കൃഷ്ണ യജുര്‍വേദത്തിന്റെ കഠശാഖയില്‍ വരുന്നതാണ് കഠോപനിഷത്ത്. കഠക ഉപനിഷത്ത്, കഥോപനിഷത്ത് എന്നിങ്ങനെയും പേരുകളുണ്ട്. അച്ഛന്റെ വാക്കനുസരിച്ച് യമ ലോകത്തെത്തിയ നചികേതസ്സ് എന്ന കുട്ടിയും യമധര്‍മദേവനും തമ്മില്‍ നടന്ന സംവാദമാണ് കഠോപനിഷത്തില്‍. രണ്ട് അധ്യായങ്ങളിലായി ആറു വല്ലികളായാണ് കഠോപനിഷത്തിനെ ക്രമീകരിച്ചിരിക്കുന്നത്. വളരെ പ്രധാനപ്പെട്ട ഉപനിഷത്തായാണ് കഠത്തെ കണക്കാക്കുന്നത്.
ശാന്തിമന്ത്രംഓം സഹനാവവതു സഹനൗഭുനക്തുസഹവീര്യം കരവാവഹൈതേജസ്വിനാവധീതമസ്തു മാ വിദ്വിഷാവഹൈഓം ശാന്തിഃ ശാന്തിഃ ശാന്തിഃശാന്തിമന്ത്രങ്ങളില്‍ ഒരുപക്ഷേ കൂടുതല്‍ തവണ ഉപയോഗിക്കുന്നത് ഈ മന്ത്രമാകാം. പഠനം ആരംഭിക്കുന്നതിനു മുമ്പും ശുഭകാര്യങ്ങള്‍ക്കു മുമ്പും സഹനാവവതു… ചൊല്ലുന്നത് സാധാരണമാണ്.
നമ്മള്‍ രണ്ടുപേരെയും ഒരുമിച്ച് ഈശ്വരന്‍ രക്ഷിക്കട്ടെ. ആ ഈശ്വരതത്ത്വം നമുക്ക് അനുഭവമാകട്ടെ. അതനുസരിച്ച് നന്നായി പ്രവര്‍ത്തിക്കാനാകട്ടെ. അങ്ങനെ നമ്മള്‍ തേജസ്വികളാകട്ടെ നമുക്ക് തമ്മില്‍ വിദ്വേഷം ഉണ്ടാകാതിരിക്കട്ടെ. ആധി ദൈവികവും ആധി ഭൗതികവുമായ ആധ്യാത്മികവുമായ ശാന്തിയുണ്ടാകട്ടെ.’ഓം’ എന്നത് ബ്രഹ്മത്തെ സൂചിപ്പിക്കുന്നു.
ആധ്യാത്മികപഠനത്തിനുമുമ്പേ അഥവാ ഉപനിഷത്ത് പഠിക്കും മുമ്പ് ഈ ശാന്തിമന്ത്രം ഗുരുവും ശിഷ്യരും ഒരുമിച്ചുചൊല്ലുക എന്നത് പണ്ടുമുതലെ തുടര്‍ന്നുവരുന്ന രീതിയാണ്. ഓങ്കാര സ്വരൂപനായ ഈശ്വരന്‍ ഗുരുവിനെയും ശിഷ്യരെയും ഒരുമിച്ച് രക്ഷിച്ചുകൊണ്ട് പഠനത്തിനെ കേമമാക്കട്ടെയെന്നാണ് ‘സഹ നൗ അവതു’ എന്ന ആദ്യഭാഗം (സഹ= ഒരുമിച്ച്, നൗ= നമ്മള്‍ രണ്ടുപേരെ, അവതു= രക്ഷിക്കട്ടെ). ആ ഈശ്വരതത്ത്വം നമുക്ക് അനുഭവമാകട്ടെ. അതുനമ്മെ പോഷിപ്പിച്ച് വീര്യത്തോടെ പ്രവര്‍ത്തിച്ച് നമ്മെ തേജസ്വികളാക്കട്ടെ. നമ്മള്‍ തമ്മില്‍ വിരോധം ഉണ്ടാകാതിരിക്കട്ടെ. അധ്യയനം നന്നായി നടക്കട്ടെയെന്നുമാണ് പ്രാര്‍ഥന. താപത്രയങ്ങളുടെ ശമനത്തിനായി മൂന്നുതവണ ശാന്തിയെയും ചൊല്ലുന്നു.എത്ര മനോഹരമായാണ് ഗുരുശിഷ്യന്മാരുടെ ശാന്തിമന്ത്ര പ്രാര്‍ഥന ഉപനിഷത്തില്‍ കൊടുത്തിരിക്കുന്നത്.
പഠനത്തിനുമുമ്പ് ഇതിനെക്കാള്‍ മികച്ചതായ മറ്റൊരു പ്രാര്‍ഥനയുണ്ടോ എന്നത് സംശയമാണ്. പരമസത്യത്തെ അറിയലും അനുഭവമാകലും അതുപ്രകാരമുള്ള ജീവിതവുമാണ് നമുക്ക് വേണ്ടത്. അതിന് തടസ്സമായതൊക്കെ നീങ്ങണം.
ജന്മഭൂമി: http://www.janmabhumidaily.com/news744522#ixzz4zlsLaimk
No comments:
Post a Comment