Thursday, December 21, 2017

മണ്ഡലകാലം കൃഷ്ണഭജനകാലം - 39
പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞു: ആലോചനാമഗ്നനായി മുറിയില്‍ ഉലാത്തുകയായിരുന്നു കംസന്‍. ദ്വാസ്ഥന്‍ വന്നറിയിച്ചു: കുറിക്കൂട്ടും സുഗന്ധലേപനങ്ങളുമായി സൈരന്ധ്രി വന്നിട്ടുണ്ട്. പറഞ്ഞയക്കട്ടെ?’
കംസന്‍ തലയനക്കി സമ്മതം നല്‍കിയ നേരം ദ്വാസ്ഥന്‍ അകത്തുപോയി. മാത്രകള്‍ക്കുള്ളില്‍, കര്‍പ്പൂരവും ചന്ദനവും അകിലും കസ്തൂരിയും ചേര്‍ന്ന കുറിക്കൂട്ടിന്റേയും പനിനീരിന്റെയും നേര്‍ത്ത പരിമളം പേറി ഇളംകാറ്റ് അകത്തുവന്നു; അതിനു പിറകെ ത്രിവക്രയും.
‘സ്വാമിന്‍’- ത്രിവക്ര തന്റെ സാന്നിദ്ധ്യം അറിയിച്ച് നേരം, കംസന്‍ തിരിഞ്ഞുനോക്കി. ഞൊടിയിട ആ കണ്ണുകളില്‍ അദ്ഭുതം മിന്നിമറഞ്ഞു. ത്രിവക്ര അത് കണ്ടില്ലെന്ന് നടിച്ചു. കുറിക്കൂട്ടിന്റെ ലോഹപ്പാത്രങ്ങള്‍ അവളുടെ കയ്യിലിരുന്നു തിളങ്ങുന്നതില്‍ കംസന്‍ ശ്രദ്ധയൂന്നി. ജനലരികിലെ തട്ടത്തില്‍ അവകൊണ്ടു വയ്ക്കാന്‍ അവള്‍ അലസം നീങ്ങുന്നതും കംസന്‍ ശ്രദ്ധിച്ചു. കംസനു തോന്നി: അവളുടെ രൂപത്തെക്കുറിച്ച് അവള്‍ക്ക് തികഞ്ഞ അഭിമാനമുണ്ട്. ഒരു സംശയം മനസ്സില്‍ മുള വലിച്ചു: നാരദന്റെ പ്രവചനം സത്യമാവുന്നതിന്റെ എന്തെങ്കിലും സൂചന ഇതിലുണ്ടോ?
ഇല്ലാ. ഇല്ലാ- മനസ്സ് ഉറക്കെ വിളിച്ചുപറഞ്ഞു. തീര്‍ത്തും സാധാരണമട്ടില്‍ കുറിക്കൂട്ടണിയിക്കുന്നതിന് കംസന്‍ വശംവദനായി. തിടുക്കത്തില്‍ തയ്യാറായി. ആചാരപൂര്‍വം വേദിയിലേക്ക് ആനയിക്കപ്പെട്ടു. സചിവന്മാരാല്‍ ചുറ്റപ്പെട്ട്, സാമന്തരുടെ മധ്യത്തില്‍, അലങ്കരിച്ച മഞ്ചത്തില്‍ ഇരുന്ന മഹാരാജന്‍ എല്ലാവരേയും അഭിവീക്ഷിച്ചു.
കംസ പരിവൃതോളമാതൈ്യ രാജമഞ്ച ഉപാവിശത്
മണ്ഡലേശ്വര മധ്യസ്ഥോ ഹൃദയേന വിദൂയതാ
‘മല്ലന്മാര്‍ എത്തട്ടെ’- ആ വിളംബരം മുഴങ്ങിക്കേട്ടു. പെരുമ്പറ ഗര്‍ജിച്ചു. ആര്‍പ്പും വിളികളും പൊങ്ങി. എല്ലാവര്‍ക്കും കാണാം- മല്ലന്മാരുടെ സംഘം വേദിയില്‍ എത്തുന്നു. ഏറ്റവും മുന്നിലായി ചാണൂരന്‍. പിറകെ മുഷ്ടികന്‍. പിന്നെ തോശലന്‍… ആ നിര നീണ്ടു.
പെട്ടെന്ന്. ആര്‍പ്പും വിളികളും നിന്നു. കംസന്‍ നോക്കി-ഗോപുരവാതില്‍ക്കല്‍ രണ്ടു കുമാരന്മാര്‍. കൃഷ്ണനും ബലരാമനും. ഗോപാലകരുടെ വേഷമണിഞ്ഞ്, ചന്ദനം ചാര്‍ത്തി, ശിരോമാല ചൂടി, കഴുത്തില്‍ മണിമാലയണിഞ്ഞ്, കൈകള്‍ കോര്‍ത്തുപിടിച്ചു….
