Thursday, November 30, 2017

ഗോകുലം മുടിക്കാനും, ഗോപന്മാരെ അവിടെനിന്നു തുരത്താനും കംസന്റെ കിങ്കരന്മാര്‍ ഒരുമ്പെട്ടിറങ്ങി. കാടും മരങ്ങളും തീവച്ചു നശിപ്പിച്ചു. മേടും മേച്ചില്‍പ്പുറങ്ങളും പേരിനുപോലുമില്ലാതായി. മേയാന്‍ സ്ഥലമില്ലാതായി. മേയാന്‍ സ്ഥലമില്ലാതെ പശുക്കള്‍ പട്ടിണിയിലായി. കുടിക്കാന്‍ വെള്ളമില്ലാതായി. കാട്ടിലും നാട്ടിലും കാക്കയ്ക്കിരിക്കാന്‍പോലും തണലില്ലാതായി.
ഗര്‍ഗഭാഗവതത്തില്‍ ആ ദുഃസ്ഥിതിയുടെ തീവ്രത ഏറെ വിവൃതമാവുന്നു: കാടുമുഴുവന്‍ നശിച്ചപ്പോള്‍ കാട്ടുമൃഗങ്ങള്‍ നാട്ടിലേയ്ക്കിറങ്ങി. രക്തം കുടിക്കുന്ന, മാംസം ഭുജിക്കുന്ന, ക്രൂരജന്തുക്കള്‍ രാപകല്‍ ഭേദമെന്യേ ഗോകുലത്തില്‍ വിളയാടി. പുലികളും സിംഹങ്ങളും ചെന്നായ്ക്കളുമെല്ലാം പശുക്കൂട്ടങ്ങളിലേക്ക് ഓടിക്കയറി, കണ്ടവയെയെല്ലാം കൊന്നൊടുക്കി; കിട്ടിയതിനെയെല്ലാം തിന്നൊടുക്കി. പശുക്കളെ തിന്നുമടുത്ത ആ ജന്തുക്കള്‍ മനുഷ്യരുടെ നേരേയും തിരിഞ്ഞു. ജ്ഞാനവൃദ്ധനായ ഉപനന്ദന്‍ നന്ദരാജനോടു പറഞ്ഞു; ഗോകുലത്തിന്റെ ഹിതമാഗ്രഹിക്കുന്നുവെങ്കില്‍, നമുക്കിവിടം വിട്ടുപോവാം, ഉത്ഥാനമൈ്യമിതോളസ്മാഭിര്‍ ഗോകുലസ്യ ഹിതൈഷിഭി….
‘എവിടേയ്ക്കാണ് പോവുക?’ നന്ദന്‍ ആരാഞ്ഞു. പെട്ടെന്ന് ഒരു മറുപടി ആരിലുമുണ്ടായിരുന്നില്ല. ഗാഥയില്‍ കാണാം.
ബന്ധുവായ് നിന്നൊരു ഗോപാലന്‍ ചൊല്ലിനാന്‍
ചിന്തിച്ചുനിന്നു നുറുങ്ങുനേരം
കെല്‍പാര്‍ന്നു നിന്നുള്ളോരുല്‍പാതമോരോന്നി-
ങ്ങിപ്പാടെ വന്നതില്‍ മുപ്പാടെ നാം
വൃന്ദാവനന്തന്നില്‍ നന്നായിപ്പൂകേണ-
മൊന്നിച്ചു നിന്നുടനിന്നുതന്നെ
എന്നങ്ങു ചൊന്നപ്പോള്‍ നിന്നൊരു ഗോപന്മാര്‍
നന്നെന്നു ചൊല്ലിനാരെല്ലാരുമേ
‘കിളിപ്പാട്ടില്‍ ആചാര്യന്‍ നന്നായി വിസ്തരിക്കുന്നുണ്ട്’
മുത്തശ്ശന്‍ പറഞ്ഞപ്പോള്‍ മുത്തശ്ശി ഓര്‍ത്തെടുത്തു:
ചെന്നു വൃന്ദാവനം തന്നില്‍ നാമേവരു-
മൊന്നിച്ചിരിപ്പതു നല്ലതു നിര്‍ണയം;
നന്നതിപുണ്യസ്ഥലമവിടം പുന-
രൊന്നിന്‍മില്ലൊരു ദീനതയേതുമേ
കാളിന്ദിതന്നിലതിശയമംഗലം
മേളം കലര്‍ന്നു പശുക്കള്‍ക്കു സന്തതം
നല്ല തണ്ണീരും തൃണങ്ങളുമുണ്ടതി-
