Sunday, October 29, 2017

ഒച്ചയും ഉച്ചാരണവും

നാമെന്തെങ്കിലും പറയുമ്പോള്‍ ശബ്ദം എങ്ങനെയാണു പുറത്തുവരുന്നത്? ഉദാഹരണത്തിനു് “Look at the parrot”- “ലുക്കറ്റ് ദ് പാരറ്റ്‍” എന്നു പറയുമ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്ന ഭാഷ ഏതുമാവട്ടേ, അതെങ്ങിനെയാണു വിവിധതരം അക്ഷരങ്ങളായി പുറത്തുവരുന്നത് എന്നു നോക്കാം.

1. ലു > ല് + ഉ
ല് - ഈ ഒച്ച ഉണ്ടാവുന്നതെങ്ങനെ? നാവു പല്ലുകളുടെ പിന്‍ഭാഗത്തായി തൊടുന്നരീതിയില്‍ വെച്ച്, ഒച്ചയുണ്ടാക്കാനുദ്ദേശിച്ചുള്ളവായുപ്രവാഹത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി, വിട്ടയക്കുമ്പോഴാണു ല് എന്ന ഒച്ച വരുന്നത്.
ഉ - ശബ്ദത്തിനുള്ള വായുപ്രവാഹത്തെ ചുണ്ടുകള്‍കൊണ്ട് ക്രമപ്പെടുത്തിവിടുമ്പോഴാണു് ‘ഉ’ എന്ന സ്വരം ഉണ്ടാവുന്നത്.
2. ക്ക - ശബ്ദവായുവിന്ന് കണ്ഠത്തില്‍ ഒരുക്ഷണം തടസ്സം ഏര്‍പ്പെടുത്തി വിട്ടയക്കുമ്പോള്‍ ‘ക്’ എന്ന ഒച്ച വരും. ഈ ഒച്ച വരുന്നതിന്‍ തൊട്ടുമുന്‍പ്, ഒരുവട്ടം കൂടി അതാവര്‍ത്തിച്ചാല്‍ ക്ക് എന്ന ഒച്ചയാവും.

3 റ്റ്- നാവിന്റെ തുമ്പ് പല്ലുകള്‍ക്കു പിന്നില്‍ മുട്ടുന്നവിധത്തില്‍ വായുപ്രവാഹത്തില്‍ നിയന്ത്രണം വരുത്തിവിടുമ്പോഴാണ് റ്റ് എന്ന ശബ്ദമുണ്ടാവുന്നത്. ഈ അക്ഷരം സംസ്കൃതത്തില്‍ ഉപയോഗത്തിലില്ലാത്തതിനാല്‍ വര്‍ണ്ണമാലയില്‍ കാണില്ല.

ഭാഷയില്‍ ഉച്ചരിയ്ക്കപ്പെടുന്ന ശബ്ദങ്ങളെ വിശകലനം ചെയ്യുന്ന ഉച്ചാരണശാസ്ത്രശാഖയുടെ പേരാണു് ‘ശിക്ഷാശാസ്ത്ര‘ മെന്നത്. ഏറ്റവും പ്രാചീനം എന്നു കരുതപ്പെടുന്ന ഋഗ്വേദപ്രാതിശാഖ്യം ശിക്ഷാശാസ്ത്രത്തിന്റെ ഒരു പ്രമാണസ്ഥാനമാണു്. ഭാരതീയ ഉച്ചാരണശാസ്ത്രം അനുസരിച്ച് ഒച്ചകളുടെ ഉച്ചാരണത്തെപ്പറ്റി ഒന്നു വിലയിരുത്തുന്നു.

