Friday, December 29, 2017

ഭഗവാന്‍ ശ്രീകൃഷ്ണന്‍ ധര്‍മ്മസംസ്ഥാപനത്തിനായി തന്റെ ജീവിതകാലം മുഴുവനും ചിലവഴിച്ചു. ഒരു പരിധി വരെ എന്താണോ അദ്ദേഹം ആഗ്രഹിച്ചത് അത് സ്ഥാപിച്ചെടുക്കാന്‍ അദ്ദേഹത്തിന് കഴിയുകയും ചെയ്തു. എന്നാല്‍ അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിന്റെ അഭിലാഷം നടന്നില്ല. ആ ഒരു കാരണം കൊണ്ട്, ജനങ്ങള്‍ ധര്‍മ്മത്തെ തങ്ങളുടെ ആശയങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കുകയോ, ദുര്‍വ്യാഖ്യാനിക്കുകയോ ചെയ്യുകയായിരുന്നു.
ശ്രീകൃഷ്ണന്റെ ജീവിതകാലത്ത് തന്നെ ഈ ചോദ്യം പല വ്യക്തികളും ഉന്നയിച്ചിട്ടുള്ളതാണ്. ദ്രൌപദിയുടെ വിവാഹസമയമായപ്പോള്‍ പഞ്ചപാണ്ഡവരെക്കൊണ്ട് വിവാഹം കഴിപ്പിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ശ്രീകൃഷ്ണന്‍ ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ ദ്രൌപദി തന്നെ അദ്ദേഹത്തോട് ചോദിച്ചു, “ധര്‍മ്മം എന്നത് എന്താണെന്ന് അങ്ങേക്ക് അറിയാമോ?”
അതേപോലെ ഒരിക്കല്‍ ശ്രീകൃഷ്ണന്‍ ഭീമനോട് പറഞ്ഞു, “ഹസ്തിനപുരം ദുര്യോധനന് വിട്ടുകൊടുത്തേക്കൂ, നമുക്ക് മറ്റൊരു നഗരം പുതിയതായി പണികഴിപ്പിക്കാം.”
ഇത് കേട്ട ഭീമന്‍ പറഞ്ഞു “അങ്ങൊരു വിശ്വാസവഞ്ചകനാണ്, ഞാന്‍ ദുര്യോധനനെ കൊല്ലാനാണ് ആഗ്രഹിക്കുന്നത്, എന്നിട്ടും അങ്ങ് പറയുന്നത് ഈ രാജ്യം അവന് വിട്ടുകൊടുത്തിട്ടു വേറെ എവിടെയെങ്കിലും ഒരു പാഴ് സ്ഥലത്ത് പോയി പുതിയ രാജ്യം കെട്ടിപ്പടുക്കാമെന്നാണ്‌. താങ്കള്‍ക്ക് ധര്‍മ്മത്തെക്കുറിച്ച് എന്തറിയാം?”
ഇതുപോലുള്ള ചോദ്യങ്ങള്‍ അര്‍ജുനനും മറ്റു പല പ്രമുഖരും ഉയര്‍ത്തിയിരുന്നു. അവരെല്ലാം, കൃഷ്ണനോട് ചോദിച്ചതും “അങ്ങേക്ക് ധര്‍മ്മം എന്നത് എന്താണെന്നു ശരിക്കും അറിയാമോ?” എന്ന് തന്നെയായിരുന്നു.
ശ്രീകൃഷ്ണന്‍ യാതൊരു സങ്കോചവുമില്ലാതെ ഏറ്റുപറഞ്ഞ ഒരു കാര്യം ഇതാണ്, “കര്‍മ്മത്തെ സംബന്ധിച്ചിടത്തോളം, ഇപ്പോള്‍ എനിക്ക് തന്നെ ധര്‍മ്മം എന്താണെന്നതിനെക്കുറിച്ച് പൂര്‍ണമായും അറിഞ്ഞുകൂടാ. കാരണം, കര്‍മ്മം പരിതസ്ഥിതികളെ ആശ്രയിച്ചാണിരിക്കുന്നത്. നമ്മള്‍ എങ്ങിനെയൊക്കെ അതിനെ നിര്‍ണ്ണയിച്ചാലും ശരി, ബാഹ്യപരിതസ്ഥിതികളുടെ കാര്യം വരുമ്പോള്‍, നമ്മളുടെ നിര്‍ണ്ണയം പൂര്‍ണമായും ശരിയായിക്കൊള്ളണമെന്നില്ല. തെറ്റുകള്‍ പറ്റിയെന്ന് വരാം. പക്ഷേ, എന്റെതായ ധര്‍മ്മവീക്ഷണത്തെ സംബന്ധിച്ചിടത്തോളം, ആന്തരികമായി ഞാന്‍ എങ്ങിനെ ആയിരിക്കണമെന്നതിനെ കുറിച്ച് എനിക്ക് നൂറു ശതമാനവും വ്യക്തമായ ഒരു ബോധമുണ്ട്.”