കല്യാണമെത്രയുമില്ലൊരു സംശയം
സ്വര്‍ലോകതുല്യങ്ങളായവിടങ്ങളില്‍ നാ-
മില്ലങ്ങളും ചമച്ചൊന്നിച്ചിരിക്കിലേ
നല്ലതുള്ളൂ നമുക്കെന്നെന്‍ മതമിത-
ങ്ങുള്ളിലഭിരുചിയേവര്‍ക്കുമെങ്കിലോ
ചൊല്ലുവി, നല്ലായ്കിലിന്നു ഞാന്‍ ചൊന്നതു
വല്ലായ്മയെന്നോര്‍ത്തടങ്ങുവിന്‍ മാനസേ…
ഏവമുപനന്ദവാണികള്‍ കേട്ടപോ-
തേവര്‍ക്കുമുള്ളില്‍ നടേയുള്ളഭിരുചി
പാരം വളര്‍ന്നുമുതിര്‍ന്നുനിന്നൂ വൃദ്ധ-
നാരീതരുണബാലാദികള്‍ സാദരം
രാമകൃഷ്ണന്മാര്‍ക്കുമാമോദമോടതു
കാമമാകുന്നതു മുന്നേ നിരന്തരം;
അങ്ങനെത്തന്നെ നമുക്കു നന്നായ് വരും
അങ്ങുപോകെങ്കിലെന്നാരവരേവരും
ഗര്‍ഗാചാര്യന്‍ ആ നിര്‍ദ്ദേശത്തോടു യോജിച്ചു: ‘ശരിയാണ്. യമുനയുടെ മറുകര കാക്കുന്ന വൃന്ദാവനം, ഗോകുലംപ്പോലെത്തന്നെ ഫലഭൂയിഷ്ടമാണ്. ഗോകുലം ശീലിച്ചവര്‍ക്ക് വൃന്ദാവനവും ഹൃദ്യമാവും. ഉണ്ണിയായ കൃഷ്ണന്റെ സാന്നിദ്ധ്യംകൊണ്ട് ഗോകുലം ധന്യമായി. കുമാരനായ കൃഷ്ണന്റെ വാസംകൊണ്ട് വൃന്ദാവനം ധന്യമാവട്ടെ. ഗോവര്‍ധനമുള്ള വൃന്ദാവനം. കാളിന്ദിയോലുന്ന വൃന്ദാവനം. രാധയുടെ സാന്നിധ്യമുള്ള വൃന്ദാവനം.
‘ഭാഗവതത്തില്‍ രാധയുടെ സാന്നിധ്യമില്ല, അല്ലേ?’
‘ഇല്ല. ഗര്‍ഗഭാഗവതത്തിലാണ് അവള്‍ കുടിയിരിക്കുന്നത്. ഗര്‍ഗാചാര്യന്റെ മാനസപുത്രിയാണ് രാധ. ജയദേവര്‍ അവളെ അഷ്ടപദിയിലെ നായികയാക്കി’
ആചാര്യന്റെ അഭിപ്രായം ഏവര്‍ക്കും സ്വീകാര്യമായി. എല്ലായിടത്തും ചെണ്ടകൊട്ടിയറിയിച്ചു: ഗോകുലം ഒന്നാകെ വൃന്ദാവനത്തിലേക്ക് മാറിത്താമസിക്കാന്‍ പോവുന്നു. എല്ലാവരും പശുക്കളേയും കിടാങ്ങളേയും നയിച്ചുകൊണ്ടുപോവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുവിന്‍. വീട്ടുസാധനസാമഗ്രികള്‍ കൊണ്ടുപോവാനുള്ള വണ്ടികളൊരുക്കുവിന്‍…
‘വൃന്ദാവനത്തില്‍ ഗോകുലത്തെ അധിവസിപ്പിക്കാനുള്ള ഏര്‍പ്പാടുകള്‍ നന്ദരാജന്റെ സ്യാലനായ സുചന്ദ്രന്റെ ചുമതലയിലായിരുന്നു. സുചന്ദ്രന്‍ ആരാണെന്നറിയില്ലേ?’
‘രാധയുടെ വളര്‍ത്തച്ഛനല്ലേ?’
‘അതെ’
എല്ലാം ഒരുക്കി. വൃന്ദാവനത്തിന്റെ മടിത്തട്ട് ഗോകുലത്തെ ഉള്‍ക്കൊള്ളാന്‍പോരുംവിധം വികസിച്ചു. അവിടെ അധിവസിക്കാന്‍ ഗോകുലം പുറപ്പെട്ടു.