എന്തെങ്കിലും പറയണം എന്ന് തോന്നുമ്പോള്‍ ‍ ഒരാളുടെ പ്രാണവായു, മൂലാധാരത്തില്‍ (നാഭിയ്ക്കടുത്തുള്ള ഊര്‍ജ്ജകേന്ദ്രം എന്നു തല്‍ക്കാലം കരുതാം) സ്പന്ദനമുണ്ടാക്കുന്നു. അവിടെ നിന്നും ചലിച്ചുതുടങ്ങുന്നവായു ക്രമത്തില്‍മേലോട്ടു പ്രവഹിച്ച് ഹൃദയഭാഗത്തുകൂടെ കണ്ഠദേശത്തെത്തി വായിലൂടെ പുറത്തുകടക്കുന്നു. ഈ വായുപ്രവാഹത്തിന്ന് വായയില്‍‌വെച്ച്, (തൊണ്ട മുതല്‍ ചുണ്ടുവരെയുള്ള* വിവിധഭാഗങ്ങളില്‍) ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുമ്പോള്‍, മറ്റുള്ളവര്‍ക്കു കേള്‍ക്കാവുന്നതരത്തിലുള്ള അ-ഇ-ക-ച-ണ-തുടങ്ങി വിവിധങ്ങളായ ശബ്ദങ്ങളായി പരിണമിക്കുന്നു.

ഒരു ഓടക്കുഴലിന്റെ പ്രവര്‍ത്തനവുമായി ഇതിനെ താരതമ്യപ്പെടുത്താം. വെറുതേ ഒരു കുഴലില്‍ക്കൂടെ വായുകടത്തിവിട്ടാല്‍ ശബ്ദമുണ്ടാവില്ല. വായുപ്രവാഹത്തിന് അവിടവിടെ തടസ്സം നേരിടുകയും വീണ്ടും പ്രവഹിക്കുകയും ചെയ്യുമ്പോഴാണു ഒച്ചയുണ്ടാവുന്നത്. ഏതാണ്ടിതേ രീതിയില്‍, ശബ്ദപ്രവാഹത്തിനു കാരണമായ പ്രാണവായു- ഇതിനു ഉദാനന്‍** എന്നു പേരു്-മൂലാധാരത്തില്‍നിന്നും മേലോട്ട് പ്രവഹിച്ച് തൊണ്ടവഴി വായിലൂടെ പുറത്തുകടക്കുമ്പോള്‍ നാവുകൊണ്ടും മറ്റും ഉദാനവായുവിനു വിവിധസ്ഥാനങ്ങളില്‍ നിയന്ത്രണം വരുത്തുന്നതുകൊണ്ടാണു ആ വായുപ്രവാഹം വിവിധ ശബ്ദങ്ങളായി കേള്‍ക്കപ്പെടുന്നത്. ഉദാനവായു (ശബ്ദമുണ്ടാക്കാനുദ്ദേശിച്ചുള്ള വായുപ്രവാഹം) തൊണ്ടയില്‍ക്കൂടെ പ്രവഹിക്കുമ്പോള്‍ ഏറ്റവും അനായാസമായി- സ്വതന്ത്രമായി ഉച്ചരിക്കപ്പെടുന്ന ഒച്ച ‘അ’ ആണു്.


ഓടക്കുഴലിലെ പല തുളകളിലൂടെ വായുപ്രവാഹത്തെ നിയന്ത്രിച്ചു ശബ്ദവ്യത്യാസം വരുത്തുന്നതിനു സമാനമായി, വായില്‍ക്കൂടെ വരുന്നവായുപ്രവാഹത്തില്‍ വിവിധ സ്ഥാനങ്ങളിലാണു പ്രവാഹത്തിനെ ഒട്ടു തടസ്സപ്പെടുത്തി വീണ്ടും കടത്തിവിടുന്നത്.

വിവിധ സ്ഥാനങ്ങള്‍ ഇവയാണു്.

1. കണ്ഠം (തൊണ്ട)
2. താലു (വായയുടെ ഉള്ളിലെ കമാനം പോലെയുള്ള ഭാഗം)
3. മൂര്‍ദ്ധാ (താലുവിന്റെ നടുഭാഗം)
4. ദന്തം (പല്ല്)
5. ഓഷ്ഠങ്ങള്‍ (ചുണ്ടുകള്‍)


