ബ്രഹ്മത്തെയറിഞ്ഞ് ബ്രഹ്മമായി തീരുക
ഉപനിഷത്തിലൂടെ - 09
സാധകന്മാര്‍ക്കുള്ള ഉപദേശമാണ് കേനോപനിഷത്തില്‍ ഇനി. മന്ദ അധികാരികളായുള്ള സാധകര്‍ക്കായി ആദ്ധ്യാത്മികവും ആധിദൈവികവുമായ ഉപാസനയെ വിവരിക്കുന്നു. ഇടിമിന്നല്‍പോലെയുള്ളതും കണ്ണടച്ചുതുറക്കുംപോലെ പെട്ടെന്നുണ്ടായി മറയുന്നതുമാണ് ബ്രഹ്മത്തിന്റെ ആധി ദൈവികമായ ഉപദേശം.
മിന്നല്‍ ക്ഷണികമാണെങ്കിലും വലിയ പ്രകാശവും എല്ലാറ്റിനേയും പ്രകാശിപ്പിക്കുന്നതുമാണ്; ബ്രഹ്മം ദേവന്‍മാരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടതുപോലെ. അറിയും മുമ്പേ മറയുകയും ചെയ്തു. സര്‍വവ്യാപിയും സ്വയം പ്രകാശകവുമാണ് ബ്രഹ്മം എന്ന് അറിയണം. കണ്ണടച്ചുതുറക്കും പോലെ എന്നാല്‍ വളരെ എളുപ്പത്തില്‍ ലോകത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങളെ ചെയ്യുന്നു എന്നര്‍ത്ഥം. ഇവ രണ്ടും അധിദൈവതമായ (ആധി ദൈവികമായ) ഉപദേശമാണ്. മിന്നല്‍ പെട്ടെന്ന് എല്ലായിടത്തും ഒരേ സമയം പ്രകാശിക്കുന്നതു വളരെ പ്രകാശത്തോടുകൂടിയാണ്. യക്ഷരൂപത്തില്‍ ദേവന്‍മാര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട ബ്രഹ്മം ഇപ്രകാരമാണ്.
കണ്ണടച്ചതുപോലെയാണ് ബ്രഹ്മം ഇന്ദ്രന്‍ വന്നപ്പോള്‍ പെട്ടെന്ന് മറഞ്ഞത്. ദേവന്‍മാര്‍ക്കുപോലും അറിയാന്‍ ബുദ്ധിമുട്ടാണെന്ന് ഇത് സൂചിപ്പിക്കുന്നു. മിന്നല്‍ പോലെയുള്ള ജ്ഞാനശക്തിയോടും കണ്ണടയ്ക്കുന്നതുപോലെയുള്ള ക്രിയാശക്തിയോടും വേണം അധിദൈവത ഉപാസന.ഇനി അദ്ധ്യാത്മമായ ഉപദേശമാണ്. മനസ്സ് ബ്രഹ്മത്തിലേക്ക് പോകുന്നപോലെ ഇരിക്കുകയും അറിവുള്ളവര്‍ ബ്രഹ്മത്തെ അടുത്തിരിക്കുന്നതായി സ്മരിക്കുകയും സങ്കല്പ വികല്പങ്ങളെ ചെയ്യുകയും ചെയ്യുന്നു. അതുകൊണ്ട് മനസ്സിനും ഉള്ളില്‍ ഇരിക്കുന്നതായി ബ്രഹ്മത്തെ ഉപാസിക്കണം. ഞാന്‍ തന്നെ ബ്രഹ്മം എന്ന ഭാവനയോടെ ബ്രഹ്മോപാസന ചെയ്യണം.
