Saturday, October 14, 2017

തീര്‍ത്ഥാടനം എന്ന പദത്തില്‍ ക്ഷേത്രം അന്തര്‍ഭവിക്കുന്നില്ല. തീര്‍ത്ഥങ്ങളാണ് അതിലെ പ്രതിപാദ്യ വിഷയം. ഗംഗ തുടങ്ങിയ പവിത്രങ്ങളായ സരിത്തുകള്‍ ഭാരതഭൂമിയിലുള്ളത് വളരെ പവിത്രമാണെന്നും അവയില്‍ പോയി മുങ്ങിക്കുളിക്കുന്നതുകൊണ്ട് പാപങ്ങളെല്ലാം കഴുകിക്കളയുമെന്നും നാം ആത്മീയമായി പരിശുദ്ധിയാര്‍ജിക്കുമെന്നുമുള്ള വിശ്വാസം ഇവിടെ രൂഢമൂലമായിട്ടുണ്ട്. ക്ഷേത്രക്കുളങ്ങളെപ്പറ്റിയുള്ള പരാമര്‍ശത്തില്‍ കുളി എന്നത് ബാഹ്യസ്‌നാനമല്ലെന്നും സഹസ്രാരപത്മത്തില്‍നിന്നുള്ള അമൃതവര്‍ഷണത്തിന്റെ ആപ്ലാവനമാണ്. അങ്ങനെ ആകുമ്പോള്‍ ആ യോഗി ശരീരത്തിലുള്ള അമൃതവാഹിനികളായ നാഡികളും കോശങ്ങളുമായിരിക്കണം ഭാരതത്തിന്റെ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍. അതുകൊണ്ട് ഈ വിശ്വാസത്തിന് ശാസ്ത്രീയതയുണ്ട്.
അത് വെറുമൊരു അന്ധവിശ്വാസമാണെന്നു പറയുന്നത് ശരിയല്ല. പില്‍ക്കാലത്ത് ക്ഷേത്രങ്ങളുടെ പ്രാധാന്യം വര്‍ധിച്ചപ്പോള്‍ പവിത്രതയെയും ആധ്യാത്മികതയെയും തേടിയുള്ള ഈ യാത്ര ഭാരതത്തിലുള്ള മഹാക്ഷേത്രങ്ങളിലേക്കുമായി. അങ്ങനെ നമ്മുടെ കേരളത്തിലും വളരെ നൂറ്റാണ്ടുകള്‍തന്നെ പഴക്കമുള്ള ശബരിമല, കൊട്ടിയൂര്‍ തുടങ്ങിയ ചൈതന്യക്ഷേത്രങ്ങളിലേക്ക് ഏതാണ്ട് സംഘടിതമായ രീതിയില്‍ തീര്‍ത്ഥാടനം ആരംഭിച്ചു. അതിന്റെ പിന്നില്‍ ഐതിഹ്യവും ചരിത്രവും മറ്റും കൂടിക്കുഴഞ്ഞു കിടക്കുന്നുണ്ടാകാം. അത്തരം തീര്‍ത്ഥാടനങ്ങള്‍ക്ക് പ്രതേ്യകം വ്രതാനുഷ്ഠാനങ്ങളും പതിവുണ്ട്.
വ്രതധാരികളായി നെയ്‌ത്തേങ്ങയുമായി ശബരിമലയില്‍ ചെല്ലുകയും അതിനടുത്തുള്ള പമ്പാനദിയില്‍ സ്‌നാനം ചെയ്യുകയും ഇൗ തേങ്ങയിലെ നെയ്യ് അയ്യപ്പന് ആടുകയും ചെയ്യുക എന്നതാണ് ഈ തീര്‍ത്ഥാടനത്തിന്റെ മുഖ്യചടങ്ങ്. നെയ്യ് സൂര്യന്റെയും മുകളിലേക്കുയരുന്ന ആധ്യാത്മിക ചൈതന്യത്തിന്റെയും പ്രതീകമാണ്. നാളികേരം സഹസ്രാരപത്മത്തിന്റെയും. അങ്ങനെ നെയ്‌ത്തേങ്ങ നമ്മുടെ ആധ്യാത്മിക ചൈതന്യം സഹസ്രാരത്തിലെത്തിയതിനെ സൂചിപ്പിക്കുന്നു. ഇതില്‍ നിറഞ്ഞുനില്‍ക്കുന്ന ചൈതന്യം പിന്നീട് ഈ തീര്‍ത്ഥാടനത്തിന്റെ ആരാധ്യദേവതയായ ഹരിഹരപുത്രന്റെ വിഗ്രഹത്തില്‍ ആടുമ്പോള്‍ അത് അമൃതവര്‍ഷണംതന്നെയാണ്. ഈ ശബരിമല അയ്യപ്പവിഗ്രഹം ഒരു മലമുകളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതിനാലും അത് ഒരു യോഗീശ്വരപദവിയിലിരിക്കുന്ന ഒരു ദിവ്യചൈതന്യമായതിനാലും ശബരിമല കൈലാസം പോലെ സഹസ്രാരത്തെ സൂചിപ്പിക്കുന്നു എന്നു മൊത്തത്തില്‍ പറയാം. അതിനുപുറമെ മൊത്തത്തില്‍ ഏതു ക്ഷേത്രത്തിന്റെ ശ്രീകോവിലും സഹസ്രാരസൂചകമാണല്ലോ.
