Sunday, November 19, 2017

‘ഇന്നിപ്പോള്‍ അവതാരകഥയല്ലേ!’ മുത്തശ്ശി ഓര്‍മിച്ചെടുത്തു.
‘അതു നന്നായി’- മുത്തശ്ശന്‍ തുടര്‍ന്നു: ‘കൗസല്യാ നന്ദനനെ ദര്‍ശിച്ചുപോന്ന ദിനം തന്നെ ദേവകീനന്ദനനേയും മനോമുകുരത്തില്‍ ദര്‍ശിക്കാനാവുമല്ലോ- ഗാഥയില്‍ തുടങ്ങാം’- മുത്തശ്ശി ചൊല്ലാന്‍ തുടങ്ങി-
ഗര്‍ഭിണിയായൊരു ദേവകി തന്നുടെ
അത്ഭുതകാന്തിയെക്കണ്ടു കംസന്‍
തന്നിലേ നണ്ണിനാന്‍ എന്നുടെ കാലനായ്
വന്നവനിന്നിവനെന്നു തന്നെ
പെറ്റങ്ങു വീഴുമ്പോള്‍ തെറ്റെന്നു ചെന്നു ഞാന്‍
പറ്റാതൊന്നാകിലും പാര്‍ത്തിടാതെ
കൊന്നങ്ങു വീഴ്ത്തിനാലൊന്നിനും ബാധയി-
ല്ലെന്നതേ ചിന്തിച്ചാന്‍ നല്ലതുള്ളൂ
ഇങ്ങനെ നണ്ണിയൊരന്ധകനായകന്‍
തന്നുടെ ദാസരായുള്ളവരെ
കാവലുമാക്കിത്തന്മന്ദിരം പൂകിനാന്‍
ആവിലമായുള്ളോരുള്ളവുമായ്
മുത്തശ്ശന്‍ തുടര്‍ന്നു: ‘അവതാരത്തിനു കാലമായി. എങ്ങനെ ആ ദിനം വന്നുചേര്‍ന്നു. രോഹിണി നക്ഷത്രം അതി ശാന്തങ്ങളായ അശ്വിനാദി നക്ഷത്രങ്ങളോടും സൂര്യാദി ഗ്രഹങ്ങളോടും അന്യോന്യം അനുകൂലാവസ്ഥ പൂണ്ടു. ദിക്കുകള്‍ പ്രസന്നങ്ങളായി. ആകാശത്തില്‍ നിര്‍മല നക്ഷത്രങ്ങളുദിച്ചു. സരസ്സുകളില്‍ താമരകള്‍ വിടര്‍ന്നു- നദ്യഃപ്രസന്നസലിലാ ഹ്രദാ ജലരുഹശ്രിയഃ’
‘അതെങ്ങനെ?’ മുത്തശ്ശി തിരക്കി: ‘രാത്രിയെന്നല്ലേ പറഞ്ഞത്? അന്നേരം താമര വിടരുമോ?’
‘സാധാരണയായി രാത്രി താമര വിടരാറില്ല. പക്ഷേ അന്നത്തെ രാത്രി സാധാരണ രാത്രിയായിരുന്നില്ലല്ലോ. ഭഗവാന്‍ അവതരിക്കാന്‍ പോവുന്ന ആ രാത്രിയില്‍ വിടര്‍ന്നില്ലെങ്കില്‍, പിന്നെ ഞാനെന്തിനു പകല്‍ വിടരണം-എന്നു ഓരോ താമരയും നിരീച്ചു കാണണം’-
ഇങ്ങനെയോരോരോ നന്മകള്‍ പിന്നേയും
മംഗലഹേതുക്കളായി വന്നു.
കാത്തുനിന്നീടുന്ന കംസനിയോഗികള്‍
ചീര്‍ത്തൊരു നിദ്രയെപ്പൂണ്ടാരപ്പോള്‍
പാവനയായൊരു ദേവകീ ദേവിക്ക്
നോവുതുടങ്ങീതു മെല്ലെ മെല്ലെ
ചീര്‍ത്തുനിന്നീടുന്നോരീറ്റുനോവാണ്ടവള്‍
ആര്‍ത്തയായേറ്റവും മേവുന്നേരം
ഇന്ദ്രദിഗംഗനാ ചന്ദ്രനായുള്ളൊരു
നന്ദനന്തന്നെയും പെറ്റാളപ്പോള്‍
‘ഭാഗവതത്തില്‍ പറയുന്നത് ഇങ്ങനെ-
നിശീഥേ തമ ഉദ്ഭൂതേ ജായമാനേ ജനാര്‍ദതേ
ദേവക്യാം ദേവരൂപിണ്യാം വിഷ്ണുഃ സര്‍വഗുഹാശയഃ
ആവിരാസീദൃഥാ പ്രാച്യാം ദിശീന്ദുരിവ പുഷ്‌കലഃ
വ്യാസകല്‍പനയ്‌ക്കൊത്തു നില്‍ക്കുന്നുണ്ട് ഗാഥാകാരന്റെ ഭാവന, അല്ലേ?’
