Monday, December 04, 2017

ഉപനിഷത്തിലൂടെ - 14
നചികേതസ്സിന്റെ വിരക്തിയേയും, യമന്റെ പ്രലോഭനങ്ങളൊന്നും ആ കുട്ടിയില്‍ ഒരു തരത്തിലും ഏശിയില്ലെന്നും കാണിക്കുന്നു കഠോപനിഷത്തിലെ മറുപടിമന്ത്രങ്ങള്‍.
”ശ്വോഭാവാ മര്‍ത്ത്യസ്യയദ
ന്തകൈതത്
സര്‍വേന്ദ്രിയാണാം ജരയന്തി തേജഃ
അപിസര്‍വം ജീവിതമല്‍പമേവ
തവൈവ വാഹാസ്തവ നൃത്യഗീതേ”
അങ്ങ് നല്‍കാമെന്ന് പറഞ്ഞ സുഖഭോഗങ്ങളെല്ലാം നാളേയ്ക്ക് നിലനില്‍ക്കുമോ എന്ന് ഉറപ്പില്ലാത്തവയാണ്. അവ മനുഷ്യന്റെ ഇന്ദ്രിയങ്ങളുടെ തേജസ്സിനെ നശിപ്പിക്കും. ഈ ജീവിതം വളരെ ചെറുതാണ്. അതിനാല്‍ അങ്ങയുടെ കുതിരകളും നൃത്യഗീതങ്ങളും അങ്ങ് തന്നെ വച്ചാല്‍ മതി. തികച്ചും നശ്വരങ്ങളായ സാധനങ്ങളെക്കൊണ്ട് തന്നെ വശപ്പെടുത്താമെന്ന് കരുതേണ്ടെന്ന് നചികേതസ്സ് യമനെ ബോധ്യപ്പെടുത്തി. ‘ശ്വോഭാവാ’ എന്നാല്‍ നാളെ ഉണ്ടായിരിക്കുമോ ഇല്ലയോ എന്ന് നിശ്ചയമില്ലാത്തത് എന്നര്‍ത്ഥം. യമന്‍ വച്ചുനീട്ടിയ എല്ലാം എക്കാലത്തും നിലനില്‍ക്കുന്നവയല്ല. അവ ഉപയോഗിക്കുമ്പോള്‍ ഇന്ദ്രിയങ്ങള്‍ക്ക് ദോഷമുണ്ടാക്കുന്നവയുമാണ്. ധര്‍മ്മം, വീര്യം, പ്രജ്ഞ, തേജസ്സ്, യശസ്സ് മുതലായവയെ നശിപ്പിക്കുന്ന അപ്‌സര സ്ത്രീകളുള്‍പ്പെടെയുള്ള എല്ലാ സുഖസാധനങ്ങളും അനര്‍ത്ഥത്തെ ഉണ്ടാക്കും. പിന്നെ ദീര്‍ഘായുസ്സാണെങ്കിലോ അതും ചെറുതുതന്നെയാണ്. കൂടിവന്നാല്‍ എത്ര കാലം ജീവിക്കും. ബ്രഹ്മാവിനുപോലും കാലപരിമിതിയുണ്ട്. അതിനാല്‍ തരാമെന്നു പറഞ്ഞവയെല്ലാം അങ്ങയ്ക്കുതന്നെ ഇരിക്കട്ടെ. തനിക്ക് വേണ്ടായെന്ന് നചികേതസ്സ് തീര്‍ത്തു പറഞ്ഞു.
ന വിത്തേന തര്‍പ്പണീയോ മനുഷ്യോ
ലപ്‌സ്യാമഹേ വിത്തമദ്രാക്ഷ്മ ചേത്ത്വാ
ജീവിഷ്യാമോ യാവദീശിഷ്യസി ത്വം
വരസ്തു മേ വരണീയഃ സ ഏവ
മനുഷ്യനെ ധനംകൊണ്ട് തൃപ്തിപ്പെടുത്താനാകില്ല. അങ്ങയെ കണ്ടതുകൊണ്ട് എനിക്ക് ധനവും ലഭിക്കും. അങ്ങ് ഉള്ളിടത്തോളം കാലം എനിക്ക് ജീവിക്കുകയുംചെയ്യാം. ധര്‍മ്മദേവന്റെ അനുഗ്രഹമുണ്ടെങ്കില്‍ ധനവും ദീര്‍ഘായുസ്സും ഉണ്ടാകും. ധനത്തിനും ആയുസ്സിനും മേലെയുള്ള ആത്മജ്ഞാനമാണ് വേണ്ടത്. ആ വരം മാത്രമേ ഞാന്‍ വരിക്കുകയുള്ളൂ.
ധനം എത്ര കിട്ടിയാലും മതിയാകാത്തവരാണ് മനുഷ്യന്‍. ധനം കൊടുത്ത് ആരേയും ഒരിക്കലും തൃപ്തിപ്പെടുത്താനാവില്ല. കിട്ടിയത് പോരാ പോരാ എന്ന വിചാരമായിരിക്കും. യമധര്‍മ്മന്റെ അനുഗ്രഹമുണ്ടെങ്കില്‍ വേണ്ടത്ര ധനം എന്തായാലും കിട്ടും. അതുപോലെ കൂടുതല്‍ കാലം ജീവിക്കാന്‍ കഴിയും. ധനമോ കുറെക്കാലം ജീവിക്കുന്നതോ തന്റെ ലക്ഷ്യമല്ല. ഇവയേക്കാള്‍ ശ്രേഷ്ഠമായ താന്‍ ആവശ്യപ്പെട്ട വരം നല്‍കണമെന്ന് നചികേതസ്സ് പറയുന്നു.
