ദ്രിയങ്ങളെ മഥിക്കുന്നതും ഒട്ടിനില്‍ക്കുന്നതുമാണ്. അതിനെ സംയമനം ചെയ്യല്‍, അറിയല്‍ വായുവിനെ പിടിച്ചുകെട്ടുന്നപോലെ ദുഷ്കരമാണ്. എന്നാല്‍ പരിശീലനം കൊണ്ടും വൈരാഗ്യം (വിരക്തി)കൊണ്ടും അത് സാധിക്കും.
നിത്യമായതിനോടുള്ള രാഗവും അനിത്യമായതിനോടുള്ള രാഗമില്ലായ്മയുമാണ് വൈരാഗ്യം. മനസ്സിനെ സ്വദാസനാക്കാന്‍ കഴിയാത്തവന് യോഗം പ്രാപിക്കാനാകില്ല. മനസ്സിനെ സ്വാധീനത്തിലാക്കിയവന്‍, അറിഞ്ഞവന്‍ ഏതാഗ്രഹത്തേയും ബുദ്ധിയുമായി ചേര്‍ത്ത് ഇത് നിറവേറ്റേണ്ടതാണോ എന്ന് പരിശോധിക്കുന്നു. അവനാണ് യോഗത്തിനര്‍ഹമായവന്‍.
ഒരു മരത്തില്‍ രണ്ടുപക്ഷികളുണ്ട്. ഒന്ന് ഓരോ മധുരഫലവും മാറിമാറി കൊത്തിചാടിച്ചാടി നടക്കുന്നു. മറ്റേത് നിശ്ശബ്ദമായി ചാടുന്ന പക്ഷിയെ നിരീക്ഷിക്കുന്നു. ഇവിടെ ചാടിനടക്കുന്നത് മനസ്സും നിരീക്ഷിക്കുന്നത് ബോധവുമാണ്. ഇങ്ങനെ മനസ്സിന്റെ പ്രവൃത്തികളെ മാറിനിന്ന് നിരീക്ഷിക്കാനാകണം.sunil olavara

No comments:

Post a Comment