‘ശരിയാണ്’- മുത്തശ്ശി തലകുലുക്കി.
‘ഗര്‍ഗാചാര്യന്‍ ആ കഥാസന്ദര്‍ഭത്തെ വിവരിക്കുന്നതിങ്ങനെ: സന്ധ്യമയങ്ങിയപ്പോഴേക്കും ചുറ്റുപാടില്‍ കൂരിരുട്ട് അരങ്ങേറ്റം നടത്തി. സന്ധ്യമുതല്‍ക്കേ ദേവകിയില്‍ ക്ഷീണം വര്‍ധിക്കാന്‍ തുടങ്ങി. അവള്‍ കിടക്കുകതന്നെയായിരുന്നു. വസുദേവര്‍ അരികെത്തന്നെയിരുന്നു. കോരിച്ചൊരിയാന്‍ തുടങ്ങിയ മഴയും ചീറിയടിക്കുന്ന കാറ്റും കണ്ണഞ്ചിക്കുന്ന മിന്നലും കാതടച്ചു കളയുന്ന ഇടിനാദവും ചുറ്റുപാടിനു ഭീകരമുഖം സമ്മാനിച്ചു. പെട്ടെന്ന് ആയിരം സൂര്യന്മാര്‍ ഒന്നിച്ചുദിച്ചപോലുള്ള ഒരു മിന്നല്‍ നിലത്തിറങ്ങി. കണ്ണിന് ആ വെളിച്ചം ഉള്‍ക്കൊള്ളാനായില്ല. ഇറുകെ പൂട്ടി. അപ്പോഴാണ് ഇടിമുഴക്കം. ഭൂമി കുലുങ്ങി. ദേവകി ഞെട്ടിപ്പിടഞ്ഞെണീറ്റു; ഇരുമ്പ് കാന്തത്തെയെന്നപോലെ അവള്‍ വസുദേവരെ വാരിപ്പിടിച്ചു.
‘എന്തേ? എന്തുപറ്റി?’ പേടി തട്ടിക്കളയുംമട്ടില്‍ വസുദേവര്‍ അവളുടെ പുറത്തുതട്ടി ആശ്വസിപ്പിക്കാനെന്നപോലെ. അവള്‍ വസുദേവരുടെ പിടിയില്‍ തളര്‍ന്നമരുകയായിരുന്നു. കണ്ണിറുകെ പൂട്ടി; പല്ലിറുമ്മി. പിന്നെ, മെല്ലെ കണ്ണു തുറന്നു. ഗദ്ഗദം പുരണ്ട ശബ്ദത്തില്‍ മൊഴിഞ്ഞു: ‘ആര്യപുത്രാ! അവിടുന്ന് എഴുന്നള്ളുന്നു’-
വസുദേവര്‍ അവളെ താങ്ങിക്കിടത്തി. അന്നേരം ജ്യോതിര്‍ഗണങ്ങള്‍ തെളിഞ്ഞു. അഭിജിത്ത് ഉദിച്ചു. ആ ശുഭമുഹൂര്‍ത്തത്തില്‍, അരണിയില്‍ നിന്ന് അഗ്നി കണക്കേ, അവിടുന്ന് അവതരിച്ചു.