ഇതിനുവേണ്ടി ഒരു മണ്ഡലകാലത്തെ വൃശ്ചികം 1 മുതല്‍ 41 ദിവസങ്ങളിലെ കഠിനമായ തപസ്സ് അനുഷ്ഠിക്കേണ്ടതുണ്ട്. അതിന്റെ ഫലമായി ഉണ്ടാകുന്ന ആധ്യാത്മിക ശക്തിയാണ് നെയ്യ്. തീര്‍ത്ഥാടനത്തിന്റെ തൊട്ടുമുമ്പിലായി നെയ് നിറയ്ക്കുന്ന ചടങ്ങുണ്ട്.അതിന് കെട്ടുനിറയ്ക്കുക എന്നു പറയുന്നു. ക്ഷേത്രത്തിലേക്കുള്ള വഴിപാടും നെയ്‌ത്തേങ്ങയും മുന്‍വശത്തുള്ള കെട്ടിലും സ്വന്തമാവശ്യമുള്ള സാധനങ്ങള്‍ പിന്‍വശത്തിലുള്ള കെട്ടിലുമാണ് വയ്ക്കുക പതിവ്. ഈ വ്രതനിഷ്ഠയോടുള്ള തപസ്സില്‍ നമുക്കു മാര്‍ഗ്ഗദര്‍ശനം തന്ന ഗുരുഭൂതനായ വ്യക്തിയെ അയ്യപ്പന്റെ പ്രതിനിധിയായി കല്‍പിച്ച് ഗുരുസ്വാമി എന്നു വിളിക്കുന്നു. ശബരിമല തീര്‍ത്ഥാടനത്തില്‍ ഈ ഗുരുസ്വാമി പ്രത്യേകം ്രപാധാന്യം അര്‍ഹിക്കുന്നു.
അങ്ങനെ ഓരോ ഗുരുസ്വാമിയും താന്‍ ശിഷ്യന്മാരായി കുറച്ചുപേരെ കൂട്ടിയ ഒരു സംഘം ആയി ഘോരവനാന്തരങ്ങളിലൂടെ കാടും മേടും കടന്ന് പമ്പാതീരത്തെത്തുന്നു. അവിടെ സ്‌നാനവും സ്‌നാനത്തിനു മുമ്പ് പിതൃക്രിയയുമാണ് പ്രധാനം. ഏത് തീര്‍ത്ഥാടനത്തിലും ഈ പ്രക്രിയ പതിവുണ്ട്. മന്ത്രദീക്ഷക്കും മറ്റേതു പവിത്രകര്‍മ്മത്തിനും സന്ധ്യാവന്ദനത്തിനും മുമ്പായി നമുക്കു ജന്മം നല്‍കിയിട്ടുള്ള പിതൃക്കളെ തൃപ്തിപ്പെടുത്തുക എന്നത് ഒരു അനിവാര്യ ഘടകമാണ്. മനുഷ്യന്റെ ജൈവശാസ്ത്രപരമായ വേരുകളില്‍ എല്ലാ കുഴപ്പങ്ങളും തീര്‍ത്തിട്ടു വേണമല്ലോ വാസ്തവത്തില്‍ ജീവിക്കുവാന്‍തന്നെ. ആധ്യാത്മിക പ്രയാണത്തില്‍ ഇതിനു പ്രസക്തിയുണ്ട്. കാശി, രാമേശ്വരം, കുരുക്ഷേത്ര തുടങ്ങിയ എല്ലാ തീര്‍ത്ഥാടനകേന്ദ്രങ്ങളിലും പിതൃക്രിയയ്ക്ക് അങ്ങനെയാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇത് പമ്പയിലും പ്രസക്തമാണ്. അങ്ങനെ പമ്പയില്‍ പിതൃക്രിയ കഴിഞ്ഞ് തീര്‍ത്ഥസ്‌നാനം നടത്തി ദര്‍ശനത്തിനെത്തുമ്പോള്‍ അതിനു തൊട്ടുമുമ്പ് 18-ാം പടി കയറുക എന്ന ചടങ്ങുകൂടിയുണ്ട്.