‘കുവലാപീഡം സമാജദ്വാരത്തിലെത്തട്ടെ’- വിളംബരം മുഴങ്ങിക്കേട്ടു. അതിന്റെ അലകള്‍ അലിഞ്ഞുതീരും മുന്‍പേ, കുടമണികള്‍ കിലുങ്ങുന്ന ശബ്ദം: കുവലയാപീഡത്തിന്റെ വരവാണ്…
‘ഗാഥയില്‍ ഇങ്ങനെയല്ലല്ലോ. ആദ്യം വരുന്നത് കുവലയാപീഡമാണ്. പിന്നെയാണ് കൃഷ്ണനും രാമനും എത്തുന്നത്. അല്ലേ?’ മുത്തശ്ശി ആരാഞ്ഞു.
‘ശരിയാണ്’- മുത്തശ്ശന്‍ സമ്മതിച്ചു: ഭാഗവതത്തിലും ഇപ്പറഞ്ഞലെത്തന്നെയാണ്. ഞാന്‍ പറഞ്ഞത് ഗര്‍ഗഭാഗവതത്തിലെ കഥാരൂപമാണ്. ഇത്രയും ശ്രദ്ധ നോല്‍ക്കുന്നുണ്ട് എന്നു ഓര്‍ത്തില്ല’-
‘സപ്താഹങ്ങളില്‍ പങ്കെടുക്കാറുള്ളതുകൊണ്ട് ഇത്തരം വ്യത്യാസങ്ങള്‍ എളുപ്പത്തില്‍ ശ്രദ്ധയില്‍പ്പെടും’ ഒന്നു നിറുത്തി, മുത്തശ്ശി തുടര്‍ന്നു: ‘ഇതിത്ര കൃത്യമായി ഓര്‍ക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്.’
‘അതെന്താ?’
‘വഴിയില്‍ ആന, വഴിമുടക്കാനെന്നപോലെ നില്‍ക്കുന്നതുകണ്ടപ്പോള്‍, തങ്ങള്‍ക്കു വഴിവേണമെന്നു ഗാഥയില്‍ കൃഷ്ണന്‍ ശഠിക്കുന്നില്ലേ?
ഗോപാലബാലരും രാമനും താനുമായ്
ഗോപുര വാതില്‍ക്കല്‍ ചെന്നനേരം
വാരണവീരനെ നിന്നതു കണ്ടിട്ടു
പാരാതെ ചൊല്ലിനാന്‍ പവാനോട്
പോവാനായുള്ളോരു വാതില്‍ വഴങ്ങേണം
പാവാനെ ഞങ്ങള്‍ക്കു പാരാതെ നീ…
നീങ്ങുന്നതില്ലെന്നു നിര്‍ണയമുണ്ടെങ്കില്‍
നീക്കുന്നതുണ്ടെന്നു നിര്‍ണയം താന്‍
എങ്കില്‍, അതൊന്നു കാണട്ടെയെന്നു കരുതിയമട്ടില്‍ ആനയെ ആനക്കാരന്‍ കൃഷ്ണന്റെ നേര്‍ക്കുപായിച്ചു. ഭാഗവതത്തില്‍-
സ പര്യാ വര്‍തമാനേന സവ്യദക്ഷിണതോളച്യുതഃ
ബഭ്രാമ ഭ്രാമ്യമാണേന ഗോവത്സേനേവ ബാലകഃ
അച്യുതന്‍ എന്നിവിടെ എടുത്തുപറഞ്ഞിരിക്കുന്നു. വീഴ്ചയില്ലാത്തവന്‍ എന്നുതന്നെ. ആനയുടെ വാല്‍ പിടിച്ചപ്പോള്‍, പിടിച്ചവനെ പിടിക്കാനായി ആന ഇടംവലം തിരിഞ്ഞു. ഒരു പശുക്കുട്ടിയുടെ വാലില്‍ പിടിക്കും മട്ടില്‍ അനായാസമായാണ് ആനയെ കൃഷ്ണന്‍ കൈകാര്യം ചെയ്തതെന്നു സ്പഷ്ടം.
വാലേപ്പിടിച്ചു വലിച്ചുതുടങ്ങിനാന്‍
ബാലകന്‍ കന്നിനെയെന്നപോലെ
പക്ഷങ്ങള്‍ രണ്ടിലും തുമ്പിക്കൈ തന്നെക്കൊ-
ണ്ടക്ഷണം വീയുന്ന വാരണന്താന്‍
പന്നഗവായോടു കാല്‍പിണഞ്ഞീടുന്ന
മണ്ഡൂകവേലയെപ്പൂണ്ടു നിന്നാന്‍
‘എന്താണ് മണ്ഡൂകവേല?’
