Sunday, November 12, 2017

നമ്മുടെ പ്രകൃതിയുടെ നാനാവശങ്ങളും ഒന്നോടൊന്നിണക്കി വളര്‍ത്തിക്കൊണ്ടുവരാന്‍ നമുക്കെല്ലാപേര്‍ക്കും ഈ ജന്മം സാധ്യമല്ല. എന്നാല്‍ നമുക്ക് ഒന്നറിയാം: ജ്ഞാനം ഭക്തി യോഗം എന്നീ മൂന്നും സമ്മേളിതമായിരിക്കുന്ന പ്രകൃതിയാകുന്നു ശ്രേഷ്ഠതമം എന്ന്. പക്ഷിക്കു പറക്കുവാന്‍ മൂന്നു കരണങ്ങള്‍ വേണം: ഇരുചിറകുകളും നയിക്കുന്ന ചുക്കാന്‍പോലെ ഒരു വാലും. ജ്ഞാനമത്രേ ഒരു ചിറക്, ഭക്തി മറ്റേത്: യോഗം എന്ന മൂന്നാമത്തെ കരണം സമത്വം പാലിക്കുവാനുള്ള വാലും. ഇപ്പറഞ്ഞ മൂന്നു സാധനാസമ്പ്രദായങ്ങളെയും യോജിപ്പിച്ച് അനുഷ്ഠിപ്പിക്കാന്‍ കഴിവില്ലാതെ ഭക്തിയെമാത്രം സ്വന്തം മാര്‍ഗ്ഗമായി കൈക്കൊണ്ടവര്‍ എപ്പോഴും ഓര്‍മ്മവെയ്ക്കേണ്ട ഒരു സംഗതിയുണ്ട്: വിഗ്രഹാദികളും ആരാധനാസമ്പ്രദായങ്ങളും. സാധകനെ മുമ്പോട്ടു കൊണ്ടുപോകുവാന്‍ ആവശ്യംതന്നെ: എങ്കിലും അവയ്ക്കുള്ള വില, നമ്മെ ഈശ്വരനോട് അത്യന്തം പ്രേമപ്പെട്ടിരിക്കുക എന്ന നിലയില്‍ എത്തിക്കുകമാത്രം, അതിനപ്പുറമില്ല. ഇത് എപ്പോഴും ഓര്‍മ്മവേണം.
ജ്ഞാനാചാര്യന്മാരും ഭക്ത്യാചാര്യന്മാരും ഭക്തിയുടെ ശക്തി സമ്മതിക്കുന്നുണ്ട്. എന്നാല്‍ അവര്‍ക്കു തമ്മില്‍ അല്പം അഭിപ്രായവ്യത്യാസമുണ്ട്. ഭക്തി മുക്തിസാധനമാകുന്നു എന്ന് ജ്ഞാനികളും സാദ്ധ്യവും സാധനവും രണ്ടുമാകുന്നു എന്നു ഭക്തന്മാരും പറയുന്നു. ഈ വ്യത്യാസത്തില്‍ വാസ്തവത്തില്‍ പൊരുളില്ല എന്നാണെനിക്കു തോന്നുന്നത്. ഭക്തിയെ ഒരു സാധനമാക്കുമ്പോള്‍ അത് ഒരു താണതരം ഉപാസനമാത്രമാണ്: ഉയര്‍ന്നതരത്തെ, കാലാന്തരത്തില്‍ താണതരം സാക്ഷാത്കാരത്തില്‍നിന്നു വേര്‍പെടുത്തുവാന്‍ കഴിയാത്തതുമാകും. പ്രേമം പരിപൂര്‍ണ്ണമാകുമ്പോള്‍ അതോടുകൂടി യഥാര്‍ത്ഥജ്ഞാനം തനിയെ വന്നുചേരും. യഥാര്‍ത്ഥജ്ഞാനത്തില്‍നിന്ന് ശരിയായ ഭക്തിയെ വേര്‍പെടുത്താവതുമല്ല. ഇതു മറന്ന് ഓരോരുത്തരും അവരവരുടെ സാധനാമാര്‍ഗ്ഗത്തെ അധികം ഊന്നിപ്പറയുന്നതുപോലെ തോന്നുന്നു.
ഇത്രയും മനസ്സില്‍വെച്ചുകൊണ്ട്, ഇനി നമുക്ക് മഹാന്മാരായ വേദാന്തഭാഷ്യകാരന്മാര്‍ക്ക് ഈ വിഷയത്തില്‍ എന്തു പറവാനുണ്ടെന്നു നോക്കാം.
”ആവൃത്തിരസകൃദുപദേശാത്” എന്ന (വ്യാസ) സൂത്രം വ്യാഖ്യാനിക്കുന്നതില്‍ ഭഗവാന്‍ ശ്രീശങ്കരാചാര്യര്‍ പറയുന്നു; ”രാജാവിനെ ഉപാസിക്കുന്നു, ഗുരുവിനെ ഉപാസിക്കുന്നു എന്ന് ജനങ്ങള്‍ പറയാറുണ്ട്. അതു രാജാവിനെയോ ഗുരുവിനെയോ താത്പര്യത്തോടെ അനുസരിക്കുന്നവനെപ്പറ്റിയാണ്. അതുപോലെ പ്രിയപത്നി പ്രിയപതിയെ ധ്യാനിക്കുന്നു എന്നു പറയാറുണ്ട്. ഇവിടെയും ഉത്കണ്ഠയോടുകൂടിയ നിരന്തരസ്മരണമെന്നാണ് അര്‍ത്ഥം.” ഇതാകുന്നു ഭക്തി എന്ന് ശങ്കരാചാര്യപക്ഷം.
