Thursday, November 30, 2017

*ഭാഗവത വിചാരം*
*പുംസോഽയം സംസൃതേർഹേതുഃ*
*അസന്തോഷോഽർത്ഥകാമയോഃ*
*യദൃച്ഛയോപപന്നേന*
*സന്തോഷോ മുക്തയേ സ്മൃതഃ*
(8.19.25)
നേടിയ ധനത്തിലും അനുഭവിക്കുന്ന വിഷയ സുഖങളിലും തൃപ്തിയില്ലാതെ, അതിലെല്ലാം ആസക്തി വെച്ചുകൊണ്ട്, ഇരിക്കുന്നതു തന്നെയാണ് ജീവന് ജനിമൃതി സംസാര ബന്ധത്തിനു കാരണമായി ഭവിക്കുന്നത്.
വയസ്സ് കൂടിവരുന്നതോടൊപ്പം വാസ്തവത്തിൽ വാസനാക്ഷയവും ഉണ്ടാകേണ്ടതാണ്. പക്ഷേ അധികവും ജനങ്ങളിൽ കണ്ടു വരുന്നത് വാസനകൾ കൂടി കൂടി വരുന്നതായിട്ടാണ്. ഒരു ഭാഗത്ത് ശരീരക്ഷയം നടക്കുന്നു എങ്കിൽ മറുഭാഗത്ത് വാസനകൾ കൂടിവരുന്നു. പ്രാരാബ്ധവശാൽ ലഭിച്ച ശരീരം ഈ ജന്മ പ്രാരാബ്ധങൾ കെട്ടടങുമ്പോൾ പതിക്കുന്നു പക്ഷെ വാസനകൾ നശിക്കാത്തതാൽ അവയെ അനുഭവിക്കാനായി വീണ്ടും ശരീരമെടുത്ത് ജനിക്കേണ്ടി വരുന്നു. ഇതാണ് പുനർജ്ജന്മ സിദ്ധാന്തം. അങ്ങനെ ജന്മമെടുക്കുന്ന ജീവൻ വീണ്ടും ഇത് തന്നെ ആവർത്തിക്കുന്നു. ഇതിനെയാണ് ശങ്കരാചാര്യ സ്വാമികൾ ഭജഗോവിന്ദത്തിൽ പറഞ്ഞത്, പുനരപി ജനനം പുനരപി മരണം എന്ന്.
അതു കൊണ്ടു ഭഗവാൻ ഇവിടെ പറയുന്നു *യദൃച്ഛയോപപന്നേന*, യദൃച്ചയായി കിട്ടിയതിൽ ആരാണോ സംതൃപ്തനാകുന്നത് അവൻ ഈ സംസാര ബന്ധനത്തിൽ നിന്ന് മുക്തനായി ഭവിക്കുന്നു എന്ന് ജ്ഞാനികൾ പറയുന്നു.
ആയതിനാൽ കിട്ടിയതിൽ സന്തോഷമുള്ളവന്റെ തേജസ്സ് വർദ്ധിക്കുമ്പോൾ, ആസക്തന്റെ തേജസ്സ്, ജലത്താൽ അഗ്നിയെന്നപോലെ, നശിക്കുന്നു.

No comments:

Post a Comment