പഴയകാലത്ത് മലമ്പ്രദേശത്തുള്ള 18 പ്രതിഷ്ഠകളെ കടന്നു വേണമായിരുന്നുവത്രെ ശബരിമലയിലെത്തുവാന്‍ അവയ്ക്ക് ലോപം വന്ന കാലത്ത് ആ ദേവന്മാരുടെ ചൈതന്യങ്ങളെ പ്രതിഷ്ഠിച്ച പടികളാണ് ഈ 18 പടികളെന്നും ഈ 18 പടികളിലൂടെ ചവിട്ടി പോകുന്നത് ആ 18 മലകളിലെ തീര്‍ത്ഥാടനത്തിന്റെ ഫലമുളവാക്കുമെന്നും ശബരിമലയിലെ തന്ത്രിമുഖ്യനും കേരളത്തിലെ എണ്ണപ്പെട്ട താന്ത്രികാചാര്യനുമായിരുന്ന ശ്രീ താഴമണ്‍ കണ്ഠരര് ശങ്കരര് ഈ ലേഖകനോട് പറഞ്ഞത് ഇവിടെ ഓര്‍ക്കുകയാണ്. അയ്യപ്പന്റെ നിറമായ കറുപ്പണിഞ്ഞുകൊണ്ട് കാണുന്നതെല്ലാം അയ്യപ്പനെന്ന് ചിന്തിച്ചുവേണം സ്വാമി ശരണമയ്യപ്പാ എന്ന ശരണാഗതിവാക്യം മന്ത്രരൂപേണ എപ്പോഴും ഉരുവിട്ടുകൊണ്ട് സ്വന്തം ഗുരുനാഥന്റെ മാര്‍ഗ്ഗദര്‍ശനം സദാ സ്വീകരിച്ചുകൊണ്ട് തന്റെ തപശ്ശക്തിയുടെ പ്രതീകമായ നെയ് സഹസ്രാരത്തില്‍ എത്തിച്ചുകൊണ്ടുള്ള ഈ തീര്‍ത്ഥാടനം വളരെ ഉയര്‍ന്ന പ്രതീകാത്മകത്വം വഹിക്കുന്നതും അതിശക്തവുമായ ഒന്നത്രേ.
41 ദിവസം നീണ്ടുനില്‍ക്കുന്ന ഈ വ്രതം ആര്‍ത്തവകാലാവര്‍ത്തനം അനുഭവിക്കുന്ന യുവതികള്‍ക്ക് ആ കാരണംകൊണ്ടുതന്നെ നിഷിദ്ധമാണ്. കൊട്ടിയൂരൂം ഇതേ വ്രതാനുഷ്ഠാനവും നെയ്‌ത്തേങ്ങയുമെല്ലാം പ്രയോഗത്തിലുള്ളതായി കാണാം. ‘ഗോവിന്ദ്’ എന്ന നാമജപത്തോടും സ്മരണയോടുംകൂടിയ ഈ തീര്‍ത്ഥയാത്ര ദക്ഷന്റെ യാഗധ്വംസനം ചെയ്ത ശിവന്റെയടുത്തേക്കാണെന്നത് രസകരമായ ഒരു കാര്യമാണ്. ഗുരുവായൂര്‍ തുടങ്ങിയ മറ്റ് മഹാക്ഷേത്രങ്ങള്‍ എന്നും പോകാനുള്ളവയാണ്. ശബരിമല തീര്‍ത്ഥാടനം മകരസംക്രമത്തിനും കൊട്ടിയൂരില്‍ ഉത്തരായനത്തിന്റെ മധ്യാഹ്‌നത്തിലും ആലുവയില്‍ ശിവരാത്രി ഉത്‌സവത്തിനും മറ്റുമാണ് തീര്‍ത്ഥാടനസമയങ്ങളായി കണക്കാക്കപ്പെട്ടിട്ടുള്ളത്.
മകരസംക്രമം എന്ന സൂര്യന്റെ ഊര്‍ദ്ധ്വമുഖപ്രയാണം ഭൂമധ്യരേഖയുടെ മനുഷ്യദേഹത്തിലുള്ള കുണ്ഡലിനീ ശക്തിയുടെ ഊര്‍ദ്ധ്വപ്രവാഹത്തോടു ബന്ധപ്പെട്ടിരിക്കുന്നു. അതിന്റെ ആരംഭമായ മകരസംക്രമം ആ തരത്തില്‍ ഒരു കുണ്ഡലിനി പ്രബോധനകാലമാണ്. ദിവസത്തിന്റെ പകല്‍ ഭാഗം ഈ ഊര്‍ദ്ധ്വപ്രയാണമായും രാത്രിഭാഗം അധഃപ്രയാണവുമായി കല്‍പ്പിക്കുകയാണെങ്കില്‍ പ്രഭാതം മൂലാധാരസംബന്ധിയാണെന്നും മനസ്സിലാക്കാം.
(മാധവജിയുടെ ക്ഷേത്രചൈതന്യ രഹസ്യം എന്ന ഗ്രന്ഥത്തില്‍ നിന്ന് )


ജന്മഭൂമി: http://www.janmabhumidaily.com/news720340#ixzz4vWCgwSqO

No comments:

Post a Comment