Thursday, December 28, 2017

ഗീതാദര്‍ശനം
അങ്ങയെ ഞാന്‍ പരമേശ്വര, എന്നു വിളിക്കട്ടെ. അങ്ങയുടെ സ്വരൂപത്തെപ്പറ്റിയും സ്വഭാവത്തെപ്പറ്റിയും പ്രഭാവത്തെപ്പറ്റിയും പറഞ്ഞുവല്ലോ. സര്‍വ പ്രപഞ്ചങ്ങളുടെയും ബ്രഹ്മാവ് മുതലായ ദേവന്മാരുടെയും നിയന്താവായ പരമനായ ഈശ്വരനാണ്, സര്‍വഭൂതൈമഹേശ്വരനാണ്. സര്‍വവ്യാപിയാണ്, സകല വസ്തുക്കളും നിലനില്‍ക്കുന്നത് അങ്ങയുടെ ചൈതന്യാംശം ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ്, എന്നും പറഞ്ഞുവല്ലോ. അതെല്ലാം ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു, മനസ്സില്‍ ഉറപ്പിക്കുന്നു. അവിശ്വാസത്തിന്റെ കണികപോലും ഇല്ലേ ഇല്ല.
എന്നാല്‍ അങ്ങയുടെ ആ ഐശ്വരമായ ഈശ്വരീയമായ രൂപങ്ങള്‍ കണ്ണുകള്‍കൊണ്ട് കണ്ട് കൃതാര്‍ത്ഥനായിത്തീരണമെന്ന് ആഗ്രഹിക്കുന്നു.
അങ്ങയുടെ വിശ്വരൂപം ദേവന്മാര്‍ക്കുകൂടി കാണാന്‍ കഴിയില്ല; എങ്കിലും (11-4)
കൃഷ്ണാ, അങ്ങ് പ്രഭുവാണ്. സര്‍വദേവന്മാര്‍ക്കും യോഗികള്‍ക്കും പ്രവര്‍ത്തന സമാമര്‍ത്ഥ്യം നല്‍കുന്നത് മഹാപ്രഭുവായ അങ്ങുതന്നെയാണല്ലോ. വെറും മനുഷ്യന്‍ മാത്രമായ ഈ അര്‍ജുനന്‍ എന്റെ വിശ്വരൂപം കണ്ടുകൊള്ളട്ടെ! എന്ന് വിചാരിക്കുകയാണെങ്കില്‍ മാത്രമേ എനിക്ക് കാണാന്‍ കഴിവ് ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് ഞാന്‍ വിനയപൂര്‍വം പ്രാര്‍ത്ഥിക്കുക മാത്രമാണ് ചെയ്യുന്നത്. അങ്ങു യോഗേശ്വരനാണ്. എല്ലാത്തരം യോഗികള്‍ക്കും യോഗങ്ങളുടെ പൂര്‍ണാവസ്ഥ നല്‍കുന്നതും ആനന്ദിപ്പിക്കുന്നതും അങ്ങാണ്. അതുകൊണ്ട് എന്നെ യോഗിയാക്കി മാറ്റി അങ്ങയുടെ വിശ്വരൂപം കാട്ടിത്തന്നാലും!
ഏതു യോഗിക്കും ഭഗവാന്റെ ആത്മീയ രൂപങ്ങളും ഭൗതികരൂപങ്ങളും കാണാന്‍ സാധിക്കണമെങ്കില്‍, ഭഗവാനെ അത്യധികം സ്‌നേഹത്തോടെ ശ്രവണകീര്‍ത്തനാദികള്‍ ചെയ്ത് സേവിച്ച് ഭഗവത് കൃപയ്ക്ക് പാത്രമാവേണ്ടതുണ്ട്. ഈ വസ്തുത അര്‍ജ്ജുനന്റെ വാക്കുകളില്‍ നിന്ന് നാം മനസ്സിലാക്കുകയും വേണം; അപ്രകാരം അനുഷ്ഠിക്കുകയും വേണം.
അത്യന്തഭക്തനായ അര്‍ജ്ജുനനോട് ഭഗവാന്‍ മറുപടി പറയുന്നു (11-5)
ഇതു മുതല്‍ നാലു ശ്ലോകങ്ങള്‍ ഭഗവാന്റെ തിരുവായ് മൊഴികളാണ്. പാര്‍ത്ഥ, എന്നുവിളിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. എന്റെ പരമഭക്തയും അച്ഛന്റെ സഹോദരിയുമായ പൃഥയുടെ -കുന്തിയുടെ-മകനല്ലേ നീ. എന്റെ ദിവ്യങ്ങളായ രൂപങ്ങള്‍ ആദ്യം കാട്ടിത്തരാം. അവ പ്രപഞ്ച സൃഷ്ടിക്കുവേണ്ടി എന്നില്‍നിന്ന് ആവിര്‍ഭവിച്ചവയാണ്. ഭൗതിക പ്രപഞ്ചം അപ്രത്യക്ഷമാകുമ്പോള്‍ അവ എന്നില്‍ ലയിക്കുകയും ചെയ്യും. എങ്കിലും അവ അതീന്ദ്രിയങ്ങളാണ്; ദിവ്യങ്ങളുമാണ്. പരമവ്യോമത്തില്‍ ഭഗവാന്റെ രൂപവിസ്താരങ്ങള്‍ സ്ഥിരമായി നിലനില്‍ക്കുന്നുണ്ട്. പക്ഷേ, അര്‍ജ്ജുനന്‍ കാണാന്‍ ആഗ്രഹിച്ചത് ഭൗതിക പ്രപഞ്ചത്തിലെ രൂപങ്ങളെയാണ്. അതുകൊണ്ട് ആദ്യം കാട്ടിത്തരാം എന്നു ഭഗവാന്‍ പറയുന്നു. അവ ആയിരം ആയിരം ആയിരങ്ങളായും നൂറ് നൂറ് ആയും ഉണ്ട്. ആയിരം നൂറ് എന്നു പറഞ്ഞത് വെറും സംഖ്യാശബ്ദങ്ങളല്ല. എണ്ണിത്തിടപ്പെടുത്താന്‍ കഴിയാത്തവിധം എന്നര്‍ത്ഥത്തിലാണ്. അവ അനേകതരത്തിലും അനേകം നിറത്തോടെയും അനേകം ആകൃതിയിലും ഉള്ളവയാണ്.
(11-6)
ചുരുക്കത്തില്‍ വിഷയസുചിക തരാം. ആദിത്യന്മാര്‍ പന്ത്രണ്ട്, വസുക്കള്‍ എട്ട്, രുദ്രന്മാര്‍ പതിനൊന്ന്, അശ്വിനി ദേവന്മാര്‍ രണ്ട്, മരുത്തുക്കള്‍ നാല്‍പ്പത്തി ഒമ്പത്, കൂടാതെ നീ ഇതുവരെ കണ്ടിട്ടില്ലാത്ത ധാരാളം വസ്തുക്കളും കാട്ടിത്തരാം. ഒരു ലോകത്തിലും ഒരു ശാസ്ത്രത്തിലും കാണാത്തതും ഞാന്‍ കാട്ടിത്തരാം. ഏറ്റവും ആശ്ചര്യജനകമാണ് ആ കാഴ്ച.


ജന്മഭൂമി: http://www.janmabhumidaily.com/news759788#ixzz52b9ZXexR

No comments:

Post a Comment