Wednesday, November 22, 2017

*ഭഗവാനോടു തോന്നുന്ന പരമ പ്രേമമാണ് ഭക്തി.*
സത്സംഗം നാമജപം, ഭജന, കീർത്തനം, ഭാഗവതം, നാരായണീയം, ഭഗവത്ഗീത എന്നിവയിലൂടെയാണ് നമുക്ക് ഭഗവാനോട് പ്രേമം അഥവാ ഭക്തി ഉണ്ടാവുന്നത്. ഒരു വ്യക്തി എപ്പോഴാണ് ഭഗവത് ഭക്തി വളർത്തേണ്ടത് ? ഈ ചോദ്യത്തിന് അധികം പേരും പാറയുള്ള ഒരു ഉത്തരമുണ്ട്. ഇതെല്ലാം വയസ്സു കാലത്തു ചെയ്യേണ്ടവയാണ്. അത്K മതിയോ? നമുക്കൊന്ന് ചിന്തിക്കാം.
കുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾ നമ്മൾ പറയും അപ്പോൾ പഠിക്കേണ്ട സമയമാണ്. വെറുതെ നാമം ജപിച്ചു സമയം കളയരുത്. പഠിപ്പു തീർന്നാൽ ഉദ്യോഗം ലഭിക്കും. അതുകഴിഞ്ഞാൽ വിവാഹം, ഭാര്യ, മക്കൾ ഇതിനിടയിൽ ഈശ്വരോപാസനയ്ക്ക് എവിടെ സമയം? നമ്മൾ അനുഷ്ഠിക്കുകയില്ല എന്നു മാത്രമല്ല, ആരെങ്കിലും നിഷ്ഠയോടെ ഈശ്വരോപാസന ചെയ്യുന്നതു കണ്ടാൽ നമ്മൾ അവരെ ഉപദേശിക്കാനും മറക്കില്ല. അതേ വീടും കുടുംബവും എല്ലാം ആയാൽ ഭാര്യയെയും (ഭർത്താവിനെയും) മക്കളെയും നോക്കാതെ അമ്പലം പള്ളി ആശ്രമം നാമജപം എന്നുപറഞ്ഞ് നടന്നിട്ട് ഒരു പ്രയോജനവുമില്ല. കുടുംബം നോക്കണം. ഇതെല്ലാം വയസ്സുകാലത്ത് പോരേ?
വയസ്സുകാലത്ത് ഇത് എത്രപേർക്ക് സാധിക്കും? മനസ്സാന്നിധ്യത്തോടെ എത്രപേർക്ക് നാമം ജപിക്കാൻ കഴിയും? എന്റെ വീട്, എന്റെ ഭാര്യ, എന്റെ മക്കൾ, എന്റെ സമ്പത്ത് എന്റെ ബന്ധുക്കൾ എന്റെ സുഹൃത്തുക്കൾ ഇതിനെയെല്ലാം ഉപേക്ഷിച്ച് എത്രപേർക്ക് ഭഗവാനിൽ പ്രേമം തോന്നും. എന്റെ എന്റെ എന്നുപറഞ്ഞ് എന്നു പിടിച്ചത് നമ്മുടെ കൂടെയുണ്ടാകും എന്ന് ഉറപ്പുണ്ടോ?
മക്കളെ പഠിപ്പിച്ച് ഉദ്യോഗസ്ഥരാക്കി വിവാഹം കഴിപ്പിച്ചു ഉദ്യോഗത്തിൽനിന്ന് വിരമിച്ച് വീട്ടിലിരിക്കുമ്പോൾ വിരസതയോടെ കഴിഞ്ഞ കാലത്ത് ചെയ്ത വീരശൂര പരാക്രമങ്ങളുടെ ഓർമ്മകൾ അയവിറക്കി കഴിയുമ്പോൾ ഈശ്വര ഭജനം ചെയ്യാൻ എങ്ങിനെ തോന്നും. വേണമെന്ന് കരുതി പരിശ്രമിച്ചാലും നമ്മുടെ ബുദ്ധിയും ചിന്തയും മനസ്സും ആ സമയത്ത് ഏകാഗ്രമാക്കാൻ സാധിക്കില്ല. ഒരു കെട്ടിടം പണിതുയർത്തണമെങ്കിൽ അതിന് ആദ്യം വേണ്ടത് ശക്തമായ ഒരു അടിത്തറയാണ്. അടിത്തറയ്ക്ക് ഉറപ്പുണ്ടെങ്കിൽ എത്ര വലിയ കെട്ടിടം പണിതാലും അത് സുരക്ഷിതമായിരിക്കും. അതുപോലെ ജീവിതമാകുന്ന മണിസൗധത്തിന്റെ അടിത്തറയാണ് ഈശ്വരോപാസന. 