”അഥാതോ ബ്രഹ്മജിജ്ഞാസാ” എന്ന സൂത്രത്തിന്റെ ഭാഷ്യത്തില്‍ ഭഗവാന്‍ രാമാനുജാചാര്യര്‍ ഇങ്ങനെ പറയുന്നു; ”ഒരു പാത്രത്തില്‍നിന്നു മറ്റൊന്നിലേയ്ക്കൊഴിക്കുന്ന എണ്ണ ഇടമുറിയാതെ ധാരയായൊഴുകുന്നതുപോലെ (ധ്യാനിക്കപ്പെടുന്ന വസ്തുവിനെപ്പറ്റി) നിന്തരസ്മരണമാകുന്നു ധ്യാനം.” ഈ സ്മരണം (ഈശ്വരനെപ്പറ്റി) ഉണ്ടായാല്‍ സര്‍വ്വബന്ധങ്ങളും അറ്റുപോകും. നിരന്തരസ്മരണത്തെ മോക്ഷസാധനമായി ശാസ്ത്രങ്ങളില്‍ അങ്ങനെ പറഞ്ഞിട്ടുണ്ട്. ഈ സ്മരണം, ദര്‍ശനം എന്ന രൂപത്തില്‍ത്തന്നെയുള്ളതുമാണ്. അതെങ്ങനെയെന്നാല്‍, ”ദൂരസ്ഥനും സമീപസ്ഥനുമായിരിക്കുന്നവനെ ദര്‍ശിക്കുമ്പോള്‍ ഹൃദയത്തിന്റെ കെട്ടുകള്‍ പൊട്ടിപ്പോകുന്നു, സര്‍വ്വസംശയങ്ങളും നീങ്ങിപ്പോകുന്നു, സര്‍വ്വകര്‍മ്മങ്ങളും ക്ഷയിച്ചുപോകുന്നു.” എന്ന വാക്യത്തില്‍ ദര്‍ശനം എന്ന പദത്തിന് സ്മരണം എന്നര്‍ത്ഥം വന്നുചേരുന്നു.
അതെങ്ങനെയെന്നാല്‍;- സമീപസ്ഥനെ കാണാം, ദൂരസ്ഥനെ സ്മരിപ്പാനേ കഴിയൂ. എങ്കിലും ശ്രുതി പറയുന്നു, സമീപസ്ഥനും ദൂരസ്ഥനുമായവനെ ‘ദര്‍ശിക്കണം’ എന്ന്. മുന്‍പറഞ്ഞവിധം സ്മരണം ദര്‍ശനത്തിനു സമമാകുന്നു എന്ന് അതുകൊണ്ടു സൂചിതമായി. ഈ സ്മരണം ഉച്ചാവസ്ഥയിലാകുമ്പോള്‍ അതു ദര്‍ശനത്തിന്റെതന്നെ രൂപത്തിലാകുന്നു.
നിരന്തരസ്മരണമാകുന്നു ഉപാസന എന്ന് ശാസ്ത്രങ്ങളിലെ മുഖ്യവാക്യങ്ങളിലും കാണാം.
ഉപാസനാഭ്യാസമാകുന്ന ജ്ഞാനത്തെ നിരന്തരസ്മരണമെന്നു വര്‍ണ്ണിച്ചിട്ടുണ്ട്. ഇപ്രകാരം പ്രത്യക്ഷാനുഭവത്തോളം ഉച്ചനിലയിലെത്തിയ സ്മരണമാണ് മോക്ഷസാധനമെന്ന് ശ്രുതി പറഞ്ഞിട്ടുണ്ട്. ”ഈ ആത്മാവ് വിവിധശാസ്ത്രങ്ങള്‍കൊണ്ടോ ബുദ്ധികൊണ്ടോ ഏറിയ വേദാദ്ധ്യയനംകൊണ്ടോ ലഭിക്കാവതല്ല. ആരെ ഈ ആത്മാവു വരിക്കുന്നുവോ അവനാല്‍ ആത്മാവു ലഭിക്കപ്പെടുന്നു. അവന് ഈ ആത്മാവ് സ്വന്തം രൂപത്തെ വെളിപ്പെടുത്തുന്നു.” ഇവിടെ ആത്മലാഭത്തിനു വെറും ശ്രവണമനനനിദിധ്യാസനങ്ങളല്ല സാധനങ്ങള്‍ എന്നു പറഞ്ഞിട്ട്, ”ആരെ ഈ ആത്മാവ് വരിക്കുന്നുവോ അവനാല്‍ ആത്മാവു ലഭിക്കപ്പെടുന്നു’ എന്നു പറഞ്ഞിരിക്കുന്നു, അത്യന്തം പ്രിയപ്പെട്ടതിനെയാണ് വരിക്കുക. ആര്‍ക്ക് ആത്മാവ് അത്യന്തം പ്രിയപ്പെട്ടിരിക്കുന്നുവോ ആ ആള്‍ ആത്മാവിനും അതിപ്രിയനായിരിക്കും. ആ പ്രിയന് ആത്മലാഭമുണ്ടാകുവാന്‍ ഈശ്വരന്‍ സഹായിക്കും.


ജന്മഭൂമി: http://www.janmabhumidaily.com/news735765#ixzz4yHLeBela

No comments:

Post a Comment