ഇതിനെയാണ് ആദ്ധ്യാത്മികമായ ഉപാസന എന്നുപറയുന്നത്.മനസ്സുകൊണ്ട് എല്ലാ കാര്യങ്ങളെയും അറിയാം. പക്ഷേ മനസ്സിന് വിഷയമല്ലാത്തതിനാല്‍ ബ്രഹ്മത്തെ അറിയാനുമാകില്ല. അതുകൊണ്ടാണ് ചെയ്യുന്നതുപോലെ എന്ന് പറഞ്ഞത്. മനസ്സിന്റെ സങ്കല്പ, വികല്പ, സ്മരണകള്‍ക്കെല്ലാം പ്രേരകമായ ബ്രഹ്മത്തിനെയാണ് അറിയേണ്ടത്. ഉള്ളിലെ മനോഭാവനകളെകൊണ്ട് ബ്രഹ്മത്തെ ഉപാസിക്കണം. എല്ലാ മനോവൃത്തികളിലൂടെയും ബ്രഹ്മത്തെതന്നെ സാക്ഷാത്കരിക്കണം. മനസ്സിന്റെ മനസ്സായ ബ്രഹ്മംതന്നെയാണ് ആത്മാവ്. മനസ്സ് ആത്മ സമീപത്ത് ഇരിക്കുന്നതിനാല്‍ അറിവുള്ളവര്‍ അതിനെ സ്മരിക്കും.
സങ്കല്പാദികളിലൂടെ മനസ്സിനും ആത്മാവായ ബ്രഹ്മത്തെ ഉപാസിക്കണം. ബ്രഹ്മദര്‍ശനം ക്ഷണികമായി കിട്ടിയ ആളായാലും അയാളുടെ ഉള്ളില്‍ ബ്രഹ്മസ്മരണവും ഭാവനയും സങ്കല്പവും കൂടുതലായി ഉണ്ടാകും. തന്മൂലം എപ്പോഴും ഉപാസനയില്‍ മുഴുകാനും കഴിയും. താന്‍ തന്നെത്തന്നെ ഉപാസിക്കല്‍. ഇതാണ് അദ്ധ്യാത്മം. ആദ്ധ്യാത്മമായ ഉപാസനം ഏതുഗുണത്തോടുകൂടിവേണം.ബ്രഹ്മം വേദങ്ങളില്‍ ‘തദ്വനം’ എന്നപേരില്‍ പ്രസിദ്ധമാണ്. തദ്വനം എന്നാല്‍ എല്ലാ ജീവജാലങ്ങളുടെയും ആത്മായിരിക്കുന്നതും പൂജനീയമായതും എന്നാണ്. തദ്വനം എന്നപേരില്‍ ഉപാസിക്കണം. അങ്ങനെ ഉപാസിക്കുന്നയാളെ എല്ലാ ജീവജാലങ്ങളും ബ്രഹ്മത്തെപോലെ സ്‌നേഹിക്കും. ഇത് തദ്വത ഉപാസനയുടെ ഫലമാണ്.
ഗുണത്തെ അനുസരിച്ച് ബ്രഹ്മത്തിന് ‘തദ്വനം’ എന്ന് പേരുണ്ട്. തത്+വനം= തദ്‌വനം അഥവാ തദ്വനം. തദ്വനം എന്നാല്‍ ‘ആ വനം’ എന്നര്‍ത്ഥം. ‘വനം’ എന്നാല്‍ വനനം ചെയ്യേണ്ടത്. ‘ഭജിക്കേണ്ടത്’ എന്നറിയണം. പ്രത്യക്ഷമല്ലാത്ത, ഭജിക്കേണ്ടതായ വസ്തുവാണ് തദ്വനം. ഈഗുണത്തോടും പേരിലുമാണ് അദ്ധ്യാത്മമായ ബ്രഹ്മോപാസന നടത്തേണ്ടത്. ഇങ്ങനെ ഉപാസിക്കുന്നവരെ എല്ലാ ഭൂതജാലങ്ങളും സേവിക്കും. എല്ലാവര്‍ക്കും ആരാധ്യനായിത്തീരുന്ന ബ്രഹ്മോപാസകന്‍.ഇത്രയും കേട്ട ശിഷ്യന്‍ ഗുരുവിനോട് എനിക്ക് ഉപനിഷത്ത് ഉപദേശിച്ചുതരണേ എന്ന് ആവശ്യപ്പെട്ടു. ഉപനിഷത്തിനെ നിനക്ക് പറഞ്ഞുതന്നു. അത് ആത്മോപനിഷത്താണ്.
