മനുഷ്യന്റെ മുന്നിൽ രണ്ടു മാർഗങ്ങൾ ഉണ്ട്.ഒന്നു ‘പ്രവൃത്തി’ – ഇതിന്റെ അര്‍ത്ഥം ‘വിഷയങ്ങളിലേയ്ക്ക് അടുക്കുക’ എന്നാണ്; മറ്റേതു ‘നിവൃത്തി’ – ഇതിന്റെ അര്‍ത്ഥം ‘വിഷയങ്ങളില്‍ നിന്ന് അകലുക’ എന്നും. പ്രവൃത്തിയെയാണ് നാം സംസാരമെന്ന്, ‘ഞാനും എന്റേതും’ എന്ന് പറയുന്നത്. സമ്പത്ത്, പണം, പ്രതാപം, പേര്, പ്രശസ്തി ഇത്യാദികളെക്കൊണ്ട് ആ ‘എന്നെ’ (‘അഹം’ ബുദ്ധിയെ) എപ്പോഴും കൊഴുപ്പിക്കുന്നതും, മുറുകെ പിടിക്കുന്ന സ്വഭാവത്തോടുകൂടിയതും ആയ സകല കാര്യങ്ങളും ‘പ്രവൃത്തി’ എന്ന വാക്കില്‍ അടങ്ങിയിരിക്കുന്നു; എല്ലാറ്റിനേയും ‘ഞാന്‍’ എന്ന കേന്ദ്രത്തിലേയ്ക്ക് ആകര്‍ഷിച്ചുകൂട്ടാനാണ് അതിന്റെ പ്രവണത. ഓരോ മനുഷ്യന്റെയും സഹജവാസനയായ ഇതാണ് ‘പ്രവൃത്തി’. എല്ലായിടത്തുനിന്നും എല്ലാം പിടിച്ചെടുത്ത് ഒരു കേന്ദ്രത്തിനു ചുറ്റും – മനുഷ്യന് ഏറ്റവും പ്രിയമുള്ള ‘അഹ’ത്തിനു ചുറ്റും – സംഗ്രഹിക്കുന്നതാണ് പ്രവൃത്തി. ഈ പ്രവണത എപ്പോള്‍ ശിഥിലമായിത്തുടങ്ങുന്നു, അഥവാ നിവൃത്തി (തിരിഞ്ഞ് അകലല്‍) എപ്പോള്‍ ആരംഭിക്കുന്നു, അപ്പോള്‍ സദാചാരവും ധര്‍മ്മവും ആരംഭിക്കുകയായി.
പ്രവൃത്തിയും നിവൃത്തിയും, രണ്ടും, കര്‍മ്മാത്മകംതന്നെ. ഒന്ന് അസത്കര്‍മ്മവും മറ്റേതു സത്കര്‍മ്മവും. നിവൃത്തിയാണ് എല്ലാ സദാചാരത്തിനും എല്ലാ ധര്‍മ്മത്തിനും അടിസ്ഥാനം; നിവൃത്തിയുടെ പരിപൂര്‍ണ്ണഭാവമാണ് പൂര്‍ണ്ണമായ അഭിമാനനിര്‍മ്മാര്‍ജ്ജനം, ശരീരവും ബുദ്ധിയും, സര്‍വ്വവും മറ്റൊരു ജീവിക്കുവേണ്ടി ബലിയര്‍പ്പിക്കാനുള്ള സന്നദ്ധത. മനുഷ്യന്‍ ആ അവസ്ഥയിലെത്തിയാല്‍ അയാള്‍ കര്‍മ്മ യോഗത്തിന്റെ പൂര്‍ണ്ണഭാവത്തെ സാക്ഷാത്കരിച്ചു. ഇതുതന്നെയാണ് സത്കര്‍മ്മത്തിന്റെ അത്യുച്ചമായ ഫലം. ഒരുവന്‍ തത്ത്വദര്‍ശനങ്ങളൊന്നും പഠിച്ചിട്ടില്ലെങ്കിലും, ഒരീശ്വരനിലും മുമ്പു വിശ്വസിച്ചിരിക്കയോ ഇപ്പോള്‍ വിശ്വസിക്കുകയോ ചെയ്തിട്ടില്ലെങ്കിലും, ആയുസ്സില്‍ ഒരിക്കലും പ്രാര്‍ത്ഥിച്ചിട്ടില്ലെങ്കിലും, കേവലം സത്കര്‍മ്മത്തിന്റെ ഫലമായി പരനന്മയ്ക്കുവേണ്ടി സ്വന്തം ജീവനും മറ്റു സര്‍വ്വസ്വവും ബലികഴിക്കാന്‍ തയ്യാറുള്ള ഒരവസ്ഥയില്‍ എത്തിയിട്ടുണ്ടെങ്കില്‍, അയാള്‍, ഭക്തന്‍ പ്രാര്‍ത്ഥനയുടെ ഫലമായും തത്ത്വജ്ഞാനിജ്ഞാനത്തിന്റെ ഫലമായും ഏതൊരു സ്ഥാനത്തെ പ്രാപിക്കുന്നുവോ ആ സ്ഥാനത്തുതന്നെ എത്തിയിരിക്കുന്നു.swami vivekanandan
No comments:
Post a Comment