'ചൊട്ടയിലെ ശീലം ചുടല വരെ' എന്നാണല്ലോ ചൊല്ല്. എന്നാൽ ഈശ്വരോപാസന നമ്മുടെ ജന്മജന്മാന്തരങ്ങളിലേയ്ക്ക് മുതൽക്കൂട്ടായി തീരും. ഒന്നിനേയും ഉപേക്ഷിക്കേണ്ട. എല്ലാത്തിനും ഒപ്പം ഈശ്വരോപാസന കൂടി കൂട്ടിച്ചേർത്താൽ മതി. ബുദ്ധിയും അറിവും ഉറക്കുന്ന പ്രായത്തിൽ തന്നെ ഈശ്വരോപാസന തുടങ്ങണം. അതിന് എവിടെയാണ് സമയം എന്നാവും അടുത്ത ചോദ്യം. എങ്കിൽ ഒരു മറു ചോദ്യം ചോദിച്ചോട്ടെ? ഇത്രയും കാലം നമ്മൾ സമയം ചിലവഴിച്ചതെല്ലാം നമുക്ക് പ്രയോജനമുള്ള കാര്യത്തിനായിരുന്നോ? വിദ്യാഭ്യാസ കാലത്ത് എത്ര പാഠങ്ങള്‍ നമ്മൾ പഠിച്ചിരുന്നു. അതു മുഴുവനും നമുക്ക് പ്രയോജനപ്പെട്ടോ? എൻജിനീയറായി ജോലി നോക്കുന്ന ഒരാൾക്ക് ജീവശാസ്ത്രം പഠിച്ചത് പ്രയോജനപ്പെട്ടോ? ഒരു ഡോക്ടർക്ക് ഫിസിക്സ് പഠിച്ചതുകൊണ്ട് എന്തു പ്രയോജനമുണ്ടായി? അതെല്ലാം അറിവിന് വേണ്ടിയാണ് എന്നു വാദിക്കുന്നവരുണ്ടാകാം. ശരി ഇരിക്കട്ടെ, വിദ്യാഭ്യാസ കാലത്ത് നാം നേടിയ അറിവുകൾ ഇന്ന് എത്ര പേരുടെ ഓർമ്മയിലുണ്ട്? പിന്നെ നമ്മളെന്തിനാണ് ധനവും സമയവുമെല്ലാം ചെലവഴിച്ച് കഷ്ടപ്പെട്ട് ട്യൂഷനുപോയി പഠിച്ചത്? നമ്മുടെ നിലനിൽപ്പിനും ഉദ്യോഗത്തിനും സമൂഹത്തിൽ സ്ഥാനം നേടുന്നതിനും ഇത് അത്യാവശ്യമായിരുന്നു. ശാശ്വതമല്ലാത്ത ഈ നേട്ടങ്ങൾക്കും സുഖങ്ങൾക്കും വേണ്ടി നമ്മൾ എത്ര കഷ്ടപ്പെടുന്നു? എങ്കിൽ ഇതിനെല്ലാം അടിസ്ഥാനമായ ഈശ്വരോപാസനയ്ക്ക് നമ്മൾ എത്ര പ്രാധാന്യം നൽകണം? ഉയർന്ന വിദ്യാഭ്യാസം നേടി കൊണ്ട് ഉന്നത ഉദ്യോഗം ലഭിച്ചതുകൊണ്ടോ മാത്രം ഒരു പ്രയോജനവുമില്ല. "സർവ്വഭൂതദയ" എന്ന മഹത്തായ ഗുണം കൂടി ഉണ്ടാകണം. അതിന് സ്വന്തം ആത്മാവായി വർത്തിക്കുന്ന അനശ്വരവും പുണ്യവും പവിത്രവും ദിവ്യവുമായ പരമാത്മചൈതന്യം തന്നെയാണ് എല്ലാവരുടെയും ഉള്ളില്‍ ഉള്ളത് എന്ന സത്യത്തെ ബോധിക്കണം. മാത്രമല്ല ഭാര്യ(ഭർത്താവ്) മക്കൾ ബന്ധുക്കൾ ഉദ്യോഗം പദവി തുടങ്ങി നേടി എന്നു തോന്നുന്ന നേട്ടങ്ങളെല്ലാം ഏതു നിമിഷം വേണമെങ്കിലും നഷ്ടപ്പെട്ടു പോയേക്കാം. ആ സമയത്ത് പതറാതെ സമചിത്തതയോടുകൂടി ഇരിക്കാൻ നമുക്ക് സാധിക്കണം. അതിനെല്ലാം
ഈശ്വരോപാസന കൂടിയേ കഴിയൂ . ഭഗവാൻ എവിടെയോ നിന്ന് നമ്മെ അനുഗ്രഹിക്കുന്ന, നമുക്ക് വേണ്ടതെല്ലാം തരുതുന്ന ഒരു ശക്തിയല്ല. നമ്മുടെ പ്രാണനായി ഹൃദയത്തുടിപ്പായി പ്രേമസ്വരൂപനായി സദാ നമ്മെ ചേർത്തുപിടിക്കുന്ന, നമുക്ക് എന്നും ഏതു ജന്മത്തിലും സ്വന്തമായ നമ്മുടെ പ്രിയ തോഴനാണ്. (പ്രേമത്തോടെ ഏതു ഭാവത്തിലും സങ്കൽപ്പിക്കാം)
