കേരളപ്പിറവി ദിനത്തില്‍ കേരളത്തിന്റെ ഔദ്യോഗിക ഗാനമായ 'കേരളഗാനം' കേള്‍ക്കാം.
സ്വാതന്ത്ര്യസമരസേനാനിയും സാമൂഹ്യ പ്രവര്‍ത്തകനും കവിയും ശ്രീ ചട്ടമ്പിസ്വാമികളുടെ ഗൃഹസ്ഥശിഷ്യനുമായിരുന്ന ശ്രീ ബോധേശ്വരൻ 1938ല്‍ രചിച്ചതാണ് 'ജയ ജയ കേരള കോമള ധരണീ' എന്നുതുടങ്ങുന്ന 'കേരളഗാനം'. 2014ല്‍ കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് ഔദ്യോഗിക ഗാനമായി അംഗീകരിച്ചു. ഐക്യകേരളത്തിന്റെ ആദ്യ നിയമസഭയിൽ ഈ ഗാനം ആലപിച്ചിരുന്നുവത്രേ.
എം ജയചന്ദ്രന്‍ സംഗീതം നല്‍കി, കെ എസ് ചിത്ര, മധു ബാലകൃഷ്ണന്‍, സുദീപ് കുമാര്‍ , രവിശങ്കര്‍, സരിത രാജീവ്, അഖില ആനന്ദ് എന്നിവര്‍ പാടി, കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ഓഡിയോ സിഡിയ്ക്ക് Amritjude Vijayanതയ്യാറാക്കിയ പ്രാദേശിക ദൃശ്യങ്ങളോടൊപ്പം കേള്‍ക്കാം. വീഡിയോയിലെ അടിക്കുറിപ്പ് വായിച്ച് നമുക്കും പാട്ടിനൊപ്പം ചുണ്ടനക്കാം.
Youtube link: https://www.youtube.com/watch?v=WddDFBcQSB4
ഔദ്യോഗിക ഗാനമായി സാംസ്കാരിക വകുപ്പ് അംഗീകരിച്ചുവെങ്കിലും ഈ ഗാനം എവിടെയെങ്കിലും പാടുന്നതായി കേട്ടിട്ടുണ്ടോ? സര്‍ക്കാര്‍ ചടങ്ങുകളിലെങ്കിലും? ഇങ്ങനെയൊരു ഗാനം ഉണ്ടെന്ന് അറിയാമായിരുന്നുവോ?
==========
ജയജയ കോമള കേരള ധരണീ
ജയജയ മാമക പൂജിത ജനനീ
ജയജയ പാവന ഭാരത ഹരിണീ
ജയജയ ധര്‍മ്മ സമന്വയ രമണീ
ജയജയ കോമള കേരള ധരണീ
ജയജയ മാമക പൂജിത ജനനീ
ജയജയ പാവന ഭാരത ഹരിണീ
ജയജയ ധര്‍മ്മ സമന്വയ രമണീ
ജയജയ ജയജയ ജയജയ ജനനീ
ജനനീ മാമക കേരള ധരണീ
ജനനീ മാമക കേരള ധരണീ
പ്രേമദമാകും പ്രമദവനം താന്‍
ശ്യാമള സുന്ദരമെന്നുടെ രാജ്യം
മലയജ സുരഭില മാരുതനേല്‍ക്കും
മലയാളം ഹാ! മാമകരാജ്യം
ശ്യാമള സുന്ദരമെന്നുടെ രാജ്യം
മലയജ സുരഭില മാരുതനേല്‍ക്കും
മലയാളം ഹാ! മാമകരാജ്യം
മരിചമനോഹര ലതികാശ്ലേഷിത-
തരുനിരതിങ്ങും മാമക രാജ്യം
കളകളമോതിയിണങ്ങി വരുന്നൊരു-
സലിലസമൃദ്ധം മാമക രാജ്യം
തരുനിരതിങ്ങും മാമക രാജ്യം
കളകളമോതിയിണങ്ങി വരുന്നൊരു-
സലിലസമൃദ്ധം മാമക രാജ്യം
ജയജയ ജയജയ ജയജയ ജനനീ
ജനനീ മാമക കേരള ധരണീ
ജനനീ മാമക കേരള ധരണീ
മാധവമാസം ഞങ്ങള്‍ക്കെന്നും
വാസന്തശ്രീയനുദിനമിവിടെ.
വാസന്തശ്രീയനുദിനമിവിടെ.
മോഹന ഖഗഗണ കൂജന രാജിത-
മോഹദ വാടികയെന്നുടെ രാജ്യം
ജാതിമതാന്ധ്യമതാന്തമെതിര്‍ക്കും
ബോധവിഭാവിതം എന്നുടെ രാജ്യം
മോഹദ വാടികയെന്നുടെ രാജ്യം
ജാതിമതാന്ധ്യമതാന്തമെതിര്‍ക്കും
ബോധവിഭാവിതം എന്നുടെ രാജ്യം
ജയജയ ജയജയ ജയജയ ജനനീ
ജനനീ മാമക കേരള ധരണീ
ജനനീ മാമക കേരള ധരണീ
പാലൊളി തൂകും പൂന്തുകില്‍ ചാര്‍ത്തും
ലോലകള്‍ വിലസും മലയാളത്തില്‍
കല്‍പകതരു നികരങ്ങള്‍ നിരക്കും
കല്‍പിതഭൂവാം മലയാളത്തില്‍
ലോലകള്‍ വിലസും മലയാളത്തില്‍
കല്‍പകതരു നികരങ്ങള്‍ നിരക്കും
കല്‍പിതഭൂവാം മലയാളത്തില്‍
തുഞ്ചശുകീ കളകണ്ഠനിനാദം-
തഞ്ചും മാമക മലയാളത്തില്‍
മാമക മോഹം! മാമക ഗേഹം!
മാമക നാകം! മാമക വിലയം...!
തഞ്ചും മാമക മലയാളത്തില്‍
മാമക മോഹം! മാമക ഗേഹം!
മാമക നാകം! മാമക വിലയം...!
ജയജയ കോമള കേരള ധരണീ
ജയജയ മാമക പൂജിത ജനനീ
ജയജയ മാമക പൂജിത ജനനീ
(ബോധേശ്വരന്റെ ഒറിജിനല്‍ കൃതിയെ ചെറുതാക്കിയാണ് ഔദ്യോഗിക ഗാനമായി അംഗീകരിച്ചത്.)
No comments:
Post a Comment