ഇനി നമുക്കൊന്ന് ഒച്ചയുണ്ടാക്കിനോക്കാം. വായുപ്രവാഹത്തിന്ന് കണ്ഠത്തില്‍ ത്തന്നെ ഒട്ടു തടസ്സം വരുത്തി വിടുക - ‘ക’ എന്ന ശബ്ദം കേള്‍ക്കാം. ഇനി ഇതേസ്ഥാനത്തുതന്നെ പ്രാണവായുവിന്റെ ശക്തി കൂട്ടി മഹാപ്രാണമാക്കിയാല്‍ ‘ഖ’ എന്ന ഒച്ച വരും. സ്ഥാനത്തിന്ന് ഒരു മാറ്റവും വരുത്താതെ ഒന്നു മൃദുവാക്കി വായുപ്രവാഹത്തെ കടത്തിവിട്ടാല്‍ ‘ഗ’ ആയി. ഈ മൃദുവില്‍ പ്രാണന്റെ അളവു കൂട്ടിയാല്‍ ‘ഘ’ ആയി. ഇതേ സ്ഥാനത്തുതന്നെ വായുപ്രവാഹത്തെ ഒട്ടു തടസ്സപ്പെടുത്തിവിടുമ്പോള്‍ മൂക്കിനെക്കൂടി കൂട്ടുപിടിച്ചാല്‍ ‘ങ’ എന്ന അനുനാസികം ആയി. ‘ഹ’ എന്ന ഒച്ചയും ഉച്ചരിയ്ക്കുമ്പോള്‍ കണ്ഠത്തില്‍ത്തന്നെ യാണു വായുപ്രവാഹത്തെ നിയന്ത്രിച്ചുവിടുന്നത്. ‘അ’ എന്ന സ്വരവും കണ്ഠത്തില്‍ ഉണ്ടാവുന്ന ഒച്ചയാണ്, സ്വരാക്ഷരങ്ങള്‍ ഉച്ചരിയ്ക്കുമ്പോള്‍ വായുപ്രവാഹത്തിനു തടസ്സം വരുത്തുന്നില്ല എന്നതാണു സ്വര***ത്തിന്റെ പ്രത്യേകത.

അതായത്, കണ്ഠത്തില്‍ നിയന്ത്രിച്ചുവിടുന്നവയാണ് ക, ഖ, ഗ, ഘ, ങ. ഹ എന്നിവ.
അകുഹവിസര്‍ജ്ജനീയാനാം കണ്ഠഃ എന്നു പ്രമാണം. അ, കവര്‍ഗ്ഗാക്ഷരങ്ങള്‍, ഹ, വിസര്‍ഗ്ഗം എന്നിവയുടെ ഉച്ചാരണത്തെ നിയന്ത്രിയ്ക്കുന്ന സ്ഥാനം തൊണ്ടയാണെന്നര്‍ത്ഥം.

ഏതുഭാഷ ഉച്ചരിക്കുന്നവരായാലും ഇതുതന്നെയാണു ഉച്ചാരണത്തിന്റെ രീതി.

വായുപ്രവാഹത്തെ താലുവില്‍ വെച്ചു നിയന്ത്രിച്ചുവിടുമ്പോള്‍ കേള്‍ക്കുന്ന ശബ്ദങ്ങളാണ്
-ച, ഛ, ജ, ഝ എന്നിവ. മൂക്കിന്റെകൂടി ഇടപെടല്‍ വരുമ്പോള്‍ ഞ. താലുവില്‍ തടസ്സമേല്‍പ്പിക്കാതെ, ചെറിയ നിയന്ത്രണത്തില്‍ ഉണ്ടാവുന്ന ശബ്ദമാണ് ‘ഇ’, യ എന്നിവ. ശ എന്ന ഒച്ചയുടേയും ഉദ്ഭവസ്ഥാനം താലുതന്നെ. വിസിലടിക്കുന്നപോലെ വായുപ്രവാഹത്തിനുള്ള സാധ്യത ശ എന്ന ഒച്ചയ്ക്കുണ്ട്.