അതി ബുദ്ധിശാലിയായ ഒരു വ്യക്തിക്കു പോലും എങ്ങിനെ പ്രവൃത്തിക്കണമെന്നതിനെക്കുറിച്ച് നൂറു ശതമാനം വ്യക്തതയില്ല. എപ്പോഴും അയാള്‍ ഓരോന്നിനേയും വിവേചനം ചെയ്തു മനസ്സിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും.
അതി ബുദ്ധിശാലിയായ ഒരു വ്യക്തിക്കു പോലും എങ്ങിനെ പ്രവൃത്തിക്കണമെന്നതിനെക്കുറിച്ച് നൂറു ശതമാനം വ്യക്തതയില്ല. എപ്പോഴും അയാള്‍ ഓരോന്നിനേയും വിവേചനം ചെയ്തു മനസ്സിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. ഒരു പമ്പരവിഡ്ഢിക്കോ അല്ലെങ്കില്‍ മതഭ്രാന്തനെപ്പോലെ ഉന്മത്തനായ ഒരാള്‍ക്കോ മാത്രമേ നൂറു ശതമാനവും വ്യക്തത കാണുകയുള്ളു. ഒരു തരത്തില്‍ നോക്കിയാല്‍ നാം ചെയ്യുന്നതെന്തും, നമ്മുടെ അസ്തിത്വം തന്നെയും, തിന്നുക കുടിക്കുക ശ്വസിക്കുക എന്നീ പ്രക്രിയകള്‍ പോലും, അനീതിയായെ കാണാന്‍ പറ്റുകയുള്ളു. തിന്നാന്‍ വേണ്ടി കൊല്ലുന്നു. ശ്വസിക്കുമ്പോഴും കൊല്ലുന്നുണ്ട്‌, നടക്കുമ്പോഴും കൊല്ലപ്പെടുന്നു. ഇതൊന്നും ചെയ്യാന്‍ പാടില്ല എന്ന് വിചാരിച്ച് സ്വയം മരിച്ചിട്ടെന്തു ഫലം? അതും കൊല തന്നെയല്ലേ? ലോകത്തുള്ള ഒരു പ്രവൃത്തിയും നൂറു ശതമാനം ശരിയോ നൂറു ശതമാനം തെറ്റോ ആകുന്നില്ല. അതുകൊണ്ട് അവനവനുത്തമമായത് ഏതാണോ അതു നിര്‍ണ്ണയിച്ചു കൊണ്ട്, ആ രീതിയില്‍ കര്‍മ്മം ചെയ്യുകയേ നിവൃത്തിയുള്ളു.
നിങ്ങള്‍ ആന്തരികമായി എങ്ങിനെയിരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ധര്‍മ്മം പ്രകടമാകുന്നത്. എല്ലാം ഉള്‍ക്കൊള്ളാനുള്ള മനസ്സാന്നിദ്ധ്യമുണ്ട് എങ്കില്‍, ബൌദ്ധികമായി ചിന്തിച്ചാല്‍ ശരി ഏതാണോ, അത് മനസ്സിലുള്‍ക്കൊണ്ട്, അപ്പോഴത്തെ സാഹചര്യത്തിന് അനുകൂലമായിട്ടായിരിക്കണം പ്രവൃത്തിക്കേണ്ടത്. അതല്ല, അങ്ങനെ ഉള്‍ക്കൊള്ളാനാകാത്തതോ, മത്സരബുദ്ധിയോടുകൂടി പ്രവൃത്തിക്കുന്ന അവസ്ഥയിലോ ആണെങ്കില്‍, ചെയ്യുന്നതെല്ലാം തെറ്റായി ഭവിക്കും. മത്സരബുദ്ധിയോടുകൂടിയ അവസ്ഥ നിങ്ങളില്‍ സംജാതമായിരിക്കുന്നെങ്കില്‍, ആ ഒരു കാരണം കൊണ്ട് തന്നെ നിങ്ങളുടെ അസ്തിത്വവും തെറ്റായിത്തീരും. അങ്ങിനെ വരുമ്പോള്‍, യാതൊരു പ്രവൃത്തിയും നേരാംവണ്ണം ചെയ്യുവാന്‍ നിങ്ങളെക്കൊണ്ട് കഴിയുകയില്ല.
