ബ്രഹ്മം :-
ബ്രഹ്മത്തെപ്പറ്റി അനേകം നിര്‍വ്വചനങ്ങളും, ലക്ഷണങ്ങളും ഹിന്ദുമതവിജ്ഞാനസമ്പത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ലക്ഷണങ്ങളും നിര്‍വ്വചനങ്ങളുമല്ലാതെ, ഇതാണ് ബ്രഹ്മം എന്ന് കാണിച്ചുതരാന്‍ കഴിയില്ല. ഒരു ഉപ്പുകൊണ്ടുള്ള പാവ, സമുദ്രത്തിന്റെ ആഴം അളക്കാന്‍ പോകുന്നതുപോലെയാണ് ബ്രഹ്മത്തെ അറിയാന്‍ പോകുന്നത് എന്ന് ശ്രീരാമകൃഷ്ണപരമഹംസര്‍ പറഞ്ഞിട്ടുണ്ട്. സമുദ്രജലത്തില്‍ താഴ്ന്നപ്പോള്‍ ഉപ്പുപാവ ജലത്തില്‍ ലയിച്ചുപോയി. പിന്നെങ്ങനെയാണ് സമുദ്രത്തിന്റെ ആഴം അളക്കുന്നത്. അതുപോലെതന്നെയാണ് ബ്രഹ്മത്തെയും അറിയാന്‍ പോകുന്നതും. എന്നാല്‍ ഉയര്‍ന്ന മാനസികഭാവത്തില്‍ എത്തിയിട്ടുള്ളവര്‍ക്ക് ബ്രഹ്മത്തിന്റെ സമീപം വരെ എത്താനും ബ്രഹ്മാനന്ദം അനുഭവിക്കാനും കഴിയും. ആ അനുഭവം അറിഞ്ഞിട്ടുള്ള എല്ലാ മഹത് വ്യക്തികളും പിന്നീട് ആ അവസ്ഥയെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളതാണ് നമുക്ക് ലഭിച്ചിട്ടുള്ള അറിവ്. ഇത് ഓരോ വ്യക്തിയും അനുഭവിച്ചുതന്നെയറിയണം. എന്നിരുന്നാലേ അതിന്റെ യഥാര്‍ത്ഥ സ്വരൂപം, അവസ്ഥ അറിയാന്‍ കഴിയു. ഈ കാണുന്ന പ്രപഞ്ചത്തിന്റെ മുഴുവന്‍ കാരണമായിട്ടുള്ള സത്തിനെ – ചൈതന്യത്തെ – ആണ് ‘ബ്രഹ്മം’ എന്ന് നിര്‍വ്വചിച്ചിട്ടുള്ളത്. വേദോപനിഷത്തുക്കളില്‍ ബ്രഹ്മത്തെപ്പറ്റി ഇപ്രകാരം പറഞ്ഞുകാണുന്നു.
1. വേദാനാം നഹിഗോചര പരബ്രഹ്മം.
2. അണോരണീയാന്‍ ബ്രഹ്മഃ.
3. ബ്രഹതോ ബ്രഹ്മഃ.
4. സദാ നേതിനേതീതി യത്നാഗ്രണന്തി പരബ്രഹ്മഃ.
5. സത് ഏകം അദ്വിതീയം ബ്രഹ്മഃ.
6. യതോവാചോനിവര്‍ത്തന്തേ
അപ്രാപ്യ മനസാസഹാ
ആനന്ദം ബ്രഹ്മണോവിദ്വാന്‍
നമ്പിഭേതി കുതഃ ശ്വനഃ
സാരാംശം :-
1. സര്‍വ്വവേദങ്ങള്‍ക്കും ഉപനിഷത്തുകള്‍ക്കും, ഭൂമിയിലുണ്ടായിട്ടുള്ള സര്‍വ്വ മഹത്ഗ്രന്ഥങ്ങള്‍ക്കും അഗോചരമാണ് ഈ ബ്രഹ്മചൈതന്യം.
