Wednesday, November 01, 2017


ഗുരുവക്ത്രേസ്ഥിതാ വിദ്യാ ഗുരുഭക്ത്യാചലഭ്യതേ
ത്രൈലോക്യസ്പൂടവക്താരോ ദേവര്‍ഷി പിത്ര്‌മാനവാ:
ബ്രഹ്മവിദ്യ ഗുരുമുഖത്ത്‍ സ്ഥിരമായിരിക്കുന്നു. അത്‍ ഗുരുവിലുള്ള അമിതമായ ഭക്തിയാല്‍ ലഭ്യമാകും. അല്ലാതെ വേറൊരു വിധത്തില്‍ ലഭിയ്ക്കുന്നതല്ലെന്ന്‌ ബ്രഹ്മാവ്‌ സ്പഷ്ടമായി പറയുന്നു.
ശാസ്ത്രം കര്‍മ്മകാണ്ഡമെന്നും ജ്ഞാനകാണ്ഡമെന്നും രണ്ടുണ്ട്‍. കര്‍മ്മകാണ്ഡപരമായ പ്രവ്ര്‌ത്തികള്‍ അശുചി/അശുദ്ധിയുള്ള സമയത്ത്‍ ആചരിയ്ക്കരുതെന്ന്‍ നിഷേധമുണ്ട്‍. ബ്രഹ്മധ്യാനത്തിന്‌ അത്തരത്തിലൊരു നിഷേധമില്ല. സ്വന്തം സ്വരൂപത്തെ അനുസന്ധാനം ചെയ്യുക അഥവാ ആത്മവിചാരം ചെയ്യുക എന്നത്‍ ജ്ഞാനകാണ്ഡമാകുന്നു. പരമാത്മാവ്‌ സര്‍വ്വദാ തന്റെതന്നെ ഹ്ര്‌ദയത്തില്‍ ഇരിക്കുന്നു. അത്‍ അഖണ്ഡം, സര്‍വ്വവ്യാപി, സര്‍വ്വത്ര ശുദ്ധമായിരിക്കുന്നു. നിജസ്വരൂപം അറിഞ്ഞവര്‍ക്ക്‍ കര്‍മ്മകാണ്ഡപ്രചോദിതങ്ങളായ സകലതും വ്യര്‍ത്ഥവുമാണ്‌. ആത്മാവ്‍ ഏത്‍ സമയത്തും ഏത്‍ കാലത്തും തന്നില്‍ത്തന്നെ ഇരിയ്ക്കുന്നതുകൊണ്ട്‍ ആത്മചിന്തനത്തിന്‌ കാലദേശാദി ഖണ്ഡനങ്ങള്‍ ബാധകമല്ല. ബ്രഹ്മവിദ്യയുടെ സ്ഥാനംതന്നെ ഗുരുവക്ത്രത്തിലാണ്‌. ഗുരുവക്ത്രത്തില്‍നിന്നുതിരുന്ന ശബ്ദങ്ങളും ഗുരുവിന്റെ ഹ്ര്‌ദയത്തില്‍നിന്ന്‍ നിര്‍ഗ്ഗളിയ്ക്കുന്ന ശുഭസങ്കല്പങ്ങളുംകൊണ്ട്‍ മാത്രമേ സാധകന്‌ ആത്മസ്വരൂപം പൂര്‍ണ്ണമായി തെളിഞ്ഞുകിട്ടുകയുള്ളു. അതല്ലാതെ ആരും ഇന്നേവരെ ഇവിടെ ആത്മവിദ്യ നേടിയതായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല. പ്രഗത്ഭമായ വാണീവിലാസംകൊണ്ട്‍ അന്യരെ വശഗതരാക്കാന്‍ സാധിച്ചേയ്ക്കും പക്ഷെ ഹ്ര്‌ദയത്തില്‍ ആത്മചൈതന്യം വിളങ്ങില്ല. ഗുരുഭക്തിയൊന്നുകൊണ്ടുമാത്രം ലഭിയ്ക്കുന്നതാണ്‌ ബ്രഹ്മജ്ഞാനം. പരിപൂര്‍ണ്ണമായി നിഷ്കളങ്കവും നിഷ്കപടതയും ഗുരുവിങ്കല്‍ അടിയുറച്ച വിശ്വാസവുമുള്ള ജീവനുമാത്രമേ ബ്രഹ്മവിദ്യാപ്രാപ്തി ഉണ്ടാവൂ. അത്തരം അധികാരിയായ ശിഷ്യന്‍ ഗുരുസമീപം എത്തിപ്പെട്ടാല്‍, ജ്ഞാനമാകുന്ന ഗംഗാധാര ഇടതടവില്ലാതെ ഒഴുകാന്‍ തുടങ്ങും. തന്റെ പരിപൂര്‍ണ്ണ അനുഗ്രഹം ഗുരു ശിഷ്യനില്‍ ചൊരിയുന്നു. ചൊരിയുന്നു എന്ന്‍ പറയുമ്പോള്‍ കുറച്ച്‍ ഒഴിച്ചുകൊടുക്കുന്നു എന്നല്ല അര്‍ത്ഥം. ആ പ്രവാഹത്തിനെ തടുക്കാന്‍ ഗുരുതന്നെ അസമര്‍ത്ഥനായിത്തീരുന്ന അവസ്ഥയാണത്‍. അത്‍ പരമേശ്വരകാരുണ്യമാണ്‌. ഗുരുവിനെ അന്വേഷിച്ച്‍ കണ്ടെത്താന്‍ പറ്റില്ല. ഗുരുവിനെ അന്വേഷിച്ച്‍ കണ്ടെത്താനുള്ള ദ്ര്‌ഷ്ടി മനുഷ്യനില്ല. ബാഹ്യചക്ഷുസ്സുകൊണ്ട്‍ അറിയപ്പെടേണ്ടതല്ല ആ തത്ത്വം. സാധകന്റെ മനസ്സ്‍ ഗുരുവിനുവേണ്ടി അത്യന്തം തപിയ്ക്കുമ്പോള്‍, സാധകന്റെ അരികിലേയ്ക്ക്‍ ഗുരുതത്ത്വത്തെ പ്രക്ര്‌തീശ്വരി എത്തിയ്ക്കുന്നു. സാധകന്റെ ഹ്ര്‌ദയം ഗുരുസാമീപ്യത്തിനായി തുടിയ്ക്കുമ്പോള്‍ ഗുരു വന്നെത്തുന്നു. പുതുമഴ പെയ്യാറായാല്‍ കുയിലിനോട് പറയണ്ട ആവശ്യമില്ല. മഴയ്ക്ക്‍ മുമ്പെ കുയിലെത്തും. കാര്‍മേഘം ഉരുണ്ടുകൂടുമ്പോള്‍ മയിലിന്‌ , ഇതാ മേഘം കറുത്തിരുണ്ടിരിക്കുന്നു, നീ വേഗം വാ, ന്ര്‌ത്തം തുടങ്ങിക്കോ എന്ന്‍ പറയേണ്ട ആവശ്യമില്ല. മയില്‌ ന്ര്‌ത്തംവെയ്ക്കാന്‍ തുടങ്ങും. സാധകന്റെ ഹ്ര്‌ദയത്തുടിപ്പ്‍ പ്രക്ര്‌തീശ്വരി അറിയുന്നു. അവിടുന്ന്‍ ഉത്തമനായ ഒരു ഗുരുവിനെ പറഞ്ഞുവിടും. പുരുഷാര്‍ത്ഥം പ്രതീക്ഷ പ്രാകട്യം ഇതാണ്‌ ചുവട്‌. ഗുരുസാമീപ്യത്തോടെ സാധകന്‍ സാധകന്റെ നിലയില്‍നിന്നും മാറി ശിഷ്യനാകുന്നു, സത്യത്തെ തിരിച്ചറിയുന്നു, ബ്രഹ്മജ്ഞനാകുന്നു.
ഗുരു അത്യാവശ്യമാണോ, ഗുരുവിന്‌ എന്താ പ്രാധാന്യം ഗുരു ഈശ്വരതുല്യമാണോ ഗുരുവിനെ അന്ധമായി വിശ്വസിയ്ക്കണോ ഇത്യാദി വിഢംബനങ്ങളൊന്നും അധ്യാത്മസാധനയില്‍ ഇല്ല. അതൊക്കെ , ഗുരുവും അധ്യാത്മവും ഒന്നും ആവശ്യമില്ലാത്തവര്‍ക്കുള്ളതാണ്‌....rajeev kunnekkat

No comments:

Post a Comment