Tuesday, October 10, 2017

ദുസ്സംഗഃ സര്‍വഥൈവ ത്യാജ്യഃ


ദുസ്സംഗത്തെ എല്ലായ്‌പ്പോഴും ഒഴിവാക്കണം. നമ്മുടെയെല്ലാം ജന്മം, ജന്മാന്തര കര്‍മങ്ങളും കര്‍മവാസനകളും മൂലമാണ്. ഈ വാസനകള്‍ ഈ ജന്മത്തിലും ബാക്കിയായിത്തുടരുകയാണെന്നര്‍ത്ഥം. അതുകൊണ്ടുതന്നെ ദുസ്സംഗദോഷം സംഭവിച്ചാല്‍ നാം വീണ്ടും മായയ്ക്കടിപ്പെട്ട് കര്‍മദോഷങ്ങള്‍ വരുത്തിവയ്ക്കും. അതിനാല്‍ തന്നെ ഭക്തി മാര്‍ഗത്തില്‍നിന്നും വ്യതിചലിച്ചേക്കും.
ഭക്തിമാര്‍ഗത്തിന് മഹത്തുക്കളുമായുള്ള അടുപ്പം ഏറെ സഹായകമാണെന്ന് മുന്‍പൊരു സൂത്രത്തില്‍ വ്യക്തമാക്കിയതാണ്. അതിന്റെ വിപരീതഫലമാണ് ദുസ്സംഗത്താലുണ്ടാവുക.
മഹത്തുക്കളുമായുള്ള അടുപ്പം നമ്മളില്‍ സാത്വികഭാവം വളര്‍ത്തിയെടുക്കും. നമ്മളിലുള്ള ത്രിഗുണങ്ങള്‍ ഇല്ലാതാകുന്നതോടെയാണ് ഭക്തിയിലെ ലയനം സാധ്യമാകുക. ത്രിഗുണങ്ങള്‍ ഒറ്റയടിക്ക് ലയിച്ചില്ലാതാകല്‍ എളുപ്പമല്ല.
തമോഗുണം രജോഗുണത്തില്‍ ലയിക്കും. രജോഗുണം സത്വഗുണത്തില്‍ ലയിച്ചില്ലാതാകും. സത്വഗുണം സ്വയമേവലയിച്ച് നിര്‍ഗുണ അവസ്ഥയിലേക്കു നയിക്കും. അതോടെയാണ് ഭക്തിയിലെ സമര്‍പ്പണഭാവം എത്തിച്ചേരുക.
ദുസ്സംഗമംകൊണ്ട് ഇത് വിപരീതദിശയില്‍ പ്രവൃത്തിക്കും. നിര്‍ഗുണം സത്വത്തിലും സത്വം രജസ്സിലും രജസ്സ് തമസ്സിലും ചേര്‍ന്ന് തമോഗുണ പ്രധാനിയായി മാറും. അതോടെ നമ്മുടെ ഭക്തിയെല്ലാം അഹങ്കാരമായി മാറി നന്മയെ ഇല്ലാതാക്കും.
നമ്മളറിയാതെ തന്നെ നാം ദുര്‍ബ്ബലനായി മാറും. നമ്മുടെ ജന്മലക്ഷ്യം തന്നെ നാം മറക്കാനിടവരും.
മലയാളത്തില്‍ ഒരു ചൊല്ലുകേട്ടിട്ടുണ്ട്. ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും. കാഞ്ഞിരം ചാരിയാല്‍ കാഞ്ഞിരം കയ്ക്കും.


ജന്മഭൂമി: http://www.janmabhumidaily.com/news718601#ixzz4v98VYF6v

No comments:

Post a Comment