Tuesday, November 28, 2017

അന്ന് ദാസിമാരെല്ലാം മറ്റു ചില ജോലികളില്‍ വ്യാപൃതരായിരുന്നതിനാല്‍, യശോദ തന്നെയാണ് തൈര് കടയാനിരുന്നത്. ഭാഗവതത്തില്‍ കാണുന്നു-
ഏകദാ ഗൃഹസാദീഷു യശോദാ
നന്ദഗോപിനി
കര്‍മാന്തരനിയുക്താസു നിര്‍മമന്ഥ
സ്വയം ദധി
കൃഷ്ണന്‍ ഉണര്‍ന്നെണീറ്റാല്‍പ്പിന്നെ വീട്ടുജോലികളൊന്നും ചെയ്യാന്‍ നേരംകിട്ടില്ല. അതിനാല്‍, യശോദ നേരത്തേതന്നെ എണീറ്റ്, ദേഹശുദ്ധി വരുത്തി, വിളക്കുകൊളുത്തി വെച്ചു; പശുക്കളെ കറന്ന് പാല്‍ കാച്ചാന്‍ അടുപ്പത്തുവച്ച്, തൈര് കടയാനിരുന്നു. ഗാഥയില്‍ ആ രംഗം വിവരിക്കുന്നു.
കാഞ്ചിയെക്കൊണ്ടു മുറുക്കിനിന്നീടുന്ന
പൂഞ്ചേല തന്നുടെ കാന്തികൊണ്ടും
മത്തുവലിക്കും കരങ്ങളിലാളുമ-
ക്കങ്കണം തന്നുടെ രാവംകൊണ്ടും
തൂവിയര്‍പ്പേന്തിനോരാനനം കൊണ്ടുമ-
പ്പൂമലര്‍ തൂകുന്ന ചായല്‍കൊണ്ടും
പാരം വിളങ്ങുമപ്പാഥോജലോചന
വാരിച്ചു തൈര്‍ കടഞ്ഞീടുന്നേരം
അമ്മിഞ്ഞതായെനിക്കെന്നങ്ങു ചൊല്ലിക്കൊ-
ണ്ടമ്മതന്‍ ചാരതു ചെന്നാന്‍ കണ്ണന്‍
കണ്ണന്‍ ചെന്നത് അമ്മ ശ്രദ്ധിച്ചില്ല. മടിയിലേക്ക് മെല്ലെ തലയെത്തിച്ചു; അപ്പോഴേ അമ്മ അറിഞ്ഞൂള്ളൂ. അനുവാദം ചോദിക്കാനൊന്നും മെനക്കെട്ടില്ല; അഴഞ്ഞ മുലക്കച്ച മെല്ലെ പൊക്കി, കണ്ണിന്‍ മുല കുടിക്കാന്‍ തുടങ്ങി.
‘ഇതെന്തൊരുതോന്നിവാസമാണ്’-അമ്മ മെല്ലെ ശാസിച്ചു. കൃഷ്ണന്‍ അതുകേട്ട മട്ടു നടിച്ചില്ല; മുലകുടി തുടര്‍ന്നു. അമ്മയപ്പോള്‍ തൈരു കടയല്‍ നിറുത്തി; കൃഷ്ണന്റെ മുഖം മാറത്തേയ്ക്ക് ചേര്‍ത്തുവച്ചു. കൃഷ്ണന്‍ സൗകര്യപൂര്‍വം മുലകുടി തുടരവേ, യശോദ തൈരുകടയല്‍ തുടര്‍ന്നു.
അപ്പോഴാണ്-അടുക്കളയില്‍ നിന്ന് പാല്‍ കരിഞ്ഞമണം. അയ്യോ പാല്‍ തിളച്ചു പോയി-എന്നു വേവലാതിപൂണ്ട് യശോദ മാറില്‍നിന്നു കൃഷ്ണന്റെ മുഖം വേറിടുത്തി, തിടുക്കത്തില്‍ എണീറ്റ് അടുക്കളയിലേക്ക് പോയി.
കൃഷ്ണനു കലശലായ ദേഷ്യം വന്നു. തന്നെ തീരെ ഗൗനിക്കാതെയല്ലേ അമ്മ പോയത്? അതു മാത്രമോ? തന്റെ മുലകുടി തടസ്സപ്പെട്ടില്ലേ?
