Sunday, November 26, 2017

നമ്മുടെ സമൂഹത്തിലും  ലോകത്തിലും യുക്തിവാദികള്‍ എന്ന് സ്വയം അവകാശപ്പെടുന്നവര്‍ ധാരാളം ഉണ്ട്. സമൂഹത്തില്‍ പണ്ടുമുതലേ നിലനില്ക്കുന്ന എന്തിനേയും തള്ളിപ്പറയുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് യുക്തിവാദം എന്ന വാക്ക് ഉപയോഗിച്ച് കാണുന്നത്. അതായത് യുക്തിവാദി എന്നാല്‍ നിഷേധി എന്ന അര്‍ത്ഥത്തില്‍.
നമുക്കു ഈ വാക്കുകളുടെ അര്‍ത്ഥം നോക്ക‍ാം.
യുക്തി എന്നാല്‍
•   കാര്യകാരണബന്ധം;
•   കാര്യകാരണബന്ധം കണ്ടെത്തുകയും ആവിഷ്കരിക്കുകയും ചെയ്യുന്ന പ്രക്രിയ.
•   കാര്യകാരണബന്ധത്തോടുകൂടി വസ്തുക്കളെ ക്രമീകരിക്കുകയോ സമര്‍ത്ഥിക്കുകയോ ചെയ്യുന്ന മനോവ്യാപാരം;
•   കാര്യകാരണബന്ധത്തോടുകൂടിയുള്ള ചിന്ത.
യുക്തിവാദം എന്നാല്‍
•   കാര്യകാരണബന്ധത്തോടുകൂടിയ വാദം;
•   കാര്യകാരണബന്ധത്തെ പ്രമാണമാക്കിക്കൊണ്ടുള്ള ചിന്താപദ്ധതി, തര്‍ക്കശാസ്ത്രപദ്ധതി.
യുക്തിവാദി എന്നാല്‍
•   കാര്യകാരണബന്ധത്തെ പ്രമാണമാക്കിക്കൊണ്ടു ചിന്തിക്കുകയും വാദിക്കുകയും ചെയ്യുന്നവന്‍;
•   കാര്യകാരണബന്ധത്തെ മാത്രം പ്രമാണമായി അംഗീകരിക്കുന്നവന്‍.
പഴമയെ യുക്തി ഉപയോഗിച്ചു ശരിയേത്, തെറ്റേത് എന്ന് മനസ്സിലാക്കി, ശരിയെ അംഗീകരിക്കുകയും തെറ്റിനെ തിരുത്തുകയും അല്ലേ യുക്തി?
യുക്തിവാദികളുടെ തലതൊട്ടപ്പനായ ശ്രീ ജോസഫ് ഇടമറുക് എഴുതിയ ‘ഉപനിഷത്ത് ഒരു വിമര്‍ശനപഠനം’ എന്ന പുസ്തകം ഈയിടെ വായിച്ചു. ഈ പുസ്തകം വാങ്ങുമ്പോള്‍ ഈയുള്ളവന് നല്ല പ്രതീക്ഷയുണ്ടായിരുന്നു, കാരണം യുക്തി ഉപയോഗിച്ചു ഒന്നിനെ വിമര്‍ശിക്കുന്നതാണ് അതിനെ കൂടുതല്‍ പഠിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. പക്ഷെ, ഉപനിഷത്ത് എന്തെങ്കിലും നല്ല കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടോ എന്ന് നോക്കാന്‍ അദ്ദേഹം തയ്യാറല്ല. എന്തൊക്കെ കുറ്റങ്ങളുണ്ട്‌ പറയാന്‍ എന്ന് മാത്രം നോക്കിയാല്‍ അത് വിമര്‍ശനം ആവും എന്നാണോ? തൊണ്ണൂറ്റൊമ്പത്‌ ശതമാനം ശരിയും കാണാതെ ഒരു ശതമാനം തെറ്റായി വ്യാഖ്യാനിച്ചാല്‍ ഉപനിഷത്ത് തെറ്റാവുമോ? വ്യാഖ്യാനിക്കുന്ന ആള്‍ക്കാര്‍ വരുത്തുന്ന തെറ്റിന് ആര് സമാധാനം പറയും? അല്ലെങ്കില്‍തന്നെ ഉപനിഷത്ത് അല്ലെങ്കില്‍ നമ്മുടെ പൈതൃകം തെറ്റാണെന്ന് സ്ഥാപിച്ചാല്‍ ന‍ാം യുക്തിയുള്ളവര്‍ ആവുമോ? അതായിരിക്കുമോ ഒരു വികസിത സമൂഹത്തിന്റെ ലക്ഷണം?
മുന്‍ രാഷ്ട്രപതി ശ്രീ അബ്ദുല്‍കല‍ാം കഴിഞ്ഞ ദിവസം പറഞ്ഞു – ഐന്‍സ്റ്റീന്റെ തിയറികളും ഉപനിഷത്തുക്കളും ശങ്കരാചാര്യരുടെ വിവേകചൂഡാമണി തുടങ്ങിയവയും ചേര്‍ത്ത് ഗവേഷണം നടത്തണം എന്ന്. ഭാരതത്തിന്റെ പൈതൃകം ഉള്‍ക്കൊണ്ട് അദ്ദേഹം പറഞ്ഞ ഈ വാക്കുകള്‍ വളച്ചോടിക്കാനേ പലര്‍ക്കും കഴിയൂ. ഒരു മിസ്സൈല്‍ ശാസ്ത്രജ്ഞന്‍ അങ്ങനെ പറയാമോ?! അതൊക്കെ സയന്‍സിനെ അവഹേളിക്കലല്ലേ എന്നാണ് അവരുടെ ചോദ്യം! ചോദിക്കുന്നവര്‍ ഒന്നുകില്‍ പൈതൃകം പഠിച്ചിട്ടു പറയണം അല്ലെങ്കില്‍ ഒരു നല്ല ശാസ്ത്രജ്ഞന്‍ ആയിരിക്കണം, അല്ലാതെ വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയല്‍ തുടങ്ങിയാല്‍ എന്തെങ്കിലും പ്രയോജനമുണ്ടോ?
നമ്മള്‍ എല്ലാവരും ഈ ജീവിതകാലത്ത് യുക്തിവാദികള്‍ ആയിരിക്കണം എന്നാണ് ഈയുള്ളവന്റെ മതം. എന്തിനേയും യുക്തി ഉപയോഗിച്ച്, സ്വന്തം ചിന്താശേഷി ഉപയോഗിച്ച്, വിവേകം ഉപയോഗിച്ച് നേരിടുക, മനസിലാക്കുക. മുന്‍വിധികള്‍ മാറ്റിവയ്ക്കുക. അതുതന്നെയാണ് യഥാര്‍ത്ഥ ആത്മീയം എന്നും ഈയുള്ളവന്‍ വിശ്വസിക്കുന്നു.
ഓര്‍ക്കുക, കണ്ണടച്ച് ഇരുട്ടാക്കിയാല്‍ തനിക്കുള്ള വെളിച്ചം മാത്രം നഷ്ടപ്പെടും, മറ്റുള്ളവര്‍ക്ക് ഒരു നഷ്ടവും സംഭവിക്കുകയുമില്ല. വാദിക്കാനും ജയിക്കാനുമല്ലാതെ അറിയാന്‍വേണ്ടി നിങ്ങളുടെ യുക്തി ഉപയോഗിക്കൂ.
sreyas

No comments:

Post a Comment