ശ്രീകൃഷ്ണന്റെ ജീവിതം മുഴുവന്‍ മേല്‍വിവരിച്ച തത്ത്വത്തിന്റെ പ്രകടനമായിരുന്നു. ‘അതില്‍ ഞാന്‍ നീ എന്ന ദ്വന്ദമില്ലായിരുന്നു, ‘ഞാനും ഞാനും’ അഥവാ ‘നീയും നീയും’ എന്ന ഏകത്വഭാവമേ ഉണ്ടായിരുന്നുള്ളു. ഗോപികമാരോട് രമിച്ചിരിക്കുമ്പോഴും, രാഷ്ട്രതന്ത്രജ്ഞനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴും, ഗീത പറഞ്ഞു കൊണ്ടിരിക്കുമ്പോഴും ശ്രീകൃഷ്ണന്‍ ലോകത്തിന് നല്‍കുന്ന സന്ദേശം ഇത്രമാത്രമായിരുന്നു, “അന്തര്‍ഭൂതമായിരിക്കുന്ന വസ്തുത ‘ഞാനും ഞാനും’ മാത്രമാണ്‌.”
അതില്‍ പ്രസക്തമായ ഒരേ ഒരു ചോദ്യം, സാഹചര്യത്തിനനുസരിച്ചുള്ള തീരുമാനം നൂറു ശതമാനവും ശരിയോ നൂറു ശതമാനവും തെറ്റോ ആയിരിക്കണമെന്നില്ലല്ലോ എന്നതാണ്. എന്നാല്‍ ശ്രീകൃഷ്ണന്‍ എല്ലായ്പ്പോഴും ഊന്നിപ്പറയുന്നു, “ധര്‍മ്മത്തെ ഏതു രീതിയില്‍ സ്വയം ആന്തരികമായി ഉള്‍ക്കൊള്ളുവാന്‍ നിങ്ങള്‍ക്കാകും എന്നതിനെക്കുറിച്ചുള്ള നൂറു ശതമാനവും വ്യക്തതയും നിങ്ങള്‍ക്കുണ്ടായിരിക്കണം.”
ഒരിക്കല്‍ ശ്രീകൃഷ്ണന്റെ ജീവിതത്തിനിടയില്‍ മനോഭംഗം അനുഭവിക്കേണ്ടിവന്ന ഒരവസരമുണ്ടായി. അത് വ്യക്തിപരമായിരുന്നില്ല. തന്നെ കുറിച്ചോ, തന്നെ സംബന്ധിക്കുന്ന മറ്റെന്തിനെയും കുറിച്ചോ മനോഭംഗം തോന്നാന്‍ തക്കവണ്ണം അദ്ദേഹം കേവലം ഒരു സാധാരണ മനുഷ്യനല്ലായിരുന്നു. തന്റെ ദൌത്യം സഫലീകൃതമാകാത്തതിനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്‍റെ മനോഭംഗം.
ആ സമയം ഒരു കൂട്ടം ആളുകള്‍ അദ്ദേഹത്തെ കാണുവാനവിടെയെത്തി. എല്ലാവരോടുമായി അദ്ദേഹം ചോദിച്ചു, “ഏതുവിധത്തിലുള്ള ധര്‍മ്മമാണ് നിങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ആഗ്രഹിക്കുന്നത്?”