സഞ്ജാതകോപഃ സ്ഫുരിതാരുണാധരം
സംദശ്യ ദദ്ഭിര്‍ദധിമന്ഥഭാജനം
ഭിത്ത്വാ മൃഷാശ്രുര്‍ ദൃഷദശ്മനാ രഹോ
ജഘാസ ഹൈയംഗ വമന്തരം ഗതഃ
കൃഷ്ണന്‍ പെട്ടെന്ന് കോപഭാവം പ്രകടിപ്പിച്ച്, വിറയ്ക്കുന്നതും തുടുത്തതുമായ ചുണ്ട് പല്ലുകൊണ്ടിറുമ്മി. അവിടെ കിടന്നിരുന്ന അമ്മിക്കുഴകൊണ്ട് തയിര്‍ക്കലം പൊട്ടിച്ച്, അകത്തേക്ക് പോവുന്ന പോക്കില്‍ തയിര്‍ക്കലത്തില്‍ നിന്ന് കൈനിറയെ വെണ്ണയും കോരിയെടുത്തു. ഗാഥയില്‍ ഇങ്ങനെ വിവരിക്കുന്നു.
എന്നെ വെടിഞ്ഞുള്ളൊരമ്മയെ ച്ചെഞ്ചെമ്മേ
എന്തുകൊണ്ടിന്നിനിത്തോല്‍പിപ്പു ഞാന്‍
ഇങ്ങനെ നണ്ണുമ്പോള്‍ ചെമ്മുള്ളൊരമ്മിക്ക-
ല്ലങ്ങൊരു കോണത്തു കാണായ് വന്നു
വങ്കലം തന്നിലേ ചാട്ടിനിന്നീടിനാന്‍
വങ്കനം പൂണുമക്കല്ലുതന്നെ.
പുത്തനായ്‌ക്കൊണ്ടുള്ളൊരക്കലമന്നേരം
പത്തുനൂറുണ്ടായി തൊന്നുകൊണ്ടേ
‘നാരായണീയത്തില്‍ അമ്മിക്കുഴവിയ്ക്കു പകരം കണ്ണന്‍ കടകോലെടുത്തെറിഞ്ഞു എന്നാണല്ലോ?’ മുത്തശ്ശി ചോദിച്ചു.
‘അതേല്ലോ’- മുത്തശ്ശന്‍ പറഞ്ഞു: അന്നേരം ഗുരുവായൂരപ്പന്‍ ശ്രീലകത്തുനിന്ന്, കടകോല് ഞാനവിടെ കണ്ടില്ല പട്ടേരീ-എന്നു വിളിച്ചു പറഞ്ഞൂന്നല്ലേ?’
‘ഔചിത്യം നോക്കിയാണ് പട്ടേരി കടകോലെന്നു മാറ്റിപ്പറഞ്ഞത്. പക്ഷേ, ഗുരുവായൂരപ്പന്‍ വ്യാസഭാവനയ്‌ക്കൊത്തു ഉറച്ചുനിന്നു, അല്ലേ?’
‘തിളച്ച പാല്‍ അടുപ്പത്തുനിന്നു വാങ്ങിവച്ച് യശോദ തിരികെ വന്നപ്പോള്‍ കണ്ടതെന്താണ്? തയിര്‍ക്കലം തകര്‍ന്നു കിടക്കുന്നു. തൈരെല്ലാം നിലത്തൊഴുകിപ്പോയിരുന്നു. തലേന്നു കടഞ്ഞെടുത്ത വെണ്ണ കലത്തിലാക്കി, അകത്ത് ഉറിയില്‍ വച്ചിരുന്നു. വെണ്ണക്കലത്തില്‍ ഒരു തരി വെണ്ണയില്ല; കണ്ണനേയും അവിടെ കണ്ടില്ല.
ഈ വെണ്ണക്കള്ളന്‍ എവിടെപ്പോയി? യശോദ എല്ലായിടവും തിരഞ്ഞു. എങ്ങും കണ്ടില്ല്. അവസാനം, ഉരല്‍പ്പുരയില്‍ ചെന്നു നോക്കുമ്പോള്‍
അവിടെ ഉരലില്‍ കയറിയിരിക്കുന്നു. കയ്യില്‍ വെണ്ണയുണ്ട്. വെണ്ണ തിന്നുതീര്‍ക്കുകയാണ്. ചിറിയിലെല്ലാം വെണ്ണ പറ്റിയിരിക്കുന്നു. മുന്നില്‍ കുറിഞ്ഞിപ്പൂച്ചയിരിപ്പുണ്ട്; അതിന്റെ വായിലേക്ക് ചെറിയ ഉരുളകളാക്കിയ വെണ്ണ എറിഞ്ഞു കൊടുക്കുന്നു. യശോദ വാതില്‍ക്കല്‍ വന്നത് അറിഞ്ഞമട്ടില്ല.