ഇനി വല്ലതും ഇതിന്റെകൂടെ അറിയാനുണ്ടോ എന്ന അര്‍ത്ഥത്തിലായിരിക്കാം ഈ ചോദ്യം. അല്ലെങ്കില്‍ ശിഷ്യന്‍ വെറും വിഡ്ഢിയാണെന്ന ധാരണ വരുമല്ലോ. ബ്രഹ്മവിദ്യാലാഭത്തിനുള്ള കാര്യങ്ങളെ ഇനി പറഞ്ഞുതരാം. ബ്രാഹ്മിയായ ഉപനിഷത്തിനെ കൂടി പറയാം എന്ന് ഗുരു ഉദ്ദേശിക്കുന്നു.ബ്രഹ്മവിദ്യയെ നേടാന്‍ എന്തൊക്കെ യോഗ്യത വേണം-ബ്രഹ്മവിദ്യയ്ക്ക് ആശ്രയമായിരിക്കുന്നത് തപസ്സും ദമവും കര്‍മ്മങ്ങളുമാണ്. ഈ അടിസ്ഥാനമുണ്ടെങ്കിലേ ബ്രഹ്മവിദ്യ ഉറപ്പുള്ളതാകൂ. ബ്രഹ്മചര്യം മുതലായവയാണ് തപസ്സ്, ഇന്ദ്രിയ നിയന്ത്രണമാണ് ദമം. അഗ്നിഹോത്രാദിയാണ് കര്‍മ്മങ്ങള്‍. ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ് എന്നിവയെ വേണ്ടപോലെ അടക്കി നിഷ്‌കാമകര്‍മ്മം ചെയ്ത് ചിത്തശുദ്ധി നേടണം. എങ്കിലേ ബ്രഹ്മവിദ്യയെ നേടാനാകൂ.
വേദങ്ങളും വേദാംഗങ്ങളുമാണ് ബ്രഹ്മവിദ്യയുടെ അവയവങ്ങള്‍. ഇവയില്‍ ബ്രഹ്മവിദ്യയെ വിവരിച്ചിരിക്കുന്നു. സത്യമാണ് ഇരിപ്പിടം. തനിക്കും മറ്റുള്ളവര്‍ക്കും ഉപദ്രവകരമല്ലാത്തവിധത്തില്‍ ഉള്ളത് പറയുന്നതാണ് സത്യം. അത് മാറ്റമില്ലാത്തതാണ്. സ്വയം നിയന്ത്രണം നേടിവരും ഉള്ളം തെളിഞ്ഞവരുമാണ് ബ്രഹ്മവിദ്യക്ക് അര്‍ഹര്‍. അവര്‍ വേദവേദാംഗങ്ങളില്‍നിന്ന് ആത്മതത്വത്തെ അറിയണം. അങ്ങനെയുള്ളവര്‍ക്ക് ആ പരമസത്യത്തെ അനുഭവമാകും.ഇപ്രകാരം ആരാണോ ബ്രഹ്മോപനിഷത്തിനെ വേണ്ടവിധത്തില്‍ അറിഞ്ഞ് അനുഷ്ഠിക്കുന്നത് അയാള്‍ പുണ്യപാപങ്ങള്‍ ക്ഷയിച്ച് അവസാനമില്ലാത്തതും എല്ലാറ്റിനേക്കാളും ശ്രേഷ്ഠവും ദുഃഖമില്ലാത്തതും പരമാനന്ദകരവുമായ ലോകത്ത് സ്ഥിരപ്രതിഷ്ഠയെനേടും.
അനന്തേ സ്വര്‍ഗ്ഗേ ലോകേ എന്നതുകൊണ്ട് അത് സാധാരണ സ്വര്‍ഗമല്ല (ദേവലോകമല്ല) എന്ന് മനസ്സിലാക്കണം. പരബ്രഹ്മത്തില്‍ എത്തുന്നു, അവിടെ പ്രതിഷ്ഠിതനാകുന്നു. ബ്രഹ്മത്തെ അറിഞ്ഞ് ബ്രഹ്മമായിത്തീരുന്നു. തിരിച്ചുവരവില്ല. ആ ഉറപ്പിനെ കാണിക്കാന്‍ പ്രതിതിഷ്ഠതി എന്ന് രണ്ടുതവണ പറഞ്ഞിരിക്കുന്നു. നാം ഓരോരുത്തരും അങ്ങനെ ആ ബ്രഹ്മാനന്ദം അനുഭവിക്കാന്‍ ഇടയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
No comments:
Post a Comment