ഓരോരുത്തരായി മുന്നോട്ടുവന്നു. ധനമാര്‍ജ്ജിക്കാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും പണം സമ്പാദിച്ച് പരമലുബ്ധനായ ഒരു ധനികന്‍, “അന്യരില്‍ നിന്നും, ബ്രാഹ്മണനില്‍ നിന്നും, ദൈവത്തില്‍ നിന്നുപോലും ധര്‍മ്മം ഞാന്‍ വിലയ്ക്ക് വാങ്ങുന്നു. ഞാനെന്റെ കുടുംബം പുലര്‍ത്തുന്നു.” ഇതിനു മറുപടിയായി ശ്രീകൃഷ്ണന്‍, “അത്യാര്‍ത്തിയില്‍ ജനിച്ച ഒരു കുഞ്ഞാണ് നിന്റെ ധര്‍മ്മം,” എന്ന് പറഞ്ഞു ആ ഉത്തരം തള്ളിക്കളഞ്ഞു .
അടുത്തതായി ദിവ്യത്വത്തെ പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള ചില വേഷഭൂഷാദികള്‍ ധരിച്ച ഒരാള്‍ മുന്നോട്ടു വന്നു പറഞ്ഞു, “ദൈവഭക്തിയുള്ള ഒരാളാണ് ഞാന്‍. പാപകലുഷിതമായ മാര്‍ഗ്ഗങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നു. ഒരിക്കല്‍ പോലും കൊല്ലുകയോ, മോഷ്ടിക്കുകയോ, അല്ലെങ്കില്‍ മറ്റു പാപകര്‍മ്മങ്ങള്‍ ചെയ്യുകയോ ഉണ്ടായിട്ടില്ല. ഞാനെപ്പോഴും ധര്‍മ്മനിഷ്ഠയോടു കൂടിയ ജീവിതമേ നയിച്ചിട്ടുള്ളൂ. ഞാന്‍ ദൈവഭയമുള്ള ആളാണ്.” “നിന്റെ ധര്‍മ്മം ഭയത്തിന്‍റെ സന്തതിയാണ്” എന്ന് പറഞ്ഞ് ശ്രീകൃഷ്ണന്‍ ആ ഉത്തരവും തള്ളിക്കളഞ്ഞു.
അടുത്തതായി ഒരു യോദ്ധാവ് വന്നു പറഞ്ഞു, “എനിക്കെന്റെ ധര്‍മ്മം എന്താണെന്ന് ശരിക്കുമറിയാം. എന്റെ എല്ലാ ശത്രുക്കളെയും, എന്നെ എതിര്‍ത്ത എല്ലാവരെയും ഞാന്‍ നശിപ്പിച്ചിട്ടുണ്ട്. ഈശ്വരപ്രീതിക്കായി ബലി ചെയ്യാറുണ്ട്, പാവങ്ങള്‍ക്ക് ദാനം ചെയ്യാറുണ്ട്, എന്റെ വിജയം ലോകത്താകമാനം പ്രഖ്യാപിക്കുന്നു. ഞാന്‍ ബ്രാഹ്മണര്‍ക്ക് ഭോജനം നല്‍കുന്നു, അവര്‍ എന്നെ പ്രകീര്‍ത്തിച്ച്‌ പാടുന്നു.” “നിന്റെ ധര്‍മ്മം പൊള്ളയായ അഭിമാന ഗര്‍വ്വില്‍ നിന്നും ജനിച്ച സന്തതിയാണ്,” എന്ന് പറഞ്ഞു അയാളെയും തള്ളിക്കളഞ്ഞു.
അടുത്തതായി വളരെ സൌമ്യനാണെന്ന് തോന്നിക്കുന്ന ഒരാള്‍ മുന്നോട്ടുവന്ന് പറഞ്ഞു, “ഞാന്‍ സൌമ്യശീലനും ക്ഷമാപൂര്‍വ്വം കീഴടങ്ങി ജീവിക്കുന്നവനുമാണ്. എളിമയുടെ മൂര്‍ത്തിമത് ഭാവമാണ്. ഒരെതിര്‍പ്പും കൂടാതെ സന്തോഷത്തോടെ എല്ലാം സഹിക്കുന്നു. വിശപ്പും ദാഹവും തണുപ്പും, വിപത്തുപോലും പേറിനടക്കുകയാണ്.” “നിന്റെ ധര്‍മ്മം അടിമത്ത മനസ്ഥിതിയില്‍ നിന്നും ജനിച്ച കുഞ്ഞാണ്. നിന്റെ ഉള്ളിലുള്ള ദൈവികശക്തി എന്താണെന്ന് നീ അറിയുന്നില്ല,” എന്ന് പറഞ്ഞ് അയാളെയും തള്ളിക്കളഞ്ഞു.