നോക്കൂ നമ്മുടെ കുഞ്ഞുങ്ങളെ നമ്മളെത്ര പ്രേമത്തോടെയും എത്ര കരുതലോടെയും ആണ് വളർത്തുന്നത്? അവർ നമ്മളെ ധിക്കരിച്ച് തന്നിഷ്ടത്തിന് ജീവിക്കുമ്പോൾ നമുക്ക് സങ്കടവും ദേഷ്യവും വരാറില്ലേ? 'ഇനി എന്തെങ്കിലും ആവട്ടെ അവരായി അവരുടെ പാടായി' എന്നു കരുതി നമ്മൾ മാറി നിന്നാലും അവരുടെ 'അമ്മേ അച്ഛാ' എന്ന ഒരു വിളിയിൽ നമ്മൾ എല്ലാം മറന്നു പോകുന്നു. അതുപോലെ മദ്യപാനിയായ ഭർത്താവിന്റെ ശല്യം സഹിക്കാൻ കഴിയാതെ വേർപിരിഞ്ഞു താമസിക്കുന്ന ഭാര്യ, അദ്ദേഹത്തിന് എന്തെങ്കിലും ഒരു വിഷമം ഉണ്ടായി എന്നു കേട്ടാൽ എല്ലാം മറന്ന് ഓടിച്ചെല്ലും. ഇതാണ് സ്നേഹത്തിന്റെ ശക്തി. നമ്മുടെ ജീവിതയാത്രക്കിടയിൽ വച്ച് ഒന്നിച്ചു ചേർന്നവരാണ് ഇവർ. ജീവിതാവസാനംവരെ കൂടെയുണ്ടാകും എന്നതിന് ഒരു ഉറപ്പുമില്ല. എന്നിട്ടും നാം ഇവരെ എത്രമാത്രം സ്നേഹിക്കുന്നു. എന്നാൽ നമ്മൾ ഒരു ജീവന്റെ തുടിപ്പായി അമ്മയുടെ ഗർഭപാത്രത്തിൽ എത്തിയ നിമിഷം മുതൽ നമ്മളെ കാത്തു രക്ഷിക്കുന്ന ആ പ്രേമസ്വരൂപനായ ഭഗവാനെ സ്നേഹിക്കാൻ കാലവും സമയവും നോക്കേണ്ടതുണ്ടോ? നമ്മൾ കൃത്യമായി സന്തോഷത്തോടെയും സ്നേഹത്തോടേയും പുത്ര കളത്ര ബന്ധുക്കളെ പരിചരിച്ചാലും ഒരു ചെറിയ വീഴ്ച വരുത്തിയാൽ അവർക്ക് നമ്മളോട് അനിഷ്ടമായി. എന്നാൽ മനസ്സുകൊണ്ട് പുറകോട്ട് സഞ്ചരിച്ചു നോക്കൂ. ഭഗവാന്റെ പരമ കാരുണ്യത്തെ നമുക്ക് തിരിച്ചറിയാൻ സാധിക്കും. നമ്മൾ ഭഗവാനെ ഓർമ്മിക്കുകപോലും ചെയ്യാതിരുന്ന സന്ദർഭങ്ങളിൽപ്പോലും ഭഗവാൻ നമ്മളെ സ്നേഹത്തോടെ ചേർത്തു പിടിച്ചിരുന്നില്ലേ? ഇത്രയും കാരുണ്യ മൂർത്തിയായ പ്രേമസ്വരൂപനായ ഭഗവാന്റെ നാമം ജപിക്കാൻ, കഥകൾ കേൾക്കാൻ, പ്രേമോപാസന ചെയ്യാൻ സമയം വരാനായി ഇനിയും കാത്തിരിക്കണോ? അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് ആർക്കറിയാം. അതുകൊണ്ട് ഇപ്പോൾ ഈ നിമിഷം തന്നെ തുടങ്ങിക്കോളൂ . ഇതാണ് ഭഗവാൻ നിശ്ചയിച്ച സമയം.
നിറയ്ക്കൂ നിറയ്ക്കൂ ഹരി പ്രേമമുള്ളിൽ
വിളിക്കൂ വിളിക്കൂ സദാ കൃഷ്ണനാമം
സ്മരിക്കൂ സ്മരിക്കൂ ചിദാനന്ദ രൂപം
ലയിക്കൂ ലയിക്കൂ മുകുന്ദന്റെ കാലിൽ
എല്ലാവർക്കും കൃഷ്ണാനുഭവം ഉണ്ടാകണേ എന്ന പ്രാർഥനയോടെ ഈ അക്ഷരപ്പൂക്കൾ എന്റെ കണ്ണന് പ്രേമപുഷ്പാഞ്ജലിയായി സമർപ്പിക്കുന്നു....chandran raj

No comments:

Post a Comment