‘അതോ? നൂല്‍ച്ചരടുപോലെ കൃശനായ ഒരു പാമ്പ് കാലില്‍പ്പിടിച്ചു വിഴുങ്ങിയാല്‍, നാളികേരത്തോളം മുഴുപ്പുള്ള തവളയും, സ്തംഭനാസ്ത്രം തറച്ചപോലെ, ശത്രുവിന്റെ ആക്രമണത്തെ എതിര്‍ക്കാതെ, ക്രോം ക്രോം എന്നു തൊളള തുറക്കും. അതാണ് മണ്ഡൂകവേല. കുവലയാപീഡത്തിന്റെ ഗതിയും അതുതന്നെയായി എന്നു സാരം.’
‘തിരുമേനിയുടെ പരിഹാസത്തിനു നല്ല മൂര്‍ച്ചയുണ്ട്’-
‘ഗാഥയില്‍ പലയിടത്തും അദ്ദേഹമതു ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. ശ്രദ്ധിച്ചുനോക്കിയാലേ കാണൂ.’
‘ഇളക്കിനോക്കിയാലേ കാണൂ എന്നത് ഇവിടേയും ബാധകമാണ്, അല്ലേ?’
‘കൃഷ്ണനും കുവലയാപീഡനും തമ്മിലുള്ള പിടിവലി അവസാനിച്ചിട്ടില്ല. ദയ തോന്നിയിട്ടാവണം, വാലിലെ പിടിവിട്ട കൃഷ്ണന്‍ ആനയെ നേരെ ചെന്നു എതിരിട്ടു. വിറളി പൂണ്ട് അത് ഓടിവരുമ്പോള്‍, തൊട്ടുമുന്നിലായി കൃഷ്ണന്‍ നിന്ന് അതിനെ പ്രലോഭിപ്പിച്ചു; അടുത്ത ചുവടില്‍ കുത്തിക്കോര്‍ക്കാം എന്നു മോഹം പൂണ്ട കുവലയാപീഡം, കൃഷ്ണനെ തൊട്ടു തോട്ടില്ല എന്ന മട്ടില്‍ ഓട്ടം തുടര്‍ന്നു; ക്ഷീണം വര്‍ധിപ്പിക്കാനേ അത് സഹായകമായുള്ളൂ.
പേടിയും പൂണ്ടുടന്‍ വാടിയ മെയ്യുമായ്
ഓടുവാനായി തുടങ്ങുന്നേരം
വമ്പോടു വേറായ തുമ്പിക്കരം തന്നെ
വമ്പില്‍ പിടിച്ചുവലിച്ച കണ്ണന്‍
മാതംഗവീരനു മാനസംതന്നുള്ളി-
ലാതങ്കമേറ്റമെഴുന്നതപ്പോള്‍
വാ പിളര്‍ന്നങ്ങു കരഞ്ഞു തുടങ്ങിനാന്‍
കൗപീനമായ് വന്നു വാലുമപ്പോള്‍
ഒരു തൊടിച്ചിപ്പട്ടിയെപ്പോലെ വാല്‍ കോണകമാക്കിയെന്നാണ് വിവക്ഷ. കുവലയാ പീഡമെന്ന ഗജവീരന്റെ ഗതികേടിനെക്കുറിച്ച് സഹതപിക്കാനല്ലേ ആവൂ? കിളിപ്പാട്ടില്‍ ആചാര്യന്‍ അത് വെളിപ്പെടുത്തുന്നതു കേള്‍ക്കട്ടെ-
ഹസ്തങ്ങള്‍കൊണ്ടു പിടിച്ചുവലിച്ചുടന്‍
മസ്തകത്തിന്മേല്‍ ചവിട്ടിപ്പറിച്ചപ്പോള്‍
അന്തകന്‍ വീടു പുക്കൂ ഗജശ്രഷ്ഠനും
വന്മലപോലെ മറിഞ്ഞങ്ങൂവീണപ്പോള്‍
ഭൂമിയുമൊന്നു കുലുങ്ങിച്ചമഞ്ഞിതു
ദന്തിയെപ്പാലിച്ചുപോരുന്ന ദുഷ്ടരെ
ദന്തിദന്തത്താല്‍ പ്രഹരിച്ചൊടുക്കിനാന്‍
ദന്തിതന്‍ കൊമ്പൊന്നു രാമനു നല്‍കിനാന്‍
ചന്തമായൊന്നു തന്‍ തോളില്‍ വെച്ചങ്ങനെ
വേര്‍പ്പുപൊടിഞ്ഞ മുഖശോഭയാ സമം
സ്വല്പമാകും പാഠസുഭൂഷിത ഗാത്രനായ്.


ജന്മഭൂമി: http://www.janmabhumidaily.com/news756822#ixzz51vz2zjPQ

No comments:

Post a Comment