അടുത്തതായി ഒരു കപടനെപ്പോലെ തോന്നിക്കുന്ന ഒരാള്‍ മുന്നോട്ട് വന്നുപറഞ്ഞു, “അപകട സാദ്ധ്യതയുള്ള എല്ലാ കാര്യങ്ങളില്‍ നിന്നും ഞാന്‍ അകന്നു നില്‍ക്കുന്നു; എപ്പോഴും സുരക്ഷിത മാര്‍ഗ്ഗങ്ങളില്‍ കൂടി മാത്രമേ സഞ്ചരിക്കാറുള്ളു. തന്മൂലം ഞാന്‍ ഈശ്വര കോപത്തില്‍ നിന്നും രക്ഷപ്പെടുന്നു. അങ്ങനെ എനിക്ക് സമാധാനം കൈവരിക്കാന്‍ കഴിയുമെന്ന് എനിക്കറിയാം.” “നിന്റെ ധര്‍മ്മം ഭീരുത്വത്തില്‍ നിന്നും ജനിച്ച കുഞ്ഞാണ്,” എന്നു പറഞ്ഞ് അവനെയും തള്ളിക്കളഞ്ഞു .
വലിയ അത്മവിശ്വാസിയും അഹങ്കാരിയുമായി തോന്നിക്കുന്ന ഒരാള്‍ മുന്നോട്ട് വന്നുപറഞ്ഞു, “ജീവിതത്തിലുണ്ടാകുന്ന കെണികളില്‍ നിന്നും രക്ഷ നേടുവാനും, വിഷയാസക്തികളെ അടക്കം ചെയ്യാനും, എന്നിലും മറ്റുള്ളവരിലും ഉള്ള ചാപല്ല്യങ്ങളെ വെറുക്കാനും ശ്രമിക്കുന്നു. കര്‍ക്കശമായ നിസ്സംഗത്വം പാലിക്കാനായി മറ്റുള്ളവരുമായി ഒരു ബന്ധവുമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുകയാണ്. എന്റെ സ്വന്തം കാര്യം മാത്രം ശ്രദ്ധിച്ച് കഴിയുന്നു. എനിക്ക് മറ്റാരുടെയും സഹായം ആവശ്യമില്ല.” “നിന്റെ ധര്‍മ്മം അഹങ്കാരത്തില്‍ നിന്നും ജനിച്ച കുഞ്ഞാണ്,” എന്ന് പറഞ്ഞ് ശ്രീകൃഷ്ണന്‍ അവനെയും തള്ളിക്കളഞ്ഞു.
ഒരു വ്യവസായി കടന്നു വന്നിട്ട് പറഞ്ഞു, “പാവപ്പെട്ടവര്‍ക്ക് ഭിക്ഷ നല്‍കുന്നതിലൂടെ ഞാന്‍ ദൈവത്തിന് പണം കടം കൊടുക്കുന്നു. കണക്കുകളെല്ലാം പിന്നീട് മറന്നുപോകരുതല്ലോ എന്ന് കരുതി ഒരു കണക്കുപുസ്തകത്തില്‍ കുറിച്ചും വെക്കുന്നുണ്ട്. എന്റെ ഈ ധര്‍മ്മത്തിലൂടെ പരമപദം പ്രാപിക്കും.” “നിന്റെ ധര്‍മ്മം വ്യാപാരത്തില്‍ നിന്നും ജനിച്ച കുഞ്ഞാണ്,” എന്നുപറഞ്ഞു അവനെയും തള്ളിക്കളഞ്ഞു.
ഒരു ദിവ്യനെപ്പോലെ തോന്നിക്കുന്ന മറ്റൊരാള്‍ കടന്നുവന്നിട്ട് പറഞ്ഞു, “എന്റെ ധര്‍മ്മം ജ്ഞാനത്തിന്റെതാണ്. മറ്റ് ദിവ്യന്മാരുടെ വചനങ്ങളനുസരിച്ചാണ് ഞാന്‍ ജീവിക്കുന്നത്. മറ്റുള്ളവരുടെ ദ്രോഹപ്രവൃത്തികളെ എതിര്‍ക്കേണ്ടിവരാതിരിക്കാന്‍ മൌനമായി എല്ലാം സഹിക്കുകയാണ്. അങ്ങിനെ ദൈവരാജ്യം എനിക്ക് പ്രാപ്യമാകും.” “നിന്റെ ധര്‍മ്മം നിഷ്ക്രിയത്ത്വത്തില്‍ നിന്നും ജനിച്ച കുഞ്ഞാണ്,” എന്നും പറഞ്ഞ്‌ അയാളെയും തള്ളികളഞ്ഞു.