മംഗലം നല്‍കുവാന്‍ മാലോകര്‍ക്കായിക്കൊ
ണ്ടിങ്ങനെ പോന്നു പിറന്നനേരം
വിസ്മിതനായുള്ളോരാനക ദുന്ദുഭി
വിഷ്ണുവെന്നിങ്ങനെനണ്ണി നേരെ
കേവലന്തന്നെത്തന്‍ പുത്രനായ്ക്കണ്ടൊരു
ദേവകീദേവിയുമവ്വണ്ണമേ
ഉത്തമമായൊരു ഭക്തിയെപ്പൂണ്ടവര്‍
ചിത്തം തെളിഞ്ഞു പുകണ്ണനേരം
നാഥനായുള്ളവന്‍ പ്രീതനായ് ചൊല്ലിനാന്‍
താതനോടായിട്ടും മാതാവോടും
പണ്ടുമിന്നിങ്ങള്‍ക്കു സൂനുവായ് മേവിനാന്‍
രണ്ടു ജന്മങ്ങളിങ്ങനെ ഞാന്‍-
ഭാഗവതത്തില്‍ ആ കഥ വിശദമാക്കുന്നതിങ്ങനെ:
ത്വമേവപൂര്‍വസര്‍ഗേളഭുഃ പൃശ്‌നിഃ സ്വായംഭൂവേ സതി
തദാളയം സുതപാ നാമ പ്രജാപതിരകല്മഷഃ
അതായത്, സ്വായംഭുവ മന്വന്തരത്തില്‍ സുതപസ്സ് എന്ന പ്രജാപതിയായും പത്‌നി പൃശ്‌നിയായും നിങ്ങള്‍ ജനിച്ചു; നിങ്ങളുടെ മകന്‍ പൃശ്‌നി ഗര്‍ഭനായി ഞാന്‍ അവതാരം കൊണ്ടു. എന്നെ വെറും പുത്രഭാവത്തിലാണ് നിങ്ങള്‍ കണ്ടത്; അതിനാല്‍ നിങ്ങള്‍ക്ക് മുക്തി ലഭിച്ചില്ല. പിന്നത്തെ ജന്മത്തില്‍ അങ്ങ് കശ്യപ പ്രജാപതിയായും അമ്മ അദിതിയായും ജനിച്ചു; ആ ജന്മത്തില്‍ ഞാന്‍ നിങ്ങള്‍ക്ക് വാമനനായി പിറന്നു. പ്രസ്തുത ജന്മത്തിലും നിങ്ങള്‍ മുക്തരായില്ല. ഇപ്പോള്‍, വസുദേവരും ദേവകിയുമായി ജനിച്ച നിങ്ങള്‍ക്ക് മുക്തി നല്‍കാന്‍ വേണ്ടിയാണ് ഞാന്‍ അവതരിച്ചിരിക്കുന്നത്. നിങ്ങളില്‍ പൂര്‍വജന്മസ്മരണ ഉണര്‍ത്താനും അചിരേണ മുക്തി നല്‍കാനുമാണ് ഞാന്‍ എന്റെ രൂപം പ്രദര്‍ശിപ്പിച്ചത്.
‘ഗാഥയില്‍ ഇങ്ങനെയല്ലേ?’ മുത്തശ്ശിചൊല്ലി-
നിങ്ങള്‍ക്കിന്നെന്നിലെ ഭക്തിയെക്കണ്ടിട്ടു
നിങ്ങളിലുള്ളൊരു കാരുണ്യത്താല്‍
ഇങ്ങനെയുള്ളൊരു രൂപത്തെ കാട്ടി ഞാന്‍
നിങ്ങള്‍ക്കു സന്തതം ചിന്തിപ്പാനായ്
‘നിങ്ങള്‍ എന്നെ പുത്രനെന്ന നിലയിലും ബ്രഹ്മഭാവത്തിലും ദര്‍ശിച്ച് മുക്തിനേടാനിരിക്കുന്നു. പൈതല്‍ രൂപം ഏല്‍ക്കുന്ന എന്നെ അമ്പാടിയിലേക്കാനയിക്കുക; അവിടെ, യശോദയുടെ ഗര്‍ഭത്തില്‍ ജനിച്ച യോഗമായയെ കൊണ്ടുവന്ന് എനിക്ക് പകരമായി കംസനു നല്‍കുക’-
മംഗലനായൊരു പങ്കജലോചനന്‍
ഇങ്ങനെ ചൊന്നവരോടുപിന്നെ
താതനും മാതാവും നോക്കിനിന്നീടവേ
പൈതലായ് മേവിനാന്‍ കൈതവത്താല്‍
കോമളച്ചുണ്ടു പിളുത്തിനിന്നീടുന്നോ-
രോമനപ്പൈതല്‍ താന്‍ പൈ തുടര്‍ന്നു
അമ്മിഞ്ഞിതാരായിന്നെന്തിനിക്കമ്മയെ-
ന്നമ്മയെ നോക്കി മയക്കം പുക്കാര്‍.

ജന്മഭൂമി: http://www.janmabhumidaily.com/news739762#ixzz4yv7VR8c8

No comments:

Post a Comment