2. അതീവമായ സൂക്ഷ്മജ്ഞാനംകൊണ്ടേ അതിനെ അറിയാന്‍ കഴിയു.
3. ഈ പ്രപഞ്ചത്തില്‍ കാണാന്‍ കഴിയുന്നതില്‍ വച്ചേറ്റവും ചൈതന്യവത്തായതും ബ്രഹത്തും ആണ് ബ്രഹ്മം.
4. സദാ = ഈ കാണുന്ന സര്‍വ്വതിനേയും, നേതിനേതി = ന ഇതി, ന ഇതി, ഇതല്ല അതല്ല എന്ന് അറിഞ്ഞിട്ട് ബാക്കി എന്താണോ അവശേഷിക്കുന്നത് അതാണ് ഈ പറയുന്ന ബ്രഹ്മം. ഈ പ്രപഞ്ചത്തില്‍ക്കാണുന്ന പൃഥ്വി, അപ്പ്, തേജസ്സ്, വായു, ആകാശങ്ങളെക്കൊണ്ട് എന്തെല്ലാം ഇവിടെ ഉണ്ടായിട്ടുണ്ടോ അതിന്റെയെല്ലാം അപ്പുറം കാണുന്ന കാരണമായ, ആനന്ദസ്വരൂപമായ ചൈതന്യത്തെയാണ് ബ്രഹ്മം എന്ന സംജ്ഞകൊണ്ട് അര്‍ത്ഥമാക്കുന്നത്.
5. ഇവിടെ പറയപ്പെടുന്ന എല്ലാത്തിന്റേയും കാരണമായ ആ ബ്രഹ്മം, ‘സത്‘ ആണ്. മൂന്നുകാലങ്ങളിലും – ഭൂതം, ഭാവി, വര്‍ത്തമാനം – ഉള്ളതാണ്. അതിന് ഉത്പത്തിയോ നാശമോയില്ല. അതിനാല്‍ അതിനെ ‘സത്’ എന്നുവിളിക്കുന്നു. അത് ഏകമാണ്, ഒന്നുമാത്രമാണ്, രണ്ടാമത് ഒന്നില്ല എന്നര്‍ത്ഥം. അതിനാല്‍ അതിനെ ‘ഏകം’ എന്നും ‘അദ്വിതീയം’ എന്നും വിളിക്കുന്നു.
6. എവിടെയാണോ വാക്കും മനസ്സും അപ്രാപ്യ – പ്രാപിക്കാന്‍ കഴിയുന്നില്ല, ചെന്നെത്താന്‍ കഴിയുന്നില്ല; വാക്കുകൊണ്ട് വിവരിക്കാന്‍ കഴിയുന്നില്ല, മനസ്സുകൊണ്ട് അറിയാന്‍ കഴിയുന്നില്ല; എന്നു പറഞ്ഞ് പിന്‍തിരിയുന്നത് അതിനപ്പുറമാണ് കേവലമായ എല്ലാത്തിന്റേയും കാരണമായ ചൈതന്യത്തിന്റെ സ്ഥാനം എന്ന് ഋഷീശ്വരന്മാര്‍ അറിഞ്ഞു. ആ ആനന്ദസ്വരൂപമായ ബ്രഹ്മത്തെ പ്രാപിച്ച ആളിന് ലോകത്ത് മറ്റൊന്നിനേയും ഭയമോ, താല്പര്യമോ ഉണ്ടാവുകയില്ല എന്നു സാരം. ആ പരമമായ പദത്തെ പ്രാപിച്ചവര്‍ നിഷ്കാമമായി ലോകാനുസാരം കര്‍മ്മങ്ങളെ ചെയ്തുകൊണ്ടിരിക്കുന്നു. കര്‍മ്മപാശങ്ങള്‍ അവരെ ബന്ധിക്കുന്നില്ല...jenish
No comments:
Post a Comment