അടുത്തതായി നല്ലപോലെ തലയില്‍ എണ്ണ പുരട്ടി പളപളപ്പായി മുടി ചീകിയൊതുക്കി സില്‍ക്ക് വേഷമൊക്കെ ധരിച്ച്‌ ഒരാള്‍ കടന്നു വന്ന് പറഞ്ഞു, “ധര്‍മ്മം എന്ന് പറയുന്നത് വെറും മിഥ്യാബോധമാണ്. ഞാന്‍ ഭക്ഷിക്കുന്നു, മദ്യപിക്കുന്നു, വ്യഭിചരിക്കുന്നു. എന്റെ ശരീരം മാത്രമാണ്‌ എന്റെ ദേവാലയം. വിഷയാസക്തികളില്‍ സുഖവും സന്തോഷവും ഉണ്ടെന്നുള്ളതാണ് എന്റെ ആരാധനച്ചടങ്ങുകള്‍. ഇതിനപ്പുറം ഒന്നുംതന്നെയില്ല.” “നീ പിശാചില്‍ നിന്നും ജനിച്ച സന്തതിയാണ്, നിനക്ക് ഒരിക്കലും മാപ്പ് കിട്ടുന്നതല്ല,” എന്ന് പറഞ്ഞു ശ്രീകൃഷ്ണന്‍ പിന്തിരിഞ്ഞു നടന്നു.
“നാളെയെപ്പറ്റി ചിന്തിക്കാതെ, ഇപ്പോഴത്തെപ്പറ്റി മാത്രം ചിന്തിക്കുക, ഈ നിമിഷത്തെപ്പറ്റി മാത്രം ചിന്തിക്കുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്താണ് ശരി എന്ന് തോന്നുന്നത്, അതു ചെയ്യുക. അതാണ്‌ നിങ്ങളുടെ ധര്‍മ്മം.
മേല്‍വിവരിച്ചതെല്ലാം എന്താണര്‍ത്ഥമാക്കുന്നതെന്ന് വച്ചാല്‍, നാം ഭൌതിക ശരീരത്തെ കുറിച്ച് മാത്രമേ ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുന്നുള്ളു എങ്കില്‍ ഉന്നതി ലഭിക്കുവാന്‍ യാതൊരു മാര്‍ഗ്ഗവും ഇല്ല എന്നുതന്നെയാണ്. ഭയം, കോപം, ഉത്കണ്ഠ, ആര്‍ത്തി, ഭീരുത്വം, പൊള്ളയായ ഗര്‍വ്വ് തുടങ്ങിയ ദൌര്‍ബല്യങ്ങള്‍ ഒരാള്‍ക്കുണ്ടായിരിക്കാം, പക്ഷെ ഭൌതികതലത്തില്‍ നിന്നും ഉയര്‍ന്ന എന്തെങ്കിലും നേടാനാഗ്രഹിക്കുന്നുവെങ്കില്‍ അതിനു വേറെ ഒരു മാര്‍ഗ്ഗമുണ്ട്, “നാളെയെപ്പറ്റി ചിന്തിക്കാതെ, ഇപ്പോഴത്തെപ്പറ്റി മാത്രം ചിന്തിക്കുക, ഈ നിമിഷത്തെപ്പറ്റി മാത്രം ചിന്തിക്കുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്താണ് ശരി എന്ന് തോന്നുന്നത്, അതു ചെയ്യുക. അതാണ്‌ നിങ്ങളുടെ ധര്‍മ്മം. ഇപ്പോള്‍ ചെയ്യുന്ന കര്‍മ്മം നാളത്തെ സാഹചര്യത്തില്‍ ശരിയായിക്കൊള്ളണം എന്നില്ല.”..sadguru

No comments:

Post a Comment