അജീര്യതാമമൃതാനമുപേത്യ
ജീര്യന്‍ മര്‍ത്ത്യഃ ക്വധഃസ്ഥഃ പ്രജാനന്‍
അഭിധ്യായന്‍ വര്‍ണ്ണരതി പ്രമോദാ-
നതി ദീര്‍ഘേ ജീവിതേ കോ രമേത
ജരാമരണങ്ങളില്ലാത്ത അനുഗ്രഹ ശക്തിയുള്ള ദേന്മാരുടെ അടുത്ത് ചെന്നാല്‍ ഒരാള്‍ സ്വീകരിക്കേണ്ടത് നശ്വര വസ്തുക്കളെയല്ല. അങ്ങയെപ്പോലുള്ള ദേവന്മാരെ കണ്ടാല്‍ ജ്ഞാനമാണ് സ്വീകരിക്കേണ്ടത്. സ്ത്രീകളുടെ നൃത്തസംഗീതങ്ങളില്‍നിന്നും കിട്ടുന്ന സുഖത്തേയും അതിനുള്ള ദീര്‍ഘായുസ്സിനേയും വിവേകിയായ ഒരാള്‍ ആഗ്രഹിക്കുകയില്ല. മനുഷ്യന്‍ ജരാമരണങ്ങളുള്ളവനും ഭൂമിയില്‍ താഴെ നിലയില്‍ കഴിയുന്നവനാണെങ്കിലും ദേവാനുഗ്രഹം കിട്ടുമ്പോള്‍ ഉല്‍കൃഷ്ടമായതിനെ സ്വീകരിക്കണം. ദേവന്മാരില്‍നിന്ന് വിഷയഭോഗങ്ങളല്ല വാങ്ങേണ്ടത് അമൃതത്വത്തെ നേടാനുള്ള ഉപദേശമാണ് നേടിയെടുക്കേണ്ടത്. വിവേകി ഒരിക്കലും ഭൗതികസുഖഭോഗങ്ങളില്‍ രമിക്കുകയില്ല. ആത്മജ്ഞാനത്തില്‍ കുറഞ്ഞ ഒന്നിനും അയാള്‍ക്ക് താല്‍പ്പര്യമുണ്ടാവില്ല. കുട്ടിയാണെങ്കിലും നചികേതസ്സിന്റെ വകതിരിവും കാര്യപ്രാപ്തിയും ഇതില്‍നിന്ന് മനസ്സിലാക്കാം. വിരക്തിയും വിവേകവും അടിയുറച്ച നചികേതസ്സ് എന്തുകൊണ്ടും ആത്മജ്ഞാനത്തിന് താന്‍ യോഗ്യനാണെന്ന് യമനെ ബോധ്യപ്പെടുത്തുന്നു. വശീകരിക്കുന്ന ഒരു ഭോഗവസ്തുവിനും ഇവിടെ സ്ഥാനമില്ല. അവയ്ക്ക് പുല്ലുവില മാത്രം.
യസ്മിന്നിദം വിചികിത്‌സന്തി മൃത്യോ
യത്‌സാംപരായേ മഹതി ബ്രൂഹി നസ്തത്
യോളയം വരോ ഗൂഢമനു പ്രവിഷ്‌ടോ
നാന്യം തസ്മാന്നചികേതോ വൃണീതേ
മരണാനന്തരമുള്ള പരലോകത്തെപ്പറ്റിയുള്ള ആശ്ചര്യകരമായ എന്റെ സംശയത്തെ മൃത്യുദേവാ തീര്‍ത്തു തന്നാലും. മഹത്തായ ആത്മതത്വത്തെക്കുറിച്ചുള്ള ഗൂഢമായുള്ള അറിവിനെ എനിക്ക് പറഞ്ഞുതരൂ. ഇതല്ലാതെ മറ്റൊരു വരം നചികേതസ്സ് വരിക്കുന്നില്ല.
അനിത്യങ്ങളായ വസ്തുക്കളെക്കൊണ്ട് ഇനിയും തന്നെ വശപ്പെടുത്താന്‍ നോക്കേണ്ട. ദേവന്മാര്‍ക്കുപോലും അറിവാന്‍ ബുദ്ധിമുട്ടുള്ളതായ അറിവിനെ മാത്രമേ തനിക്ക് വേണ്ടൂ എന്ന് ഉറപ്പിച്ചു പറയുന്നു. മനസ്സുകൊണ്ടുപോലും ഇത്തരം കാമനകളെ നചികേതസ്സ് ആഗ്രഹിക്കുന്നില്ലെന്ന് ഉപനിഷത്ത് പറയുന്നു.
നചികേതസ്സിന്റെ നിശ്ചയദാര്‍ഢ്യം കാണിക്കുന്ന ഈ മന്ത്രത്തോടെ കഠോപനിഷത്തിലെ ഒന്നാം അധ്യായത്തിലെ ഒന്നാം വല്ലി കഴിഞ്ഞു. തന്റെ പരീക്ഷണത്തില്‍ വിജയിച്ച നചികേതസ്സിന് ബ്രഹ്മവിദ്യയെ പറഞ്ഞുകൊടുക്കാന്‍ യമധര്‍മ്മദേവന്‍ തയ്യാറായി.


ജന്മഭൂമി: http://www.janmabhumidaily.com/news747734#ixzz50KhAkBbW

No comments:

Post a Comment