ഗോപ്യോരൂഢരഥാ നൂത്‌നകുച കുങ്കുമകാന്തയഃ
കൃഷ്ണലീലാ ജഗുഃ പ്രീതാ നിഷ്‌കൃതണ്ഠ്യഃ സുവാസസഃ
മാറില്‍ കുങ്കുമം ധരിച്ചവരും ആഭരണമണിഞ്ഞവരും പട്ടുവസ്ത്രം ധരിച്ചവരുമായ ഗോപികമാര്‍ ഏറ്റവും സന്തുഷ്ടരായി കൃഷ്ണലീലകള്‍ പാടിക്കൊണ്ട് യാത്ര ചെയ്തു…
ചാടെല്ലാം കൊണ്ടന്നു ചാരത്തുടന്‍ പിന്നെ
ചാലെ മുറുക്കിച്ചമച്ചാരപ്പോള്‍
കന്നും കിടാങ്ങളും കാലികളും തമ്മില്‍
ഒന്നിച്ചുകൂടി നടത്തം കൊണ്ടാര്‍
നീടുറ്റ രോഹിണി താനും യശോദയും
കേടറ്റ പാടില്‍ കരേറിച്ചെമ്മേ
ഓലക്കമാണ്ടുള്ള ബാലകന്മാരേയും
ചാലപ്പുണര്‍ന്നു വിളങ്ങി നിന്നാര്‍
നന്ദരാജനേയും പരിവാരങ്ങളേയും സ്വീകരിക്കാന്‍ വൃന്ദാവനം കാത്തുനില്‍പ്പായിരുന്നു. വൃന്ദാവനവാസികളുടെ മുന്‍നിരയില്‍ സൂചന്ദ്രനുണ്ട്, കീര്‍ത്തിയുണ്ട്, ആ ദമ്പതികളുടെ വളര്‍ത്തുമകള്‍ രാധയുണ്ട്. അവര്‍ അകലെനിന്നു കേട്ടു- പെയ്‌തെത്തുന്ന പേമാരിയുടെ ആരവംപോലെ, ജനസഹസ്രങ്ങളുണര്‍ത്തുന്ന കോലാഹല ധ്വനികള്‍…
രാധയുടെ കണ്ണുകള്‍ കണ്ടെടുത്തു: ആ ജനപ്രവാഹത്തിന്റെ കാഴ്ചപ്പുറത്തായി, മഞ്ഞപ്പട്ടാട ചുറ്റിയ അവളുടെ കണ്ണന്‍. അരികെ, നീലപ്പട്ടാട ചുറ്റിയ അഗ്രജന്‍-ഗാഥയില്‍ വിവരിക്കുന്നു:
കാര്‍മുകില്‍ മാലകള്‍ കാമിച്ചുനിന്നൊരു
കോമളകാന്തി കലര്‍ന്നു നിന്നോന്‍
കാഞ്ചനംകൊണ്ടുള്ള കാഞ്ചികൊണ്ടീടെഴും
പൂഞ്ചേലര്‍മേലെ മുറുക്കി നന്നായ്
പീലികള്‍ കോലിനമൗലിയുമാണ്ടുള്ളോന്‍
പീതമായുള്ളൊരു കൂറയുമായ്
പാണികളാലൊന്നു ബാലകന്തന്നുടെ
ചേണുറ്റെന്നേ കഴുത്തില്‍വെച്ച്
മംഗല്യമാങ്ങൊരുമറ്റതിലങ്ങനെ
മങ്ങാതെപ്പങ്കജം പൂണ്ടുനിന്നേന്‍
ആഹ്ലാദത്തില്‍ മതിമറന്ന രാധ, തന്നെ ചേര്‍ത്തുപിടിച്ചിരുന്ന നന്ദമാതാവിനെ ചേര്‍ത്തുപിടിച്ചുകൊണ്ട്, സാഹ്ലാദം മൊഴിഞ്ഞു: ‘മുത്തശ്ശീ, കണ്ടില്ലേ? ദാ ഏറ്റവും മുന്നില്‍ കണ്ണനും ബലരാമേട്ടനും. പിറകെ,കണ്ടില്ലേ? ആനപ്പുറത്ത്-യശോദമായി, രോഹിണിമായി…..’
ഇങ്ങനെ സാമോദം വൃന്ദാവനന്തന്നില്‍
ഭംഗിയിലെല്ലാരും ചെന്നുപുക്കാര്‍
നന്ദന്‍ തുടങ്ങിന ഗോപന്മാരെല്ലാരും
മന്ദിരമോരോന്നില്‍ ചെന്നു പാര്‍ത്താന്‍…


ജന്മഭൂമി: http://www.janmabhumidaily.com/news745536#ixzz4zxOqNeo8

No comments:

Post a Comment