മരണത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ച് ഭയപ്പെടുത്തുകയല്ല. ആഗ്രഹങ്ങള്‍ അരുതെന്നു വിലക്കുകയുമല്ല. മരണമെന്ന അനിവാര്യതയെ ഭയപ്പെട്ടൊഴിയാന്‍ പറ്റില്ലല്ലോ?!. മരണ സംബന്ധിയായ വിചാരം ജീവിതത്തിന്റെ ആസൂത്രണ വിഷയത്തില്‍ വേണ്ട വിവേകം ഉണര്‍ത്താന്‍ സഹായകമാണ് എന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തുകയാണ് ഉദ്ദേശ്യം.
വിവേകാനുസൃതം ലക്ഷ്യത്തെ നിശ്ചയിക്കാന്‍ നമുക്കു കഴിയണം. സമ്പൂര്‍ണ്ണ സംതൃപ്തി സ്വന്തമാക്കാന്‍ കര്‍മ്മാനുഷ്ഠാനത്തിന്റെ പാതയോ അഥവാ ആഗ്രഹപൂര്‍ത്തീകരണത്തിന്റെ വഴിയോ അവലംബിച്ചിട്ട് കാര്യമില്ലെന്ന വസ്തുത ബോധ്യമാവണം അപ്പപ്പോള്‍ വേണമെന്നു തോന്നുന്ന കാര്യങ്ങള്‍ക്കനുസരിച്ച് (കാമനകള്‍) നിശ്ചിത കര്‍മ്മത്തിലേര്‍പ്പെടുമ്പോള്‍ കര്‍മ്മഫലത്തില്‍ നിന്നും ശരിക്കും നാം പ്രതീക്ഷിക്കുന്നതെന്താണെന്ന് വേണ്ടത്ര ആലോചിക്കാന്‍ തയ്യാറാവാറില്ല. ഫലപ്രാപ്തി സമ്മാനിക്കുന്ന തുഷ്ടി വളരെപ്പെട്ടെന്ന് ചോര്‍ന്നു പോകുന്ന അവസ്ഥ ഉണ്ടാവാറുണ്ട്. ഇതൊക്കെ സ്ഥിരം നമ്മള്‍ അനുഭവിക്കുന്നതാണെങ്കിലും വീണ്ടുവിചാരത്തിനു മുതിരാറില്ല എന്നതാണ് അപകടം.
ഉദാഹരണത്തിന് ഏതെങ്കിലും പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ പോയെന്നു കരുതുക. അത്തരം പരിപാടികളില്‍ ലഭിക്കുന്ന വിഭവസമൃദ്ധമായ സദ്യ ഭൂരിപക്ഷം പേരുടേയും പ്രതീക്ഷയാവാറുണ്ട്. ഇപ്പോള്‍ മിക്കയിടത്തും യൗളളല േട്യേെലാ ( തയ്യാറാക്കി നിരത്തി വെച്ച വിഭവങ്ങളില്‍ നിന്ന് വേണ്ടത് വേണ്ടത്ര അളവില്‍ അതിഥികള്‍ക്ക് നേരിട്ടുചെന്ന് എടുത്തു കഴിക്കാനുള്ള സൗകര്യം ) ആയിരിക്കുമല്ലോ.
ഈ സമ്പ്രദായം പൊതുവെ നാം വളരെ ആവേശത്തോടെ സ്വീകരിച്ചു വരുന്നുണ്ട്. കാരണം വിളമ്പുന്നവരുടെ സങ്കോചമോ, പിശുക്കോ, ഔചിത്യക്കുറവോ, അഥവാ പരിഹാസമോ ഒന്നും നമ്മളെ വിഷമിപ്പിക്കില്ല. ഒരുക്കി നിരത്തി വെച്ചത് നമുക്ക് സ്വതന്ത്ര്യമായി പോയെടുക്കാം. എത്ര വട്ടം എടുത്താലും അതൊന്നും ആരും നോക്കി നില്‍ക്കുന്നുണ്ടാവില്ല. ഇതൊക്കെ യൗളളല േ രീതിയിലെ സ്വകാര്യവും സൗകര്യങ്ങളുമാണ്.