താലു, പ്രധാനസ്ഥാനമായ ഒച്ചകള്‍ ഇങ്ങനെ സംഗ്രഹിയ്ക്കാം- ഇ, ചവര്‍ഗ്ഗം, യ, ശ (ഇ ചുയശാനാം താലുഃ)

മൂര്‍ദ്ധാവില്‍ വായുപ്രവാഹത്തിനു തടസ്സമോ നിയന്ത്രണമോ ഏര്‍പ്പെടുത്തി ഉണ്ടാക്കുന്ന ഒച്ചകളാണ്- ഋ, ട, ഠ, ഡ, ഢ, ണ, ര, ഷ എന്നിവ. (ഋടുരഷാണാം മൂര്‍ദ്ധാ)

ദന്തങ്ങളുടെ പുറകുവശം പ്രധാന ഉച്ചാരണകേന്ദ്രമായ ഒച്ചകള്‍- ഌ, ത, ഥ, ദ, ധ, ന, ല, സ (ഌതുലസാനാം ദന്താഃ)

ചുണ്ടുകള്‍ പ്രധാനനിയന്ത്രണസ്ഥാനമായ ഒച്ചകള്‍- ഉ, പ, ഫ, ബ, ഭ, മ.
മേല്‍‌വരിയിലെ പല്ലുകള്‍ കീഴ്‌ച്ചുണ്ടില്‍ തൊടുവിച്ച്, വായുപ്രവാഹത്തെ നിയന്ത്രിക്കുമ്പോഴാണു് വ എന്ന ഒച്ച വരുന്നത്. ‘വ’ മഹാപ്രാണമാക്കിയാല്‍ ‘ഫൈനല്‍’ എന്നതിലെ ‘ഫ’ എന്ന ഒച്ചയായി. ഈ വര്‍ണ്ണത്തിനു വേറൊരു ‘ലിപി’ ഉണ്ടാക്കാമായിരുന്നു. മലയാളികള്‍ ‘ഫ’ പുല്ലേ! എന്നതിലെ (ഫലം -ഫ്രൂട്ടിലെ ഫയല്ല ഫലത്തിലെ ഫ) പകാരത്തിന്റെ മഹാപ്രാണത്തെ സൂചിപ്പിക്കുന്ന ലിപിതന്നെയാണു ഫൈനല്‍/ഫൈറ്റ്/ ഫൈവ് ഇവയിലെ ‘വ’കാരമഹാപ്രാണത്തെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നത്.
******************************************************************************

*തൊണ്ടയില്‍നിന്നും മൂക്കിലേക്കും വായുവിനു പ്രവഹിക്കാം, അപ്പോള്‍ മൂക്കിനും സ്ഥാനമുണ്ട് ഉദാനവായുവിനെ നിയന്ത്രിച്ചുവിടുന്നതില്‍. മൂക്കിന്റെക്കൂടി സഹായത്തോടെ ഉച്ചരിക്കുന്ന വര്‍ണ്ണങ്ങളാണു അനുനാസികങ്ങള്‍.

** ജീവവായുവിന് സംസ്കൃതശാസ്ത്രഗ്രന്ഥങ്ങളില്‍ പറയുന്നപേരാണു് പ്രാണാഃ (പ്രാണങ്ങള്‍) എന്നു്. ഇത് ബഹുവചനമായേ പ്രയോഗമുള്ളൂ. ജീവവായു, ശരീരത്തില്‍ നിര്‍വഹിക്കുന്ന ദൌത്യമനുസരിച്ച് അഞ്ചു പേരുകളില്‍ അറിയപ്പെടുന്നുണ്ട്. പ്രാണന്‍, അപാനനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നിവയാണു് അഞ്ചുതരം പ്രാണങ്ങള്‍. ഇവയെ ഒരുമിച്ചു വ്യവഹരിക്കുന്നതിനാലാണു് പഞ്ചപ്രാണങ്ങള്‍ എന്ന അര്‍ഥത്തില്‍ ബഹുവചനമായി പ്രയോഗിക്കുന്നതു്. ശബ്ദോച്ചാരണത്തില്‍ ഇടപെടുന്ന വായു ഉദാനഃ (ഉദാനന്‍) എന്ന സാങ്കേതികനാമത്തില്‍ അറിയപ്പെടുന്നു.

***സ്വരഃ- സ്വയം രാജതേ ഇതി സ്വരഃ , സ്വതന്ത്രമായി ഉച്ചരിയ്ക്കപ്പെടുന്നതു സ്വരം. വ്യഞ്ജനത്തെ ഉപയോഗിയ്ക്കാന്‍ സ്വരത്തിന്റെ സഹായം വേണം.

No comments:

Post a Comment