Saturday, December 30, 2017

ത്യാഗമെന്നതിന്റെ മറ്റൊരു പേരാണല്ലോ സംന്യാസം. സംന്യാസത്തെ ഗീതയില്‍ നിര്‍വചിക്കുന്ന സമയത്ത്‌ പറയുന്നുണ്ട്‌. സംന്യാസം തികച്ചും മാനസികമാണ്‌. ഒരു അറിവാണത്‌. ജ്‌ഞാനം സന്യാസ ലക്ഷണം അറിവുതന്നെയാണ്‌. സംന്യാസം ഇദം ന മമ. ഇത്‌ എന്റേത്‌ അല്ല എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചവന്‍ സംന്യാസി. സ്വാമിക്ക്‌ അവിടെ പറയാനുള്ളത്‌ സ്ഥിരമായതിനെ പ്രാപിച്ച്‌ അസ്ഥിരമായതിനെ കൈയ്യൊഴിഞ്ഞവന്‍. സ്ഥിരമായത്‌ ഞാന്‍. അഹമെന്ന ബോധം. അസ്ഥിരമായതോ ഈ താത്‌കാലികമായ വികാര വിചാരങ്ങള്‍ അതുമായി ബന്ധപ്പെട്ട്‌ നാം കല്‌പിച്ച ബന്ധങ്ങള്‍ സ്ഥിരമല്ല.  വിഷയത്യാഗാത്‌, സംഗത്യാഗാത്‌ എന്നു പറയുന്ന സമയത്ത്‌ വീട്ടില്‍ ഇരുന്ന്‌ നൈവകുര്‍വന്‍, നൈവ കാരയന്‍ - ഞാന്‍ ഒന്നും ചെയ്യുന്നുമില്ല, ചെയ്യിക്കുന്നുമില്ല. പക്ഷേ ഞാന്‍ എല്ലാം അറിയുന്നവനാണ്‌. ഞാന്‍ സാക്ഷിയാണ്‌. ഈ സാക്ഷീ ഭാവത്തില്‍ നിലകൊള്ളലിനെയാണ്‌ സംഗത്യാഗം, വിഷയത്യാഗം എന്നു പറയുന്നത്‌. പക്ഷേ നമ്മള്‌ കേട്ടു അല്ലെങ്കില്‍ നമ്മള്‌ മനസ്സിലാക്കി നമുക്ക്‌ ചെറിയ ചെറിയ പാളിച്ചകള്‌ പറ്റിയത്‌ അവിടെയൊക്കെയാണ്‌. ഭാര്യയെ ഉപേക്ഷിക്കുക, ഭര്‍ത്താവിനെ ഉപേക്ഷിക്കുക, കുട്ടികളെ ഉപേക്ഷിക്കുക, ജോലി ഉപേക്ഷിക്കുക, വീട്‌ ഉപേക്ഷിക്കുക അങ്ങനെയായാല്‍ മാത്രം എത്തിച്ചേരേണ്ടതാണ്‌, കിട്ടേണ്ടതാണ്‌ സന്യാസം എന്ന്‌ നാം തെറ്റിദ്ധരിച്ചുവച്ചിരിക്കുന്നു.

No comments:

Post a Comment