പക്ഷേ അങ്ങനെ കാണിക്കുന്ന ആവേശം എത്ര പെട്ടെന്നാണ് തിരിച്ചടി നല്‍കാറുള്ളതെന്ന് ആലോചിക്കൂ. നാം തന്നെ പോയി കൈയ്യിലെടുത്തു കൊണ്ടുവന്നത്, കാണുമ്പോഴേക്കും ഇത്ര വേണ്ടിയിരുന്നില്ലല്ലോ എന്നാവാം ആദ്യം തോന്നുക. കഴിച്ച് തുടങ്ങുമ്പോഴേക്കും ഏയ് ഇത് പോരാ എന്ന ചിന്ത ഉയരും. കൂടുതല്‍ എടുത്ത് വാരിവലിച്ചു കഴിച്ചാലോ വയറ് അസ്വസ്ഥമായി സന്തോഷം നശിപ്പിക്കും. അങ്ങനെ ആഹാര കാര്യത്തിലെ പ്രതീക്ഷ ആകെ തകിടം മറിയുന്നു.
അതുകൊണ്ട് നമുക്ക് ജീവിതത്തെ നീരീക്ഷിക്കാനുള്ള സാവകാശം കണ്ടെത്താം. ഓരോന്നും നേടിയെടുക്കാനുള്ള ആഗ്രഹത്തിന്റെ ആവേശവും സന്തോഷ പ്രതീക്ഷയും പ്രവൃത്തിക്ക് ഊര്‍ജ്ജം പകരുമെന്നത് ശരിയാണ്. പക്ഷേ ഫലപ്രാപ്തിയോടെ അതില്‍ പകുതി സന്തോഷം ചോര്‍ന്നുപോകുന്ന അവസ്ഥയില്ലേ?. ലോട്ടറി അടിക്കുന്നതുമായി ബന്ധപ്പെട് ഒരു വസ്തുത കേട്ടിട്ടുള്ളതാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്. കോടിക്കണക്കിന് രൂപ ലോട്ടറി അടിക്കും. പക്ഷേ കൈയ്യില്‍ കിട്ടുന്ന തുക വളരെ കുറവായിരിക്കുമത്രേ. നികുതികള്‍ കഴിച്ച് ശേഷിച്ചതേ ഭാഗ്യവാന് ലഭിക്കൂ. ഇതുപോലെയല്ലേ കര്‍മ്മഫലത്തിന്റെ കാര്യവും? കര്‍മഫലലാഭത്തിന്റെ നിര്‍വൃതി പകുതിയോളം ഉടന്‍ ചോര്‍ന്ന് പോകും. ശേഷിച്ചതാവട്ടെ അനുഭവിച്ചു കഴിയുമ്പോഴേക്കും നഷ്ടമാവുന്നു.
മനുഷ്യന്റെ ദുരവസ്ഥ ഈ നിലയില്‍ സങ്കീര്‍ണ്ണമാണ്. ഒരു വശത്ത് നേടാന്‍ വേണ്ടിയുള്ള ആഗ്രഹവും ആവേശവും അതിനു വേണ്ടിയുള്ള പ്രവൃത്തികളുംകൊണ്ട് സമ്പന്നമാണ്. മറുവശത്താകട്ടെ കര്‍മമേഖലയില്‍ പ്രവര്‍ത്തിച്ചതിനാല്‍ ഊര്‍ജ്ജം ചോര്‍ന്നു പോവുന്ന അവസ്ഥയുണ്ടെന്നതിനൊപ്പം മുന്നില്‍ മരണം എന്ന അനിവാര്യതയും തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നു. ഈ അവസ്ഥാപരിസരത്തില്‍ വിവേകമുണരണം. ഋഷീശ്വരന്മാര്‍ ഈ നാല്‍ക്കവലയില്‍ വെച്ചായിരിക്കണം വിവേകാനുസൃതം ആത്യന്തിക ജന്മലക്ഷ്യം ആലോചിച്ചുകണ്ടെത്തിയത്. നമുക്കും അവസരോചിതം ആത്യന്തികമായി വേണ്ടതെന്താണെന്ന വിഷയത്തില്‍ വ്യക്തത വരുത്താന്‍ ശ്രദ്ധിക്കാം. ഗുരുപരമ്പര ഇക്കാര്യത്തില്‍ അരുളിയ മാര്‍ഗ്ഗനിര്‍ദ്ദേശം സാദരം പരിഗണിക്കാം.
ജന്മഭൂമി: http://www.janmabhumidaily.com/news726119#ixzz4wTAUTH5c
No comments:
Post a Comment