Wednesday, October 04, 2017

ജീവനുകള്‍ അനേകം യോനികളില്‍ പലയാവര്‍ത്തി ജനിച്ചു ജീവിച്ചു മരിക്കുന്നു. കര്മ്മബന്ധം നശിച്ചാല്‍ മാത്രമേ ദേഹബന്ധം അവസാനിക്കൂ. തത്വജ്ഞാനികള്‍ കര്‍മ്മത്തെ ശുഭം, അശുഭം, മിശ്രം എന്നിങ്ങിനെ മൂന്നായി തിരിച്ചിട്ടുണ്ട്. ദേഹത്തിനുള്ള കര്‍മ്മബന്ധത്തെ സഞ്ചിതം, പ്രാരബ്ധം, വര്‍ത്തമാനം (ആഗാമികം) എന്നിങ്ങിനെയും തരം തിരിച്ചിരിക്കുന്നു. ബ്രഹ്മാവുമുതല്‍ എല്ലാം കര്‍മ്മാധീനമായാണ് വര്‍ത്തിക്കുന്നത്. സുഖദുഖാദികളും, ജരാനരകളും, മൃത്യുവും എല്ലാം കര്‍മ്മാനുസാരിയാണ്. കാമക്രോധാദികളും ദേഹത്തോട് ബന്ധപ്പെട്ടുതന്നെയിരിക്കുന്നു. അവ പ്രകടമാവുന്നത് പ്രാരാബ്ധപ്രേരിതമായാണ്. രാഗദ്വേഷാദിഭാവങ്ങള്‍ ഭൂമിയിലും ആകാശത്തും, നരനും ദേവനും അസുരനും, പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമെല്ലാം ബാധകമാണ്. പൂര്‍വ്വജന്മങ്ങളിലെ സ്നേഹവൈരങ്ങള്‍ ദേഹത്തോടോപ്പം ജനിക്കുന്നു. സൂര്യചന്ദ്രന്മാരുടെ ചലനമടക്കം  യാതൊന്നും കര്‍മ്മബന്ധമില്ലാതെ ഉണ്ടാവുന്നില്ല. രുദ്രന്‍ കപാലമേന്തുന്നതും അത് നിരന്തരമായ ഉല്‍പത്തി ചക്രത്തിന് നിദാനമാവുന്നതും കര്‍മ്മം മൂലമത്രേ. ചാക്രികചലനമെന്ന നിലയില്‍ വിശ്വം ശാശ്വതമായി നില്‍ക്കുന്നു എന്ന് പറയാം. നിത്യാനിത്യ വിചാരത്തില്‍ മുഴുകിക്കഴിയുന്ന മാമുനിമാര്‍ക്ക് പോലും അതിന്റെ പൊരുള്‍ അറിയാനായിട്ടില്ല. നിലനില്‍ക്കുന്നിടത്തോളം കാലം ‘നിത്യം’ ആണ് എന്നൊരു തോന്നല്‍ വിട്ടുപോവുകയില്ല. പ്രപഞ്ചം ഉണ്മയാണെന്ന തോന്നല്‍ ഉള്ളതിനാല്‍ ‘കാരണം നിലനില്‍ക്കുമ്പോള്‍ കാര്യം ഇല്ലെന്നെങ്ങിനെ പറയും?’ എന്നാണു വാദം. മായയാണല്ലോ എല്ലാറ്റിന്റെയും കാരണം. അതുകൊണ്ട് കര്‍മ്മമെന്ന ബീജം സത്യമാണെന്ന്, അത് ശാശ്വതമാണെന്ന് ചിന്തിക്കുന്നവര്‍ വിചാരിക്കുന്നു. നാനാ യോനിയില്‍ വന്നു പിറക്കാനുള്ള കാരണം കര്‍മ്മമാണെന്ന് പറഞ്ഞുവല്ലോ. എന്നാല്‍ എപ്പോഴാണോ ഈ കര്‍മ്മം (പ്രാരബ്ധം) നശിക്കുന്നത് അപ്പോള്‍ ജനനവും ഇല്ല.
devibhagavathamnithyaparayanam

No comments:

Post a Comment