Wednesday, November 01, 2017

ജീവാത്മഭാവന എന്ന അജ്ഞാനം കൊണ്ടുവരുന്ന ദുഃഖം
ജീവാത്മാ, അഥവാ "അഹങ്കാരം" ആണ് ശരീരത്തെ ചുറ്റിപ്പറ്റിയുള്ള വിഡ്ഢിത്തങ്ങൾ എഴുന്നള്ളിക്കുന്നത്. അത് താൻ ശരീരത്തിലിരിക്കുന്നു എന്നുകരുത്തുകയും സുഖദുഃഖങ്ങൾ അനുഭവിക്കുന്നു എന്ന ഭാവന ചെയ്യുകയും ചെയ്യുന്നു. അതു പറയും, "തനിക്കു മുക്തി വേണം", അതിനു താൻ "താൻ ശരീരത്തെ ത്യജിക്കണം" എന്നൊക്കെ,
ജീവാത്മഭാവം എന്ന അജ്ഞാനം ചന്ദ്രനിലെ നിലാവുപോലെയാണ്; സൂര്യൻ കത്തിജ്വലിച്ചുനിൽക്കുന്നവേളയിൽ 
നിലാവിനെ ആരുകാണാൻ! മാലയിലെ മുത്തിനുപകരം ആ മുത്തുകൾ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന ചരടായി വേണം "ഞാൻ" എന്ന ശുദ്ധപ്രജ്ഞയെ കാണാൻ! സ്വയം ആകാശമായി നിന്നുകൊണ്ട് ആകാശത്തേക്കാണുമ്പോൾ അതിന്റെ സുഖം ഒന്നുവേറെതന്നെയാണ്. നദി ചെന്ന് സമുദ്രത്തിൽ ചേർന്നുകഴിഞ്ഞാൽ പിന്നെ സമുദ്രം മാത്രമേയുള്ളൂ; സമുദ്രത്തിനു നദിയെന്നോ സമുദ്രമെന്നോ യാതൊരു വ്യത്യാസവുമില്ല. അതുപോലെ, സർവ്വത്ര നിറഞ്ഞുനിൽക്കുന്ന ശുദ്ധപ്രജ്ഞയായി സ്വയം അനുഭവപ്പെടുമ്പോൾ ഈ ശരീരത്തിന് യാതൊരു പ്രസക്തിയുമില്ലാതെപോകുന്നു.
മനസ്സുകൊണ്ട് ആത്മതത്വത്തെ വിശകലനം ചെയ്യരുത്; ഈ മനസ്സാണ് ശരീരത്തെ ചുറ്റിപ്പറ്റിയുള്ള ആശയങ്ങൾ അവതരിപ്പിക്കുന്നത്. മനസ്സിന് ശരീരം വിട്ടുള്ള ഒരു കളിയില്ല; അത് ശരീരത്തെ എപ്പോഴും ചേർത്തുവച്ചുകൊണ്ടുതന്നെയിരിക്കുന്നു. ശരീരം വിടുന്നത് അതിനു ഭയമാണ്, കാരണം ശരീരം വിടുന്ന നിമിഷം തന്നെ അതു മരിക്കും എന്ന് അതിനറിയാം; അതിനൊരിക്കലും മരിക്കാൻ ഇഷ്ടമല്ല. ഇരുട്ടിനു വെളിച്ചത്തെ ഭയമാണ്.
ശരിക്കും മനസ്സുതന്നെയാണ് അജ്ഞാനം. സർവ്വം നിറഞ്ഞുനിൽക്കുന്ന ആത്മാവിൽനിന്നും മനസ്സിനെ ഒരു പ്രത്യേക വസ്തുവായി ഏറ്റെടുത്തതുമുതൽ തുടങ്ങി പ്രശ്നങ്ങൾ. അത് ഒരു ശരീരത്തെ വച്ചുകൊണ്ട് ഒരു പ്രത്യേക വ്യക്തിത്വത്തെ ഉണ്ടാക്കിയെടുത്തു. മുക്തി വേണമെന്ന ആഗ്രഹം പോലും മനസ്സ് കൊണ്ടുവന്നതാണ്; ഇപ്പഴേ മുക്തിയുണ്ടെന്നും, മുക്തി മാത്രമേ എപ്പോഴുമുള്ളുവെന്നും മനസ്സ്, അതിന്റെ അജ്ഞാനംകൊണ്ട് അറിയാതെപോയി. സകല പ്രശ്നങ്ങളും പ്രത്യേക "ജീവാത്മഭാവന" ഈ അജ്ഞാനംകൊണ്ടുണ്ടായതാണ്. എവിടെ പ്രത്യേകത ഉണ്ടാവുന്നുവോ, അവിടെ പ്രശ്നങ്ങളും ആരംഭിക്കുന്നു...sudha bharat

No comments:

Post a Comment