കിളിപ്പാട്ടില്‍ ഈ രംഗം വിവരിക്കുന്നതിങ്ങനെ-
തല്‍സമയേ തികന്നീടിന ദുഗ്ദ്ധവും
സ്വസ്ഥാനമാക്കി വച്ചങ്ങു യശോദ താന്‍
ചിക്കനെപ്പോന്നുവന്നൊക്കെ നോക്കുന്നതു-
വക്കുണ്ഡലി തകര്‍ന്നീടിനകോപ്പുകള്‍
കണ്ടു കൗതൂഹലം പൂണ്ടു കാണിക്ഷണം
കൊണ്ടാടിനിന്നെഴുമിണ്ടലോടഞ്ജസാ
കോലുമെടുത്തു തിരഞ്ഞു ചെല്ലുമ്പോഴും
താലംബ ഭൂതനെക്കാണായിതങ്ങൊരു
കോണില്‍ നിന്നീടുമുലുഖലത്തിന്‍ മുകള്‍-
സ്ഥാനേ ചുഴന്ന കപികള്‍ക്കു വെണ്ണയും
നുള്ളി നുറുക്കിയെറിഞ്ഞുകൊടുത്തുത-
ന്നുള്ളിലുണ്ടുള്ളുള്ളമെന്നഭാവത്തെയും…
ഈ വികൃതിക്ക് അടി തന്നെ കൊടുക്കണമെന്ന ചിന്തയോടെ ഒരു പീലിത്തണ്ടുമായാണ് യശോദ ചെന്നത്. അമ്മയെ കണ്ട കൃഷ്ണന്‍ ഉരലില്‍നിന്നു ചാടി, ഒറ്റ ഓട്ടം. യശോദ പിന്നാലെ. അവസാനി പിടിച്ചു. പീലിത്തണ്ട് ഓങ്ങിയതേയുള്ളൂ-വലിയ വായില്‍ കൃഷ്ണന്‍ കരയാന്‍ തുടങ്ങി.
കണ്ണന്റെ കണ്ണുനീര്‍ വീണതു കാണ്‍കയാല്‍
തന്നിലേ നണ്ണിനാളമ്മയപ്പോള്‍
തല്ലുവാന്‍ പോരാത പൈതലെക്കല്ലിനാന്‍
വല്ലായ്മയായിട്ടേ വന്നുകൂടൂ
പേടിപ്പിച്ചീടണമെന്നതേ ചെയ്യാവൂ
പെട്ടന്നതിനു പിടിച്ചുകെട്ടൂ
എന്നങ്ങു തന്നിലേ നണ്ണിയോരമ്മയ-
ന്നിന്നോരുരലോടു ചേര്‍ത്തുവച്ചു
അല്‍പമായുള്ളോരു പാശവും കൊണ്ടുപോ-
ന്നപ്പൈതല്‍ തന്നുടല്‍ കെട്ടുന്നേരം…
‘ഗര്‍ഗ’ ഭാഗവതത്തില്‍ ഈ ഘട്ടത്തില്‍ ഉലൂഖല ബന്ധനം നടക്കുന്നില്ല. ഗോപികമാരുടെ ചേല കട്ടതിന്റെ പേരിലാണ് ഈ ശിക്ഷ നടക്കുന്നത്. ഭാഗവതത്തിലും ഗാഥയിലും കാണുമ്പോലെ, തല്ലാന്‍ വേണ്ടിയുള്ള ഓട്ടമൊന്നുമില്ല. വാതില്‍ക്കല്‍ അമ്മയുടെ നിഴല്‍ കണ്ടനേരം കൃഷ്ണന്‍ തിടുക്കത്തില്‍ ഉരലിന്റെ പിന്നില്‍ ഒളിച്ചിരുന്നു. കൃഷ്ണന് അമ്മയെ കാണാനായില്ല; അമ്മയ്ക്കും തന്നെ കാണാനാവുന്നില്ല എന്നാണ് കൃഷ്ണന്‍ കരുതിയത്. കണ്ണ് ഇറുകെ പൂട്ടി.
ചൂടുള്ള നിശ്വാസം കവിളില്‍ പതിച്ച നേരമാണ് കണ്ണുതുറന്നത്. അമ്മയുടെ ചുണ്ട് തന്റെ കവിളില്‍ അമരുന്നുണ്ട് എന്നും കൃഷ്ണനറിഞ്ഞു. നോക്കുമ്പോള്‍-ആ മുഖത്ത് ചുവന്നുനില്‍പില്ല. നിറഞ്ഞ ചിരിയാണ്, സ്‌നേഹമാണ്. സ്‌നേഹത്തിന്റെ മാര്‍ദ്ദവമുള്ള അമ്മയുടെ കൈകള്‍ കൃഷ്ണനെ വാരിയെടുത്തു; മാറത്തടക്കി.


ജന്മഭൂമി: http://www.janmabhumidaily.com/news744506#ixzz4zlrQ6Y9B

No comments:

Post a Comment